പാക്കനാർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പാക്കനാർ

രചന:കുണ്ടൂർ നാരായണമേനോൻ

മറയുടെ പൊരുൾ തൊട്ടീമന്നിൽ വേണ്ടുന്നതൊട്ടു-
ക്കറിയുമരിയകേമന്മാരിലൊന്നാമനായി
പെരിയൊരുപുകൾ പാരിൽ പ്പൊങ്ങിടും പാക്കനാരാം
പറയനെയറിയാത്തോർ പാരിടത്തിൽ ചുരുങ്ങും (1)

മറയവർ കളിൽ മുമ്പനാരുമേറെപ്പുകഴ്‌ത്തി
പ്പറയുമവനെഴും വമ്പൊട്ടു ഞാൻ കേട്ടപോലെ
പറയുമളവുനാവിൽ പാർ ക്കനീതെറ്റതേറ്റം
കുറയുവതിനുനീരിത്താർ മകൻ വേട്ടതായേ (2)

മലയുടെമകൾ പെറ്റോരമ്പെഴും കൊമ്പനാന-
ത്തലയൊടമരുമൊറ്റക്കൊമ്പനാം തമ്പുരാനേ
വലിയപിഴവരാതിന്നൊട്ടുനന്നെന്നു തോന്നും
നിലയിലിതുനില്പാൻ നീ കനിഞ്ഞീടവേണം (3)

കനിവൊടെതിരുവുള്ളക്കാവിലയ്യപ്പനും നൽ
പനിമലമകളായോരൂരകത്തമ്മതാനും
മിനുമിനുസമിതെന്നായ് കേൾ ക്കുവോരെയൊക്കെയോതാ-
നിനിയിതുകഴിവോളം പാർക്കുകെന്നുൾക്കുരുന്നിൽ (4)

കേട്ടാലുമെങ്കിലറിവേറിനപാക്കനാർ തൻ
കൂട്ടർ ക്കകത്തളിർ കുളിർ ത്തിടുമാറുമുന്നം
വീട്ടിൽ തരത്തിലകമൊത്തൊരുപെണ്ണുതന്നെ
വേട്ടെത്രയും തെളിവിയന്നഴൽ വിട്ടു വാണു (5)

മോശത്തിലാണറികവന്നു കഴിച്ചിൽ കൈയ്യിൽ
കാശെത്രയും കുറയുമെങ്കിലുമാനടപ്പിൽ
വീശത്തിനും പിഴവരില്ലിവനെന്നു നാട്ടാർ
പേശിത്തരത്തിലവനുള്ളൊരുപേരുപൊങ്ങി (6)

അന്നന്നവൻ മലയിലുള്ളതിൽ നല്ലതായി
നിന്നീടുമാമുളമുറിച്ചു പൊളിച്ചു ചീന്തി
നന്നായുറപ്പിലൊരുപത്തുമുറങ്ങൾ തീർ ക്കും
പിന്നെപ്പതുക്കെയതുവില്‌ക്കുവതിന്നുവയ്‌ക്കും (7)

ചോരുന്നലത്തൊടൊരുവീട്ടിൽ മുറങ്ങൾ കാണി-
ച്ചോരോന്നിനേറെ വില ചൊല്ലിവഴക്കടിയ്‌ക്കും
ചീറുന്നതെന്തുമുറമൊമ്പതുമിങ്ങുനല്ക
ചേരുന്നതല്ല വിലയെന്നുമൊടുക്കമോതും (8)

ഈ വിഡ്ഢിതന്ന മുറമെണ്ണിയതില്ലകയ്‌ക്ക-
ലാവട്ടെയിങ്ങുവെറുതേമുറമൊന്നിനിയ്‌ക്ക്
പോവട്ടെവെയ്‌ക്കമിവനെന്നുടനൊന്നെടുക്കു-
മാവീട്ടുകാരവനുബാക്കിയുടൻ കൊടുക്കും (9)

ഓരോരു വീട്ടിൽ മുറമിങ്ങിനെ നല്‌കുമായാ-
ളോരോന്നൊടുക്കമതിലൊന്നതുബാക്കിയായാൽ
ആരെന്തുനല്‌കുമതിനെങ്കിലതങ്ങു വാങ്ങി
പ്പോരും കഴിക്കുമതിനാൽ ചിലവന്നു വീട്ടിൽ (10)

മുക്കണ്ണനെ തൊഴുതു പിന്നെ മുറയ്‌ക്കുവേണ്ട
തൊക്കെക്കഴിച്ചുടനുക്കറയിൽ കടന്നാൽ
ചിക്കെന്നുവേണ്ടൊരറിവേകുവതിന്നുതന്റെ
മയ്‌ക്കണ്ണിയാളൊടുമവൻ ചിലതൊക്കെയോതും (11)

കൊറ്റിന്നു വേണ്ടതൊഴികേമുതലിങ്ങുവേണ്ട
ചെറ്റും നമുക്കഴൽ മരത്തിനുവേരതല്ലോ
തെറ്റെന്നുതീമിഴിയെഴുന്നൊരവങ്കൽ നിന്നു
തെറ്റുന്നിതേറെമുതലുള്ളവനുള്ളമെന്നും (12)

കള്ളൻ കടന്നിതു, വരമ്പു മുറിഞ്ഞു കോളിൽ
വെള്ളം കടന്നു, കുറി വീണിതു കപ്പൽ മുങ്ങി
കൊള്ളാം പൊടുന്നനവയിങ്ങിനെയൊക്കെവന്നി-
ട്ടുള്ളം കിടന്നുഴലുമേ മുതലുള്ളവർക്ക് (13)

കിട്ടുന്നതും കരുതുകിങ്ങിനെ തന്നെയാകു-
മൊട്ടുന്നിനച്ചപടിയല്ല വരുന്നതൊന്നും
പെട്ടന്നു വേണ്ടമുതലെങ്ങിനെയോകിടയ്‌ക്കും
പൊട്ടന്ന്, തൊട്ടറിവെഴുന്നവനില്ലതാനും (14)

ആറ്റിന്മകൻ പകലവന്രെ മകൻ തുടങ്ങി
കൂറ്റിന്നു കൂടിയവരൊക്കെ മിഴിച്ചു നില്‌ക്കെ
നൂറ്റൊന്നുനൂറ്റുവരെയൂറ്റമൊടേറ്റൊരൊറ്റ
ക്കാറ്റിന്മകൻ പറകകൊന്നുമുടിച്ചതില്ലെ? (15)

വിണ്ണോരിലും വിരുതെഴും പല വമ്പരേയും
കണ്ണിൽ പെടും പൊഴുതുകൊന്നുകളിച്ചകേമൻ
കണ്ണന്റെയാമരുമകൻ പടയാളിയായി
ട്ടെണ്ണാത്തൊരുണ്ണിയൊടുതോറ്റുടൽ വിട്ടതില്ലേ? (16)

ഒന്നിച്ചൊരിക്കലൊരുദിക്കിലിരുന്നുവായി-
ച്ചന്നൊക്കെയും വിരുതു നേടിയ വമ്പർ പിന്നെ
താന്നിട്ടുമൊട്ടറിവുതാന്നവർ മീതെയായി
വന്നിട്ടുമിങ്ങുമറിമാന്മിഴി! കാണ്മതില്ലേ? (17)

ഓരോന്നുപാരിലിതുപോലൊരുപാടുകണ്ടു
പോരുന്നുനാമതുകളോതുകിലറ്റമുണ്ടോ?
ഓരുന്നനേരമൊരുവൻ കരുതുന്നമട്ടായ്
തീരുന്നതല്ലതരമോടിവിടത്തിലൊന്നും (18)

പൂമാതു തൻ കളികളാണിതതിങ്കൽ മുങ്ങി
പ്പോമേതവന്നുമഴൽ വിട്ടൊഴിയുന്നതല്ല
ആ മാതിരിക്കകമലഞ്ഞു വലഞ്ഞിടായ്വാൻ
നാമേതുമേ കൊതിയതിൽ കരുതായ്‌കവേണം (19)

എന്തോ കിടച്ചതതുപോരുമതിൽ കവിഞ്ഞൊ-
ന്നെന്താകിലും വരുവതിന്നു കൊതിച്ചിടാതെ
പൂന്തേൻ തൊഴും മൊഴി! കഴിയ്‌ക്കുക നല്ലതാണ-
തെന്താകിലും കൊതിയതിന്നതിരാരു കണ്ടു? (20)

അക്കണ്ണനുണ്ണി മുതൽ കൊച്ചുപുഴുക്കളോള-
മിക്കണ്ടിടുന്നതുകളൊക്കെയുമോർ ത്തുകണ്ടാൽ
തീക്കണ്ണനാണ, തുകൾ വേണ്ടതുപോലെയാക്കി-
ത്തീർ ക്കുന്നൊരപ്പണിയുമായവനുള്ളതല്ലോ (21)

മയ്‌ക്കണ്ണി! നോക്കു മുറ നോക്കി നടക്ക പിന്നെ
മുക്കണ്ണനൊത്ത പടിയൊക്കെയുമെന്നുറയ്‌ക്ക
നോക്കിന്നു പിന്നെയഴലെങ്ങിനെ വന്നുകൂടൂം
നോക്കുന്നനേരമിതുതാൻ വഴി മാലൊഴിപ്പാൻ (22)

നല്‌കുന്നതാണു മുതൽ നേടുവതല്ല, ചത്തു
പോകുന്നനേരമതു കൂടെ വരുന്നതുണ്ടോ
ചാകുന്നതെന്നതുമറിഞ്ഞവരാരു പൂന്തേൻ
തൂകുന്ന നല്ലമൊഴിമാരണിയുന്ന മുത്തേ! (23)

ഈവണ്ണമൊക്കെയവളോടു പറഞ്ഞു പാതി-
രാവിന്നുറങ്ങുമുണരും പുലരുമ്പ്ഴേയ്‌ക്കും
ആവുന്ന വേല തുടരും ചിലവും കഴിച്ചു
കൈവന്നതൊക്കെയതുവേണ്ടവനായ്‌കൊടുക്കും (24)

മുക്കണ്ണനും മുറ വിടാത്ത നടപ്പുമാണ്
വായ്‌ക്കുന്നനല്ലമുതലെന്നുമുറച്ചുകൊണ്ട്
പാർ ക്കുന്നൊരായവനിലാറണിയുന്നവന്റെ
തൃക്കണ്ണു തൻ കടകടന്നഴലൊക്കെ നീക്കി (25)

മുക്കണ്ണനും കണവനും ശരിയാണു പാരിൽ
മയ്‌ക്കണ്ണിമാർ ക്കവരിൽ വേണ്ട വണക്കമോടും
പാർ ക്കുന്നതാണു മുറയെന്നൊരുറപ്പുവന്നോ-
രക്കന്നൽ നേർ മിഴിയുമാടലകന്നു വാണു (26)

മാൽകുത്താതെഴുമുള്ളിലിങ്ങിനെ മലക്കുഞ്ഞിൻ മണാളന്റെ തൃ-
ക്കാൽ കൂത്താടുമവങ്കലുൾ ക്കനിവെഴും മഞ്ഞും മലപ്പൈതലാൾ
‘വേർ കുത്തിക്കളയാത്തതെന്തുവകയില്ലാഞ്ഞിട്ടിവന്നുള്ളമാ-
ലാകെത്തീമിഴയുള്ള തൻ കണവനെ’ന്നോർത്താടൻ തേടീടിനാൾ (27)

പറഞ്ഞാൾ പിന്നെത്തൻ കണവനൊടുകാൽ ത്താർ തൊഴുതു മാൽ
നിറഞ്ഞുള്ളോരുള്ളത്തൊടുപനിപ്പൈതലൊരുനാൾ
അറിഞ്ഞീലേതും ഞാൻ കണവ! കനിവെന്തിപ്പറയനിൽ
കുറഞ്ഞീടാനാരിവന്നവനുശരിയായ് പാരിലൊരുവൻ (28)

നിങ്കഴലെന്ന്യേ കൊതിയൊ-
ന്നിങ്കലുമവനില്ല തെല്ലുമെന്നിട്ടും
എങ്കണവ ചൊല്ലുകേതും
നിങ്കനിവവനിൽ പ്പെടാത്തതെന്തയ്യോ (29)

അന്നന്നു വേല ചെയ്താ-
ലന്നത്തേച്ചിലവുകഴിയുമീവണ്ണം
എന്നുമിവൻ വലകെന്നോ
നന്നിതു നിങ്കാൽ തൊഴുന്നവർക്കോർത്താൽ (30)

കൊടുക്കണം മുതലിവിടുന്നവന്നു മാൽ
കെടുക്കണം ചെറുതുമമാന്തമെന്നിയേ
കടക്കണം കനിവുകരൾ ക്കുരുന്നതിൽ
കിടക്കണം കരുതുകതും വിടാതിനി (31)

ഈവണ്ണമോതും മലമങ്ക തൻ പൊൽ
പൂവന്നുവാഴ്‌ത്തും പുതുമൈപുണർ ന്ന്
കൈവന്നിടും മാൽ കളവാൻ പറഞ്ഞാ-
നാവിണ്ണവന്മാരിടികൂപ്പിടുന്നേൻ (32)

മഞ്ഞാറാടും പെരുമലതൻ പൈതലേ! കാശിനുണ്ടോ
പഞ്ഞാം പാർ ത്താലിവിടെയതു ഞാൻ വേണ്ടുവോളം കൊടുക്കാം
പിഞ്ഞും റൌക്കയ്‌ക്കകമതിലൊതുങ്ങാത്ത പോർ കൊങ്കയാളേ!
നഞ്ഞാണല്ലോ മുതലവനതിന്നെന്തു ഞാൻ ചെയ്തിടേണ്ടൂ (33)

പുല്ലിന്നൊക്കും മുതലറിക നീ, പാക്കാനാർക്കായതില്ലാ-
ഞ്ഞില്ലിന്നോർക്കും പൊഴുതഴലു, പൂവമ്പനുള്ളോരു വമ്പേ!
തെല്ലുന്നല്ലാരണിയുമലരേ! കള്ളമോതുന്നതല്ലി-
ന്നല്ലിന്നെല്ലാമഴലതുവളർക്കുന്ന വാർകൂന്തലാളേ! (34)

നേരല്ലെന്നോയിതു, തലയിളക്കുന്നതെന്താണിതെന്നും
തീരില്ലെന്നോ പറകിടയിളക്കം നിനക്കോമലാളേ!
പോരില്ലെന്നും കരുതിതിലവന്റുള്ളറിഞ്ഞീടുവാൻ നീ
പോരില്ലെന്നോ പുതുമലരണിക്കാറൊളിക്കൂന്തലാളേ! (35)

ഇടയിളക്കമതിങ്ങിനെയുള്ളില-
ങ്ങിടയിലൊക്കെ വരാതെയിരിക്കുവാൻ
ഞൊടിയിലുൾ ക്കനിവാൽ മുതലേകുവാ-
നുടയലാക്കതെടുപ്പനെണീക്ക നീ (36)

കള്ളമറ്റിതു പറഞ്ഞുകൊണ്ടു തൻ
പുള്ളിമാൻ മിഴിയൊടൊത്തെണീറ്റുടൻ
വെള്ളമത്തലയിലുള്ള തമ്പുരാൻ
വെള്ളിമാമലയെ വിട്ടിറങ്ങി നാൻ (37)

ചെപ്പൊടൊക്കും മുലപ്പന്താൾ
ചൊല്പടിക്കുള്ള തമ്പുരാൻ
അപ്പടിയ്‌ക്കലയും പാരാം
ചെപ്പടിക്കളി കണ്ടുതെ (38)

ഒന്നായ് നില്പോൻ മറയിൽ മറയും തമ്പുരാൻ തൻ പകിട്ടാൽ
മന്നീ, മാനം പുഴ പകലവൻ കാറ്റുവയ്‌കാട്ടിലെല്ലാം
ചെന്നായ് കൂട്ടം കരടി മുതലോരോന്നു നാട്ടിങ്കലാൾ ക്കാ-
രെന്നായ് ത്തോന്നിപ്പൊരുപണികൾ കണ്ടാറണിഞ്ഞോൻ പറഞ്ഞാൻ (39)

നേരമ്പൊകണ്ടറിവതിനുവയ്യാത്തപാരാം പകിട്ടി-
ന്നേരം പൊയ്യെന്നതുകരുതിടാതേവരും പാരിതിങ്കൽ
നേരം പോക്കൂന്നടവുവടിവിൽ കാണു കുന്നിന്റെ കുഞ്ഞേ
നേരമ്പോക്കിന്നിതിനൊടെതിരായിന്നു മറ്റൊന്നുമില്ലേ (40)

ഞാനീമെയ്യാണിതെൻ കുട്ടികളിവരെ വളർ ത്തീടണം വേണ്ടപോലെൻ
മാനേലും കണ്ണിയാൾക്കുൾത്തളിരതുതെളിവാൻ പണ്ടമുണ്ടാക്കിടേണം
ഞാനിപ്പോഴെന്തുചെയ്യും വളരെമുതലുനേടേണമെന്നൊക്കെയോർ ക്കു-
ന്നോനയ്യോ ചത്തിടുന്നൂ കൊതിപലതുമകക്കാമ്പിൽ മൂക്കുമ്പൊഴേക്കും (41)

കാണുന്നുണ്ടെന്നുമിങ്ങാളുകൾ പലരുടെയും ചാക്കതിങ്ങെത്രയോ നാൾ
വാണെന്നാലും പിറന്നാലവനുമറുമരുന്നില്ല ചാകേണമല്ലോ
കേണെന്നാൽ പന്തിയല്ലെന്നറിവതെവനുമുണ്ടെങ്കിലും താനുമാമ-
ട്ടാണെന്നോർ ക്കില്ലൊരാളും പണിയിതുപണിതൊപ്പിച്ചവൻ വമ്പനല്ലോ (42)

ഓർത്താനവൻ പിന്നെയിതെന്തു പണ്ടു
പാർത്തട്ടിൽ കേട്ടറിവില്ലിവണ്ണം
ഉൾത്താരിലിങ്ങുള്ളൊരുറപ്പുകാണ്മാ-
നായ്ത്തന്നെചെയ്താനിതു തോലുടുപ്പോൻ (48)

ആളെക്കൊല്ലിയിതാത്തീ-
യാളും കണ്ണൻ നലത്തൊടിതു നല്കാൻ
ആളെക്കണ്ടതുകൊള്ളാ-
മാളല്ലിതു ഞാനെടുപ്പതിന്നിപ്പോൾ (49)

എന്തിന്നു ഞാൻ പലതുമോർത്തിവിടത്തിൽ നില്പ-
തെന്താകിലും മുതലിനിയ്‌ക്കൊരു കാശുവേണ്ടാ
വെന്തീടുമുള്ളമിതുകാണുമവർ ക്കു കൂടെ
ഞാൻ തെല്ലുവെമ്പിയതിനാലിവിടം വിടേണം (50)

എന്നാ വമ്പൻ നിനച്ചൂ മുതൽ കൊതിയരെടു-
ത്തോട്ടെ വന്നെന്നു വെച്ചൂ
നിന്നീടാതെ തിരിച്ചൂ മഴു വലിയതിടു-
ക്കത്തിനാലങ്ങു വെച്ചൂ
അന്നല്പം ​മാൽ മുളച്ചൂ മുതലുകളഴലി-
ന്നുള്ളവേരെന്നുറച്ചൂ
പൊന്നെന്നപ്പേരുറച്ചൂ പെരിയൊരു മലയും
വിട്ടുടൻ വെച്ചടിച്ചൂ (51)

പ്പോയൊട്ടുചെല്ലുമളവായവനങ്ങു രണ്ടു
നായാട്ടുകാരെയുടനേറെയടുത്തു കണ്ടു
നീയൊട്ടുപേടിയൊടുമോടുവതെന്തു ചൊല്കെ-
ന്നായിട്ടടുത്തവരുമായവനോടുരച്ചു (52)

ചൊല്ലീടാമീവഴിയേ
ചെല്ലുമ്പോഴേറെയകലെയല്ലാതെ
കില്ലില്ല കാണുമാളേ
കൊല്ലിയെയെന്നവനുമവരോടുരചെയ്തു (53)

നന്നായിയ്യാളുരച്ചുള്ളതു പുലി, കരുതീടേണമിന്നെന്നുറച്ചൂ
നിന്നീടാതെ നിറച്ചൂ നലമൊടിരുവരും തോക്കുവാളൊന്നുതേച്ചു
മുന്നിൽ താൻ കണ്ണയച്ചൂ വഴിയിലിലയനങ്ങാതുടൻ കാലുവെച്ചൂ
പിന്നെക്കണ്ണും തുടച്ചാമുതലവരവിടെക്കണ്ടതിൽ കയ്യുവെച്ചൂ (54)

ഒട്ടല്ലകണ്ടമുതലായതു രണ്ടുപേർ പ-
ങ്കിട്ടീടിലെന്തു വക വേണ്ടതു രണ്ടു പേർക്കും
കിട്ടീടുമെങ്കിലുമവർക്കിരുവർക്കുമന്ന-
തൊട്ടുക്കുകിട്ടുവതിനായ് ക്കൊതി വന്നു കൂടി (55)

കാട്ടീലേതും പുറത്തേയ്‌ക്കവരതൊരുമ തോന്നിച്ചുടൻ തമ്മിലൊത്തൂ
വിട്ടീടാതേ പകുത്തൂ മുതലിരുവരുമോരോരു പങ്കെന്നെടുത്തൂ
കെട്ടിത്തോളത്തുചേർ ത്തൂ ചുമടുവലിയതായ് മെയ്യതേറ്റം വിയർ ത്തൂ
കാട്ടിന്ററ്റത്തടുത്തൂ കൊടിയചതിയതിനുള്ള തന്ത്രങ്ങളോർ ത്തൂ (56)

രാവായീടാതെ പച്ചപ്പകൽ മുതലിതുകൊണ്ടങ്ങു നാം പോകിലിങ്ങു-
ണ്ടാവാമല്ലോ തരക്കേടരിയതഴകിൽ വെച്ചു നാമൊട്ടിരുന്നു
ഈ വങ്കാടും വെടിഞ്ഞിട്ടിരവിലഴലുവിട്ടെത്തിടാം വീട്ടെലെന്നാ-
യാവങ്കന്മാരുരച്ചൂ ചുമടവിടെയിറക്കീട്ടുടൻ ചോറുവെച്ചൂ (57)

വെച്ചോരച്ചോറിൽ നഞ്ഞിട്ടൊരുവനതുവിളമ്പീതിരഞ്ഞപ്പൊഴുന്നം
വെച്ചിട്ടാമറ്റവൻ താനവനുടയപുറത്തേയ്‌ക്കുടൻ തോക്കൊഴിച്ചു
അച്ചോറുണ്ടിട്ടൊരാളും കൊടിയൊരുവെടികൊണ്ടിട്ടുടൻ മറ്റയാളും
പിച്ചല്ലേ വീണു ചത്തൂ പനിമലമകൾ തന്നുൾക്കുരുന്നും കുളിർത്തൂ (58)

പാർക്കുവോരുമിവനെന്തുപറ്റിയെ-
ന്നോർക്കുമാറഴലിയന്നു കൊണ്ടുടൻ
പാക്കനാരവിടെ നിന്നു പോന്നു താൻ
പാർക്കുവോരരിയ വീട്ടിലെത്തി നാൻ (59)

ഇന്നെന്തിവണ്ണമഴലൊന്നുളവായ പോലെ
തോന്നുന്നു നിന്നുടയമട്ടിതു കണ്ടിടുമ്പോൾ
ചൊന്നാലുമെന്നു പറയുന്ന പറച്ചിയോടു
ചൊന്നാൻ പതുക്കെ നെടുവീർപ്പൊടു പാക്കനാരും (60)

ഞാനാളെക്കൊല്ലിയെക്കണ്ടിതുമലയതിൽ വെ-
ച്ചെന്തുമാറ്റിത്തമാണെൻ
മാനേലും കണ്ണിയാളേമഴുവുമവിടെമാൽ
വാച്ചു ഞാൻ വെച്ചു പോന്നൂ
ഊണിന്നോ പൊങ്ങി പോട്ടേ മഴുമലയിലിനി-
ച്ചെന്നു നോക്കുന്ന നേരം
കാണുന്നില്ലെങ്കിൽ നാളെച്ചിലവിനുവകയു-
ണ്ടാക്കുവാനും ഞെരുക്കം (61)

മാറ്റിത്തമേറുന്നൊരുനാളിതിന്നു
കൊറ്റിന്നുകിട്ടാത്തതു നല്ലതായി
പറ്റില്ല ചോറിന്നിനിയാറുചൂടും
പോറ്റിയ്‌ക്കെഴും തൃക്കഴലോർ ത്തിരിയ്‌ക്കാം (62)

എന്നും പറഞ്ഞന്നഴലാർന്നു കണ്ണു
മൂന്നുള്ളവൻ തന്നുടെ കാലുരണ്ടും
തന്നുള്ളിലാക്കിത്തെളിവൊട്ടുവന്നു
ചേർന്നുള്ളൊരുള്ളത്തൊടു വാണു വീട്ടിൽ (63)

വമ്പേറിടുന്നൊരുവനുള്ള പറമ്പുതൊട്ടു
നമ്പൂരിതന്നുടെയൊരില്ലമതുണ്ടതിങ്കൽ
പെൺപൈതലുണ്ടൊരുവൾ വേളി കഴിഞ്ഞിടാത-
ത്തേന്പെയ്തിടും മൊഴിയിൽ നന്മകളും വളർന്നു (64)

മറ്റുള്ളവർ ക്കുടയമാലുകൾ കണ്ടുവെന്നാൽ
തെറ്റന്നകത്തളിരവൾക്കു തളർന്നിടുന്നു
കൊറ്റെന്നു വേണ്ട കഴിവുള്ളതു നല്കുമാമാൽ
മാറ്റുന്നതിന്നു മടിയില്ലതിനായവൾക്ക് (65)

ചെയ്യുന്നിതെന്നുമവൾ നല്ലതുചൊല്ലെഴും മാൻ
കയ്യന്നെഴും കഴലതുള്ളിൽ നിനച്ചിടുന്നു
മെയ്യിന്നെഴുന്നൊരഴകൊക്കെ മുറയ്‌ക്കുവാഴ്‌ത്താൻ
വയ്യിന്നു നല്ല തലയായിരമുള്ളവന്നും (66)

ഉണ്ടോ നേരത്തുടുക്കും തളിരൊടമരടിയ്‌ക്കുമ് ചൊടിയ്‌ക്കും ചൊടിയ്‌ക്കും
കൊണ്ടൽ ക്കേറെക്കടുക്കുന്നഴകുമൊരുമിടുക്കും മുടിയ്‌ക്കും മുടിയ്‌ക്കും
കണ്ടാലുൾ ക്കാമ്പിടിക്കുന്നഴലുകിടപിടിയ്‌ക്കും പിടിയ്‌ക്കും പിടിയ്‌ക്കും
കൊണ്ടാണ്ടേണ്ടും നടയ്‌ക്കും മുടിയഴിയുമിടയ്‌ക്കൊന്നടിയ്‌ക്കുന്നടിയ്‌ക്കും (67)

വളയും പുരികക്കൊടിയും
വളയും കാപ്പും കലർ ന്നകയ്യിണയും
നിലയും നന്നരയാലി-
ന്നിലയും വാഴ്‌ത്തുന്നവയറിന്നുള്ളഴകും (68)

മുലയും കാണുമവർക്കക
മുലയും വണ്ണം വളർന്നു കാണുമ്പോൾ
മലയും വാഴ്‌ത്തും തോറ്റിടു
മലയും പുരികത്തിനുള്ള കളി കണ്ടാൽ (69)

പൊട്ടും കരളേവനുമ-
പ്പൊട്ടും തൊട്ടുള്ള നെറ്റിയതു കണ്ടാൽ
മട്ടും മട്ടും മൊഴിയുടെ
മട്ടും മറ്റുള്ളവർക്കു കിട്ടിടുമോ (70)

നെഞ്ചെരിയും പടി പൊഴിയും
പുഞ്ചിരിയും പല്ലുമോർ ക്കിലുള്ളമലിയും
തേഞ്ചൊരിയും മൊഴിയാൽ കിളി-
തഞ്ചിരിയും നടവതില്ലതെല്ലിളിയും (71)

കരിയും കരളൊടു കാറും
കരിയും കൂപ്പുന്ന കൂന്തൽ കണ്ടെന്നാൽ
കരയും വണ്ടുകളരയും
കരയുള്ളൊരാട ചേർന്നു കരൾ കവരും (72)

വണ്ണൻ വാഴകളുടയും
വിണ്ണാനയ്‌ക്കുടയതുമ്പിയതിനുടയും
വന്നണയും വിരുതുടയും
വണ്ണമെഴും വണ്ണമുള്ളൊരിരുതുടയും (73)

പിടയും പേടിച്ചന്ന-
പ്പിടയുമവൾ ക്കുള്ള നല്ലനടയോർ ത്താൽ
പിടിയാനകൾ നടയും വില=
പിടിയാതായ് തീർ ന്നുപോകുമതുകണ്ടാൽ (74)

മുട്ടുമ്പോമിനുസമിതിൻ
മട്ടമ്പോടോർ ക്കിലതിനൊരെതിരുണ്ടോ
മൊട്ടമ്പന്തൻ ചെപ്പതു
മുട്ടുമ്പോഴതിനൊടൊട്ടുശരിയാക്കാം (75)

അഴലണയാതഴകണയും
കുഴലണിയാതേയുമക്കഴുത്തിന്ന
കഴലിണയും കെട്ടഴിയും
കുഴലണിയും പുവ്വുവണ്ടിനെപ്പോലേ (76)

ഈവണ്ണമേറൂന്നൊരു നന്മ തിങ്ങും
വാർ വിണ്ണവപ്പെണ്ണവൾ പാക്കനാരെ
ആവന്നമട്ടങ്ങിനെ കണ്ടുടൻ മാൽ
കൈവന്നൊരുള്ളോടവനോടുരച്ചു (77)

എന്താണിങ്ങിനെ പാക്കനാർ ക്കൊരഴലുണ്ടായീടുവാൻ നെല്ലുകു-
ത്തെന്തില്ലാത്തതു വീട്ടിലിന്നു പുക കാണുന്നീല വെയ്പില്ലയോ
എന്താണെങ്കിലുമോതുകെന്നൊടരി നല്കീടാം കുറച്ചാലുമീ-
യേന്തും മാലിടനേരമുണ്ണുവതിനിങ്ങുള്ളോരു ചോറും തരാം (78)

എന്നോതും പെൺ കിടാവിന്നുടയകനിവുതൊ-
ട്ടുള്ളൊരാനന്മയെല്ലാം
നന്നായിക്കണ്ടുതേടും തെളിവൊടുമുടനേ
പാക്കനാരും പറഞ്ഞാൻ
ഇന്നാളെക്കൊല്ലിയെക്കണ്ടെഴുമഴലതിനാ-
ലുണ്ണുവാൻ വയ്യ ചോറി-
ങ്ങെന്നാലും തമ്പുരാട്ടിയ്‌ക്കുടയകനിവുക-
ണ്ടിട്ടുമാലൊട്ടുവിട്ടു (79)

അതുകേട്ടു പറഞ്ഞു പെൺ കിടാവി-
ന്നതുപോട്ടേ തരമല്ല ചോറതെന്നാൽ
ഇതുകേട്ടിടുകൊട്ടു പാൽ കുടിയ്‌ക്കാ-
മതിനൊട്ടും മടി കാട്ടിടായ്കെടോ നീ (80)

എന്നോതുമായവളിലുള്ളൊരു നന്മ കണ്ടി-
ട്ടന്നേറ്റമുൾ ത്തളിർ തെളിഞ്ഞൊരു പാക്കനാരും
ചൊന്നാൻ കുടിപ്പനതു നല്കുക തമ്പുരാട്ടി
നന്നാക്കിനാളിതടിയന്നഴലൊക്കെ നീക്കി (81)

എന്നോതിക്കലമൊന്നെടുത്തു മന തൻ വേലിയ്‌ക്കകത്തേയ്‌ക്കവൻ
നന്നായ് വെച്ചകലേയ്‌ക്കുമാറിയതുകണ്ടത്തേൻ മൊഴിത്തയ്യലാൾ
നിന്നീടാതെ തിരിച്ചു കാച്ചിയ നറും പാലൊട്ടെടുത്തക്കലം
തന്നിൽ കണ്ടതൊഴിച്ചു നിന്നിതു കരൾത്താരും കുളിർത്തങ്ങിനെ (82)

നോക്കിനില്‌ക്കുമൊരുനല്‌ക്കരിങ്കുഴലിയാൾ ക്കുമക്കരൾകുളുർക്കുമാ-
റക്കലത്തിലവളാക്കിവെച്ചൊരതുബാക്കിയെന്നിയെമുഴുക്കനെ
പാക്കനാർ കവിൾ നിറയ്‌ക്കുമപ്പടിയിറക്കുമിങ്ങിനെ മുറയ്‌ക്കക-
ത്താക്കുമപ്പൊഴുതുപാർക്കുവോർക്കുപതിവിൽ ക്കവിഞ്ഞകൊതിവായ്‌ക്കുമേ (83)

പാലൊക്കെയിങ്ങിനെ കുടിച്ചൊരു പാക്കാനാർ ക്കു
മാലൊക്കെ മാറി മടവാർ മുടിമുത്തുതങ്കൽ
മേലേയ്‌ക്കുമേലെ വളരും തെളിവാർ ന്നുവേണ്ട
പോലക്കരിങ്കുഴലിയോടു പറഞ്ഞു പിന്നെ (84)

(തുടരും …)
കടപ്പാട്: രസികരഞ്ജിനി

"https://ml.wikisource.org/w/index.php?title=പാക്കനാർ&oldid=143618" എന്ന താളിൽനിന്ന് ശേഖരിച്ചത്