പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/പിംഗലന്റെ ശങ്ക
<poem>ജീവശേഷത്തിൽ പ്രഭാവം കൊണ്ടു സഞ്ജീവകൻ ജീവിച്ചു പതുക്കവേ പാദവും നേരായ് വന്നു വെള്ളവും നല്ലപുല്ലും തണുപ്പുമുള്ള കാട്ടിൽ വെള്ളെരുതായുള്ളവൻ വെള്ളിമാമലപോലെ മുഷ്കരൻ നടന്നങ്ങു മുക്കുറയിടുന്നേരം ദിക്കുകൾ മുഴങ്ങുന്നു ജന്തുക്കൾ പേടിക്കുന്നു. അക്കാലമൊരു സിംഹം പിംഗലകാഖ്യൻ മഹാ- വിക്രമനിഹഘോരൻ വിശ്വവിശ്രുതൻ വീരൻ അക്കാട്ടിന്നധിപതി വക്കാണക്കാരൻ തത്ര പൊക്കമേറുന്ന ഗിരിഗഹ്വരേ മേവീടുന്നു. സ്നാനവുമില്ല തത്ത്വജ്ഞാനവുമില്ല വിഷ്ണു- ധ്യാനവുമില്ല വിദ്യാഭ്യാസവുമില്ലെന്നാലും വിക്രമം കൊണ്ടു വിശ്വം ജയിച്ചു വിപിനത്തിൽ ചക്രവർത്തിയായ് വന്നു കേസരിപ്രവരന്താൻ ഹസ്തങ്ങൾ കൊണ്ടു മഹാഹസ്തിവീരന്മാരുടെ മസ്തകം കുത്തിപ്പിളർന്നസ്തശങ്കമാം വണ്ണം രക്തവും പാനം ചെയ്തു മുത്തുരത്നങ്ങൾ നഖേ കോർത്തുകൊണ്ടോടിച്ചാടി ധൂർത്തുകൊണ്ടൂറ്റക്കാരൻ. പാർത്തലം തന്നിൽ സിംഹം സിംഹമെന്നതു കേട്ടാൽ പാർത്ഥിവന്മാരും കൂടെ പേടിച്ചുവിറയ്ക്കുന്നു പാർത്ഥിവാത്മജന്മാരേ! നിങ്ങൾക്കു ബോധിക്കേണം കീർത്തിയുണ്ടാവാൻ ഭുജവിക്രമം തന്നെ മൂലം. അങ്ങനെ ഗിരിഗുഹാഗർഭത്തിൽ വസിക്കുന്ന പിംഗലാഖ്യനാം മഹാകേസരിവീരന്താനും ഏകദാ ജലം കുടിച്ചീടുവാൻ പുറപ്പെട്ടു ലോകവിശ്രുതമായ യമുനാതീരേ ചെന്നു വെള്ളവും കുടിച്ചുകൊണ്ടുള്ളവും തണുപ്പിച്ചു പള്ളയും വീർത്തുമെല്ലെപ്പോവാനായ് പുറപ്പെട്ടു പണ്ടുകേട്ടറിവില്ലാതുള്ളൊരു ശബ്ദം കേട്ടു രണ്ടു ചോടിങ്ങുവാങ്ങിക്കിഞ്ചന ഭയപ്പെട്ടു മുഷ്കരനാകുന്നോരു കൂറ്റന്റെ കണ്ഠദ്ധ്വാനം മുക്കുറശബ്ദമെന്നു മർത്ത്യന്മാർ ചൊല്ലീടുന്നു. കേസരിശ്രേഷ്ഠനതു കേട്ടിട്ടുമില്ല മുന്നം കേവലമിടിപോലെ കേട്ടപ്പോൾ ഭയപ്പെട്ടു തത്ര വന്നിതു മഹാമന്ത്രിയാം ക്രോഷ്ടാവിന്റെ പുത്രന്മാരിരുവരുണ്ടെത്രയും സമർത്ഥന്മാർ അഗ്രജൻ കരടകൻ സോദരൻ മദനകൻ വ്യഗ്രമെന്നിയേയവർ തങ്ങളിലുരചെയ്തു സോദരൻ ദമനകൻ ചോദിച്ചു പതുക്കവേ സാദരം സൂക്ഷിച്ചലുമഗ്രജ! മഹാത്മാവേ! നമ്മുടെ സ്വാമിക്കിപ്പോളെന്തൊരു ഭയമുള്ളിൽ ദുർമ്മദം വിട്ടുപാരം ദീനനായ് മേവീടുന്നു. ചൊല്ലിനാനതുനേരമഗ്രജൻ കരടകൻ വല്ലതുമാകട്ടെങ്കിൽ കാര്യമില്ലതുകൊണ്ടു "കാര്യമില്ലാതവസ്തു ചിന്തിച്ചു പ്രവർത്തിച്ചാൽ കാരണം കൂടാതുള്ളൊരനർത്ഥം ഭവിച്ചീടും" പണ്ടൊരു കുരങ്ങച്ചൻ പാഴിലുള്ളാരംഭത്തെ- ക്കൊണ്ടുടൻ തരം കെട്ടു ചത്തതുകേട്ടിട്ടില്ലേ? ഞാനതു ജ്യേഷ്ഠാ! കേട്ടിട്ടില്ലെന്നു സഹോദരൻ; വാനരാപായം കേട്ടുകൊൾകെന്നു കരടകൻ <poem>