പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/തങ്ങൾക്കു താനുണ്ടാക്കുന്ന ത്രിദോഷങ്ങൾ
ദേവശർമ്മാവെന്നൊരു സന്യാസിപണ്ടുണ്ടായി
കേവലം ബ്രഹ്മധ്യാനം ചെയ്തു മേവുന്നകാലം
എത്രയും ബഹുദ്രവ്യമുണ്ടായി നമുക്കിതു
കത്ര സംഗ്രഹിക്കേണമെന്നുടൻ വിചാരിച്ചു
തന്നുടെ കുപ്പായത്തിൽവെച്ചുടൻ തുന്നിക്കെട്ടി
തുന്നലുണ്ടാക്കിത്തന്റെ ദേഹത്തിലിട്ടുകൊണ്ടു
സ്വൈരമായ് നടക്കുമ്പോളാഷാഢഭൂതിയെന്നു
പേരുമായൊരുവിപ്രൻ സേവിച്ചുകൂടീടിനാൻ:
സാരമാം ബഹുദ്രവ്യമിദ്ദേഹം കുപ്പായത്തിൽ
ചേരുമാറിട്ടു തുന്നിക്കൊണ്ടല്ലോ നടക്കുന്നു
ഇദ്ധനം കരസ്ഥമാക്കീടുന്നതുണ്ടു ഞാനും
ലുബ്ധനോടർത്ഥം കൈക്കലാക്കിയാൽ ദോഷമില്ലാ.
ഇത്തരം വിചാരിച്ചു പാദശുശ്രൂഷ ചെയ്തു
വൃദ്ധനാം സന്യാസിയെ വിശ്വസിപ്പിച്ചു ധൂർത്തൻ.
ശുദ്ധനാഷാഢഭൂതി നന്നിവനിവൻ കയ്യിൽ
മദ്ധനം സൂക്ഷിപ്പാനായ് കൊടുത്താൽ ദോഷമില്ല
ഇത്ഥമങ്ങുറച്ചൊരു വാസരേ ഭിക്ഷുശ്രേഷ്ഠൻ
സ്നിഗ്ദ്ധനാമവൻ കയ്യിൽ കുപ്പായം സമർപ്പിച്ചു
കാനനനദിതന്നിൽ സ്നാനത്തിന്നെഴുന്നള്ളി
സ്നാനവുംചെയ്തു ജപിച്ചങ്ങനെ നിൽക്കന്നേരം,
ഉദ്ധതന്മാരാം രണ്ടു മേഷങ്ങൾ പരസ്പരം
യുദ്ധമങ്ങാരംഭിച്ചു വാഹിനീതീരന്തന്നിൽ.
ആടുകൾരണ്ടും ബഹുദൂരവേ വാങ്ങിക്കൊണ്ടി-
ങ്ങോടിവന്നുടൻ മുട്ടിപ്പിന്നെയും മാറിപ്പോകും
പിന്നെയും വന്നുമുട്ടും തമ്മിലീവണ്ണമുള്ള
സന്നാഹം ക്രമത്താലങ്ങെത്രയും മുഴുത്തപ്പോൾ
ഭിന്നമാം മുഖങ്ങളിൽ നിന്നുടൻ ചോരക്കട്ട
ചിന്നിയും ചിതറിയും ഭൂതലേ പതിക്കുന്നു.
അന്നേരമൊരു ഭോഷൻ ജംബുകൻ ചെന്നുകണ്ടു
നന്നിതു ചോരത്തുള്ളി നമുക്കു പാനംചെയ്പാൻ,
എന്നവൻവിചാരിച്ചു മേഷങ്ങൾ വാങ്ങുന്നേരം
ചെന്നുടൻ ചോര നക്കിക്കുടിച്ചു തുടങ്ങിനാൻ.
പെട്ടേന്നു മേഷങ്ങളും വന്നുമുട്ടുമ്പോൾ മദ്ധ്യേ
പെട്ടൊരു കുറുനരി ചതഞ്ഞു ചത്തുവീണാൻ.
അമ്മുനിയപ്പോളൊരു ശ്ലോകപാദത്തെച്ചൊല്ലി:
"ജംബുകോ മേഷയുദ്ധേനേതി" താനനന്തരം
കാഷായംധരിച്ചവനിങ്ങെഴുന്നള്ളുന്നേരം
ആഷാഡഭൂതിയേയും കണ്ടില്ലെന്നതേവേണ്ടു.
ശേഷമങ്ങൊരുപാദം പൂരിച്ചു തദാ വയം
"ആഷാഢഭൂതിനേതി" പ്രസ്ഥാനംചെയ്തുപിന്നെ
കുപ്പായംനിറച്ചുള്ള പൊന്നുറുപ്പികയെല്ലാം
എപ്പേരും കൊണ്ടുപോയാനാഷാഢഭൂതിദ്വിജൻ
അന്തിയുമടുത്തപ്പോൾ സന്യാസി ചെന്നങ്ങൊരു
തന്തുവായനെ വീട്ടിൽ പുക്കുവാണരുളിനാൻ.
നൂലുനൂല്ക്കുന്നകൂട്ടം ചാലിയന്മാരിലൊരു-
ചാലിയൻ കള്ളുംകുടിച്ചങ്ങനെ ചാഞ്ചാടുന്നു
ആയവൻകെട്ടിക്കൊണ്ടുവന്നൊരു ചാലിയത്തി
ആയിരംധൂളീ ചത്തു പിറന്നോളെന്നുതോന്നും
മാരമാൽകൊണ്ടു ദാസീദത്തമാം മാർഗ്ഗത്തൂടെ
ജാരനെസ്സന്ദർശിപ്പാൻ ഗൂഢമായ് പോകുന്നേരം
മദ്യപനവളുടെ വല്ലഭൻ തന്തുവായൻ
മദ്ധ്യമാർഗ്ഗത്തിൽ വച്ചു കണ്ടെത്തിപ്പിടികൂടി
എങ്ങുപോന്നെടീ ധൂളിയെന്നവൻ ചോദിച്ചപ്പോൾ
നിങ്ങളെത്തിരഞ്ഞു ഞാൻ വന്നേനെന്നവൾ ചൊന്നാൾ.
ഉള്ളിലെക്കപടം ഞാൻ ബോധിച്ചു കൊള്ളാം തൊഴിൽ
കള്ളത്തീ! നിന്നെത്തൂണിൽബന്ധിച്ചേ മതിയാവൂ.
ഇങ്ങനെ കയർത്തൊരു ചാലിയൻ കയർകൊണ്ടു
പെണ്ണിനെത്തൂണിൽ വരിഞ്ഞെങ്ങുപോയുറങ്ങിനാൻ.
മത്തനാമവനങ്ങു ചത്തപോലുറങ്ങുമ്പോൾ
അത്തൽകൂടാതെ ദാസി തത്ര വന്നിതു മുദാ
തന്തുവായസ്ത്രീയുടെ ബന്ധനമഴിച്ചവൾ
ബന്ധുവായതിനുടെ മാഹാത്മ്യം കാട്ടീടുവാൻ
തന്നെത്താൻ പാശംകൊണ്ടു ബന്ധിച്ചുനിന്നു മറ്റേ
കന്നൽത്താർമിഴിയാളെ ജാരങ്കൽ നിയോഗിച്ചാൾ.
കണ്ഠനാം തന്തുവായനന്നേരമുണർന്നുടൻ
ശണ്ഠകൾതുടങ്ങിനാൻ തന്നുടെ കളത്രത്തെ.
ശുണ്ഠിയും കടിച്ചവൻ ഘോഷിക്കുന്നേരമൊന്നും
മിണ്ടാതെതന്നെനിന്നു ദൂതിയാമവൾതാനും.
കണ്ടകനെഴുന്നേറ്റു ദാസിതന്നുടെ മൂക്കു
കണ്ടിച്ചു കത്തികൊണ്ടു കശ്മലൻ മഹാജളൻ
പിന്നേയും ചെന്നു കിടന്നുറക്കം തുടങ്ങിനാൻ.
അന്നേരമവിടെയ്‍ക്കു ചാലിയത്തിയുംവന്നു
എന്തെടൊ ദൂതീ! നിന്റെ വർത്തമാനമെന്നവൾ
എന്തൊടോ പറയുന്നു നമ്മുടെ വൃത്താന്തങ്ങൾ
എന്നെ നീ പാശക്ലേശം വേർപെടുത്തയച്ചാലും
എന്നതുകേട്ടു പാശമഴിച്ചുവിട്ടാളവൾ.
പിന്നെയും മുന്നേപ്പോലെതന്നെത്താൻബന്ധിച്ചുകൊ-
ണ്ടുന്നതസ്തനി തൂണുചേർന്നുനിൽക്കുന്നനേരം
ചാലിയനുണർന്നതു ബോധിച്ചുചൊന്നാളവൾ:-
കാലിയെപ്പോലെയെന്നെക്കെട്ടിയിട്ടൊരു ദുഷ്ട!
നമ്മുടെ നാസാഛേദംചെയ്തതു പാരം കഷ്ടം
ദുർമ്മതേ! നീയെൻപാതിവൃത്യമോർക്കുന്നീലയോ?
എന്നുടെകൗമാരമാം വയസ്സിൽത്തുടങ്ങി ഞാൻ
അന്യപൂരുഷസ്പർശംചെയ്തിട്ടില്ലെന്നുള്ളൊരു
സത്യമുണ്ടെനിക്കതുകാരണം വൈരൂപ്യംതീർ-
ന്നദ്യ ഞാൻ മുന്നേപ്പോലെ മൂക്കിനെലഭിച്ചീടും.
പ്രത്യേകമിതുലോകപാലന്മാർ കേട്ടിടേണം.
പ്രത്യേകം പിതൃക്കളുമൊക്കെവേ ശ്രവിക്കണം.
നോക്കെടോ! വന്നു മമ ചന്ദ്രനോടൊക്കുംമുഖം
മൂക്കുകണ്ടാലും നല്ലൊരെൾക്കുസുമത്തെപ്പോലെ
മൂർഖനാമവനതുകേട്ടപ്പോൾ വേഗം വന്നു
മൂക്കുമമ്മുഖത്തെയും കണ്ടപ്പോൾ വിസ്മയിച്ചു
കാൽക്കൽ വീണവൻ കൂപ്പിച്ചൊല്ലിനാനെന്റെ ദുഷി-
വാക്കുമീവ്യാപാരവുമൊക്കെ നീ പൊറുക്കണം
തീക്കനൽപോലെനിന്റെ ചാരിത്ര്യം ചാലിപ്പെണ്ണേ!
നീക്കമില്ലെടോ ബാലേ! നിന്നേ ഞാൻ വണങ്ങുന്നേൻ
ഇത്ഥമങ്ങുരചെയ്തു കെട്ടഴിച്ചുപാന്തികേ
നിർത്തിക്കണ്ണുനീർ വാർത്തു പുണർന്നുമേവീടിനാൻ.
തത്ര സംഭവിച്ചൊരു വാർത്തമാനങ്ങളെല്ലാം
പാർത്തുകൊണ്ടനങ്ങാതെ ഭിക്ഷുവും വസിക്കുന്നു.
ദാസികതാനുമപ്പോൾ ഖണ്ഡിതമായുള്ളൊരു
നാസികാഖണ്ഡത്തെയും കയ്യിൽവച്ചിരിക്കുന്നു.
അന്നേരമവളുടെവല്ലഭൻ ക്ഷൗരക്കാരൻ
വന്നുടൻ ക്ഷൗരക്കത്തിസ്സഞ്ചികൊണ്ടുവാ പെണ്ണേ!
എന്നതു കേട്ടങ്ങൊരുകത്തിമാത്രത്തെയെടു-
ത്തങ്ങോട്ടുകൊടുത്തിതു നാപിതസ്ത്രീയാമവൾ.
നാപിതന്മാഹാമൂർഖൻ സഞ്ചികിട്ടാഞ്ഞു പാരം
കോപിച്ചു കത്തിയെടുത്തെറിഞ്ഞാനകത്തേയ്‍ക്കു
അയ്യയ്യോ! മാലോകരേ! നമ്മുടെ ഭർത്താവിന്റെ
കയ്യാലെൻമൂക്കുപോയി, മൂഢനാം മഹാപാപി,
മൂർച്ചയുള്ളൊരുകത്തികൊണ്ടെറിഞ്ഞവനെന്റെ
മൂക്കുകണ്ടിച്ചാനിതുകണ്ടാലും ശേഷഖണ്ഡം.
ഇങ്ങനെപലരെയും വിളിച്ചുകാട്ടീടിനാൾ
അംഗനാജനത്തോളം ദുർബുദ്ധി മറ്റാർക്കുള്ളൂ?
അക്കഥകേട്ടു നൃപൻകല്പിച്ചു ഭടന്മാരും
ചിക്കെന്നുവന്നു പിടിപെട്ടിതു ക്ഷുരകനെ;
നോക്കേടാ മൂഢാ,നീയിപ്പെണ്പിറന്നവളുടെ
മൂക്കുഖണ്ഡിപ്പാനെന്തുകാരണം ദുരാത്മാവേ!
ആർക്കുമേ തോന്നാതുള്ള ദുഷ്‍കർമ്മം ചെയ്ത നിന്റെ
നാക്കുകണ്ടിച്ചു തീയിലെരിച്ചേ മതിയാവൂ.
പെണ്ണിനെദ്രോഹിച്ചവൻ ശൂലാഗ്രേ നക്ഷത്രങ്ങ-
ളെണ്ണിക്കോണ്ടനേകം നാളിങ്ങനെ കിടക്കണം.
എന്നതുകേട്ടു സന്യാസീശ്വരനരുൾചെയ്തുഃ-
കൊന്നുപോകേണ്ട വൃഥാ ഭീതനാം ക്ഷുരകനെ.
ദാസിയാമവളുടെ നാസികച്ഛേദമിപ്പോൾ
നാപിതനല്ല ചെയ്തു നാമെല്ലാം ബോധിക്കുന്നു
തന്തുവായിയാം നാരി കാരണം മഹാമൂഢൻ
തന്തുവായന്താനിതു ചെയ്തതു ഭവാന്മാരേ.
ശ്ലോകർത്ഥമൊന്നുചൊല്ലിബോധവും വരുത്തീടാം;
ലോകാപവാദന്തീരുന്നാപിതന്നിതുകേട്ടാൽ.
മേഷയുദ്ധംകൊണ്ടൊരു ജംബുകം നശിച്ചുപോ-
യാഷാഢഭൂതിമൂലം നമുക്കും നാശംവന്നു
തന്തുവായന്റെമൂലം ദൂതിക്കും നാശം വന്നു
താന്തന്നെജ്ജനിപ്പിച്ചോരനർത്ഥത്രയമിദം
ഇത്തരമരുൾചെയ്തു സന്യാസി ഗമിച്ചിതു;
തത്വമായ് ഭടന്മാർക്കും ബോധിച്ചു വഴിപോലേ.
ശിഷ്ടനാം ക്ഷുരകനെ രക്ഷിച്ചു സമ്മാനിച്ചു;
ദുഷ്ടയാം ക്ഷുരകിയെ ദൂരവെ വിസർജ്ജിച്ചു;
തന്തുവായിക്കമൊരുവൈരൂപ്യം നൽകിവിട്ടു;
തന്തുവായനെക്കൊണ്ടു പിഴയും ചെയ്യിപ്പിച്ചു.
ജംബുകോ മേഷയുദ്ധേന;
വയം ചാഷാഢഭൂതിനാ;
ദൂതികാ പരകാര്യേണ;
ത്രയോ ദോഷാസ്സ്വയംകൃതാഃ