ഭാഷാഭൂഷണം/പേജ് 42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം
74. ശുദ്ധദ്വിജസമീപത്തിൽ
നിത്യം ചേർന്നു വസിക്കിലും
അധരേ രാഗസംബന്ധ-
മൊഴിയുന്നില്ലൊരിക്കലും.

വേറേയും ഉദാഹരണം

75. പല്ലുകളിളകീടുന്നൂ
തലമുടിയെല്ലാം വെളുത്തു ചമയുന്നൂ
കണ്ണുകളിരുളാർന്നിടു-
ന്നെന്നാലും ശ്രീവധുവശം ചിത്തം. - കെ.സി. കേശവപിള്ള (സുഭാഷിതം)


12. വ്യാഘാതം
വ്യാഘാതമിഷ്ടകാര്യത്തിൻ-
കാരണം താൻ വിരുദ്ധമാം
കാര്യത്തെയുളവാക്കുന്നു -
എന്നു സാധിക്കുകിൽ പരൻ: 57
ഭൂഷണം സജ്ജനത്തിന്നു
ദൂഷണം ഖലകല്പിതം
ദോഷമല്ലോ ഖലൻ തന്റെ
ദൃഷ്ടിയിൽ ഗുണമൊക്കവേ 58

ഒരുവൻ തനിക്കു് ഇഷ്ടമായ കാര്യത്തിനു കാരണമായി വിവക്ഷിക്കുന്ന സംഗതിയെത്തന്നെ മറ്റൊരുവൻ അതിനു വിപരീതമായ കാര്യത്തിനു കാരണമാക്കി സമർത്ഥിക്കുന്നതു് വ്യാഘാതം. വേറെ ഉദാഹരണം:

76. തീരംതിങ്ങും തമാലത്തളിരുകൾ വനമാർന്നുഗ്രയാദോഗണത്താ-
ലേറെ ക്ഷോഭിച്ച നാലാഴികളുടെ മറുതീരംവരെബ്ഭൂമിപന്മാർ
പാരം വന്ദിച്ചു പൂമാലകളോടു സമമായ് ചൂടുവോരാജ്ഞയെന്നിൽ
തീരെത്തെറ്റുന്നമൂലം തവ വിനയമണിപ്രഭാവം കാട്ടിടുന്നു. -മുദ്രാരാക്ഷസം

ദോഷഗുണങ്ങളെ ഗുണദോഷങ്ങളാക്കുന്നതു് 'ലേശം' എന്നു് അയ്യപ്പദീക്ഷിതർ ദണ്ഡിയെ അനുസരിച്ചു കല്പിക്കുന്നു.*


പദ്യം 76. ശാരദോത്സവം നടത്തണമെന്ന ചന്ദ്രഗുപ്താജ്ഞ ദ്വീപാന്തരങ്ങളിലുള്ള സാമന്തന്മാർ അനുസരിച്ചപ്പോൾ ചാണക്യൻ നിഷേധിച്ചു. ചാണക്യവചനം ചന്ദ്രഗുപ്തനോടു്: തീരംതിങ്ങും .... മറുതീരം - തീരത്തുതമാലവൃക്ഷങ്ങൾ തിങ്ങിനില്ക്കുന്നതും ജലപ്രവാഹത്താൽ ഏറെ ക്ഷോഭിച്ചതുമായ നാലുസമുദ്രങ്ങളുടേയും അങ്ങേക്കര (ദ്വീപാന്തരമെന്നു താല്പര്യം). വിനയമണി - വിനയമാകുന്ന രത്നം. തീരംതിങ്ങും .... ഭൂമിപന്മാർ ആജ്ഞ അനുസരിക്കുന്നു എന്നതു് പ്രതാപത്തെ കാണിക്കുന്നു. അതേ ആജ്ഞതന്നെ ചാണക്യൻ ലംഘിക്കുമ്പോൾ ശിക്ഷിക്കാത്തതു് രാജാവിന്റെ വിനയത്തെ കാണിക്കുന്നു.

* ഗുണദോഷങ്ങളിൽ ദോഷ-
ഗുണകല്പന ലേശമാം;
വിഹായസ്സിൽ വിഹംഗങ്ങൾ
വിഹരിക്കുന്നു സ്വൈര്യമായ്;
കിളി, നിൻമൊഴി തേനായി-
പ്പോകയാൽ കൂട്ടിലായി നീ. -(കുവാലയാനന്ദം)

മധുരശബ്ദമില്ലായ്കയാൽ മറ്റുപക്ഷികൾക്കു സ്വൈര്യവിഹാരം ചെയ്യാനാവുമ്പോൾ കിളിക്കു മധുരശബ്ദമുള്ളതുകൊണ്ടു് പഞ്ജരബന്ധനം കിട്ടി. ഗുണദോഷങ്ങളിൽ വിപര്യാസകല്പന.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_42&oldid=82155" എന്ന താളിൽനിന്ന് ശേഖരിച്ചത്