Jump to content

പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/ധർമ്മബുദ്ധിയും ദുഷ്ടബുദ്ധിയും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ചെട്ടികൾ വസിക്കുന്ന പട്ടണം തന്നിലൊരു
ചെട്ടിക്കു രണ്ടുമക്കളുണ്ടായി വളർന്നിതു;
അഗ്രജൻ ദുഷ്ടബുദ്ധി; സോദരൻ ധർമ്മബുദ്ധി;
വ്യഗ്രമെന്നിയേ സുഖിച്ചങ്ങനെ മേവുങ്കാലം,
അർത്ഥമാർജ്ജിക്കാനവരന്യദേശങ്ങൾ തോറും
സ്വസ്ഥരായ് നടക്കുമ്പോളേകദാ വനാന്തരേ
ജ്യേഷ്ഠനാം ദുഷ്ടബുദ്ധി മുൻഭാഗേ നടക്കുന്നു;
പൃഷ്ഠഭാഗത്തു നടന്നീടിനാൻ ധർമ്മബുദ്ധി,
കാട്ടിലങ്ങൊരുമരം പുഴങ്ങിവീഴുന്നേരം
മുട്ടിൽ നിന്നൊരുനിധികുംഭവും പ്രകാശിച്ചു,
ധർമ്മബുദ്ധിക്കുകിട്ടി തൽക്കുംഭം മഹാധനം
നിർമ്മലസ്വർണ്ണംകൊണ്ടു പൂർണ്ണമെത്രയും സാരം
കുട്ടകം തട്ടിക്കൊണ്ടിട്ടിങ്ങനെ ചെന്നു മുദാ
ദുഷ്ടബുദ്ധിയോടുരചെയ്തിതു സഹോദരൻ.
അഗ്രജ! നമുക്കൊരു നിക്ഷേപം ലഭിച്ചിതു;
ദുർഗ്രഹമിതു ഭവാൻകൂടവേ പിടിക്കേണം
വള്ളികൾ കൊണ്ടുകെട്ടിത്തണ്ടുമിട്ടെടുത്തവർ
മെല്ലവേ നടന്നു തൽപട്ടണമടുത്തപ്പോൾ
ദുഷ്ടബുദ്ധിയും ചൊന്നാൻ സോദര! നമുക്കിതു
പട്ടണം പ്രവേശിപ്പിച്ചീടിനാൽ ദോഷം വരും
അത്ര നല്ലൊരു ദിക്കിൽ കുഴിച്ചുസ്ഥാപിച്ചു കൊ-
ണ്ടെത്രമാത്രവും കൈക്കലെടുത്തു പോക നല്ലൂ.
അങ്ങനെയെന്നു ധർമ്മബുദ്ധിയുമനുവദി-
ച്ചങ്ങൊരു പെരുമരം തന്നുടെ മൂലത്തിങ്കൽ
കുട്ടകം കുഴിച്ചിട്ടു മണ്ണുകൊണ്ടാച്ഛാദിച്ചു
പട്ടണം പുക്കു ഗൃഹേ മേവിനാരിരുവരും.
ഒട്ടുനാൾ കഴിഞ്ഞപ്പോളൊളിച്ചങ്ങൊരു ദിനം
ദുഷ്ടബുദ്ധിതാൻ ചെന്നു കുട്ടകം കയ്യിലാക്കി,
അന്നുരാത്രിയിൽത്തന്നെ കൊണ്ടന്നു പണിപ്പെട്ടു
തന്നുടെ പുരമുറിതന്നിലേ കുഴിച്ചിട്ടാൻ,
പെട്ടെന്നങ്ങൊരുദിനം ധർമ്മബുദ്ധിയെ വിളി-
ച്ചിഷ്ടഭാവം പൂണ്ടുരചെയ്തിതു ദുഷ്ടബുദ്ധി,
പണ്ടു നാം സ്ഥാപിച്ചൊരു കുട്ടകമിങ്ങു തന്നെ
കൊണ്ടുപോരണമിനിക്കൊണ്ടന്നാൽ ദോഷമില്ല.
എന്നതുകേട്ടു ധർമ്മബുദ്ധിതാൻ മഹാശുദ്ധൻ
ചെന്നുനോക്കുന്നനേരം കുട്ടകം കണ്ടില്ലല്ലോ.
പട്ടണേ ചെന്നു ദുഷ്ടബുദ്ധിയോടുരചെയ്തു:-
കുട്ടകം ഭവാന്തന്നെ മോഷ്ടിച്ചുകൊണ്ടുപോന്നു;
കട്ടതു നീ താനെന്നു ദുഷ്ടബുദ്ധിയുമിതു
കട്ടതു ഭവാനെന്നു ധർമ്മബുദ്ധിയും തമ്മിൽ
ശണ്ഠയിട്ടിരുവരും രാജധാനിയിലെത്തി-
ക്കുണ്ഠതകൂടാതറിയിച്ചിതു നൃപനോടു.
ധർമ്മരക്ഷണത്തിനു ശക്തരാം കാര്യക്കാരെ-
ദ്ധാർമ്മികൻ നരപതി കല്പിച്ചു നിയോഗിച്ചു
ധർമ്മബുദ്ധിയാമിവൻ കുട്ടകം കട്ടാനെന്നു
ദുർമ്മദത്തോടെയുരചെയ്തിതു ദുഷ്ടബുദ്ധി.
സാക്ഷിക്കാരങ്ങു ചെൽവിനെന്നു മന്ത്രികൾ ചൊന്നാർ
സാക്ഷിയായതു വൃക്ഷമെന്നവരുരചെയ്തു.
വാശ്ശതുമടുത്ത നാൾ വൃക്ഷത്തിൻ മൂലേ ചെന്നി-
ട്ടീശ്വരപരീക്ഷയും ചെയ്യേണമിരുവരും;
അദ്ദിക്കിൽച്ചെന്നു വിരൽ മുക്കേണമിരുവരും;
ആദ്യം പൊയ്ക്കൊൾവിൻ നാളെ ഞങ്ങളും വരുന്നുണ്ട്.
അങ്ങനെ പറഞ്ഞാശു പിരിഞ്ഞാരമാത്യന്മാർ
തങ്ങളുമിരുവരും പോന്നിങ്ങു ഗൃഹം പുക്കാർ.
അന്തിക്കു ദുഷ്ടബുദ്ധി അച്ഛനാം ശ്രേഷ്ഠീന്ദ്രന്റെ-
യന്തികം തന്നിൽച്ചെന്നുനിന്നുകൊണ്ടുര ചെയ്തു:-
താതനങ്ങൊരുവാക്കു പറഞ്ഞെങ്കിലീ ദ്രവ്യം
താമസം കൂടാതിങ്ങു ലഭിക്കുമൊക്കെത്തന്നെ.
എന്തു ഞാൻ പറയേണ്ടുന്നാരോടു പറയേണ്ടൂ?
എന്തൊരുകാര്യമെന്നു ചോദിച്ചു ജനകനും;
അച്ഛനിന്നൊരു തരുകോടരംതന്നിൽ പുക്കു
പ്രച്ഛന്നം വസിക്കണം യാമിനി കഴിവോളം;
സൂര്യനങ്ങുദിമ്പോൾ കാര്യക്കാരവിടേയ്ക്കു
കാര്യങ്ങൾ കേൾപ്പാൻ വരും ഞങ്ങളും കൂടെ വരും;
ഭവ്യരാമമാത്യന്മാർ ചോദിക്കുന്നേരം ഭവാൻ
ദിവ്യവാക്യത്തെപ്പറഞ്ഞീടണം നിഗൂഢമായ്;
ദ്രവ്യത്തെ മോഷ്ടിച്ചതു ധർമ്മബുദ്ധിതാനെന്നു
സർവരും കേൾക്കെപ്പറഞ്ഞീടണമെന്നാൽ മതി.
ദുഷ്ടബുദ്ധിയോടുര ചെയ്തിതു ജനകനും
നഷ്ടമാം നീയും ഞാനുമിങ്ങനെചെയ്തീടിനാൽ
ഏവനുമുപായത്തെച്ചിന്തിക്കുന്നേരം തന്നെ
കേവലമപായത്തെച്ചിന്തിച്ചേ ഗുണം വരൂ.
സ്വൈരമായ് ബകത്തിന്റെ മുട്ടകൾ തിന്നും സർപ്പം
കീരിയാൽ താനും തന്റെ മക്കളൂം നശിച്ചല്ലോ.
എങ്ങനെയതെന്നുടൻ ചോദിച്ചു ദുഷ്ടബുദ്ധി
സംഗതിപ്രകാരത്തെച്ചൊല്ലിനാൻ കനകനും:-
പൊക്കമുള്ളൊരു വൃക്ഷേ കൊക്കിന്റെ കളത്രവും
കൊക്കുമായ് വിനോദിച്ചു തത്ര മേവീടും കാലം;
കൊക്കിന്റെ ഗൃഹിണി പെറ്റുണ്ടാകും ശിശുക്കളെ-
യൊക്കവേയൊരു സർപ്പം വന്നുടൻ ഭക്ഷിക്കുന്നു
ദുഃഖിതനായ ബകം ചെന്നൊരു വാപീതീരേ
നില്ക്കുന്ന നേരം തന്റെ ബന്ധുവാം കുളീരകൻ
ചോദിച്ചു താനെന്തെടോ! ഖേദിച്ചു വസിക്കുന്നു?
ഖേദത്തിൻ മൂലം ബകം ഞണ്ടിനെ ഗ്രഹിപ്പിച്ചു;
ഞണ്ടുമങ്ങുപദേശം ചൊല്ലിനാൻ മത്സ്യങ്ങളെ-
ക്കൊണ്ടുപോയ്ക്കീരി നിത്യം വസിക്കും പൊത്തിൽനിന്നു
പന്നഗം പാർക്കുന്നൊരു സുഷിരത്തോളമൊക്കെ-
ച്ചിന്നിയിട്ടേച്ചു ഭവാൻ സ്വസ്ഥനായിരുന്നാലും.
അന്നേരം നകുലവും മത്സ്യവൃന്ദത്തെയെല്ലാം
തിന്നുതിന്നഹിരന്ധ്രത്തിങ്കലും ചെന്നുകേറും
പന്നഗത്തെയും പുത്രന്മാരെയുമെല്ലാം കീരി
കൊന്നുടുക്കീടുമെന്നാൽ തന്നുടെ താപം തീരും.
എന്നതു കേട്ടു ബകം ബന്ധുവാം കുളിരേന്ദ്രൻ
ചൊന്നതുപോലെചെയ്തു പന്നഗം നശിച്ചിതു.
പിന്നെ വന്മരത്തിന്മേൽ കൂടിനെക്കണ്ടു കീരി
ചെന്നുകൊക്കുകളുടെ വംശത്തെയൊടുക്കിനാൻ.
എന്നതുകൊണ്ടു ചൊന്നേനിങ്ങനെ പ്രയോഗിച്ചാൽ
എന്നുണ്ണീ! നീയും ഞാനും ജീവിക്കയില്ലാ ദൃഢം.
ഇത്തരം പറയുന്ന താതനെപ്പിടിച്ചവൻ
സത്വരം മരത്തിന്റെ കോടരദ്വാരം തന്നിൽ
കൊണ്ടുപോയൊളിപ്പിച്ചു തിരിച്ചു പോന്നീടിനാൻ.
കണ്ടു ഭാസ്കരനുദിക്കുന്നതുമതുനേരം
ദുഷ്ടബുദ്ധിയും ധർമ്മബുദ്ധിയും ബന്ധുക്കളും
ശിഷ്ടരാം ജനങ്ങളും രാജസേവകന്മാരും
പക്ഷവാദികളമാത്യന്മാരുമൊക്കെച്ചെന്നു
വൃക്ഷമൂലത്തിൽ മഹായോഗമിങ്ങനെ കൂടി
കൈവിരൽ മുക്കാനുള്ള വൈമ്പുമുണ്ടാക്കിക്കൊണ്ടു
കൈതവം നേരും തിരിച്ചീടുവാൻ നെയ്യും തീയും
വട്ടങ്ങൾകൂട്ടിക്കൊണ്ടു ചോദിച്ചു സചിവന്മാർ:-
കുട്ടകം മോഷ്ടിച്ചവരാരെന്നു പറഞ്ഞാലും
ദിവ്യഭാരതി വൃക്ഷകോടരേ നിന്നുണ്ടായി
ദ്രവ്യത്തെ മോഷ്ടിച്ചതു ധർമ്മബുദ്ധി താനെന്ന്.
ആയതുകേട്ടനേരമെല്ലാരും വിസ്മയിച്ചൂ.
മായമെന്നതേ വരൂയെന്നുടൻ ധർമ്മബുദ്ധി.
നിശ്ചയമറിവാനായ് വൃക്ഷത്തിൻ മുകളേറി-
ക്കച്ചിയും തൃണങ്ങളും കോടരദ്വാരേ വച്ചു,
തീയിട്ടുപുകച്ചപ്പോളച്ഛനും തലപൊക്കി-
ച്ചെയ്യൊല്ലാ മമ വധം വീർപ്പുമുട്ടുന്നു പാരം.
പൊയ്യല്ല മമ സുതൻ ദുഷ്ടബുദ്ധി താനിതു
ചെയ്യിപ്പിച്ചതും ദ്രവ്യം കട്ടതുമവൻ തന്നേ
ഇത്തരമുരചെയ്തു കാലന്നൂർപുക്കു മഹാ-
വൃദ്ധനാം വണിഗീശൻ പുത്രന്റെ ചൊൽകേൾക്കയാൽ
ധാർമ്മികൻ മഹീപതിയദ്ധനമശേഷമേ
ധർമ്മബുദ്ധിക്കു നൽകിസ്സമ്മാനിച്ചയച്ചിതു
ദുഷ്ടബുദ്ധിയെശ്ശൂലാരോഹണം ചെയ്യിപ്പിച്ചു;
പുഷ്ടശോഭമായ് വന്നു പട്ടണം മനോഹരം.
എന്നതുകൊണ്ടു ചൊന്നേൻ ദുഷ്ടബുദ്ധിയെപ്പോലെ
വന്നുപോകൊലാ ഭവാനെന്നുടെ സഹോദരാ!
പിന്നെയും കരടകൻ ചൊല്ലിനാൻ ദമനകാ;
നിന്നുടെ ദുസ്സാമർത്ഥ്യംകൊണ്ടഹോ കുലക്ഷയം.
വാരിരാശിയിലോളമാറ്റിലേയൊഴുക്കുള്ളു,
നാരീവിശ്വാസത്തോളം ബന്ധുസ്നേഹവുമുള്ളു,
സ്മൃചകശ്രുതിയോളം മന്ത്രഗോപനമുള്ളു;
നീചനന്ദനനോളം നിർമ്മലകുലമുള്ളു.
ശാഠ്യമുള്ളവരോടു ശാഠ്യവും വേണന്താനും.
പാഠ്യമാമൊരു പദ്യം കേട്ടിട്ടില്ലയോ ഭവാൻ?
ആയിരം തുലാമിരുമ്പൊക്കവേ കൂട്ടിത്തന്റെ
വായിലാക്കിനാനൊരു മൂഷികൻ യസ്മിൻ ദേശേ,
അദ്ദേശേ ശ്യേനനാകും പക്ഷിയും വണിക്കിന്റെ
പുത്രനെക്കൊണ്ടുപോയെന്നുള്ളതു വരാത്തതോ?
എങ്ങനെയതെന്നുടൻ ചോദിച്ചു ദമനക-
നെങ്കിലോ കേൾക്കെന്നുരചെയ്തിതു കരടകൻ