ബാലരാകുന്ന ഞങ്ങളെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ബാലരാകുന്ന ഞങ്ങളെ (ക്രിസ്തീയ കീർത്തനം)

രചന:സാധു കൊച്ചുകുഞ്ഞുപദേശി

ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ കയ്യിലേൽക്കണം
ബാലരാകുന്ന ഞങ്ങൾക്കും കൃപ തന്നു മോക്ഷത്തിലാക്കണം

സ്വർഗരാജ്യത്തിൽ വന്നു ഞങ്ങളും ഭാഗ്യശാലികളാകുവാൻ
തക്ക പാതയിലാക്കണം യേശുതമ്പുരാൻ കൃപയൊന്നിനാൽ

പണ്ടു താൻ ഭൂവിൽ വന്ന കാലത്തു ബാലരെയണച്ചെന്നപോൽ
ഇന്നും ബാലരെ ചേർക്കുവാൻ കരം നീട്ടണേ കൃപ നൽകണേ

ബാലന്മാർ പലർ ലോകം വിട്ടും നിൻ മാർവിൽ ചേരുന്നു നിത്യമായ്
ബാലന്മാരെയുമോർക്കണേ നിന്റെ ആശ്വാസസ്ഥലവാസത്തിൽ

എന്തു ഞങ്ങളാൽ ചെയ്വതിന്നിങ്ങു സാധ്യമാമതിന്നപ്പനെ
ശക്തിയും നല്ല ബുദ്ധിയും നൽകി രക്ഷകാ വഴി കാട്ടണേ

പൊന്നുനായകൻ വാനമേഘത്തിൽ വന്നു മക്കളേ ചേർക്കുമ-
ന്നാശയോടു നിന്മക്കളായ് ഞങ്ങളങ്ങു ചേരുമാറാകണം

"https://ml.wikisource.org/w/index.php?title=ബാലരാകുന്ന_ഞങ്ങളെ&oldid=29094" എന്ന താളിൽനിന്ന് ശേഖരിച്ചത്