പുളകപ്പുതപ്പിൽ
പുളകപ്പുതപ്പിൽ രചന: |
കണ്ടു ഞാനന്നോളൊരു കാമ്യമാം ലോക, മതാ-
വിണ്ടലമല്ലാ, വെറും വസുധയല്ലാ!
എന്നത്തലഖിലവുമെങ്ങോ പറഞ്ഞയപ്പാൻ
വന്നെത്തിയതുലമാം വസന്തരാത്രി
ആകാശപ്പന്തലെനിക്കായിട്ടു വിതാനിച്ചി-
ട്ടാരാലപ്പകലെങ്ങോ പതുങ്ങി നിന്നു
മാമകമലർമെത്ത നേരത്തേ വിരിച്ചിട്ടി-
ബ്‌ഭൂമിയും സുഖമായ സുഷുപ്തി തേടി
അശ്രാന്തപരിശ്രമക്ലാന്തരം ലതികകൾ
വിശ്രാന്തിയാർന്നു, നൃത്തരഹിതമായി
ലോലമാം താലവൃന്തത്താലെന്നെ വീശിവീശി
മാലേയമണിത്തെന്നലുറക്കമായി
മാമക ഭാഗധേയതാരകാഗമം കാത്തി-
ട്ടാ മലർത്തൊടിയിൽ ഞാൻ ക്ഷമയമർന്നു!
ദർശനമാത്രമായ് നിന്നൊരെൻ ദിവ്യസ്വപ്നം
സ്പർശസുഖമേകി, മടിയിലായീ
പേർത്തും ഞാനോർത്തു പറഞ്ഞീടുവാൻ നിരൂപിച്ച
വാർത്തകളഖിലവും മറന്നുപോയീ!
കമ്പിതാധരകങ്ങളന്യോന്യം ചിലതെല്ലാം
ചുംബനശതങ്ങളാൽ പറഞ്ഞുതീർത്തു.
വല്ലതുമങ്ങിങ്ങേകാൻ ഭാവിക്കും സമയത്തിൽ
വല്ലാതെ വിറകൊള്ളും കരതലത്താൽ
ഞങ്ങളന്യോന്യമുടലാകവേ പുളകമാം
മംഗളപ്പുതപ്പിട്ടു പുണർന്നു ഗാഡം!
കണ്ടു ഞാനന്നാളൊരു കാമ്യമാം ലോക, മതാ
വിണ്ടലമല്ലാ വെറും വസുധയല്ലാ!
ആ ലോകത്തങ്ങു കണ്ടതാലോചിച്ചൊരു ചിത്ര-
മാലേഖം ചെയ്തീടാൻ ഞാൻ മുതിർന്നനേരം
പൂർവദിഗ്വധൂമുഖച്ചില്ലുതന്നുള്ളിലത-
പ്പൂഷാവു വരച്ചാദ്യമുയർത്തിക്കാട്ടി!
ഉണ്മയിലന്നു കേട്ട ഗാനങ്ങൾ പാടിനോക്കാ-
നെന്മനോവീണക്കമ്പി മുറുക്കുന്നേരം,
ചാരുവായ്ക്കിളിനിര പാടിടും കളഗാന-
ധാരയാൽ പരിസരം മുഖരിതമായ്!
ആവുംമട്ടൊരു ലഘുകാവ്യമെഴുതുവാൻ ഞാൻ
ഭാവനത്തൂലികയൊന്നെടുത്തനേരം,
പാവനപരിമളമാർന്നിടും പൂക്കൾതോറും
പൂവനമഖിലവും പകർത്തിക്കാട്ടീ!