പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/ദമനകൻ സഞ്ജീവകന്റെ മുമ്പിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

എന്നതുകൊണ്ടു ചൊന്നേനേവനെന്നാലുംശീല-
മെന്തെന്നു ബോധിക്കാതെ സൽക്കാരം മഹാദോഷം.
ദ്രോഹിക്കും വൃഷഭമെന്നെങ്ങനേ ബോദ്ധ്യമെന്നു
ചോദിച്ചു മൃഗേന്ദ്രനും ചൊല്ലിനാൻ ദമനകൻ
മാത്രമൊന്നുപദ്രവിച്ചീടുകിൽഭയംഭാവി-
ച്ചത്ര പാദാന്തേ മരുവുന്നേരം ബോധംവരും.
ഇത്ഥമങ്ങുരചെയ്തു വന്ദിച്ചു ദമനകൻ
തത്ര പോയ് സഞ്ജീവകൻതന്നുടെ മുമ്പിൽച്ചെന്നു;
ചോദിച്ചു സഞ്ജീവകൻ സൗഖ്യമോ ദമനകാ!
ചൊല്ലിനാൻ ദമനകൻ ഭൃത്യന്മാർക്കെന്തു സൗഖ്യം?
ആശ്രയിച്ചിരിക്കുന്നോർക്കാത്മജീവനിൽപോലും
വിശ്വാസമില്ലാ തനിക്കൊത്തതു ചെയ്തുകൂടാ;
ദ്രവ്യമുണ്ടാകുന്നേരം ഗർവിക്കാതാരാനുണ്ടോ?
ഭവ്യനെന്നാലും കാമിക്കാപത്തു കൂടാതുണ്ടോ?
തന്വംഗിമാർക്കു വശമല്ലാത പുമാനുണ്ടോ?
മന്നവന്മാർക്കു ഹിതനായുള്ള പുമാനുണ്ടോ?
അന്തകാലയം തന്നിൽ പ്രാപിക്കാതാരാനുണ്ടോ?
സന്തതമിരപ്പാളിക്കുൽക്കർഷമെങ്ങാനുണ്ടോ?
മൂർഖന്മാരുടെ കൂട്ടം തന്നിൽച്ചെന്നകപ്പെട്ടാൽ
സൗഖ്യമിങ്ങെന്നുള്ളതുമാരിങ്ങു ബന്ധുവെന്നു-
മേതൊരു ദേശമെന്നുമെപ്പൊഴും ചിന്തിക്കണം.
തന്നുടെ വരവെത്ര? തന്നുടെ ചെലവെത്ര?
തന്നുടെ ശക്തിയെത്ര? താന്തന്നെയാരെന്നതും;
ഇപ്രകാരങ്ങളെല്ലാനേരവും വിചാരിക്കും.
സൽപുമാന്മാർക്കുദോഷമൊന്നുമേ വരാനില്ല.
ഇക്കാലം നമുക്കെന്തുയോഗ്യമെന്നതു കനി-
ഞ്ഞക്കാള ചോദിച്ചതിനുത്തരമവൻ ചൊന്നാൻ.
രാജവിശ്വാസംകൊണ്ടു വന്നിഹ വസിക്കുന്നു;
പൂജനീയനാം ഭവാനെന്നതു സത്യം തന്നേ.
എങ്കിലും നൃപന്മാരെ വിശ്വസിക്കരുതെടോ!
ശങ്കിച്ചു വസിക്കേണം സേവകനെന്നാകിലും.
ദുർജ്ജനങ്ങളിൽച്ചേരും സ്ത്രീകളും നൃപന്മാരും;
സജ്ജനങ്ങളിൽ നിന്നു ദ്രവ്യമുണ്ടാകീലല്ലോ
നീചജാതിക്കേ ധനം വർദ്ധിപ്പൂ മഴചെയ്താൽ
നീചദിക്കിലേ നിൽപ്പൂ വെള്ളമെന്നതും ദൃഢം.
ദുഷ്ടന്മാരായുള്ളവർ മന്നന്മാർക്കു പാര-
മിഷ്‍ടന്മാരായിക്കാണുന്നില്ലയോ കാളശ്രേഷ്ഠ!
ശിഷ്ടന്മാർ ഗുണം പറഞ്ഞെങ്കിലും തത്രനിന്നു
ഭ്രഷ്ടന്മാരാകുന്നതും സ്പഷ്ടമേ കാണുന്നില്ലേ?
എന്നതുകേട്ടു ചൊന്നാൻ ശങ്കയാ സഞ്ജീവക-
നെന്നോടു മഹാസിംഹം കോപിച്ചീടുമോ സഖേ!
ചൊല്ലിനാൻദമനകൻ കാരണംകൊണ്ടു കോപം
വല്ലജാതിയുമുണ്ടാമായതു തീരുന്താനും,
കാരണം കൂടാതെതാൻ കോപിക്കും നൃപന്മാരെ
വാരണം ചെയ്പാനാരാനുണ്ടാമോ മഹാമതേ!
രാത്രിയിലൊരു സിംഹം തന്നെ വന്നൊരു ശബ്‍ദ-
മോർക്കാതെ തടവിനാനതിനാൽ നാശംവന്നു.
രാത്രിയിലൊരു ശശം പെൺകുതിരതൻമുൻപിൽ-
പ്പേർത്തുചെന്നതിൽമൂലമായവനറുതിയായ്.
രാത്രിയിലൊരു ഹംസം വെൺകുമുദമെന്നോർത്തു
തത്ര മേവുന്നവെള്ളിപ്പെക്ഷിയെച്ചെന്നു തൊട്ടു
അന്നേരമവൾ കൊത്തിക്കൈവിരൽ വ്രണപ്പെട്ടു.
ഖിന്നനാമന്നം വന്നു പൊയ്കതൻകരക്കേറി.
അന്നുതൊട്ടവൻ പിന്നെ വെള്ളാമ്പൽപ്പൂക്കൾകണ്ടാൽ
വെള്ളപ്രാവെന്നു ചിന്തിച്ചദ്ദിക്കിൽചെല്ലുന്നീലാ-
മർത്ത്യന്മാരസത്യത്തിൽനിന്നുടൻ ഭയപ്പെട്ടാൽ
സത്യത്തിൽനിന്നും ഭീതന്മാരെന്നുവരുമല്ലോ.
വൈദ്യന്മാർ വിദ്വാന്മാരും മന്ത്രികളിവരെല്ലാം
സാധ്യമാം ദ്രവ്യം മോഹിച്ചീശനെ സ്തുതിച്ചുതാൻ
പത്ഥ്യത്തെ ഗ്രഹിപ്പിച്ചാലായവന്നപത്ഥ്യമാം;
മിത്ഥ്യമാമിവരുടെ കാര്യവും പ്രയത്നവും
ചോദിച്ചു സഞ്ജീവകൻ തന്നുടെ സ്വാമിക്കു ഞാ-
നാധിക്കുമെന്നുമിന്നു മപ്രിയമെന്തുചെയ്തു?
അപ്രിയം ചെയ്യാതൊരു നമ്മോടു മൃഗാധിപൻ
വിപ്രിയം ചെയ്തീടുമോ സംഗതിയില്ല ദൃഢം.
ഇത്തരമുരചെയ്തു സാദരം ദമനകൻ:-
ശുദ്ധരാം നിങ്ങൾക്കറിയാവതോ രാജമതം?
ഏതുമേ ഹേതുവേണ്ടാ മന്നവന്മാർക്കു ധൂമ-
കേതുവെന്നതുപോലേ ലോകരെപ്പീഡിപ്പിപ്പാൻ.
സജ്ജനം ചെയ്തൊരുപകാരവുമപകാരം;
ദുർജ്ജനം ചെയ്തോരപകാരവുമുപകാരം;
രാജസേവയെന്നുള്ളതെത്രയും പരാധീനം.
പൂജനീയരാം യോഗീന്ദ്രന്മാർക്കുമെളുതല്ല;
മൂർച്ചയുള്ളൊരുകത്തി ലേഹനംചെയ്തീടുമോ
മൂർഖപ്പാമ്പിന്റെ മുഖം ചുംബനം ചെയ്തീടുമോ?
സിദ്ധമാമിതെങ്കിലും സിദ്ധിയാ നൃപാർച്ചനം.
നല്ലവസ്തുക്കളെല്ലാം നല്ലവരോടുചേർന്നേ
നല്ലവണ്ണമായ്‍വരൂ വല്ലാതാമല്ലെന്നാകിൽ;
നിർമ്മലം നദീജലം സാഗരം തന്നിൽചേർന്നാൽ
നിശ്ചയം പുളിച്ചുപോമെന്നതു കാണുന്നില്ലേ?
സ്വല്പമെങ്കിലും ഗുണം സൽപുരുഷങ്കൽചേർന്നാൽ
ശില്പമാംവണ്ണം പ്രകാശിക്കുമെന്നറിഞ്ഞാലും.
ചന്ദ്രന്റെരശ്മി വെള്ളിക്കുന്നിൽമേൽ ച്ചേരുന്നേരം
സാന്ദ്രമായ്‍പതിന്മടങ്ങേറ്റവും പ്രകാശിക്കും
സജ്ജനങ്ങൾക്കു ഗുണമേറ്റമുണ്ടെന്നാകിലും
ദുർജ്ജനങ്ങളിൽചേർന്നാലൊക്കവേ നശിച്ചുപോം.
അഞ്ജനാചലേ ശശിരശ്മികൾ തട്ടുന്നേരം
അഞ്ജസാ കറുത്തുപോമെന്നതു ബോധിക്കേണം.
നഷ്ടമാമുപകാരം ദുഷ്ടരിൽചെയ്തെന്നാകിൽ;
നഷ്ടമാം സുഭാഷിതം ദുഷ്പാത്രങ്ങളിൽച്ചേർന്നാൽ;
ഓട്ടുപാത്രത്തിൽ ദധി പകർന്നുവച്ചാലതു
കൂട്ടുവാൻനന്നോ? മഹാകൂറ്റന്മാർക്കധീശ്വരാ!
എത്രയും മഹാവനേ ചെന്നു രോദിക്കുമ്പോലെ,
ചീർത്തൊരു ശവത്തിനെക്കോപ്പിടുവിക്കുമ്പോലെ;
സാരസം പറിച്ചങ്ങു പറമ്പിൽ നടുമ്പോലെ-
യോരുള്ള നിലങ്ങളിൽ മാരിപെയ്യുന്നപോലെ,
ശ്വാവിന്റെ പുച്ഛം ചെമ്മേ നേരാക്കുന്നതുപോലെ,
കേവലം ബധിരനെപ്പാട്ടു കേൾപ്പിക്കുമ്പോലെ,
കണ്ണുകാണാതുള്ളവൻ കണ്ണാടി നോക്കുംപോലെ,
കൈകുറുതായുള്ളവൻ കങ്കണമിടുമ്പോലെ,
ബുദ്ധിയുമൗദാര്യവും വിദ്യയുമില്ലാതൊരു
ലുബ്‍ധനെസ്സേവിക്കുന്ന ഭോഷന്റെ വിചേഷ്ടിതം.
ചന്ദനദ്രുമങ്ങളിൽ സർപ്പങ്ങൾ ചെന്നുകൂടും;
ചാരുവാന്നീരാഴിയിൽ നക്രങ്ങൾ വന്നുകൂടും;
നല്ല രാജാക്കന്മാരിൽ ദുർമ്മന്ത്രി ചേർന്നുകൂടും;
നല്ലവേശ്യസ്ത്രീകളിൽ മൂർഖന്മാർ ചെന്നുകൂടും
ഇങ്ങനെ ഗുണമുള്ള വസ്തുകൊണ്ടനുഭവ-
മെങ്ങുമേ വരത്തില്ല ദുഷ്ടസമ്പർക്കംമൂലം,
നമ്മുടെ സ്വാമിസിംഹം കാണുന്ന ജനത്തോടു
സൻമുഖം സൗജന്യവും സ്നേഹവും ഭാവിക്കുന്നു
അങ്ങനെയെല്ലാം മനസ്സെത്രയും മഹാക്രൂരം;
തങ്ങൾക്കു പരമാർത്ഥമെങ്ങെടോ സജ്ജീവകാ!
ധൂർത്തനായുള്ള പുമാൻ പാന്ഥന്മാർ വരുന്നേരം
പാർത്തിരിയാതങ്ങൊരു പടിക്കൽച്ചെന്നുനിൽക്കും;
ചെന്നുടൻ കൈയ്ക്കുപിടിച്ചാശ്ലേഷംചെയ്തു കണ്ണിൽ-
നിന്നങ്ങു മഹാശ്രൂക്കൾ പൊഴിക്കും മഹാകള്ളൻ.
സാദരം കുശലപ്രശ്നങ്ങളും ചോദിക്കുന്താ-
മോദനമൊരുവറ്റെന്നാകിലും കൊടുക്കാതെ;
വല്ലതുമൊരുകള്ളം പറഞ്ഞു കബളിച്ചു
മെല്ലവേയൂർദ്ധ്വമാക്കിയയയ്ക്കും ദുർമ്മാനുഷൻ
വെള്ളത്തീന്മീതേപോവാൻ കപ്പലുംപറ്റംതോണി
വള്ളവും വഞ്ചീ പടവെന്നെല്ലാം താനുണ്ടാക്കി;
പെട്ടന്നങ്ങിരുട്ടത്തു രാത്രിയിൽ സഞ്ചരിപ്പാൻ
ചൂട്ടെന്നും വിളക്കെന്നുമായതു സമ്പാദിച്ചു;
കാറ്റില്ലാതുള്ളനേരം വീശുവാനാലവട്ടം
പോറ്റിയും വിശറിയുമിത്തരങ്ങളും തീർത്തു,
കാട്ടിലുള്ളാനത്തലവന്മാരെ വശത്താക്കാൻ
തോട്ടിയും കോലും കുന്തമെന്നിവയുളവാക്കി.
കണ്ടുകൂപത്തിലുള്ള വെള്ളത്തെക്കരക്കേറ്റി-
ക്കൊണ്ടുപോവാനും തുലായന്ത്രവുമങ്ങുണ്ടാക്കി,
ഇങ്ങനെയുപകാരമെന്തെല്ലാം ചെയ്തു നമു-
ക്കുങ്ങനേയുള്ള മഹാധർമ്മിഷ്ഠവിദ്വാന്മാർക്കും
ചെന്നേടം നശിപ്പിക്കും ദുർജ്ജനങ്ങടേ ചിത്തം
നന്നാക്കിവയ്‍പാനൊരു കൗശലം തോന്നീലല്ലോ.
ഇങ്ങനെ ദമനകൻ ദുർജ്ജനങ്ങളെക്കൊണ്ടു
തിങ്ങിന വൈരത്തോടെ ദുഷിക്കുന്നതുകേട്ടു
ശുദ്ധനാം സഞ്ജീവകൻ ചിന്തിച്ചു മനക്കാമ്പിൽ
ലുബ്ധരാം ജന്തുക്കടെ കൂട്ടത്തിലായല്ലോ ഞാൻ.
ശഷ്പവും ഭക്ഷിച്ചുകൊണ്ടിരിക്കും നമുക്കിപ്പോൾ
നിഷ്ഫലമിഹവന്നു സിംഹസേവനം ദുഃഖം.
ക്രോഷ്ടാക്കളിവർതന്നെ സിംഹത്തെ ഭേദിപ്പിച്ചു
മോഷ്ടാക്കാളോടുകൂടി വസിച്ചാലിതേവരൂ.
യുക്തികൾ ചിലവസ്തു ഞാൻകൂടെപ്പറയുമ്പോൾ
യുക്തികളൊട്ടു ശമിച്ചീടുമിക്രോഷ്ടാവിനും.
ദുർമ്മാഗ്ഗംതുടങ്ങിയാൽ ദൂരവേയുപേക്ഷിച്ചു
സന്മാർഗ്ഗസ്ഥിതന്മാരേസ്സേവിക്കുമാപത്തിങ്കൽ.
ഇങ്ങനെ വിചാരിച്ചു പുംഗവൻ സഞ്ജീവകൻ
ഭംഗിവാക്കുകൾതാനുമോരോന്നങ്ങുരചെയ്തു.
അന്തിവന്നടുക്കുമ്പോളബുജം കൂമ്പുമെന്നു
ചിന്തിപ്പാൻ ബുദ്ധിയില്ലാതുള്ളൊരു വണ്ടിൻകൂട്ടം
അന്ധതകൊണ്ടു രാത്രൗ പങ്കജോദരംതന്നിൽ
ബന്ധനംപ്രാപിക്കുന്നതെന്തൊരുകഷ്ടം സഖേ!
എന്തിനി വരുമെന്നു മേല്പോട്ടുവിചാരിപ്പാൻ
ജന്തുക്കൾക്കറിവില്ലാ തെല്ലുമെന്നതേവേണ്ടൂ.
അന്തിക്കു വിടരുന്ന പിച്ചകപ്പൂവും പിന്നെ-
ച്ചന്തത്തിൽ കുറുമൊഴി മുല്ലയും കൈതപ്പൂവും
പങ്കജങ്ങളുമിത്ഥം സന്മധുപുഷപങ്ങളെ-
ശ്ശങ്ക കൂടാതെ വെടിഞ്ഞീടിന ഭൃംഗങ്ങളും
മത്തവാരണത്തിന്റെ ഗണ്ഡത്തിൽ മദജല-
മേറ്റമുണ്ടെന്നു മോഹിച്ചൊക്കവേ കൂടെച്ചെന്നു;
തത്ര മേവുമ്പോൾ കർണ്ണദ്വന്ദതാഡനംകൊണ്ടു
ചത്തുപോകല്ലാതൊരു ലാഭമില്ലവയ്ക്കെടോ!
എന്നതുപോലെ ഖലന്മാരുടെ മുമ്പിൽചെന്നാ-
ലെന്നുടെ പ്രാണങ്ങൾക്കും ഹാനിയുണ്ടാകും ദൃഢം
ദുഷ്ടഗോമായുവ്യാഘ്രധ്വാക്ഷന്മാരൊക്കെക്കൂടി-
യൊട്ടകത്തിനെക്കൊലചെയ്തതു കേട്ടിട്ടില്ലേ?
അക്കഥമാത്രം കേട്ടിട്ടില്ലെന്നു ദമനകൻ;
കേൾക്ക നീയെന്നു വൃഷഭോത്തമൻ സഞ്ജീവകൻ.