മയൂഖമാല/നിദ്രയിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മയൂഖമാല
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
നിദ്രയിൽ
[ 8 ]

നിദ്രയിൽ
(ഒരു ജർമ്മൻ കവിത-ആൽഫ്രഡ് മോംബേർ)

ത്രയും ദൂരത്തുനിന്നു, ഞാ,നെൻനാട്ടി-
ലെത്തുന്നു സദ്രസം മൽസുഖനിദ്രയിൽ!
ഉത്തുംഗശൈലങ്ങൾ പാറപ്പടർപ്പുക-
ളത്യഗാധങ്ങളാമാഴിപ്പരപ്പുകൾ
എന്നിവയെല്ലാം കടന്നുകടന്നു ഞാ-
നെൻനാട്ടിലെത്തുന്നു മൽസുഖനിദ്രയിൽ.
ഘോരാന്ധകാരത്തി,ലോരോനിശാചര-
വീരരോടേറ്റമെതിർത്തു വിജയിയായ്,
നിഷ്പ്രയാസം ഞാൻ ഗമിക്കുന്നു മുന്നോട്ടു
നിദ്ര വന്നെന്നെയനുനയിപ്പിക്കയാൽ.
കോമളമാമൊരു ഹസ്തം ഗ്രഹിച്ചിതാ
മാമകമന്ദിരോപാന്തത്തിൽ നിൽപു ഞാൻ!
ഘണ്ടാനിനദപ്രതിദ്ധ്വനിവീചികൾ
വിണ്ടലത്തോളമുയരുന്നു മേൽക്കുമേൽ!
ഇത്തെരുവീഥികൾതോറും കുതൂഹല-
ചിത്തനായ്, വേച്ചും വിറച്ചു,മൊരുവിധം
മുന്നോട്ടു മുന്നോട്ടു പോവുകയാണിതാ
മന്ദസുഷുപ്തിയിൽ ബന്ധിതനായ ഞാൻ!

--നവംബർ 1932


"https://ml.wikisource.org/w/index.php?title=മയൂഖമാല/നിദ്രയിൽ&oldid=38807" എന്ന താളിൽനിന്ന് ശേഖരിച്ചത്