പുഷ്പവാടി/മുഖവുര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പുഷ്പവാടി
രചന:എൻ. കുമാരനാശാൻ
മുഖവുര

മുഖവുര
[തിരുത്തുക]

ന്റെ കൃതിശകലങ്ങളിൽ ചിലതിനെ തിരഞ്ഞെടുത്ത് പുഷ്പവാടി എന്ന പേരിൽ ഒരു പുസ്തകമായി പ്രസിദ്ധപ്പെടുത്താൻ ഉദ്ദേശിച്ചിട്ട് ഇപ്പോൾ ഒരു വ്യാഴവട്ടത്തിനുമേലാകും. ഏതാണ്ട് പത്തുകൊല്ലം മുമ്പ് വീണ പൂവ് എന്ന ഖണ്ഡകൃതി പ്രത്യേകപുസ്തകമായി പ്രസിദ്ധപ്പെടുത്തിയപ്പോൾ അതിന്റെ പുറംകടലാസ്സിൽ ഒരു പരസ്യം വഴിയായി ആ സംഗതി പ്രതിജ്ഞാപിച്ചിരുന്നതായും ഓർക്കുന്നു. അന്നുമുതൽ രേഖാമൂലമായും മുഖദാവിലും പുഷ്പവാടി ആവശ്യപ്പെട്ടുകൊണ്ട് എന്നെയും എന്റെ പുസ്തകവ്യാപാരികളെയും പല സുഹൃത്തുക്കളും ബുദ്ധിമുട്ടിച്ചുവന്നു എന്നുള്ള വസ്തുതയും വിസ്മരിക്കാവുന്നതല്ല. ഈ കാരണങ്ങളാൽ ഇത്ര താമസിച്ചു പുറപ്പെടുന്നതാനെങ്കിലും ഈ പുസ്തകത്തിനു മറ്റു പ്രകാരമുള്ള ഔചിത്യത്തെപ്പറ്റി അത്രയൊന്നും ചിന്തിക്കാതെതന്നെ പുഷ്പവാടി എന്നു നാമകരണം ചെയ്‌വാൻ ഇടയായിട്ടുള്ളതാണ്. പഴയ പ്രതിജ്ഞയേയും സുഹൃത്തുക്കളുടെ പ്രതീക്ഷയേയും നിറവേറ്റാൻ ഇത് ഏതെങ്കിലും പ്രകാരത്തിൽ പര്യാപ്തമാകുമെങ്കിൽ ഭാഗ്യമായി.

സാർവ്വജനീനമായ ചില ചെറുകൃതികൾ മാത്രമാണ് ഇതിൽ തിരഞ്ഞെടുത്തു ചേർത്തിട്ടുള്ളത്. അതിൽ ആദ്യമാദ്യം കാണുന്നവ പ്രായേണ ബാഹ്യപ്രകൃതിയിലുള്ള ഏതാനും മനോഹരവസ്തുക്കളേയും സരസസന്ദർഭങ്ങളേയും ഒടുവിലുള്ളവ ഈശ്വരഭക്തി മുതലായ ചില ഉത്കൃഷ്ടമനോഭാവങ്ങളേയും പരാമർശിച്ച് എഴുതിയിട്ടുള്ളതാകുന്നു. ആദ്യഭാഗം അധികം ബാലന്മാരുടെ അഭിരുചിയെ ലാക്കാക്കിയും ഒടുവിലത്തെ ഭാഗം പ്രായമായവർക്കുകൂടി രസിക്കത്തക്കവണ്ണവും ഉള്ള ഉദ്ധരണങ്ങളുമാണ്. ഓരോ കൃതിയുടേയും അടിയിൽ അതെഴുതിയ കാലത്തെയോ സന്ദർഭത്തേയോ സൂചിപ്പിക്കുന്ന കുറിപ്പുകളും കൊടുത്തിട്ടുണ്ട്.

ഇതിനെ പിന്തുടർന്നു മറ്റു പ്രമേയങ്ങളിലുള്ള ചില ലഘുകൃതികളും അനുരൂപമായ നാമത്തിൽ പുസ്തകരൂപേണ താമസിയാതെ പുറപ്പെടുന്നതാകുന്നു. ഈ പ്രസിദ്ധീകരണത്തിൽ പ്രൂഫ് പരിശോധിച്ചുംമറ്റും ശ്രീമാന്മാർ കെ. അയ്യപ്പൻ ബി.എ., കെ. സദാശിവൻ ബി.എ. ഈ ഭാഷാപ്രണയികൾ ചെയ്തുതന്നിട്ടുള്ള സാഹായ്യത്തെ ഞാൻ സസ്നേഹം സ്മരിക്കുന്നു.


കുമാരനാശാൻ

തിരുവനന്തപുരം
ഏപ്രിൽ 17
"https://ml.wikisource.org/w/index.php?title=പുഷ്പവാടി/മുഖവുര&oldid=35160" എന്ന താളിൽനിന്ന് ശേഖരിച്ചത്