പവനപുരേശ കീർത്തനം/ഒന്ന്
പവനപുരേശ കീർത്തനം രചന: പവനപുരേശ കീർത്തനം/ഒന്ന് |
പവനപുരേശ കീർത്തനം/രണ്ട്→ |
പൂന്താനം നമ്പൂതിരി ഗുരുവായൂരപ്പനെ സ്തുതിച്ചെഴുതിയ പ്രസിദ്ധമായ പവനപുരേശ കീർത്തനങ്ങളിൽ ഒന്നാമത്തെ കീർത്തനമാണിത്. |
ഗോകുലം തന്നിൽ വിളങ്ങും മുകുന്ദന്റെ
പൂമേനി എപ്പോഴും കാണുമാറാകേണം
പീലിത്തിരുമുടി കെട്ടിയതിൽച്ചില
മാലകൾ ചാർത്തീട്ടു കാണുമാറാകേണം
ഗോരോചനക്കുറി നല്ല തിലകവു -
മോമൽ മുഖമതും കാണുമാറാകേണം
പുഞ്ചിരി തഞ്ചിന വാക്കുകളങ്ങനെ
വഞ്ചനമാം നോക്കും കാണുമാറാകേണം
ഓടക്കുഴൽ വിളിച്ഛനുമമ്മയ്ക്കു -
മിഛ നൽകുന്നതും കാണുമാറാകേണം
പൊന്നിൽ മിന്നും ഗളം തന്നിൽ പുലിനഖം
കുണ്ഡലം ചാർത്തീട്ടു കാണുമാറാകേണം
മുത്തുകൾ രത്നവും ഹാരവും കൗസ്തുഭം
ശ്രീവത്സവും മാറിൽ കാണുമാറാകേണം
തൃക്കൈകളിൽ വള കൈവിരൽ പത്തിലും
മോതിരം പൂണ്ടതും കാണുമാറാകേണം
പാണീപത്മങ്ങളിൽ ചാരുത ചേരുന്ന
ശംഖചക്രാദിയും കാണുമാറാകേണം
ആലിലയ്‌ക്കൊത്തോരുദരമതിൻമീതേ
രോമാവലിയതും കാണുമാറാകേണം
പീതാംബരപ്പട്ടുചാർത്തി അരയതിൽ
ചേലണിഞ്ഞെപ്പൊഴും കാണുമാറാകേണം
പൊന്നരഞ്ഞാണവും കിങ്ങിണിയും നല്ല
കാൽച്ചിലമ്പിട്ടതും കാണുമാറാകേണം
കേശവൻ തന്നുടെ കേശാദിപാദവും
കേശവ! നിന്മേനി കാണുമാറാകേണം
പാരിൽ പ്രസിദ്ധമായീടും ഗുരുവായൂർ
വാണരുളും കൃഷ്ണ! കാണുമാറാകേണം