പവനപുരേശ കീർത്തനം/രണ്ട്
ദൃശ്യരൂപം
←പവനപുരേശ കീർത്തനം/ഒന്ന് | പവനപുരേശ കീർത്തനം രചന: പവനപുരേശ കീർത്തനം/രണ്ട് |
പവനപുരേശ കീർത്തനം/മൂന്ന്→ |
പൂന്താനം നമ്പൂതിരി ഗുരുവായൂരപ്പനെ സ്തുതിച്ചെഴുതിയ പ്രസിദ്ധമായ പവനപുരേശ കീർത്തനങ്ങളിൽ രണ്ടാമത്തെ കീർത്തനമാണിത്. |
കാണാകേണം നിന്തിരുവടിയുടെ
പൂമെയ് പവനപുരേശ - ഹരേ!
കനകകിരീടം കുണ്ഡലവും ജഗ -
ദവനം ചെയ്യും ചില്ലീലതയും
കമലദളായത നയനദ്വയവും
തിരുമുഖവും മൃദു മന്ദസ്‌മിതവും
കണ്ഠേ വിലസിന കൗസ്‌തുഭമണിയും
കൊണ്ടാടീടിന വനമാലകളും
ചക്രഗദാംബുജ ശംഖാദികളെ
കൈകൊണ്ടീടിന തൃക്കൈ നാലും
പങ്കജമകളുടെ കൊങ്കയിലിഴുകിന,
കുങ്കുമപങ്കം കൊണ്ടങ്കിതമാം
വക്ഷോദേശേ ശോഭിതമാം ശ്രീ -
വത്സവുമത്ഭുത രോമാവലിയും
അണ്ഡകടാഹമസംഖ്യമിരിക്കും
ധന്യമതായോരുദർവുമേറ്റം,
നാഭിച്ചുഴിയിലലംകൃതമായി
ശ്ശോഭിച്ചീടും ബ്രഹ്മാവിനേയും,
മഞ്ജൂളതരമാം പീതാംബരവും
മംഗലമൂർത്തേ തൃത്തുട രണ്ടും
കേതകിയെത്താനോടിച്ചീടും
അത്ഭുത ജാനു മുഴംകാൽദ്വയവും
ഭക്തന്മാരുടെ ദുഃഖമശേഷം
പോക്കീടും തിരുമലരടിയിണയും
മുഷ്‌കോടരികിലണഞ്ഞു കൃതാന്തൻ
വക്കാണം തുടരുമ്പോളിങ്ങനെ
കാണാകേണം നിന്തിരുവടിയുടെ
പൂമെയ് പവനപുരേശ! ഹരേ!