ഭാഷാഭൂഷണം/പേജ് 9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം

ബ്ദാർത്ഥങ്ങളിൽ വച്ചൊന്നിൽ’ എന്നു പറഞ്ഞതു്. അർത്ഥത്തിലും നേരെ ശബ്ദവാച്യമായിട്ടോ വാച്യാർത്ഥം അവസാനിച്ചതിന്റെ ശേഷം വ്യംഗ്യമായിട്ടുള്ളതിലോ ഇരിക്കാം. അതിൽ വ്യംഗ്യനിഷ്ഠമായതിനെ അലങ്കാരമായി ഗണിച്ചിട്ടില്ല. അതിലേയ്ക്കായി ‘വാച്യമായിട്ടു്’ എന്നു വിശേഷണം ചേർത്തു. ഏവഞ്ച, ശബ്ദാർത്ഥങ്ങൾ രണ്ടിലൊന്നിനെ ആശ്രയിച്ചിരിക്കുന്നതും വ്യംഗ്യഭിന്നവും ചമൽക്കാരകാരകവുമായ വസ്തു ‘അലങ്കാരം’ എന്നു് അലങ്കാരസാമാന്യ ലക്ഷണം. മേലാൽ ഓരോ അലങ്കാരത്തിനും ലക്ഷണം പറയുന്നിടത്ത് ഈ സാമാന്യലക്ഷണത്തെക്കൂടി ചേർത്തുകൊള്ളേണ്ടതാകുന്നു. വിശേഷലക്ഷണങ്ങളിലുള്ള എല്ലാ അംശങ്ങൾക്കും പൂർത്തിയായിരുന്നാലും ഈ സാമാന്യലക്ഷണത്തിനു ചേർച്ച ഇല്ലാതെ വന്നാൽ അത് അലങ്കാരമാകുന്നതല്ല. അതിനാൽ, ‘കുയിൽ കാക്കയെ പോലെ കറുത്തതാകുന്നു’ എന്നുള്ള വസ്തുസ്ഥിതികഥനത്തിൽ ഉപമാലക്ഷണമിരുന്നാലും അത് ഉപമാലങ്കാരമാവുന്നില്ല.

സാമാന്യലക്ഷണപ്രകാരം ‘ശബ്ദാലങ്കാരം’ ‘അർത്ഥാലങ്കാരം’ എന്ന് അലങ്കാരം രണ്ടു വിധമാകാം. അതിൽ പ്രാധാന്യം അർത്ഥാലങ്കാരങ്ങൾക്കാകയാൽ അവയെ ആദ്യം വിവരിക്കുന്നു. നാനാപ്രകാരങ്ങളായി കാണുന്ന അലങ്കാരങ്ങൾക്കെല്ലാം ബീജഭൂതങ്ങളായ സാധനങ്ങൾ ഇന്നവ എന്നു പരിഗണിക്കുന്നു.

ഓർത്താലതിശയം, സാമ്യം,
വാസ്തവം, ശ്ലേഷമിങ്ങനെ
അലങ്കാരങ്ങളെ തീർപ്പാൻ
നാലുതാനിഹ സാധനം. 2
ഇവയെക്കൊണ്ടു തീർക്കുന്നു
കവീന്ദ്രരുപമാദിയെ
തങ്കം കൊണ്ടിഹ തട്ടാന്മാർ
കങ്കണാദിയെയെന്നപോൽ. 3

(1) അതിശയം, (2) സാമ്യം, (3) വാസ്തവം, (4) ശ്ലേഷം ഈ നാലെണ്ണത്തിൽ ഒന്നായിരിക്കും എല്ലാ അലങ്കാരത്തിനും ബീജം. ഒരേ ബീജത്തിൽ നിന്നുളവാകുന്ന അലങ്കാരങ്ങൾക്ക് തങ്ങളിൽ ഭേദം തോന്നുന്നതാകട്ടെ വൈചിത്ര്യവിശേഷത്താലാകുന്നു. ലൌകികാലങ്കാരങ്ങളിൽ സ്വർണ്ണം ഒന്നു തന്നെ ആകൃതിവിശേഷത്താൽ കൈവള, മോതിരം, കുണ്ഡലം എന്നു പലവകയായി തീരുന്നതുപോലെ എന്നു ദൃഷ്ടാന്തം. ഇതുകൊണ്ട് അലങ്കാരം മൊത്തത്തിൽ (1) അതിശയോക്തി, (2) സാമ്യോക്തി (3) വാസ്തവോക്തി (4) ശ്ലേഷോക്തി എന്നു നാലുവിധമെന്ന് സിദ്ധിച്ചു. ഓരോന്നിന്റെയും സ്വഭാവത്തെ മുറയ്ക്കു വിവരിക്കുന്നു.

ചൊല്ലുള്ളതിൽ കവിഞ്ഞുള്ള-
തെല്ലാമതിശയോക്തിയാം;
തെല്ലിതിൻ സ്പർശമില്ലാതെ-
യില്ലയലങ്കാരമൊന്നുമേ. 4

ഉള്ളതിലധികമോ കുറച്ചോ പറയുന്നത് ‘അതിശയോക്തി’. സാമ്യാദിമൂലകങ്ങളായ മറ്റു മൂന്നുമാതിരി അലങ്കാരങ്ങളിലും ഇതിന്റെ ഒരു ബിന്ദു തൊട്ടു തേച്ചു മുനുക്കി കാണും. ലൗകികാലങ്കാരങ്ങൾക്കു പകിട്ടു തോന്നണമെങ്കിൽ നിറം കാച്ചേണ്ടതു പോലെ കാവ്യാലങ്കാരങ്ങൾക്കും ഫളഫളായമാനത വേണമെങ്കിൽ അതിശയോക്തിയുടെ സ്പർശം വേണമെന്നു താത്പര്യം. ശുദ്ധമായ വാസ്തവം ചമൽക്കാരകാരിയാകാത്തതിനാൽ അതിശയോക്തിയുടെ ഗന്ധം മറ്റലങ്കാരങ്ങളിലും ഗൂഢമായിട്ടെങ്കിലും കാണും; അതിനെ ഗണിക്കേണ്ടതില്ല. പ്രാധാന്യം പ്രമാണിച്ചാണ് ഇവിടെ നാലായി വിഭജിച്ചത്.


കാരിക 4. ഉള്ളതിൽ കവിഞ്ഞുള്ള ചൊല്ലെല്ലാം അതിശയോക്തി ആകുന്നു എന്നു പൂർവ്വാർത്ഥം.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_9&oldid=81795" എന്ന താളിൽനിന്ന് ശേഖരിച്ചത്