പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/ദമനകന്റെ നീതിസൂക്തം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ജ്യേഷ്ഠനെത്തൊഴുതുകൊണ്ടപ്പോഴേ ദമനകൻ
ശ്രേഷ്ഠനാം സിംഹപ്രഭു സ്വാമിയെ പ്രാപിച്ചുടൻ
ദൂരവേ തന്നെ നിന്നു പാണികൾ കൂപ്പിക്കൂപ്പി-
ച്ചാരവേ പതുക്കവേ ചെന്നൊരു ദശാന്തരേ
പിംഗലകനുമുര ചെയ്തിതു ദമനക!
ഇങ്ങുവന്നാലും പലനാൾ കൂടിക്കാണുന്നിപ്പോൾ.
എന്തെടോ നീയും നിന്റെ ജ്യേഷ്ഠനുമെന്നെ വന്നു
സന്തതം സേവിക്കാത്ത സംഗതി കഥിക്ക നീ.
വമ്പനാം ദമനകൻ വന്ദനം ചെയ്തു ചൊന്നാൻ:-
തമ്പുരാനടിയനെക്കൊണ്ടെന്തു പ്രയോജനം?
കൊമ്പനാനയെക്കൊന്നു തലച്ചോർപഴയരി-
സമ്പാദിപ്പതിനിങ്ങു സാമർത്ഥ്യം പോരായല്ലോ.
എങ്കിലുമമാത്യന്റെ മക്കളായടിയങ്ങൾ
നിങ്കഴലിണ പണിഞ്ഞീടാതെ പൊറുക്കുമോ?
ഓർക്കുമ്പോളൊരുത്തരെക്കൊണ്ടുപകാരമില്ലെ-
ന്നാർക്കുമേ വരികയില്ലെന്നതുമുണർത്തിക്കാം.
പുല്ലുകൾ കൊണ്ടുമുപകാരമുണ്ടാകും തന്റെ
പല്ലുകൾ തേപ്പാൻ കൊള്ളാം പയ്ക്കളെത്തീറ്റാൻ കൊള്ളാം
മെല്ലവേ കർണ്ണങ്ങളിലിട്ടുടൻ ചെറുക്കിയാൽ
തെല്ലു സൗഖ്യമുണ്ടാകിലാ വിധത്തിനും കൊള്ളാം.
കാൽ കരം കണ്ണും മൂക്കുമുള്ളൊരു ജന്തുക്കളാൽ
ഏകനെങ്കിലും കാര്യമില്ലാതെ ഭവിക്കുമോ?
സാരനാം പുരുഷനെപ്പാരമിട്ടിടിച്ചാലും
സാരശക്തിയെ ത്യജിച്ചീടുമാറില്ല നൂനം.
തീയെരിയുന്ന കൊള്ളി കീഴാക്കിപ്പിടിച്ചാലും
തീയുടെ ജ്വാല മേല്പോട്ടല്ലാതെ ജ്വലിക്കുമോ?
ജീവജന്തുക്കളെല്ലാമൊന്നുപോലെന്നുള്ളൊരു
ഭാവവും ഭവാന്മാർക്കു ചേർച്ചയില്ലറിഞ്ഞാലും.
തങ്ങൾക്കു മറ്റുള്ളോരിൽ ഭേദമുണ്ടെന്നുള്ളതും
സംഗതി വരും ദിക്കിൽ കാണിക്കും സമർത്ഥന്മാർ
വിത്തുകളെല്ലാം കൂടിക്കലർന്നു വിതച്ചാലു-
മുത്തമൻ കിളിക്കുമ്പോൾ തന്മഹത്വത്തെക്കാട്ടും
ഉത്തമസ്ഥലങ്ങളിൽ ശ്രീകാര്യം വിചാരിപ്പാൻ
ഉത്തമന്മാരാം കാര്യക്കാറരെക്കല്പിക്കേണം
ശുദ്ധഭൂസുരക്ഷേത്രസ്ഥാനങ്ങൾക്കധികാരം
ബൗദ്ധനുകൊടുക്കുന്ന മന്നവൻ മഹാമൂഢൻ
കങ്കണം കരങ്ങളിൽ കുണ്ഡലം കർണ്ണങ്ങളിൽ
കാഞ്ചികൾ കടീതടേ ഹാരങ്ങൾ വക്ഷസ്ഥലേ
ഇങ്ങനെ തങ്ങൾക്കുള്ള ഭൂഷണസ്ഥലങ്ങളിൽ
ഭംഗിയിൽ ചേർത്തെങ്കിലേ ഭൂഷണം ശോഭിച്ചീടൂ.
കണ്ഠത്തിലരഞ്ഞാണം കങ്കണം കർണ്ണങ്ങളിൽ
കൊണ്ടുപോയ്ക്കെട്ടിതൂക്കിക്കൊണ്ടങ്ങു പുറപ്പെട്ടാൽ
കണ്ടവർ കരം കൊട്ടിക്കൊണ്ടുടൻ ചിരിച്ചീടും.
തണ്ടുതപ്പിയെന്നൊരു നാമവും ലഭിച്ചീടും.
എത്രയും നീചന്മാരാം ബൗദ്ധജാതിജന്മാർക്കു
ഛത്രവും പല്ലക്കതും ദീപയഷ്ടിയും നൽകി
ക്ഷത്രിയബ്രഹ്മാസ്ഥാനേ മന്ത്രിയാക്കീടുന്നൊരു
ധാത്രീപാലരെപ്പാരം നിന്ദിക്കും മഹാജനം
തന്നെത്താനറിയാതെ ദുഷ്പ്രഭുക്കളെച്ചെന്നു
വന്ദിച്ചുസേവിക്കുന്ന മാനുഷപ്പശുക്കൾക്കു
ഇന്നിപ്പോളിഹലോകസൗഖ്യമില്ലവർ ചത്താൽ
ചെന്നൊരു നരകത്തിൽ ചാടുമെന്നില്ലാതില്ല
മെച്ചമേ സുവർണ്ണത്തിൽച്ചേർക്കേണ്ടും മഹാരത്നം
പിച്ചളപ്പതക്കത്തിൽച്ചേർക്കുന്ന പുരുഷനെ
സജ്ജനം തന്നെയല്ല ദുർജ്ജനങ്ങളും കൂടെ
തർജ്ജിക്കും തത്സമ്പർക്കം വർജ്ജിക്കുമെല്ലാവരും.
ബുദ്ധിയും വിവേകവും വീര്യവും പ്രഭുക്കളിൽ
ഭക്തിയുമുള്ള ഭൃത്യൻ സ്വാമിയെ നികത്തീടും.
ശക്തിയില്ലാതുള്ളോന്റെ ഭക്തി നിഷ്ഫലം ദൃഢം,
ശക്തിയുണ്ടൊരുത്തനു ഭക്തിയില്ലാഞ്ഞാൽ നന്നോ?
ശക്തിയും നല്ല സ്വാമിഭക്തിയും തികഞ്ഞൊരു
ഭൃത്യനുണ്ടെന്നാകിലേ വർദ്ധിപ്പൂ മഹീപതി
ശക്തിയുമില്ല സ്വാമിഭക്തിയുമില്ലാതോർക്കു
ഭുക്തി നല്കീടും നൃപനെത്രയുമവിവേകി.
ആയവൻ ഭുജിക്കുന്നോരോദനമെല്ലാമൊരു
നായിനു കൊടുത്തെങ്കിലായതു പാഴായ്പോകാ.
നായിനു ചോറു നല്കും നായകന്മാരെക്കുറി-
ച്ചായതസ്നേഹത്തിനു മായമില്ലൊരുനാളും.
ആയവന്തനിക്കുള്ള കായത്തെക്കൊണ്ടു തനി-
ക്കാകവേ മമ സ്വാമിക്കെപ്പോഴും സഹായിക്കും.
ശസ്ത്രവും കുതിരയും ശാസ്ത്രവും വീണപാണി
ക്ഷാത്രവും നരന്മാരും വാണിയുമിവയെട്ടും
സജ്ജനത്തോടു ചേർന്നാലെത്രയും പ്രകാശിക്കും;
ദുർജ്ജനത്തോടു ചേർന്നാലെത്രയുമിളപ്പെടും.
അഭ്യാസമുള്ള വീരൻ വാളെടുത്തിളക്കുമ്പോൾ
സഭ്യന്മാരതുകണ്ടു കൊണ്ടാടി സ്തുതിച്ചീടും
അഭ്യാഗൻ മഹാഭോഷൻ വാളെടുക്കുന്നതു കണ്ടാൽ
അപ്പൊഴേയെല്ലാവരും വാളെടുക്കയേയുള്ളൂ.
അശ്വപ്പോർ ഗ്രഹിച്ചവരശ്വത്തിലേറിക്കണ്ടാൽ
വിശ്വവാസികളെല്ലാം വിസ്മയിച്ചീടും ദൃഢം.
അല്ലാത്ത മൂഢൻ ചെന്നങ്ങശ്വത്തിലേറുന്നേരം
വല്ലാതെ പിഴച്ചുപോമെല്ലാരും ഹസിച്ചീടും.
ഇങ്ങനെതന്നെ പിന്നെച്ചൊന്നതും നാലും രണ്ടും
ഭംഗിക്കുമഭംഗിക്കും പാത്രഭേദമേ മൂലം.
ഞാനൊരുകറുനരിക്കുട്ടനെന്നതുകൊണ്ടു
മാനസേ നിന്ദാഭാവം സ്വാമിക്കു വേണ്ടാതാനും
പത്മനാഭനും പണ്ടു പന്നിയായ്പിറന്നില്ലേ!
പാവനനെന്ന മുനി മാനായി മേവുന്നീലേ?
ഷൺമുഖഭഗവാനുമാടിന്റെ വേഷം മുദാ
വെണ്മയിൽ ധരിച്ചതു തമ്പുരാൻ കേട്ടിട്ടില്ലേ?
ഭൃത്യന്റെ ഗുണഗണമൊക്കെയുമടിയനു-
ണ്ടത്യന്തം ഭക്തി ശക്തി യുക്തിയുമെനിക്കുണ്ടു.
ഭക്തിയില്ലാതുള്ളോന്റെ ശക്തി കൊണ്ടെന്തു ഫലം?
ശക്തിയില്ലാതുള്ളോന്റെ ഭക്തി കൊണ്ടെന്തു ഫലം?
സേവകന്മാരിൽ നിന്ദാശീലനാം നരേന്ദ്രനെ-
സ്സേവിപ്പാനാരുമില്ലെന്നായ് വരും ക്രമത്താലെ
ബന്ധുഭൃത്യരുമില്ലാതായ് വരുന്നേരം നൃപ-
ന്നെന്തു പൗരുഷം പിന്നെ ക്ഷീണമാം പ്രഭുത്വവും.
പ്രാഭവം കുറയുമ്പോൾ പ്രായശോ വിദ്വാന്മാർക്കും
ലോഭമില്ലാതാമവരാഗമിക്കയുമില്ല.
നിത്യവും സമീപത്തു വിദ്വാന്മാരില്ലാതായാൽ
കൃത്യവുമകൃത്യവും ബോധമില്ലാതായ് വരും.
പാർത്ഥിവന്മാർക്കു നീതിജ്ഞാനമില്ലെന്നു വന്നാൽ
പാർത്തലേ വസിക്കുന്നോരൊക്കവേ നശിച്ചീടും.
എന്നതുകൊണ്ടു പറഞ്ഞീടുന്നേൻ മമ സ്വാമി-
ക്കുന്നതി വരാൻ നല്ല ഭൃത്യന്മാർ തന്നെ വേണം.
എന്നതു കേട്ടു മഹാസിംഹവുമുര ചെയ്തു:-
നന്നെടോ! ദമനക! നിന്നുടെ നീതിവാക്യം
നമ്മുടെ സചിവന്റെ നന്ദനനല്ലോ ഭവാൻ
നന്മ മേൽവരാനുള്ള യത്നം നീ ചെയ്തിടണം
ചോദിച്ചു ദമനകൻ നിന്തിരുവടിയിപ്പോൾ
മോദിച്ച ജലപാനം ചെയ്വതിന്നെഴുന്നള്ളി
അംഭസ്സിന്നുപാന്തികേ വാണരുളുമ്പോൾ ബുദ്ധി
സ്തംഭിച്ചകണക്കു കാണുന്നിതു കിം കാരണം?
ഉത്തരമുരചെയ്തു കേസരിശ്രേഷ്ഠന്താനും
സ്വസ്ഥമല്ലെന്റെ മനസ്സിങ്ങനെ തീർന്നു കഷ്ടം!
നമ്മുടെ വനം തന്നിലിന്നൊരു ജന്തു വന്നു
ദുർമ്മദം പൂണ്ടു ശബ്ദിക്കുന്നതു കേൾക്കുന്നീലേ?
എത്രയുമതിക്രൂരം ദുഷ്ടന്റെ കണ്ഠധ്വാനം
ശ്രോത്രരന്ധ്രത്തിൽപ്പുക്കു സങ്കടപ്പെടുത്തുന്നു.
മറ്റുമീ മഹാരണ്യവാസവും വെടിഞ്ഞു താൻ
മറ്റൊരു വനാന്തരം പ്രാപിപ്പാൻ ഭാവിക്കുന്നു.
കണ്ഠശബ്ദത്തെക്കേട്ടാലൂഹിക്കാമവനേതും
കണ്ഠനല്ലഹോ! മഹാവിക്രമി മഹാവീരൻ
രണ്ടുപക്ഷമില്ലെനിക്കായവന്തന്നെക്കേട്ടും
കണ്ടും കൊണ്ടിവിടത്തിൽ പാർക്ക വൈഷമ്യന്തന്നെ
എന്നതുകേട്ടു മുദാ ചൊല്ലിനാൻ ദമനകൻ:-
എന്നുടെ സ്വാമി വൃഥാ ചാഞ്ചല്യം തുടങ്ങണ്ട
ശബ്ദമാത്രത്തെക്കേട്ടു ശങ്കിക്കാനെന്തു മൂലം?
ശക്തിമാനല്ലോ ഭാവനെന്തിനു പേടിക്കുന്നു?
ആറുകൾ ജലം പൊങ്ങി സേതുഭഞ്ജനം ചെയ്യും
ആറുകർണ്ണങ്ങൾ പുക്കാൽ മന്ത്രവും ഭേദിച്ചീടും
ഏഷണി പ്രയോഗിച്ചാൽ സ്നേഹവും നശിച്ചീടും
ഭീഷണിവാക്കു കൊണ്ടു ഭീരുക്കൾ ഭയപ്പെടും
കണ്ടപ്പോളതിൽ ബഹുമാംസമുണ്ടെന്നു തോന്നി
ചെണ്ടയിലുൾപ്പുക്കപ്പോൾ ചർമ്മവുമൊരുമര-
ക്കണ്ടവും മാത്രംതന്നെ കണ്ടതുള്ളു ഞാനെന്നു
പണ്ടൊരു ജന്തു പറഞ്ഞിങ്ങനെ കേട്ടിട്ടുണ്ട്.
ചൊല്ലെടോ! പുരാവൃത്തമെന്നു കേസരിശ്രേഷ്ഠൻ;
ചൊല്ലുവൻ ശ്രവിച്ചാലുമെന്നുടൻ ദമനകൻ.

പണ്ടൊരു കുറുനരി ഭക്ഷണം കിട്ടായ്കയാൽ
കുണ്ഠിതം പൂണ്ടു വിശന്നങ്ങനെ നടക്കുമ്പോൾ
കുത്രചിൽ പ്രദേശത്തു യുദ്ധഭൂതലം കണ്ടു
തത്ര സൈന്യങ്ങൾ ചത്തുകിടക്കുന്നതും കണ്ടു.
അത്രയല്ലൊരു പൊണ്ണച്ചെണ്ടയും കണ്ടാനവൻ
തത്ര നിന്നൊരു ശബ്ദം ശ്രവിച്ചു ഭയപ്പെട്ടാൻ
വയു വന്നടിക്കുമ്പോളായതു താനേ തന്നെ
തോയദധ്വനിപോലെ ശബ്ദിക്കുന്നതും കേട്ടു.
എന്തുവാനിതങ്ങൊരു ജന്തുവായ് വരുമെന്നാൽ
ബന്ധുവാരെനിക്കയ്യോ! നമ്മെയും കൊല്ലുമിവൻ
അന്തികെ ചെന്നു നോക്കിക്കൊണ്ടുപോരികെന്നുള്ളിൽ
ചിന്തിച്ചു ധൈര്യത്തോടെ മെല്ലെ മെല്ലവേ ചെന്നാൻ.
ഭക്ഷണത്തിന്നു വേണ്ടും ചോരയും മാംസങ്ങളും
തൽക്ഷണമതിനകത്തുണ്ടെന്നു തോന്നീടുന്നു
ലക്ഷണം ശുഭം നമുക്കേഷ ഞാനുള്ളിൽപ്പുക്കു
ഭക്ഷണം വഴിപോലെ ചെയ്കയെന്നുറച്ചവൻ
ചർമ്മത്തെക്കടിച്ചൊരു ദ്വാരമുണ്ടാക്കിക്കൊണ്ട-
ദ്ദുർമ്മോഹി സൃഗാലനങ്ങകത്തു പ്രവേശിച്ചാൻ.
ആയവനപ്പോളുര ചെയ്തൊരു ശ്ലോകാർത്ഥം ഞാൻ
മായമെന്നിയേ ചൊന്നേൻ കണ്ടിപ്പോളതിലൊന്നും.