Jump to content

പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/ദമനകന്റെ ഹിതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

വൃദ്ധനാകിയശശം ബുദ്ധി കൗശലംകൊണ്ടു
ശത്രുസംഹാരം ചെയ്ത ബുദ്ധിമാഹാത്മ്യമിദം;
ഭദ്രമസ്തു തേ സഖേ! കാര്യസിദ്ധയേ ഭവാ-
നദ്രികന്ദരേ ചെൽമെന്നുക്തവാൻ കരടകൻ,
നന്ദിപിംഗലകന്മാർ മേളിച്ചുവസിക്കുന്ന
കന്ദരം തന്നിൽച്ചെന്നു വന്ദിച്ചു ദമനകൻ.
രണ്ടുവാക്കടിയനു ഗൂഢമായുണർത്തിപ്പാ-
നുണ്ടതിനവസരമുണ്ടാമോ? മഹാമതേ!
എന്നതുകേട്ടു സിംഹം മറ്റൊരു ഗുഹതന്നിൽ -
ച്ചെന്നുനിന്നുര ചെയ്തു വന്നാലും ദമനാകാ!
നിന്നുടെ ഹിതമെല്ലാമെന്നോടു കഥിക്ക നീ-
യെന്നതു കേട്ടു ചൊന്നാൻ ഗൂഢമായ് ദമനകൻ.
തമ്പുരാനടിയനിലുള്ളൊരു സ്നേഹം കൊണ്ടു
കമ്പമുണ്ടായിലല്ലീയെന്നൊരു ശങ്കമൂലം
സാമ്പ്രതമപരാധം പേടിച്ചങ്ങുണർത്തിപ്പാൻ
സംശയിക്കുന്നു തഥാ വിദ്വാന്മാർ കഥിക്കുന്നു.
കാര്യങ്ങൾ വിചാരിപ്പാൻ കാരിയക്കാരനാക്കി-
ക്കല്പിക്കാത്തവൻ വന്നു കാര്യങ്ങളറിയിച്ചാൽ
മന്നവന്മാർക്കു തങ്കൽ മുന്നമേയുള്ള സ്നേഹം
ഭിന്നമായ് വരും തന്റെ ദുസ്സാമർത്ഥ്യത്തെക്കൊണ്ടു
സാദരമുര ചെയ്തു പിംഗലകനും തദാ:-
സോദരസ്നേഹം നിങ്കലുണ്ടെനിക്കെടോ സഖേ!
എന്തു നീയുര ചെയ്‍വാൻ ഭാവിച്ചു ദമനകാ!
അന്തരംകൂടതതു ചൊൽക നീ മടിയാതേ.
ഉക്തവാൻ ദമനകൻ നമ്മുടെ സഞ്ജീവകൻ
ശക്തനെങ്കിലും മഹാലുബ്ധനെന്നറിയേണം.
ശക്തികൾ മൂന്നുവിധമുത്സാഹം പ്രഭുത്വവും
യുക്തിയുക്തമാകുന്ന മന്ത്രവുമിവ മൂന്നും
സംപൂർണ്ണം മമ സ്വാമിക്കായതു സഞ്ജീവകൻ
സമ്പ്രതി നിന്ദിക്കുന്നു ഞങ്ങളും കേൾക്കെത്തന്നെ
എന്തിനു പലവസ്തു ചെല്ലുന്നു സഞ്ജീവകൻ
നിന്തിരുവടിയുടെ രാജ്യത്തെക്കാംക്ഷിക്കുന്നു.
ആയതു കേട്ടു കിഞ്ചിൽ ഭീതിയുമാശ്ചര്യവു-
മാശയേ ജനിക്കയാൽ മിണ്ടാതെ നിന്നു സിംഹം.
പിന്നെയും ദമനകൻ ചൊല്ലിനാന്മമ സ്വാമി-
തന്നുടേ പ്രധാനമന്ത്രീശ്വരൻ സഞ്ജീവകൻ
എന്നതിൽ വരുന്നൊരു ഘോഷവുമുണർത്തിക്കാ-
മെന്നുടെ സൃഷ്ടിയല്ല വിദ്വാൻന്മാർ പറയുന്നു.
ഉന്നതമായുള്ളൊരു മന്ത്രി തൻ കഴുത്തിലും
മന്നവൻ കഴുത്തിലും പാദങ്ങൾ രണ്ടുംവച്ചു
നിൽക്കുന്ന രാജ്യശ്രീതാനായവളൊരുത്തനെ-
ത്തക്കത്തിലുപേക്ഷിക്കും സ്ത്രീസ്വഭാവത്തിൻ മൂലം.
രണ്ടു പേർ പുരുഷന്മാരുണ്ടായാൽ വേശ്യാസ്ത്രീയും
രണ്ടുപേരിലും തുല്യസ്നേഹമായ് വരികില്ല.
ലോകസമ്മതം മഹാചാപല്യ മുണ്ടാകയാ-
ലേകനെപ്പരിത്യജിച്ചന്യനെ സ്വീകരിക്കും
രാജ്യലക്ഷ്മിയും തഥാ മന്ത്രിയെ ത്യജിച്ചു ത-
ദ്രാജനെപ്പരിഗ്രഹിച്ചീടിനാളെന്നു വരും
ഭൂപനെ ത്യജിച്ചു തന്മന്ത്രിയെബ്‍ഭജിച്ചെന്നും
ഭൂയസാ വരുമേവം കാണുന്നു പലേടവും.
എന്നതുകൊണ്ടു ചൊന്നേനേകമന്ത്രിയെത്തന്നെ
മന്നവൻ പ്രധാനിയായ് കല്പിച്ചാൽ ചിതം വരാം.
ലോകങ്ങൾ വിചാരിപ്പാനൊക്കവേ പ്രമാണമാ-
യേകനെത്തന്നെ നൃപൻ മന്ത്രിയായുറപ്പിച്ചാൽ
ആയവനുള്ളിലഹംഭാവവും വർദ്ധിപ്പീടും
കാര്യങ്ങൾക്കുപേക്ഷയുമുണ്ടാകും ക്രമത്താലേ.
തന്നുടെ താന്തോന്നിത്തം മുഴുത്തു പതുക്കവേ,
തന്നെ വർദ്ധിപ്പിച്ചൊരു സ്വാമിയേ ദ്വേഷിച്ചീടും,
തക്കവാറിനും തനിക്കുൽക്കർഷം വർദ്ധിക്കുമ്പോൾ
പൊക്കമാമധീശനും മക്കളും ബന്ധുക്കളും
നിത്യവും തനിക്കുപകാരത്തെചെയ്യുന്നോരിൽ
പ്രത്യുപകാരം ചെയ്യും മർത്ത്യനെക്കെണ്മാനില്ല.
തന്നുടെ സ്ഥാനം വന്നാലായതു സാധിപ്പിച്ച
മന്നനെ മറന്നുപോമപ്പൊഴേ മഹാപാപി.
അക്കണക്കുള്ള ദുഷ്ടൻ മൂത്തുപോവതിൻ മുമ്പേ
ചിക്കനെപ്പരിത്യജിച്ചീടുന്ന നൃപൻ നൃപൻ.
അന്നത്തിൽ വിഷം കണ്ടാലാകവേ ത്യജിക്കേണം;
പിന്നെത്താനതിലൊട്ടുമാഗ്രഹിക്കയും വേണ്ട.
പല്ലുകളിളകിയാലപ്പോഴേ പറിക്കണം;
തെല്ലുപേക്ഷിച്ചാൽ ശേഷമുള്ളതുമിളകിപ്പോം
ദുഷ്ടനാമമാത്യന്റെ കൂട്ടുകാരെക്കൂടെ-
പ്പെട്ടെന്നു മൂലച്ഛേദം ചെയ്യാതെ സുഖം വരാ
തൊട്ടതിന്നവരുടെ മക്കൾക്കും പെണ്ണുങ്ങൾക്കും
തട്ടുമിദ്ദോഷമവർക്കിങ്ങെങ്ങുമില്ലാതാകും
നമ്മുടെ സഞ്ജീവകൻ സ്വാതന്ത്ര്യം തുടങ്ങുന്നു;
സമ്മതമല്ലിപ്രജകൾക്കിവൻ കാര്യക്കാരൻ.
നാളേക്കു ഗുണം വരുത്തീടുവാൻ വിചാരമി-
ക്കാളയ്‍ക്കു ഭവിക്കുമോ! കാര്യമൊന്നറിയാമോ?
കണ്ഠത്തിൽ നുകംവച്ചു കണ്ടത്തിലുഴവിന്നു
കൊണ്ടുപോകേണ്ടുമൊരു പണ്ടമല്ലയോയിവൻ?
എന്തിനു കാര്യക്കാരനിങ്ങനെയൊരുത്തനെ-
സ്സന്ധിപ്പിക്കുന്നു നൃപൻ താന്തന്നെ പോരാഞ്ഞിട്ടോ,
സ്നേഹവും കാര്യാകാര്യജ്ഞാനവും തികഞ്ഞൊരു
ദേഹമെന്നാകിലിവൻ മന്ത്രിയായെന്നാൽക്കൊള്ളാം
ലക്ഷണമില്ലാതുള്ള മന്ത്രികൾ രണ്ടുനേരം
ഭക്ഷണം കഴിച്ചുറങ്ങീടുവാൻ മാത്രംകൊള്ളാം
അങ്ങനെയുള്ള പുമാനെങ്ങാനും കാണ്മാനുണ്ടോ?
തിങ്ങിനധനം കണ്ടാലാഗ്രഹം കൂടാതെയും
അംഗനമാരെക്കണ്ടാലാശയില്ലാതെ കണ്ടും,
തങ്ങടെ ദ്രവ്യത്തിങ്കൽ താൽപര്യമില്ലാതെയും,
തങ്ങടെ ഗൃഹങ്ങളിൽ സ്സമ്പത്തുള്ളവർ രാജ-
പുംഗവന്തന്നെ സ്സേവിച്ചീടുവാൻ പുറപ്പെടാ.
ശക്തിയുമില്ല ഗൃഹേ ഭുക്തിക്കുമില്ലാത്തവൻ
ഭക്തിയും ഭവിച്ചുകൊണ്ടെപ്പൊഴും പ്രഭുക്കടെ
ഭൃത്യരായിട്ടും ചിലർ കാര്യസ്ഥന്മാരായിട്ടും
നിത്യരായിട്ടും ചിലർ കാര്യക്കാരരായിട്ടും
പണ്ടാരമുതലെല്ലാം ഭക്ഷിച്ചു വകയാക്കാ-
നുണ്ടാകും മനുഷ്യരെക്കോണ്ടെന്തു ഫലം വിഭോ
കല്ലുകളില്ലാതുള്ള കാനനേ കിളിർക്കുന്ന
പുല്ലുകളിവൻ തിന്നു കാനനം വെളിവാക്കാ-
നല്ലാതങ്ങൊരു കാര്യം ചിന്തിപ്പാനിവൻ പോരാ;
വല്ലാത്ത വൃഷഭത്തെ സ്നേഹിപ്പാനെന്തു മൂലം?
പിംഗലകനും ചൊന്നാനിങ്ങനെയെന്നാകിലും
പുംഗവൻ തന്നിൽ സ്നേഹം പാരമുണ്ടെനിക്കെടോ!
യാതൊരു ജനത്തിന്നു യാതൊരു ജനം പ്രിയം
ജാതിഹീനനാകിലും ദുഷ്ടശീലനെങ്കിലും;
ആയവന്നവൻ പ്രിയൻ ദുഷ്ടനെന്നാലും തന്റെ
കായത്തെയുപേക്ഷിപ്പാനാർക്കാനും തോന്നീടുമോ?
ചൊല്ലിനാൻ ദമനകനാരുടെ ദോഷമിതെ-
ന്നുള്ളതു വിചാരിച്ചാൽ സ്വാമിതാനുപേക്ഷിക്കും.
മറ്റുള്ള ഭൃത്യന്മാരെയൊക്കവേയുപേക്ഷിച്ചു
മുറ്റുമീ വൃഷഭത്തെപ്പോറ്റുന്ന സ്വാമി തന്റെ
കുറ്റമറ്റുള്ള രാജ്യം ഹരിപ്പാൻ മോഹിക്കുമി-
ക്കൂറ്റനിൽക്കുറുണ്ടാവാനെന്തുപോലവകാശം?
പുത്രനെന്നാലുമുറ്റമിത്രമെന്നാലും സ്വാമി-
ക്കെത്രയും പ്രിയനവനെന്നിഹ വരുന്നേരം
ധാത്രിയിലുള്ള സമ്പത്തൊക്കവേ തനിക്കാകും
ഗാത്രം മാത്രമേ പിന്നെ സ്വാമിക്കു ശേഷിച്ചീടൂ.
സജ്ജനാചാരങ്ങളേ ത്യജിച്ചു സദാകാലം
ദുർജ്ജനാചാരങ്ങളെ സ്വീകരിക്കുന്ന പുമാൻ
സ്വസ്ഥാനഭ്രംശം വരുന്നേരത്തു ശത്രുക്കടെ
സ്വസ്ഥാനംതന്നിൽച്ചേർന്നു സ്വാമിയെ ദ്രോഹിച്ചീടും,
കേൾക്കുമ്പോൾ ശ്രോത്രപ്രിയമല്ലെന്നുവരികിലും
ഓർക്കുമ്പോൾമേലിൽ ഗൂണമായുള്ള വാക്കുകളെ
ചൊല്ലുന്ന ജനമുള്ള യാതൊരു നൃപാലയേ
നല്ലോരുസമ്പത്തുകളെപ്പൊഴേ വർദ്ധിച്ചീടും.
പാട്ടിലുള്ളമാത്യരെ ത്യജിച്ചു വൃഥാ മറു-
നാട്ടിലുള്ളവർക്കധികാരത്തെക്കൊടുക്കുന്ന
ദുഷ്‍പ്രഭുവിന്റെ രാജ്യം ഛിദ്രിപ്പാനൊരു വ്യാധി
തൽപരം മറ്റൊന്നില്ലെന്നോർത്തുകൊള്ളേണം ഭവാൻ
ഉക്തവാൻ മൃഗാധിപൻ നീയിവന്നഭയത്തെ
ദത്തവനായിക്കൂട്ടികൊണ്ടുവന്നിവടത്തിൽ
വർത്തനം ചെയ്യിപ്പിച്ചു ഞങ്ങളിൽ വിശ്വാസവും
വർദ്ധനം ചെയ്യിപ്പിച്ചു നിയതു മറന്നിതോ?
അങ്ങനെയുള്ള ഭവാനിങ്ങനെ വിരോധിച്ചാൽ
എങ്ങനെ നമുക്കതു സമ്മതമായിടേണ്ടൂ?
ചൊല്ലിനാൻ ദമനകനിത്രദുസ്സഹനെന്നു
തെല്ലുമേ മുന്നം ഗ്രഹിച്ചീല ഞാൻ മഹാമതേ!
ദുർജ്ജനങ്ങൾക്കു ബഹുസൽക്കാരം ചെയ്താകിലും
സജ്ജനസ്വഭാവമുണ്ടാകയില്ലറിഞ്ഞാലും.
എണ്ണാതേപ്പിച്ചു പിടിച്ചുഴിഞ്ഞു ദണ്ഡിച്ചാലും
പൊണ്ണനാം ശ്വാവിന്റെ വാൽ വളഞ്ഞേ നിൽപ്പൂ ദൃഢം
ദുഷ്ടരാം ബാലന്മാരെ സ്തുതിച്ചു നന്നാക്കുവാ-
നൊട്ടുമേയെളുതല്ല നല്ലൊരു വിദ്വാന്മാർക്കും
എപ്പോഴുമമൃതു കൊണ്ടാകവേ നനച്ചാലും
സൽഫലം പുറപ്പെടീച്ചീടുമോ വിഷദ്രുമം?
പഞ്ചസാരയും തേനും ചേർത്തങ്ങു കുഴച്ചിട്ടു
കിഞ്ചനകാലം പരിപാലിച്ചു കുളിർപ്പിച്ചു
എപ്പൊഴും ക്ഷീരം കൊണ്ടു നനച്ചു വളർത്താലും
വേപ്പിന്റെ കയ്പു ശമിച്ചീടുമോ? ചിന്തിച്ചാലും,
തങ്ങളുടെ യജമാനന്നാപത്തുവരാതെ ക-
ണ്ടങ്ങനെ രക്ഷിക്കേണമെന്നുള്ള കൂറ്റുകാരൻ
ഇങ്ങോട്ടു ചോദിച്ചീലെന്നാകിലും ശുഭാശുഭം
അങ്ങോട്ടു പറഞ്ഞറിയിക്കണം കൂടെക്കൂടെ.
ത്യാജ്യനാമവനെങ്കിലായവൻ ചോദിച്ചാലും
യോജ്യമായതു പറഞ്ഞീടരുതെന്നു ശാസ്ത്രം.
സങ്കടെ രക്ഷിക്കുന്നമനുഷ്യരല്ലോ ബന്ധു;
സങ്കടം കൂടാതനുഷ്ഠിക്കുന്നതല്ലോ കർമ്മം;
ഭർത്തൃശുശ്രുഷ ചെയ്തു മേവുന്നോളല്ലോ നാരി;
സത്തുക്കൾ ബഹുമാനിക്കുന്നവനല്ലോ വിദ്വാൻ:
ദുർമ്മദം ജനിപ്പിച്ചില്ലെങ്കിലേ ശ്രീയായുള്ളു;
ദുർമ്മോഹമില്ലാത്തവനെങ്കിലേ സുഖിയാവൂ;
എങ്ങുമേ തടവില്ലെന്നാകിലെ മന്ത്രം നല്ലൂ;
തിങ്ങിന വിഷയഭ്രാന്തില്ലെന്നേ പുമാൻനല്ലൂ.
ഇങ്ങനെ ഹിതം പറഞ്ഞാലുമെൻ സ്വാമിക്കിപ്പോൾ
പുംഗവസ്നേഹത്തിനു ഭംഗമുണ്ടാകുന്നില്ല.
അത്യയമിതുകൊണ്ടു മേൽവരുന്നേരം പിന്നെ
ഭൃത്യദോഷമെന്നതേ, സംഭവിക്കയുമുള്ളു
സ്ത്രീകളിൽ കാമംകൊണ്ടും മദ്യപാനാദികൊണ്ടും
ലോകനിന്ദിതനായി സ്വച്ഛന്ദം പ്രവർത്തിച്ചും
മത്തദന്തിയെപ്പോലെ മദിക്കും മഹീപതി-
ക്കത്തൽവന്നകപ്പെടും ബുദ്ധിമുട്ടുന്നനേരം
ഭൃത്യദോഷമെന്നതേ ബോധിപ്പൂ നൃപന്തന്റെ
കൃത്യദോഷമെന്നതു ചിന്തിക്കുപോലുമില്ല.

പിംഗലനുരചെയ്താനെന്തൊരു കുറ്റംചൊല്ലി-
പ്പുംഗവപ്രവരനെ വേർപെടുത്തയയ്‍ക്കേണ്ടൂ?
ചൊല്ലിനാൻ ദമനകൻ വേർപെടുത്തയച്ചാലും
വല്ലന്തിവരും നമുക്കായതു ചിന്തിക്കേണം.
മറ്റുമിക്കൂറ്റൻ മഹാദുർമ്മദൻ കയർത്തുപോയ്
മറ്റൊരു പ്രബലനെച്ചെന്നു സേവിച്ചു പട-
കൊണ്ടുവന്നിദ്ദിക്കെല്ലാം നഷ്ടമാക്കീടും ശഠൻ
കണ്ടതുകണക്കല്ല കശ്മലൻ കയർക്കുമ്പോൾ
ഇണ്ടലുണ്ടാകും നമുക്കെന്നത്രേ തോന്നീടുന്നു.
ശണ്ഠ കൂടുമ്പോൾ പിന്നെ സ്നേഹവും വെടിഞ്ഞീടും
സിംഹവുമുരചെയ്താനെന്തിവൻ ചെയ്യും നമ്മെ-
സ്സംഹരിപ്പതിനിവൻപോരുമോ ദമനക!
ഉക്തവാൻ ദമനകൻ ദുസ്സ്വഭാവികളുടെ
ചിത്തമാർക്കറിയാവൂ ശീലമൊന്നറിയാതെ.
വിട്ടിപോയെന്നാൽ തരംകെട്ടുപോമിഹ വലി-
ച്ചിട്ടതുതന്നെ നമുക്കൊട്ടുമേ നന്നായില്ല.
ശീലത്തെ ബോധിക്കാതെ കൊണ്ടന്നു പാർപ്പിക്കയി-
ക്കാലത്തു ചിതംവരാ വാശ്ശവനെന്നാകിലും.
ഡിണ്ഡികൻമൂലം പണ്ടു മന്ദവി സരിപ്പിണി-
പ്പെണ്ണിനു നാശം വന്നുവെന്നു ഞാൻ കേട്ടിട്ടുണ്ട്.
അക്കഥ സ്വാമിക്കിപ്പോൾ കേൾക്കണമെങ്കിൽചൊല്ലാം
മക്കുണം പേനും തമ്മിലുണ്ടായ നേരംപോക്ക്.

ന യസ്യ ചേഷ്ടിതം വിദ്യാൽ
ന കുലം ന പരാക്രമം
ന യസ്യ വിശ്വഃ സൽപ്രാജ്ഞോ
യതി ചേൽ ശ്രീയമാത്മനഃ