പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/വാനരാപായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വൻപനാമൊരു നൃപൻ തന്നുടെ നാട്ടിൽ നല്ലോ-
രമ്പലം കേടുവന്നു കൂടവും കൂടെ വീണു,
ആയതുപണിചെയ്‍വാനാശാരിപ്പരിഷകൾ
ആയതമ്മഹാമരം കാമരം വച്ചുകാട്ടിൽ
ഈർച്ചയും തുടർന്നുകൊണ്ടാണികൾ പോടിപ്പോടി-
ത്താഴ്ച കൂടാതെ പാതിപിളർന്നുനിർത്തിക്കൊണ്ടു
ഭക്ഷണത്തിനുകാലമാകയാൽ പണിചെയ്യും-
തക്ഷകപ്പരിഷകൾ ഗ്രാമത്തിൽ പോയനേരം
മർക്കടക്കൂട്ടം പലദിക്കീന്നും ചാടിച്ചാടി-
ത്തക്കത്തിൽ തത്ര വന്നുനിറഞ്ഞു ദേവാലയേ.
ആയതിലൊരു മരഞ്ചാടി താൻ ചാടിച്ചെന്നു
അർദ്ധതീർന്നിരിക്കുന്നദാരുവിൻ മുകളേറി
രണ്ടുഭാഗത്തും കാലുകുത്തി വാൽ പൊക്കിക്കരം-
കൊണ്ടുടൻ കുറ്റികുലുക്കീടുവാനാരംഭിച്ചു,
അന്നേരം മരത്തിന്റെ വിള്ളലിൽ കുരങ്ങിന്റെ
അണ്ഡവുമകപ്പെട്ടു പൊണ്ണനും ബോധിച്ചീല
തട്ടിയങ്ങേല്പിച്ചൊരു കുറ്റിമേൽ ബലമൊക്കെ
കാട്ടിയ കുരങ്ങച്ചൻ കുറ്റിയെ വിടുത്തപ്പോൾ
ദാരുഭാഗങ്ങൾ തമ്മിൽ ചേർന്നിട്ടു കപിയുടെ
സാരമാമണ്ഡം പൊട്ടിച്ചതഞ്ഞു താനും ചത്തു.
"തങ്ങൾക്കു ഫലമില്ലാതുള്ളതു പ്രവർത്തിച്ചാൽ
ഭംഗമേ വരുമെന്നു സർവ്വരും ബോധിക്കേണം"
എന്തിനു വൃഥാ തനിക്കാവശ്യമില്ലാത്തതു
ചിന്തിച്ചു മനഃക്ലേശം ചെയ്യുന്നു സഹോദര!
ഒട്ടേടം ഭുജിച്ചു നാമിട്ടേച്ചു പോന്നീലയോ
പുഷ്ടമായൊരു മാംസമായതു തിന്മാൻ പോകു-
ന്നെന്നതു കേട്ടു പറഞ്ഞീടിനാൻ ദകനകൻ
നന്നിതു മഹാമതേ! താനിങ്ങനെ വനാന്തരേ
രാജമന്ത്രിയെന്നൊരു പേരോടെ നടക്കുന്നു?
തന്നുടെ ബന്ധുക്കളെ സന്തതം രക്ഷിപ്പാനും
തന്നുടെ ശത്രുക്കളെയൊക്കവേ ശിക്ഷിപ്പാനും
ഉന്നതി വരേണമെന്നാഗ്രഹിച്ചല്ലോ ലോക
മന്നവന്മാരെച്ചെന്നു മാനുഷർ സേവിക്കുന്നു.
തന്നുടെ ജഠരത്തെപ്പൂരിക്കേ വേണ്ടുവെങ്കിൽ
അന്യവസ്തുക്കൾ പലതുണ്ടല്ലോയെളുപ്പത്തിൽ.
യാതൊരു പുമാനിഹ ജീവിച്ചു വസിക്കുമ്പോൾ
ആതുരന്മാരാം ബഹുജന്തുക്കൾ ജീവിക്കുന്നു
അപ്പുമാനത്രേ ഭൂമൗ കേവലം ജീവിക്കുന്നു
സല്പുമാനവൻ തന്നെ സാധുതാനവൻ തന്നെ.
തക്കത്തിൽ തന്റെ ഭുക്തി മാത്രമേ വേണ്ടുവെങ്കിൽ
പക്കത്തിൽ ചോറും തിന്നു കോയിക്കൽ പാർക്കേണമോ?
പൊക്കത്തിൽ പറക്കുന്ന പരുന്തും കിളികളും
ഒക്കവേതന്നെത്തന്നെ പോറ്റിരക്ഷിക്കുന്നില്ലേ?
അക്കണക്കുള്ളജനം ചത്താലും ജീവിച്ചാലും
മിക്കതുമന്വേഷണമാർക്കനുമുണ്ടോ ജ്യേഷ്ഠ!
ഒക്കവേ നിരൂപൈച്ചാൽ ഭൂപതിസേവകൊണ്ടു
തൽക്കുലത്രാണന്തന്നെസാദ്ധ്യമെന്നറിഞ്ഞാലും
തന്നുടെ ബലത്തിനും പൗരുഷത്തിനും താഴ്ച
വന്നു പോകാതെ തന്നെ വല്ലതും സാധിക്കണം
ഭുക്തിമാത്രമേയല്ല മാനികൾക്കഭിപ്രായം
ശക്തികാട്ടേണമെന്നേയേവർക്കും തൃപ്തിയുള്ളൂ.
ഗോക്കടേ ശവം തിന്നാനാഗ്രഹിച്ചടുക്കുന്ന
ശ്വാക്കളും തമ്മിൽതമ്മിൽ കുരച്ചും കലഹിച്ചും
തരിമ്പും മാംസമില്ല ഞരമ്പുമില്ല നല്ലോ-
രിരുമ്പുകണ്ടം പോലുള്ളസ്ഥിമേൽ പിടിപെട്ടു
കരിമ്പിൻ ചണ്ടിപോലെ കടിച്ചും കൊന്നും തമ്മിൽ
ഉരമ്പിഘോഷിക്കെന്യേ കുക്ഷിപൂരണം നാസ്തി
തനിച്ചു സിംഹങ്ങൾക്കു തന്നുടെ മുമ്പിൽ വരും
തടിച്ച ക്രോഷ്ടാക്കളെ വധിപ്പാൻ മോഹമില്ല
മദിച്ച കൊലയാനക്കൊമ്പനോടമർ ചെയ്തു
വധിച്ചു കടുരക്തം കുടിച്ചേ തൃപ്തിയുള്ളൂ,
എന്നതുകൊണ്ടു ചൊന്നേൻ തന്നുടെ ബലം കാട്ടാ-
തന്യമാകുന്നോരന്നം ഭക്ഷിപ്പാൻ ചിതം പോരാ.
പട്ടിക്കങ്ങുരുളയും കൊണ്ടുചെല്ലുമ്പോളവൻ
കാട്ടുന്ന ഗോഷ്ഠികണ്ടാലെത്രയും ചിരിയാകും
വട്ടത്തിലോടും പിന്നെ വാലങ്ങുവിറപ്പിക്കും
മുട്ടുകൾ കുത്തിക്കുനിഞ്ഞൂഴിയിൽ പറ്റെത്താഴും
പെട്ടെന്നു ദാതാവിന്റെ വക്ത്രവുമുദരവു-
മൊട്ടൊട്ടു നോക്കിച്ചിലശബ്ദങ്ങൾ പുറപ്പെടീ-
ച്ചിങ്ങിനെ വികൃതികൾ കാട്ടാതെ ഭക്ഷിപ്പാൻ തൻ-
ചങ്ങാതിക്കൊരുനാളും സംഗതി വരത്തില്ല.
കുംഭിരാജന്നു തിന്മാൻ വല്ലതും കൊടുത്തെന്നാൽ
സംഭ്രമം കൂടാതെവൻ മേടിച്ചു ഭക്ഷിച്ചീടും
ഗംഭീരവിലോകനഭാവവും ഭയങ്കരം
വമ്പനാം പുരുഷന്റെ ഭാവമിങ്ങനെ വേണ്ടൂ.
"തന്നുടെ വിദ്യ കൊണ്ടും തന്നുടെ ശൗര്യം കൊണ്ടും
തന്നുദരത്തെപ്പൂരിപ്പിക്കുന്നവന്മഹാധന്യൻ.
ശ്വാവിനെപ്പോലെ കിഴിഞ്ഞാശ്രയിച്ചുണ്ണുന്നവൻ
കേവലം കൃമിപ്രായനെന്നതേ ചൊൽവാനുള്ളൂ."
വിക്രമം കൊണ്ടും വിജ്ഞാദികൾ കൊണ്ടും പത്തു-
ദിക്കുകൾ വെളുപ്പിക്കും കീർത്തിധാവള്യത്തോടെ
യാതൊരു പുമാൻ മഹാമാനിയായ് ജീവിക്കുന്നു
നീതിമാനവൻ ജീവജീവനെന്നുരചെയ്യാം
മറ്റുള്ള മഹാമൂഢൻ കൊറ്റിനു മാത്രം കൊള്ളാം
മറ്റുമീ ഗുണമൊന്നും പറ്റാതെ ജീവിക്കുന്നോൻ
പെറ്റ മാതാവിനുള്ള യൗവനമാകും വൃക്ഷം
പറ്റെ ഖണ്ഡിപ്പാനൊരു കോടാലിതന്നേയവൻ
ആരാനും ബലിയിട്ടു കൈകൊട്ടുകേൾക്കുന്നേരം
പാരാതെ പറന്നുടൻ ചെന്നങ്ങു പിണ്ഡം കൊത്തി-
ത്തിന്നുകൊണ്ടിരിക്കുന്ന കാകനും ജീവിക്കുന്നു;
എന്നതുപോലെ മഹാമന്ദനും ജീവിക്കുന്നു.
സ്വല്പബുദ്ധിയായുള്ള മാനുഷൻ മഹാദീനൻ
സ്വല്പഭാവത്തെക്കൊണ്ടു തൽക്ഷണം പ്രസാദിക്കും
അല്പമാം ജലാധാരം പൂരിപ്പാൻ മഴത്തുള്ളി
സ്വല്പമുണ്ടായാൽ പോരുമായതു നിറഞ്ഞീടും.
മൂഷികൻ തന്റെ കൊച്ചുകൈ രണ്ടും ജലം കൊണ്ടു
രൂഷിതമാക്കീടുവാനെത്ര പാനീയം വേണം
"കൃത്യവുമകൃത്യവും ധർമ്മവുമധർമ്മവും
നിത്യവുമനിത്യവും സത്യവുമസത്യവും
ഇത്ഥമുള്ളതിലൊന്നും ചെറ്റുമേ ഗ്രഹിക്കാത-
മർത്ത്യനും പശുക്കളുമേതുമേ ഭേദം നാസ്തി."
എപ്പോഴുമാഹാരവുമപ്പൊഴേ നിർഹാരവും
തല്പരമുറക്കവും മൈഥുനവ്യാപാരവും
ഇപ്പറഞ്ഞതു നാലുമൊക്കവെ പശുക്കൾക്കും
സ്വല്പബുദ്ധിയാം പുരുഷാധമന്മാർക്കും തുല്യം.
എന്നതിലല്ല കൂടും നമ്മുടെ സ്വാമി സിംഹം
എത്രയും മഹാവീരൻ ബുദ്ധിമാൻ വിവേകവാൻ.
അങ്ങനെയുള്ള സിംഹത്തമ്പുരാന്താനുമിപ്പോൾ
ഇങ്ങനെ വിഷണ്ണനായീടുവാനെന്തു മൂലം?