പുത്തൻ പാന/രണ്ടാം പാദം
രണ്ടാം പാദം
[തിരുത്തുക]മാനുഷരെ പിഴപ്പിച്ചു കൊള്ളുവാൻ
മാനസ ദാഹമൊടു പിശാചവൻ.
തൻകരുത്തു മറച്ചിട്ടുപായമായ്
ശങ്കകൂടാതെ ഹാവായോടോതിനാൻ
മങ്കമാർ മണി മാണിക്യ രത്നമേ,
പെൺകുല മൗലേ കേൾ മമ വാക്കു നീ
നല്ല കായ്കനിയും വെടിഞ്ഞിങ്ങനെ
അല്ലലായിരിപ്പാനെന്തവാകാശം
എന്നസുരൻ മധുരം പറഞ്ഞപ്പോൾ
ചൊന്നവനോടു നേരായ വാർത്തകൾ
കണ്ടതെല്ലാമടക്കി വാണിടുവാൻ
ദണ്ഡമെന്നിയെ കൽപിച്ചു തമ്പുരാൻ
വേണ്ടുന്നതെല്ലാം സാധിച്ചുകൊള്ളൂവാൻ
വോണ്ടുന്നവരവും തന്നു തങ്ങൾക്ക്
പിന്നെയീമരത്തിന്റെ കനിയിത്
തിന്നരുതെന്ന പ്രമാണം കൽപിച്ചു
ദൈവകൽപന കാത്തുകൊണ്ടിങ്ങനെ
ദേവാസേവികളായിരിക്കുന്നിതാ
ഹാവായിങ്ങനെ ചെന്നതിനുത്തരം
അവൾ സമ്മതിപ്പാനസുരേശനും
വഞ്ചനയായ വൻചതിവാക്കുകൾ
നെഞ്ചകം തെളിവാനുരചെയ്തവൻ
കണ്ടകായ്‍കനിയുണ്ടുകൊണ്ടിങ്ങനെ
കുണ്‌ഠരായ് നിങ്ങൾ വാഴ്വതഴകതോ?
സാരമായ കനിഭുജിച്ചിടാതെ
സാരഹീന ഫലങ്ങളും ഭക്ഷിച്ച്,
നേരറിയാതെ സാരരഹിതരായ്
പാരിൽ മൃഗസമാനമെന്തിങ്ങനെ,
എത്ര വിസ്മയമായ കനിയിത്!
ഭദ്രമാണെന്റെ വാക്കെന്നറിഞ്ഞാലും
നന്മയേറ്റം വളർത്തുമിതിൻകനി
തിന്മാനും രുചിയുണ്ടതിനേറ്റവും
ഭാഗ്യമായ കനിയിതു തിന്നുവാൻ
യോഗ്യരോ നിങ്ങളെന്നറിഞ്ഞില്ല ഞാൻ
അറ്റമില്ലിതു തിന്നാലതിൻ ഗുണം
കുറ്റവർക്കറിയാമെന്നതേ വേണ്ടു,
ദിവ്യമായ കനിയിതു തിന്നുകിൽ
ദേവനു സമമായ്‍വരും നിങ്ങളാ,
ആയതുകൊണ്ട് ദേവൻ വിരോധിച്ചു.
ആയുപായത്തട്ടിപ്പു ഗ്രഹിച്ചു ഞാൻ
സ്നേഹം നിങളെയുണ്ടെന്നതുകൊണ്ടു
മഹാസാരരഹസ്യം പറഞ്ഞു ഞാൻ
ചൊന്ന സാരം ഗ്രഹിച്ചിതു തിന്നുകിൽ
വന്നിടുമ്മഹാ ഭാഗ്യമറിഞ്ഞാലും.
ദുഷ്ടനിഷ്ടം പറഞ്ഞതു കേട്ടപ്പോൾ
കഷ്ടമാക്കനി തിന്നു പിഴച്ചഹോ,
നഷ്ടമായെന്നറിയാതെ പിന്നെയും
ഇഷ്ട ഭക്ഷ്യമായ് നൽകി ഭർത്താവിന്നും
ഹാവാ തങ്കൽ മനോരുചിയാകയാൽ
അവൾക്കിമ്പം വരുവതിന്നാദവും
ദേവകൽപന ശങ്കിച്ചിടാതന്നു
അവൾ ചൊന്നതു സമ്മതിച്ചക്കനി
തിന്നവൻ പിഴപെട്ടൊരനന്തരം
പിന്നെയും ദേവഭീതി ധരിച്ചില്ല.
ഉന്നതനായ ദേവനതുകണ്ടു
തന്നുടെ നീതിലംഘനം ചെയ്കയാൽ
താതൻ തന്റെ തനയരോടെന്നപോൽ
നീതിമാനഖിലേശ്വരൻ കോപിച്ചു.
ആദം! നീയെവിടെ എന്നരുൾ ചെയ്തു
നാദം കേട്ടു കുലുങ്ങി പറുദീസാ.
ആദവും അഴകേറിയ ഭാര്യയും
ഭീതി പൂണ്ടു ഭ്രമിച്ചു വിറച്ചുടൻ
ദൈവ മംഗല നാദങ്ങൾ കേട്ടപ്പോൾ
ദൈവീക മുള്ളിൽ പൂക്കുടനാദവും
ദൈവന്യായം കടന്നതു ചിന്തിച്ചു
ദൈവമേ പിഴച്ചെന്നവൻ തേറിനാൽ
നാണമെന്തെന്നറിയാത്ത മാനുഷൻ
നാണിച്ചു പത്രവസ്ത്രം ധരിച്ചുടൻ,
ചെയ്ത ദോഷത്തിനുത്തരമപ്പോഴേ
സുതാപത്തോടനുഭവിച്ചാരവർ
അമ്പൊഴിഞ്ഞു പിശാചിനോടൊന്നിച്ചു
പാമ്പു ദൈവാജ്ഞ ലംഘിപ്പിച്ചെന്നതാൽ
നിന്റെ വായാൽ നീ വചിച്ചതുകൊണ്ടു
നിന്റെ ദോഷം നിൻവായിൽ വിഷമൊന്നും
പൂണ്ടു മണ്ണിലിഴഞ്ഞു വലകെന്നും
കണ്ടവർ കൊല്ലുകെന്നും ശപിച്ചുടൻ
സർവ്വനാഥനെയാദം മറക്കയാൽ
സർവ്വജന്തുക്കളും മറന്നാദത്തെ
തമ്പുരാൻ മുമ്പവർക്കു കൊടുത്തൊരു
വമ്പുകൾ വരം നീക്കി വിധിച്ചിത്
പൈയും ദാഹം ക്ഷമിക്കേണമെന്നതും,
വിയർപ്പോടു പൊറുക്കേണമെന്നതും,
വ്യാധി ദുഃഖങ്ങളാൽ വലകെന്നതും,
ആധിയോടു മരിക്കണമെന്നതും,
ഈറ്റു സങ്കടംകൊണ്ടു പ്രസൂതിയും
ഏറ്റമായുള്ള ദണ്ഡസമൂഹവും
മുള്ളുകൾ ഭൂമി തന്നിൽ മുളച്ചിത്
പള്ളക്കാടു പരന്നു ധരിത്രിയിൽ
സ്വൈതവാസത്തിൽ നിന്നവരെയുടൻ
ന്യായം കൽപിച്ചുതള്ളി സർവ്വേശ്വരൻ.
മൃഗതുല്യമവർ ചെയ്ത ദോഷത്താൽ
മൃഗവാസത്തിൽ വാഴുവാൻ യോഗ്യരായ്
ഇമ്പമൊടു പിഴച്ചതിന്റെ ഫലം
പിമ്പിൽ കണ്ടുതുടങ്ങി പിതാക്കന്മാർ
നല്ലതെന്നറിഞ്ഞീടിലും നല്ലതിൽ
ചെല്ലുവാൻ മടി പ്രാപിച്ചു മാനസേ
വ്യാപിച്ചു ഭൂകി തിന്മയെന്നുള്ളതും,
മുമ്പിൽ തിന്മയറിയാത്ത മാനുഷർ
തിന്മ ചെയ്തവർ തിന്മയിലായപ്പോൾ
നന്മ പോയതിനാൽ തപിച്ചേറ്റവും
ഉള്ള നന്മയറിഞ്ഞീടുവാൻ പണി.
ഉള്ള തിന്മയറിയായ്‍വാനും പണി
അശുഭത്തിലെ വിരസം കണ്ടവ-
രാശുമുങ്ങീതു ദുഃഖസമുദ്രത്തിൽ
വീണുതാണതി ഭീതി മഹാധിയാൽ
കേണപജയമെണ്ണിക്കരയുന്നു
ജന്മപര്യന്തം കൽപിച്ച നന്മകൾ
ദുർമ്മോഹം കൊണ്ടശേഷം കളഞ്ഞയ്യോ,
നല്ല കായ്‍കനി തോന്നിയതൊട്ടുമേ
നല്ലതല്ലതു ദോഷമനവധി
സ്വാമിതന്നുടെ പ്രധാന കൽപന
ദുർമ്മോഹത്തിനാൽ ലംഘനം ചെയ്തതും,
കഷ്ടമെത്രയും സ്വർല്ലോകനാഥനെ
ദുഷ്ടരായ നാം മറന്നതെങ്ങനെ!
സത്താം ദേഹവും തന്ന സ്രഷ്ടാവിനെ
എന്തുകൊണ്ടു നാം നിന്ദനം ചെയ്തയ്യോ.
ആപത്തെല്ലാം വരുത്തിചമച്ചു നാം
താപവാരിയിൽ വീണു മുഴുകിയേ
വീഴ്ചയാലടി നാശവും വന്നു നാം
താഴ്ചയേറും കുഴിയതിൽ വീണിത്
പൊയ്‍പോയ ഗുണം ചിന്തിച്ചു ചിന്തിച്ചു
താപത്തിനു മറുകരകാണാതെ
പേർത്തു പേർത്തു കരഞ്ഞവർ മാനസേ
ഓർത്തു ചിന്തിച്ചുപിന്നെ പലവിധം
ശിക്ഷയായുള്ള നന്മകളഞ്ഞു നാം
രക്ഷയ്ക്കെന്തൊരുപായം നമുക്കിനി
ഇഷ്ടവാരിധി സർവ്വൈകനാഥനെ
സാഷ്ടാംഗസ്തുതിചെയ്തു സേവിക്കണം
അവിടന്നിനി മംഗലമേ വരൂ
അവിടെ ദയാലാഭ മാർഗ്ഗമുണ്ടാം
അറ്റമറ്റ ദയാനിധി സ്വാമിയേ-
കുറ്റം പോവതിനേറെ സേവിച്ചവർ
സൈവൈക ഗുണസ്വരൂപാ ദൈവമേ!
അവധി തവ കരുണയ്ക്കില്ലല്ലോ.
പാപം ചെയ്തുനാമേറെ പീഡിക്കുന്നു
താപം നീക്കുക സർവ്വദയാനിധേ!
ന്യായം കൽപിച്ച ദൈവമേ നിന്നുടെ
ന്യായം നിന്ദിച്ച നിങ്ങൾ ദുരാത്മാക്കൾ,
ന്യായലംഘനം കാരണം നിന്നുടെ
ന്യായശിക്ഷ തികയ്ക്കല്ലേ നായകാ!
കണ്ണില്ലാതെ പിഴയ്ക്കയാൽ ഞങ്ങൾക്കു
ദണ്ഡമിപ്പോൾ ഭവിച്ചു പലവിധം
ദണ്ഡത്തിൽ നിന്റെ തിരുവുള്ളക്കേടാൽ
ദണ്ഡമേറ്റം നമുക്കയ്യോ ദൈവമേ
ആർത്തെരിയുന്നോരാർത്തിയമർത്തുവാൻ
പേർത്തു നീയൊഴുഞ്ഞൊരു ദയാനിധേ!
സർവ്വേശാ നിന്റെ കാരുണ്യശീതളം
സർവ്വതൃപ്തി സുഖം സകലത്തിനും
ദേവസൌഖ്യം ഞങ്ങൾക്കു കുറകയാൽ
അവധിഹീന സംഭ്രമ വേദന,
അയ്യോ പാപം നിരന്തര മഹത്വമെ
അയ്യോ ബുദ്ധിക്കന്ധത്വം ദുർഭാഗ്യമെ
നിൻതൃക്കൈബലം രക്ഷിച്ചില്ലെങ്കിലോ
ഗതിയെന്നിയേ മുടിഞ്ഞു നാം സദാ
ഇപ്രകാരമനേക വിലാപമായ്
സുപീഡയോടവരിരിക്കും വിധൌ
കണ്ണുനീരും തൃക്കൺപാർത്തു നായകൻ
ത്രാണം കൽപിച്ചനുഗ്രഹിച്ചു പുനർ
സ്ത്രീ, പാദത്തിനു കേടു വന്നിടാതെ
സർപ്പത്തിന്നുടെ തല തകർത്തീടും
ആ ദോഷത്തിന്റെ നാശമേൽക്കാതെ ക-
ണ്ടാദത്തിന്നുടെ ജന്മനി ഭൂതയായ്.
കറ കൂടാതെ നിർമ്മല കന്യകാ
സർവ്വപാലനു ജനനിയായ് വരും
പുത്രൻ തമ്പുരാൻ നരാവതാരത്തിൽ
ധാത്രി ദോഷവിനാശമൊഴിച്ചീടും
ദിവ്യവാക്കുകൾ കേട്ടോരനന്തരം
ഉൾവ്യാധി കുറഞ്ഞാശ്വസിച്ചാരവർ
രക്ഷയ്ക്കാന്തരം വരാതിരിപ്പാനായ്
ശിക്ഷയാം വണ്ണമിരുന്നു സന്തതം
അവർകളുടെ കാലം കഴിഞ്ഞിട്ട്
അപജയമൊഴിക്കും പ്രകാരങ്ങൾ,
മുമ്പിലാദത്തോടരുൾ ചെയ്തപോൽ
തമ്പുരാൻ പിന്നെ ഔറാഹത്തിനോടും
ദാവീദാകുന്ന പുണ്യരാജാവോടും,
അവർക്കാത്മജന്‌മിശിഹായായ്‍വരും
എന്നുള്ള ശുഭവാർത്തയറിയിച്ച്,
മാനസാശയുമേറെ വർദ്ധിപ്പിച്ചു.
ലോകമാനുഷരായ മഹാജനം
ലോകനായകനെ സ്തുതിച്ചീടിനാർ.
ലോകൈകനാഥ! സർവ്വദയാനിധേ!
ലോകരക്ഷയ്ക്കു വന്നുകൊള്ളേണമേ
മേഘം പെയ്യുന്ന മഞ്ഞതിലെങ്കിലും
ശീഘ്രം നീയും വരാഞ്ഞതിതെന്തയ്യോ,
ആകാശം വെടിഞ്ഞിറങ്ങും രക്ഷകാ,
ആകെ നിൻകൃപയില്ലാതെന്തു ഗതി!
നീക്കു താമസം പാർക്കാതെ വേദന
പോക്കിക്കൊള്ളുക വേഗമെന്നാരവർ
രണ്ടാം പാദം സമാപ്തം