Jump to content

പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/സിംഹവും വൃഷഭവും സ്നേഹബദ്ധരായത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ആയതു മനസ്സിൽവച്ചിങ്ങനെ പറഞ്ഞു ഞാൻ
ആയതധ്വാനംകേട്ടു ഭീതിയെന്തിത്ര വൃഥാ?
കേവലം മഹാശബ്ദം കേൾക്കുന്നു വനം തന്നിൽ
സാവധാനനാമഹം ചെന്നിഹ വന്നീടുന്നേൻ
എന്തൊരു ശബ്ദമെന്നുമെന്തൊരു ജന്തുവെന്നു-
മെന്തൊരു ഭാവമെന്നുമൊക്കവെ ബോധിക്കുന്നേൻ.
ഇത്തരമുരചെയ്തു ധൃഷ്ടനാം ക്രോഷ്ട്യപ്രൗഢൻ
സത്വരം സഞ്ജീവകക്കാളതൻ മുന്നിൽചെന്നു
ആരെടോ! താനെന്നവൻചോദിച്ചനേരം വൃഷം
നേരുവാക്കുരചെയ്തു ഞാനോരു കാളക്കൂറ്റൻ
വർദ്ധമാനനെന്നൊരു വാണിഭക്കാരൻ നമ്മെ
വർദ്ധിപ്പിച്ചതുമിപ്പോളിങ്ങിനെ വെടിഞ്ഞതും
അർദ്ധമാർഗ്ഗത്തിൽവീണു കാലൊടിഞ്ഞടവിയിൽ
അർദ്ധമാസത്തിൽപ്പുറം ദുഃഖിച്ചുകിടന്നു ഞാൻ
ദൈവകാരുണ്യംകൊണ്ടു ദണ്ഡവും ശമിച്ചു ഞാൻ
ഏവമിപ്രദേശത്തു സൗഖ്യമായ് നടക്കുന്നേൻ.
ചൊല്ലിനാൻ ദമനകൻ നമ്മുടെ സ്വാമിവീരൻ
ചൊല്ലേറൂം മഹാസിംഹം പിംഗലകാഖ്യൻധീരൻ
ചൊല്ലിവിട്ടിതു നമ്മെസ്സത്വരം കൂട്ടിക്കൊണ്ടു-
ചെല്ലുവാൻ ഭവാനെയങ്ങെത്രയും കൗതൂഹലാൽ
സമ്മതമിദമെങ്കിൽ സ്വാമിയോടുണർത്തിച്ചു
സത്വരം വരാമെന്നു കേട്ടപ്പോൾ സഞ്ജീവകൻ
സിംഹനായകൻ മഹാവീര്യവാനവൻ നമ്മെ-
സ്സംഹരിക്കില്ലെന്നാകിൽ സംശയം വിനാ വരാം.
വിശ്വസിച്ചവർകളെ വഞ്ചന ചെയ്തീടുമോ
വിശ്വവിശ്രുതൻവീരൻ വിക്രമി മൃഗാധിപൻ?
എങ്കിൽ ഞാൻവരാമെന്നു കാള ചൊന്നതു കേട്ടു
കിങ്കരൻദമനകൻ വന്നിതു സിംഹാന്തികേ
വന്ദനം ചെയ്തുചൊന്നാൻ: ചണ്ഡനാം സമീരണൻ
മന്ദമെന്നിയേ വിശ്വമിളക്കുമെന്നാകിലും
എത്രയുമസാരമായുള്ളൊരു തൃണങ്ങളെ
ധാത്രിയിൽനിന്നു പറിച്ചീടുമോ? മഹാമതേ!
ഉന്നതങ്ങളായുള്ള വൃക്ഷങ്ങളെല്ലാം പാടേ
ഭിന്നമാക്കുവാൻ കുറവൊട്ടുമേയില്ല താനും.
വീര്യമുള്ളവൻ മറ്റുവീര്യമുള്ളവനോടു
വിക്രമം പ്രയോഗിപ്പൂ ദുർബലന്മാരിലല്ല.
എന്നതു മൂലം ഭവാൻ കാളയെ വധിക്കയി-
ല്ലെന്നൊരു വിശ്വാസംകൊണ്ടത്ര ഞാൻവരുത്തുന്നേൻ.
എന്നതുകേട്ടു പ്രാസാദിച്ചുരചെയ്തു സിംഹം:-
നിന്നുടെ സഖിയേ ഞാൻ കൊല്ലുമോ ദമനക!
എന്തെടോ! സഞ്ജീവകനെന്നു പേരെന്നുകേട്ടു
ഹന്ത! മേ മഹാസുഖമായവൻ ബന്ധുവായാൽ,
താമസം കൂടാതിങ്ങുകൊണ്ടുപോന്നാലും ഭവാൻ
കാമസംപ്രാപ്തിപ്രിയൻ ഞാനെന്നുബോധിക്കേണം.
അപ്രകാരങ്ങൾ ചെന്നുപറഞ്ഞു ദമനകൻ
തൽപ്രകമ്പത്തെപ്പോക്കിക്കാളയെകൊണ്ടുപോന്നു
നന്ദിരാജനെ സ്വാമി സന്നിധി തന്നിലാക്കി
നന്ദിപൂണ്ടരികത്തു സേവിച്ചുനിന്നീടിനാൻ.
അന്നുതൊട്ടന്യോന്യസ്നേഹാകുലന്മാരായ്‍ത്തീർന്നു
നന്ദിയാം സഞ്ജീവകൻ പിംഗലമൃഗേന്ദ്രനും.
അന്യരാം ഭൃത്യന്മാരിലാസ്ഥയില്ലാതായ് വന്നു
ധന്യനാം മൃഗേന്ദ്രനു നന്ദിസമ്പർക്കംമൂലം.
കാളയും കണ്ഠീരവശ്രേഷ്ഠനും ഗുഹാന്തരേ
പാളയം പുക്കു തമ്മിൽ പ്രാണവിശ്വാസത്തോടെ
കേളിസല്ലാപം കൊണ്ടു കേവലം ദിനേദിനേ
മേളിച്ചു മഹോത്സവക്രീഡയാ മേവും കാലം
ഭൃത്യന്മാരമാത്യന്മാർ ചേർച്ചക്കാർ ബന്ധുക്കളും
നിത്യസേവകന്മാരും പിള്ളരും കാവൽക്കാരും
നിത്യവൃത്തിക്കു ലഭിക്കായ്കകൊണ്ടഹോ കഷ്ടം
പ്രത്യഹം പരാധീനപ്പെട്ടുഴലുന്ന കാലം
ഏകദാ ദമനകൻ പൂർവജൻകരടനും
വ്യകുലംപൂണ്ടു തമ്മിൽ സംസാരം തുടങ്ങിനാർ.

ചൊല്ലിനാൻ ദമനകൻ നമ്മുടെ സ്വയംകൃതം
അല്ലയോ മഹാദോഷമിങ്ങനെ സംഭവിപ്പാൻ?
തങ്ങൾതാനുണ്ടാക്കുന്ന ദോഷങ്ങൾ മൂന്നുകൂട്ടം
സംഗതിവരുമെന്നു സജ്ജനം ചൊല്ലിക്കേൾപ്പൂ.
മേഷയുദ്ധംകൊണ്ടൊരു ജംബുകൻ മരിച്ചുപോയ
ആഷാഢഭൂതിമൂലം നമുക്കുംനാശംവന്നു
തന്തുവായെന്റെമൂലം ദൂതിക്കുനാശംവന്നു;
താന്തന്നെദോഷത്രയമിങ്ങനെ ജനിപ്പിച്ചു
എന്നൊരുയതിശ്രേഷ്ഠൻ പണ്ടരുൾചെയ്തുപോലും
എന്നതു ഭവാൻ കേട്ടിട്ടില്ലയോ മഹാത്മാവേ!
ആയതുകേൾക്കേണമെന്നഗ്രജനുരചെയ്താൻ;
പ്രായശോ നിവേദനംചെയ്തിതു സഹോദരൻ.