പൊന്നേശു തമ്പുരാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പൊന്നേശു തമ്പുരാൻ (ക്രിസ്തീയ കീർത്തനം)

രചന:സാധു കൊച്ചുകുഞ്ഞുപദേശി


പൊന്നേശു തമ്പുരാൻ നല്ലോരു രക്ഷകൻ
എന്നെസ്നേഹിച്ചു തൻ ജീവൻവെച്ചു

സ്വർഗ്ഗ സിംഹാസനം താതന്റെ മാർവ്വതും
ദൂതന്മാർ സേവയും വിട്ടെൻ പേർക്കായ്
ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ
ശാപം ശിരസ്സതിലേറ്റിടുവാൻ

തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ
കൊള്ളക്കാരൻ പോലെ ക്രൂശിൽതൂങ്ങി
ഉള്ളമുരുകുന്നെൻ ചങ്കുതകരുന്നെൻ
കണ്ണുനിറയുന്നെൻ രക്ഷകനേ

എന്തൊരു സ്നേഹമീ സാധുവേ ഓർത്തു നീ
സന്താപേ സാഗരം തന്നിൽ വീണു
എന്നേവിളിച്ചു നീ എന്നെ എടുത്തു നി-
ന്നോമനപ്പൈതലായ് തീർക്കണമേ

പാപം പെരുകിയസ്ഥാനത്തു കൃപയും
ഏറ്റം പെരുകിയതാശ്ചര്യമേ!
പാപിയിൽ പ്രധാനിയായിരുന്ന ഞാനും
സ്നേഹത്തിൻ പുത്രന്റെ രാജ്യത്തിലായ്

ഭൂലോകമായയിൽ മോഹം പതിച്ചെന്റെ
കാലം ഞാൻ പാഴിൽ കളഞ്ഞീടായ്വാൻ
സ്വർലോക രാജ്യത്തിൽ തങ്കക്കിരീടത്തി-
ലുല്ലാസമേകണേ പൊന്നേശുവേ

പാപം ചെയ്യാതെന്നെ കാവൽ ചെയ്തീടുവാൻ
സർവ്വേശാതൃക്കയ്യിലേല്പിക്കുന്നേൻ
രാപ്പകൽ നീയെന്നെ വീഴ്ചയിൽ നിന്നെന്റെ
സ്വപ്നത്തിൽക്കൂടെയും കാക്കേണമേ

കർത്താവു വേഗത്തിൽ മേഘങ്ങളിൽ കോടി
ദൂതന്മാരാർപ്പുമായ് വന്നിടുമ്പോൾ
എന്നിൽ കനിഞ്ഞെന്നെ മാറോടണച്ചെന്റെ
സങ്കടം തീർക്കണം രക്ഷകനേ

"https://ml.wikisource.org/w/index.php?title=പൊന്നേശു_തമ്പുരാൻ&oldid=205844" എന്ന താളിൽനിന്ന് ശേഖരിച്ചത്