പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/ജംബുകന്മാരുടെ ആമന്ത്രണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ചൊല്ലിനാൻ കരടകൻ കാരിയം ക്ലേശിക്കുന്നോ-
രല്ലല്ലോ നീയും ഞാനുമെന്നതുകൊണ്ടുചെന്നു
അപ്രധാനന്മാരാകും നമുക്കീ വിചാരം കൊ-
ണ്ടല്പവുമൊരു കാര്യമില്ലെടോ സഹോദര!
ഇത്തരമുര ചെയ്തു സോദരൻ ദമനകൻ
സുപ്രധാനത്വം പിന്നെ നമുക്കു വരാമല്ലോ
അപ്രധാനനായുള്ള പുരുഷൻ ക്രമത്താലെ
സുപ്രധാനനായിട്ടും മറിച്ചും കാണുന്നില്ലേ?
മറ്റൊരുത്തന്റെ ശക്തി കൊണ്ടല്ല മനുഷ്യന്മാർ
ഊറ്റക്കാരാകുന്നതും മൂഢന്മാരാകുന്നതും
എന്തിനു മറ്റുള്ളോർക്കു കുറ്റമുണ്ടാക്കീടുന്നു
ചിന്തിച്ചാൽ തന്റെ ഗുണദോഷവും താനുണ്ടാക്കും.
ഉന്നതിവരുത്തുവാനെത്രയും പരാധീനം
പിന്നെയങ്ങധോഗതിക്കെത്രയുമെളുപ്പമാം.
എത്രയും കനത്തൊരു കല്ലുകളുരുട്ടിക്കൊ-
ണ്ടദ്രിതൻ മുകൾപ്പാട്ടിലേറ്റുവാൻ പാരം ദണ്ഡം
ആയതു കീഴ്പോട്ടേയ്ക്കു ചാടിപ്പാനെളുപ്പമാ-
മായാസം ചെറ്റും വേണ്ടാ താഴത്തു വന്നേ നില്പൂ
തന്നുടെ ഗുണത്തിനും തന്നുടെ ദോഷത്തിനും
തന്നുടെ ജീവാത്മാവെന്നുള്ളതു തന്നേ മൂലം.
എന്നതു കേട്ടു തദാ ചോദിച്ചു കരടകൻ
നിന്നുടെ വാക്കിന്നഭിപ്രായമെന്തെടോ സഖേ!
എന്നുടെ വാക്കിന്നഭിപ്രായമിത്തമ്പുരാന്റെ
ഖിന്നതാമൂഢത്വവും ഭീതിയും കാണ്ക തന്നെ.
ഇങ്ങനെ ദമനകൻ ചൊല്ലിനാനിദമിപ്പോൾ
എങ്ങനെയറിഞ്ഞു നീയെന്നഗ്രജനുര ചെയ്താൻ
ഇങ്ങു തോന്നിയതെല്ലാമടിയനുണർത്തിക്കാം
ചൊല്ലുന്ന വാക്കു കേട്ടു ഗോക്കളും പ്രവർത്തിക്കും
തല്ലു പേടിച്ചു മരം വലിക്കും ഗജങ്ങളും
വല്ലതും കെട്ടിപ്പുറത്തേറ്റിയാൽ കഴുതയും
കല്ലിലും പേറിക്കൊണ്ടു മണ്ടുമെന്നതേ വേണ്ടൂ.
ചൊല്ലു കൂടാതെ തന്നെ മർത്ത്യന്റെ മനോഗതം
തെല്ലുമേ തേറീടാതെ ബോധിക്കും മഹാജനം
അന്യചിത്താഭിപ്രായം ലഭിപ്പാനല്ലോ മർത്ത്യൻ
തന്നുടെയുള്ളിൽ ബുദ്ധിസാരത്തെ വഹിക്കുന്നു.
ജംബുകൻ തന്നെ നാമെന്നാകിലും നമുക്കുള്ളിൽ
ബിംബിതം പ്രഭുവിന്റെ ചിത്തസംക്ഷോഭം ദൃഢം
നമ്മുടെ ബുദ്ധി കൊണ്ടു നമ്മുടെ തമ്പുരാനെ
നമ്മുടെ പാട്ടിലാക്കിത്തീർക്കേണമന്നു തന്നെ
എന്തെടോ! നമുക്കുണ്ടോ രാജസേവാഭിജ്ഞത്വം
എന്നുടൻ കരടകനന്നേരം ദമനകൻ
എന്നോളം രാജസേവാധർമ്മത്തെ ഗ്രഹിച്ചവൻ
പിന്നെ മറ്റാരുമില്ലെന്നഗ്രജൻ ഗ്രഹിക്കേണം.
മന്ത്രിയായ് വസിക്കേണ്ടുമ്മാർഗ്ഗവും സംസാരവും
മന്ത്രിച്ചു മറ്റുള്ളോരെച്ചതിപ്പാനുപായവും
കൈക്കാണം മേടിപ്പാനും കണ്ടവരോടും ചേർന്നു
വക്കാണം കൂട്ടി ദ്രവ്യം കൈക്കലാക്കീടുവാനും
കാര്യങ്ങൾ തീരുന്നേരം സ്വാമിക്കു ചെല്ലേണ്ടുന്ന
കാണങ്ങൾ പാതീലേറ്റം പറ്റുവാനുപായവും
മറ്റൊരുവിധം നാട്ടിൽ തീരുന്ന വർത്തമാനം
മറ്റൊരുവിധം ചെന്നു സ്വാമിയെ ബോധിപ്പിക്ക
പറ്റിലുള്ളോർക്കും കാര്യമൊക്കവേ സാധിപ്പിക്ക
മറ്റുള്ള ജനത്തിന്റെ കൊറ്റങ്ങു മുടക്കുക
കൊറ്റിനു വകയുള്ള സാധുക്കൾക്കൊരുവിധം
കുറ്റമുണ്ടാക്കി ദ്രവ്യമൊക്കവേ ഹരിക്കയും
ഇത്തരം ദുർമ്മന്ത്രികൾക്കുള്ളൊരു തൊഴിലുകൾ-
ക്കൊത്തൊരുവിധമെങ്കിലായതും നമുക്കുണ്ടു
പാരിടം തന്നിൽ നല്ല സാമർത്ഥ്യമുള്ളോർക്കേതും
ഭാരമാകുന്ന കാര്യമൊക്കവേ സാധിപ്പാനും
സ്വൈരമാം വണ്ണം മണ്ടിനടക്കും നരന്മാർക്കു
ദൂരമായൊരുദിക്കുമില്ലെന്നു ബോധിക്കേണം.
ധന്യരാം വിദ്വാന്മാർക്കു തന്നുടെ ദേശമെന്നും
അന്യന്റെ ദേശമെന്നും ഭേദമില്ലൊരേടത്തും
എത്രയും പറഞ്ഞർച്ചിച്ചീടുന്ന പുമാന്മാർക്കും
ശത്രുവില്ലെന്നു കേട്ടിട്ടില്ലയോ മഹാത്മാവേ!
ഊചിവാൻ കരടകനിന്നിതു ദമനക-
രോചിതമിദം നിറെ സന്നാഹമെന്നാകിലും
സേവയ്ക്കുള്ളവസരം കാണാതെ തിരുമുമ്പി-
ലാവലാതിക്കു ചെന്നാലബദ്ധമായിത്തീരും.
ചൊല്ലിനാൻ ദമനകനായതു സത്യം തന്നെ
വല്ലാത്തോരവസരേ ചെല്ലുകിലബദ്ധമാം.
ആനയ്ക്കു മദപ്പാടങ്ങുള്ളോരു നേരം ചെന്നാൽ
ആനക്കാരനെപ്പോലുമായവൻ കുത്തിക്കൊല്ലും.
ഏവനെന്നാലും പിന്നെ സന്നിധൗ സദാകാലം
സേവിച്ചുനിൽക്കുന്നോരിൽ സ്വാമിക്കു കൃപയുണ്ടാം
വംശശുദ്ധിയുമില്ല ബുദ്ധിയുമില്ല കണ്ടാൽ
വർക്കത്തു തെല്ലുമില്ല വിദ്യയുമൊന്നുമില്ല
ഇക്കണക്കുള്ള പുമാനെങ്കിലും തിരുമുൻപിൽ
തക്കവും നോക്കി മൂക്കിൽ വിരലും തള്ളി നിന്നാൽ
മന്നവന്മാർക്കു പാരം പക്ഷമായ് വരും ക്രമാൽ
അന്യസേവകന്മാരിലഗ്രഗണ്യനാമവൻ
പാർത്ഥിവന്മാരും പരസ്ത്രീകളും ലതകളും
പാർശ്വസേവിയെപ്പാരം പാട്ടിലാക്കീടും ദൃഢം.
ഇന്ദ്രനോടൊക്കും സ്വാമി ചന്ദ്രനോടൊക്കും ഭവാ-
നെന്നെല്ലാം സ്തുതിച്ചുകൊണ്ടെപ്പോഴും പിരിയാതെ
സന്നിധൗ പാർക്കുന്നവൻ പാർത്ഥിവന്നഭിമതൻ
പിന്നെയെന്തഹോ ബഹു ദുർഭഗനെന്നാകിലും
തന്നുടെ ഹിതം നോക്കിപ്പാർക്കുന്ന പുരുഷനെ
തന്വംഗിമാരും മുദാ കൈക്കൊള്ളും ക്രമത്താലെ.
മുള്ളുള്ള വൃക്ഷത്തെയുമന്തികസ്ഥിതമായാൽ
വള്ളിയും ചുറ്റിപ്പറ്റിക്കേറുമെന്നറിഞ്ഞാലും.
ഇന്നതു പ്രയോഗിച്ചാൽ കോപിക്കും മഹീപതി
ഇന്നതു പ്രയോഗിച്ചാൽ മന്നവൻ പ്രസാദിക്കും
എന്നുള്ള വിശേഷങ്ങൾ കണ്ടുകൊണ്ടുപാന്തികേ
നിന്നു സേവിച്ചീടേണമെപ്പോഴുമിളകാതെ.
എന്നിയേ നിരസിച്ചുവെങ്കിലും കൂട്ടാക്കാതെ
പിന്നെയും ചുറ്റിക്കൂടിപ്പിന്നാലെ നടക്കേണം.
ഇങ്ങനെ പലദിനം ചെയ്യുമ്പോൾ പ്രഭുക്കളും
തന്നുടെ വശത്തായിത്തീരുമെന്നതേ വേണ്ടൂ.
ചോദിച്ചു കരടകനെന്തു നീയുണർത്തിപ്പാൻ
ഭാവിച്ചു സിംഹാന്തികം പ്രാപിപ്പാനൊരുമ്പെട്ടു?
ഉക്തവാൻ ദമനകൻ വല്ലതുമുണർത്തിച്ചാൽ
ഉത്തരം കേൾക്കാമതിനുത്തരമപ്പോൾ തോന്നും
ഉത്തരം തന്നിൽ നിന്നങ്ങുത്തരമുണ്ടാകുന്നു
വിത്തിൽ നിന്നല്ലോ പിന്നെ വിത്തുകളുണ്ടാകുന്നു.
കണ്ടത്തിൽ വിതയ്ക്കുന്ന നെല്ലുകൾ മുളച്ചു നെ-
ല്ലുണ്ടാകുമതു തന്നെ വിത്തായിത്തീരുമല്ലോ
രണ്ടു വാക്കവിടേയ്ക്കു ചെന്നു ഞാനുണർത്തിച്ചാൽ
കണ്ടുകൊള്ളേണം മേന്മേലുത്തരം ബഹുവിധം.
ഏതൊരു വസ്തു ചെയ്താലപ്പോഴേ കെടും കാര്യം
ഏതൊരു വസ്തു ചെയ്താൽ കാര്യങ്ങൾസാധിച്ചീടും
ആയതു രണ്ടും മുമ്പേ നീതിയുള്ളവർ കാണും
ആയതിനൊത്തപോലെ കാര്യത്തിൽ പ്രവേശിക്കും.
ഉത്തമനധമനും മദ്ധ്യമനെന്നീവണ്ണം
മർത്ത്യന്മാർ മൂന്നുവിധമുണ്ടെന്നു ബോധിക്കേണം.
എന്നതിലധമന്താൻ വിഘ്നത്തിൽ ഭയം കൊണ്ടു
ഒന്നുമേ തുടങ്ങാതെ സ്വസ്ഥനായിരുന്നീടും
മദ്ധ്യമൻ പിന്നെക്കാര്യം തുടങ്ങും മുടങ്ങുമ്പോൾ
ബുദ്ധിയും കെട്ടുപാരം മടങ്ങിയടങ്ങീടും
ഉത്തമൻ മദ്ധ്യേമദ്ധ്യേ മുടക്കം വന്നെങ്കിലും
സിദ്ധമാവോളം കാര്യം കൈവിടുകയില്ല.
ഇന്നു ഞാനവസരമെന്തെന്നു ഗ്രഹിക്കാതെ
ചെന്നുചാടുകയുമില്ലെന്നു ബോധിക്ക ഭവാൻ.
ദേവകൾക്കാചാര്യനാം ഗീഷ്പതി താനെങ്കിലും
കേവലമവസരം ബോധിക്കാതുരചെയ്താൽ
ലംഘനം ഭവിച്ചീടും കാര്യവും വരാ തന്റെ
ശ്ലാഘിതത്തിനും ഹാനി വന്നുപോമസംശയം
നല്ലൊരു കാലേ ചെന്നു ചൊല്ലുകിലസാരനും
വല്ല കാര്യമെന്നാലും സാധിച്ചുപോരാം താനും.
ദേശവും കാലവും സംചിന്തിയാതൊരു കാര്യം
ലേശവും തുടങ്ങരുതാത്മബോധമുള്ളവൻ.
ആശയേ പരിപാകമില്ലാത പുമാനോടു
സ്വാശയാഭിപ്രായത്തെച്ചൊല്ലാതൊരുനാളും.
നിഷ്‍കൃപന്മാരെക്കാര്യം കേൾപ്പിച്ചാൽ സമീഹിതം
നിഷ്ഫലമായിത്തീരുമെന്നതും തന്നെയല്ല
ചിന്തിയാതുള്ളോരനർത്ഥങ്ങളുമകപ്പെടും
എന്തിനു മൂഢന്മാരെച്ചെന്നഹോ സേവിക്കുന്നു?
യാതൊരു ഗുണം കൊണ്ടു വൃത്തിസൗഖ്യങ്ങൾ വരൂ?
യാതൊന്നു കൊണ്ടു സജ്ജനവും പ്രശംസിപ്പൂ?
അങ്ങനെയുള്ള ഗുണമുണ്ടാവാൻ ക്ലേശിക്കണം.
എങ്ങുമേ ലോഭം കൂടാതഗ്ഗുണം രക്ഷിക്കേണം.
അഗ്രജൻ ചൊന്നാനപ്പോൾ ഭൂമിപാലന്മാരോടും
സുഗ്രഹന്മാരല്ലവർക്കെങ്ങനെ പക്ഷമെന്നും
ആഗ്രഹമെന്തെന്നതുമാരംഭമെന്തെന്നതും
വ്യഗ്രമെന്നിയേ പാർത്തു ബോധിപ്പാനെളുതല്ല.
സോദരൻ ചൊന്നിതപ്പോളങ്ങുന്നു പറഞ്ഞതു-
മാദരിക്കേണ്ടും പരമാർത്ഥമെന്നിരിക്കിലും
വങ്കടൽക്കരെച്ചെന്നു നില്ക്കുമ്പോൾ ശിവശിവ!
സങ്കടമിതിലിറങ്ങീടുവാനെന്നു തോന്നും
ഒട്ടുനാളിറങ്ങിയും മുങ്ങിയും തിരവന്നു
തട്ടിയിട്ടലഞ്ഞുമിങ്ങൊട്ടേടം ചെന്നും പോന്നും
പെട്ടെന്നു പരിചയിച്ചീടിനാലൊരുവഴി
കിട്ടുമങ്ങതിൽ നീന്തിക്രീഡിച്ചുമേവീടുവാൻ
എന്നതുപോലെ ചെന്നു വന്ദനം ചെയ്തു നിന്നു
ചൊന്നതുകേട്ടും കണ്ടും സൂക്ഷിച്ചും പരീക്ഷിച്ചും
മന്നവൻ തന്റെ ശീലഭാവവും പതുക്കവേ
തന്നുള്ളിലാക്കിക്കൊണ്ടാൽ പിന്നെ വൈഷമ്യമില്ല.
അങ്ങനെ വശത്താക്കാമെന്നൊരു പക്ഷമിപ്പോൾ
ഇങ്ങനെ മനക്കാമ്പിൽ നിൻ കൃപയുണ്ടെന്നാകിൽ
എന്നതു കേട്ടു മുദാ ചൊല്ലിനാൻ കരടകൻ
നന്നിതു സഹോദര! നല്ലതു വന്നീടണം
നിന്നുടെ മാർഗ്ഗം ശുഭമായ് വരും നിരൂപിച്ച-
തൊന്നുമേ ഭംഗം കൂടാതസ്തു തേ ശുഭമതേ!