പാദുവായിലെ വിശുദ്ധ അന്തോനീസിനോടുള്ള നൊവേന/പ്രാരംഭം
പ്രാരംഭം
[തിരുത്തുക]സർവ്വശക്തനായ ദൈവമേ
കൈവണങ്ങിടുന്നിതങ്ങയെ
നിന്നനന്ത നന്മകൾക്കു ഞാൻ
നന്ദി ചൊല്ലി വാഴ്ത്തിടുന്നിതേ.
കൂപ്പുകൈക്കുരുന്നുമായി നിൻ
കാൽക്കൽവന്നു കാത്തിടുന്നു ഞാൻ
തൃക്കരങ്ങൾ നീട്ടി ഞങ്ങളെ
നിത്യമായനുഗ്രഹിക്കണേ.
നിന്റെ ആഗ്രഹത്തിനൊത്തപോൽ
എൻ പ്രവൃത്തികൾ സമസ്തവും
നിർവ്വഹിച്ചു നിത്യഭാഗ്യവും
കൈവരിക്കുവാൻ തരൂ വരം.
കാർമ്മികൻ: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി.
സമൂഹം: ആമ്മേൻ
കാർമ്മികൻ: ഭൂമിയിൽ മനുഷ്യർക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ
കാർമ്മികൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും കൂടി) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സു സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിന്മയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു ആമ്മേൻ.
കാർമ്മികൻ: സർവ്വശക്തനും കാരുണ്യവാനുമായ ദൈവമേ, അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും ദുഃഖിതരെ ആശ്വസിപ്പിക്കുന്നവനും ദൈവനന്മയിൽ സമ്പന്നനുമായ വി. അന്തോനീസിനെ ഞങ്ങൾക്ക് മാതൃകയും എന്നും സഹായമരുളുന്ന മദ്ധ്യസ്ഥനുമായി നൽകിയല്ലോ. ആ വിശുദ്ധന്റെ പ്രത്യേക സംരക്ഷണത്താലും സഹായത്താലും ഞങ്ങൾ സ്വർഗ്ഗീയമഹത്വം പ്രാപിക്കുന്നതിനായി ഞങ്ങളുടെ ആദ്ധ്യാത്മികവും ലൗകികവുമായ ആവശ്യങ്ങളിൽ മനോവിശ്വാസത്തോടെ വി. അന്തോനീസിന്റെ സഹായം തേടുന്നതിനുള്ള കൃപാവരം ഞങ്ങൾക്ക് തന്നരുളേണമെ.
(അല്ലെങ്കിൽ)
കാർമ്മികൻ: കാരുണ്യവാനായ ദൈവമേ, ബലഹീനരായ ഞങ്ങളെ ശക്തിപ്പെടുത്തണമേ. വി. അന്തോനീസിനെ വണങ്ങുകയും അദ്ദേഹത്തിന്റെ സഹായം തേടുകയും ചെയ്യുന്ന ഞങ്ങൾ, ആ വിശുദ്ധന്റെ സഹായത്താൽ എല്ലാ വിപത്തുകളിൽനിന്നും സുരക്ഷിതരായിരിക്കുന്നതിനും ആത്മീയവും ഭൗതികവുമായ അനുഗ്രഹസമൃദ്ധി പ്രാപിക്കുന്നതിനും കൃപചെയ്യണമെ.
സമൂഹം: ആമ്മേൻ.