പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/പിംഗലകന്റെ പശ്ചാത്താപം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ആയതുകൊണ്ടു ശഠന്മാരോടു ശാഠ്യം വേണ-
മേകദാ പറഞ്ഞതു മനസ്സിൽ കടക്കാതേ
ലോകരിൽഗ്ഗുണം പറയുന്നതു പാഴിൽത്തന്നെ
കല്ലു പോൽ നിന്റെ ചിത്തമെന്നുടെ ദമനകാ!
നല്ലതുമാകാത്തതുമൊന്നും നീയറിയുമോ?
ശുദ്ധബുദ്ധികൾ പിന്നെദ്ദോഷങ്ങൾ ഗുണങ്ങളും
ബുദ്ധിയിലാക്കിക്കൊണ്ടു സഞ്ചരിച്ചീടും സദാ
മാരുതൻ മഹീതലേ ദുർഗ്ഗന്ധം സുഗന്ധവും
ചാരു തൻവശത്താക്കിക്കൊണ്ടല്ലോ ചരിക്കുന്നു?
നാമിനി വൈകീടാതെ പോകെടോ ദമനകാ!
സ്വാമിയും വൃഷഭവും തങ്ങളിൽ സമരത്തിൽ.
സ്വാമിക്കോ പരാഭവം കാളയ്ക്കോ പരാഭവം?
നാമിപ്പോളതുചെന്നു ബോധിച്ചേ മതിയാവൂ.
ഇങ്ങനെ പറഞ്ഞവരങ്ങു ചെല്ലുന്നനേരം
തിങ്ങിനവിഷാദവും പൂണ്ടുടൻ മഹാസിംഹം
മിത്രസഞ്ജീവകക്കാളയെ വധിക്കകൊ-
ണ്ടെത്രയും പശ്ചാത്താപം മാനസേ ഭവിക്കയാൽ
വക്ത്രവും താഴ്ത്തിത്തന്റെ കാൽവിരൽ നഖംകൊണ്ടു
ധാത്രിയിൽ വരച്ചുകൊണ്ട് ജീവിക്കുന്നു.
തങ്ങളാൽ വർദ്ധിക്കപ്പെട്ടൊരു ജനങ്ങളെ-
ത്തങ്ങളേ ക്ഷയിപ്പിപ്പാനൊട്ടുമേ യോഗം പോരാ.
താന്തന്നെ വിഷവൃക്ഷമെങ്കിലും നട്ടുണ്ടാക്കി-
ത്താന്തന്നെ പിന്നെച്ഛേദിക്കുന്നതെത്രയും കഷ്ടം!
എന്നെല്ലാം വിചാരിച്ചുവസിക്കും സിംഹത്തിനെ-
ച്ചെന്നുവന്ദിച്ചു മന്ത്രിപുത്രന്മാരിരുവരും
ഉക്തവാൻ ദമനകൻ കുണ്ഠിതം വേണ്ട സ്വാമിൻ!
യുക്തമീവിധമെന്നു ഞങ്ങൾക്കു തോന്നീടുന്നു.
താതനെന്നാലും തന്റെ ഭ്രാതാക്കളെന്നാകിലും
മാതുലനെന്നാകിലും ബന്ധുക്കളെന്നാകിലും
വിഗ്രഹം ചെയ്‍വാൻ വന്നു പിണങ്ങുന്നവർകളെ
നിഗ്രഹം ചെയ്കതന്നെ മന്നവന്മാർക്കു ധർമ്മം.
ആചാരഭൃംശം വന്ന ഗുരുവെ ത്യജിച്ചീടാം
നീചന്മാരോടുചേരും നാരിയെയുപേക്ഷിക്കാം
ധർമ്മത്തെധ്വംസിക്കുന്ന പുത്രനെക്കളഞ്ഞീടാം
ദുർമ്മാർഗ്ഗം തുടങ്ങുന്ന മന്ത്രിയെ വെടിഞ്ഞീടാം;
ചാരുത്വം വിനാ പകൽ കാണുന്ന ശശാങ്കനും
താരുണ്യം പോയി വളർന്നീടുന്ന കൃശാംഗിയും
താമരപ്പൂവില്ലാത്ത പൊയ്കയും കണ്ടാൽ നല്ല
കാമനെപ്പോലുള്ളൊരു മൂഢനാം പുരുഷനും
പാരിലെ ദ്രവ്യമെല്ലാം മോഹിക്കും നരേന്ദ്രനും
ദാരിദ്ര്യം മുഴുത്തുള്ള സജ്ജനങ്ങളും തഥാ;
മന്നവന്മാരിൽച്ചേർന്നു നിൽക്കുന്ന ദുർമ്മന്ത്രിയു-
മെന്നിവ നമുക്കേഴു ശല്യങ്ങൾ മനക്കാമ്പിൽ.
എന്നതുകൊണ്ടു മഹാദുഷ്ടനാം വൃഷഭത്തെ-
ക്കൊന്നതുകൊണ്ടു തെല്ലും കുണ്ഠിതം നമുക്കില്ല
ക്രൗര്യവും മനക്കാമ്പിൽക്കാരുണ്യമില്ലായ്കയും
വൈരവും വധങ്ങളും കൈതവപ്രയോഗവും
ദൂഷണം മറ്റുള്ളതു മനുഷ്യർക്കതുതന്നെ
ഭൂഷണം ഭൂപാലന്മാർക്കെന്നിവ കേട്ടീടുന്നു.
സത്യമുണ്ടെന്നുതോന്നും വ്യാജമുണ്ടെന്നുതോന്നും
കൃത്യമുണ്ടെന്നുതോന്നുമകൃത്യമെന്നും തോന്നും
ലോഭമുണ്ടെന്നും തോന്നും മൗഢ്യമുണ്ടെന്നും തോന്നും
ലാഭമുണ്ടെന്നും തോന്നും ചേതമുണ്ടെന്നും തോന്നും,
മന്നവന്മാർക്കും വേശ്യാസ്ത്രീകൾക്കുമൊരുപോലെ
തന്നുടെഭാവം തനിക്കൊത്തതുപോലെ കാണാം.
തമ്പുരാനിതുകൊണ്ടു സംഭ്രമമൊട്ടും വേണ്ടാ;
കമ്പവും വേണ്ടാ മനസ്താപവും വേണ്ടാ വിഭോ!
സംഭൃതാനന്ദം സദാ സർവഭൃത്യന്മാരുടെ
സമ്പത്തുവരുത്തിക്കൊണ്ടിത്ര വാണരുളേണം.
ഇങ്ങനെ ദമനകൻ ചൊല്ലിനാനതുതന്നെ
ഭംഗിയിൽ കരടകൻ താനുമങ്ങുരചെയ്തു.
പിംഗലകനാം സിംഹമെത്രയും പ്രസാദിച്ചു
മംഗലം വർദ്ധിപ്പിച്ചു മേവിനാൻ ശുഭം ശുഭം!

മിത്രഭേദം എന്ന പ്രഥമതന്ത്രം സമാപ്തം.