പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/പ്രണയബദ്ധരായ മൂട്ടയും പേനും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പണ്ടൊരു പാർത്ഥിവന്റെ പള്ളീമെത്തമേൽക്കുടി
കൊണ്ടൊരു പേനുണ്ടായി മന്ദവി സർപ്പണ്യാഖ്യ.
പട്ടുമെത്തമേലവൾവാഴുമ്പോൾ വന്നാനൊരു
മൂട്ടയെന്നുള്ള ജന്തു ദൈവയോഗത്താലപ്പോൾ
മക്കുണമെന്നു പറയുന്നിതു മൂട്ടയ്ക്കുള്ള
സംസ്‍കൃതം യൂകമെന്നു പേനിനും പേരാകുന്നു
മക്കുണം വന്നനേരം യൂകപ്പെൺവഴിപോലെ
സൽകൃതി ചെയ്തു മെല്ലെ സ്വാഗതം ചോദിച്ചുടൻ
സൽക്കഥ പറഞ്ഞുകൊണ്ടിരുന്നു ഭവാനിനി-
പ്പൊയ്‍ക്കൊൾകെന്നവളുരചെയ്തിതു പതുക്കവേ.
ഡിണ്ഡികൻ മൂട്ടയ്ക്കപ്പോളാഗ്രഹം പാരം യൂക-
പ്പെണ്ണിനോടൊരുമിച്ചു നാലുനാൾ പാർത്തീടുവാൻ.
മക്കുണം വിസർപ്പിണി യൂകിയോടുരചെയ്തു:-
ത്വൽകൃപയുണ്ടെന്നാകിലിന്നത്തെ രാത്രി തന്നിൽ
നിന്നോടുകൂടി വസിച്ചീടുവാനിങ്ങുമോഹം.
പിന്നെയുമൊരുമോഹമുണ്ടെടോ വിസർപ്പിണീ!
തമ്പുരാൻതിരുമേനി തന്നിലെച്ചോരകുടി-
ച്ചിമ്പമോടിവിടെ നീയെന്നയും പാർപ്പിക്കണം
ക്രൂരദന്തങ്ങൾകൊണ്ടു സ്വാമിയെക്കടിച്ചുടൻ
പേരുമാത്രവും കിട്ടാ പോക നീ വൈകിടാതെ.
ഇത്തരംപറഞ്ഞൊരു യൂകകാമിനിയുടെ
കാൽത്തളിർകൂപ്പിക്കൊണ്ടു മക്കുണം നിർബന്ധിച്ചാൻ;
ഖണ്ഡിച്ചുപറഞ്ഞു കൂടായ്‍കയാൽ യൂകസ്ത്രീയും
ഡിണ്ഡികൻതന്റെ മതം സമ്മതിച്ചുരചെയ്തു.
സ്വാമിതാനെഴുന്നള്ളി കാമിനീസമേതനായ്
കാമലീലാനന്തരം സുപ്തനാകുന്ന നേരം
കെല്പോടു കടിച്ചു നീ ചോരയും കുടിച്ചഥ
അപ്പൊഴേ മണ്ടിഗ്ഗമിച്ചീടുക മഹാത്മാവേ;
എന്നതുകേട്ടു മുദാ മക്കുണം മഹീപതി
വന്നങ്ങുശയിച്ചപ്പോൾ ചെന്നങ്ങു കടികൂടി
മന്നവൻ കാവൽക്കാരെ വിളിച്ചങ്ങരുൾചെയ്തു;
എന്നെവന്നൊരുജന്തു കടിച്ചു നോക്കിക്കാണിൻ.
എന്നതു കേട്ടു കാവൽക്കാർ ചെന്നു വിളക്കുമായ്
അന്നേരം ചെണ്ടക്കാരൻ മൂട്ടുയങ്ങോടിപ്പോയാൻ.
പള്ളിമെത്തമേലവർ സൂക്ഷിച്ചു നോക്കുനേരം
കള്ളപ്പേനിതാകൂവാ പിടിച്ചുകൊന്നീടുവിൻ
ഇങ്ങനെപ്പറഞ്ഞവർ നഖത്തിലാക്കിഞെക്കി-
പ്പേനിനെസ്സംഹരിച്ചു വന്ദനംചെയ്തുപോയാർ.