പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/കുളക്കോഴിയും സമുദ്രവും തമ്മിലുള്ള കലഹം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഉക്തവാൻ ദമനകൻ ശത്രുവാം ജനത്തിന്റെ
ശക്തി താനറിയാതെ പിണങ്ങും ജനങ്ങൾക്കു
ടിട്ടിഭം തന്നിൽ നിന്നു വാരിധിക്കെന്നപോലെ
കിട്ടീടും പരാഭവമെന്നതു ബോധിക്കേണം.
അക്കഥ ശ്രവിക്കേണമെന്നുടൻ സഞ്ജീവകൻ
സൽക്കഥാവിശാരദൻ ചൊല്ലിനാൻ ദമനകൻ
ടിട്ടിഭനെന്നുള്ളൊരു പക്ഷിയുമവനുടെ
കെട്ടിയപ്പെണ്ണും കൂടിസ്സാഗരതടന്തന്നിൽ
കിട്ടിയ ശിശുകൃമി കീടാദിമാംസത്തെക്കൊ-
ണ്ടഷ്ടിയും കഴിച്ചുകൊണ്ടാസ്ഥയാ മേവുങ്കാലം,
ടിട്ടിഭമെന്നാൽ കുളക്കോഴിയെന്നറിയേണം;
ടിട്ടിഭസ്ത്രീക്കു ഗർഭം പൂർണ്ണമായതുകാലം,
ടീട്ടിഭത്തോടു ചൊന്നാളിന്നു ഞാൻ പ്രസവിച്ചു
കുട്ടികളുണ്ടായ് വരുമീറ്റുനോവുണ്ടു കിഞ്ചിൽ.
ഏതൊരു ദിക്കിൽ വേണ്ടു നമുക്കു പ്രസവമെ-
ന്നാതുരഭാവത്തോടെ ചോദിച്ചനേരം, പക്ഷി
വാരിധിതീരേ പെറ്റുകൊൾകയെന്നുരചെയ്തു;
ഉക്തവാൻ കുളക്കോഴി സാഗരം നമ്മെ വെൽവാൻ
ശക്തനല്ലെടോ ബാലേ! ശങ്കയെന്തിനു പാഴിൽ?
ടിട്ടിഭി ചെന്നാളംബുരാശിയും നീയും തമ്മി-
ലൊട്ടുമേ തടുക്കയില്ലെന്തൊരു മോഹം നാഥാ!
തന്നെത്താനറികയെന്നുള്ളതു വൈഷമ്യമായ്
വന്നുപോയതുമൂലമാപത്തു ഭവിച്ചീടും;
തന്നുള്ളിൽ വിചാരമുണ്ടെന്നാകിലനർത്ഥങ്ങൾ
വന്നു പോകയുമില്ല വൈഷമ്യമെങ്ങുമില്ല.
ചൊല്ലിനാനതു നേരം ടിട്ടിഭൻ മഹാധീരൻ:-
വല്ലഭേ! വരിക നീ വാക്കുകൾ കേൾക്കേവേണ്ടൂ;
ബന്ധുക്കൾ പറയുന്ന സൽഗുണം ഗ്രഹിക്കാത്ത
ജന്തുക്കൾ മൂഢത്വം കൊണ്ടന്ധരായ്പതിച്ചീടും;
ബന്ധുവാക്യത്തെ ശ്രവിക്കായ്കകൊണ്ടൊരുകൂർമ്മം
ബന്ധമെന്നിയേ വീണു ചത്തുപോയല്ലോ മുന്നം.

എങ്ങനെയതെന്നവൾ; കേട്ടാലുമെന്നു കാന്ത-
നങ്ങൊരു ദിക്കിലൊരു വാപിയിൽ മേവിടുന്ന
കച്ഛപം കംബുഗ്രീവമെന്നു പേർ സരസ്സിന്റെ
കച്ഛത്തിൽസ്സുഖിച്ചു മേവീടിനാൻ മഹാഭാഗ്യൻ;
സങ്കടേ സഹായിപ്പാൻ മന്ത്രികൾ രണ്ടുണ്ടുപോൽ
സങ്കടൻ വികടനും രാജഹംസന്മാരവർ;
വർഷമില്ലായ്കകൊണ്ടു ഖിന്നരാമിവർ തമ്മിൽ
കർഷസന്താപം കൊണ്ടു താന്തന്മാരുര ചെയ്തു
മറ്റൊരു സരസ്സിങ്കൽപ്പോക നാമെടോ! വെള്ളം
വറ്റുകയില്ലാതുള്ള വാപികൾ പലതുണ്ടു
നമ്മുടെ കംബുഗ്രീവകൂർമ്മത്തോടറിയിച്ചു:-
സമ്മതി വരുത്തിക്കൊണ്ടാശു പോകണന്താനും;
ഇങ്ങനെ കൂർമ്മത്തോടു ചെന്നിവർ ധരിപ്പിച്ചു;
നിങ്ങൾ പോകുന്ന ദിക്കിൽ ഞാൻ കൂടിപ്പോന്നീടുവാൻ
നിങ്ങൾക്കു ചിറകുണ്ടു പറന്നുപോകാമല്ലോ:
എങ്ങനെ നമ്മെക്കൂടെ കൊണ്ടുപോകുന്നു നിങ്ങൾ?
ഞങ്ങൾ ചൊന്നതുപോലെ കേൾക്കുന്നാകിൽ നിന്നെ
ഞങ്ങൾ കൊണ്ടങ്ങുപോകുന്നുണ്ടെന്നു ഹംസങ്ങളും;
ഒന്നുമേയുരിയാടാതങ്ങിനെ പാർത്തീടേണ-
മെന്നതു ചെയ്യാമെന്നു കൂർമ്മവുമുരചെയ്തു.
നീളമുള്ളൊരുകോലും കൊത്തിക്കൊണ്ടന്നു ചൊന്നാർ;
മേളമോടിക്കോലിന്മേൽ കടിച്ചുതൂങ്ങിക്കൊൾക
ഹംസങ്ങൾ ഞങ്ങൾ രണ്ടുപേരുമായ് പ്പതുക്കവേ
അംസത്തിലേറ്റിക്കൊണ്ടു പറന്നുഗമിച്ചീടാം:
മിണ്ടരുതൊന്നും ഭവാനൊന്നുരിയാടിപ്പോയാൽ
ചെണ്ടകൊട്ടുമേ സഖേ! കച്ഛപ കംബുഗ്രീവ!
അങ്ങനെയെന്നു കൂർമ്മം കോലിന്മേൽ കടിച്ചുടൻ
തൂങ്ങിനാനന്നങ്ങളും കൊണ്ടങ്ങു പറന്നിതു.
അങ്ങാടിത്തെരുവിന്റെ മേൽഭാഗേ ചെല്ലുന്നേര-
മങ്ങാടിക്കാരെല്ലാരും താഴത്തുവന്നുകൂടി;
നോക്കെടോ മേൽഭാഗത്തങ്ങെന്തൊരുകൂട്ടം പറ-
ന്നൂക്കോടെ ഗമിക്കുന്നു പണ്ടെങ്ങും കണ്ടിട്ടില്ല;
ഇങ്ങനെ പലർ കൂടിക്കൈകൊട്ടിച്ചിരിച്ചപ്പോൾ
തിങ്ങിന കോലാഹലമുണ്ടായി മഹീതലേ;
ആഘോഷം കേട്ടു ഭയപ്പെട്ടൊരു കമഠമാ-
മാഭോഷൻ വായും പിളർന്നയ്യയ്യോയെന്നു ചൊന്നാൻ.
അക്കോലും കടിവിട്ടു കച്ഛപം കീഴ്പോട്ടേയ്ക്കു
ചിക്കെന്നു പതിച്ചിതു ചൊൽക്കീഴില്ലായ്കമൂലം
മിണ്ടരുതെന്നു ഹംസം ചൊന്നതു കൂട്ടാക്കാതെ
ചുണ്ടുകൾ രണ്ടും പിളർന്നൊന്നവൻ പറഞ്ഞപ്പോൾ
തണ്ടുതപ്പിക്കു കടിവിട്ടുപോയധോഭാഗേ
കണ്ടുനിൽക്കുന്ന ഭടന്മാർ ചെന്നങ്ങെടുത്തുടൻ
കൈകൊണ്ടു ഞെക്കിക്കൊന്നു കണ്ടിച്ചു കലത്തിലി-
ട്ടാകവേ പാകം ചെയ്തുഭക്ഷിച്ചാരെന്നേ വേണ്ടൂ.
എന്നതുകൊണ്ടു ചൊന്നേൻ ബന്ധുക്കൾ കനിവോടെ
ചൊന്നതു കൂട്ടാക്കാതെയിങ്ങനെ വിനാശവും.
പിന്നെയുമുരചെയ്തു ടിട്ടിഭം മമ പ്രിയേ!
നിന്നെ ഞാനിനിനിയൊന്നു പറഞ്ഞു ബോധിപ്പിക്കാം.
പണ്ടു നീ ഗതവിധാതാവെന്നങ്ങൊരു മത്സ്യം,
രണ്ടാമൻ പ്രത്യുല്പന്നമതിയെന്നൊരു മത്സ്യം,
യത്ഭവിഷ്യനെന്നൊരു മൂന്നാമൻ മഹാമത്സ്യ-
മത്ഭുതമിവരുടെ വൃത്താന്തം കേട്ടീടണം.
നല്ലൊരു വാപി തന്നിൽ മൂവരുമൊരുമിച്ചു
അല്ലൽ കൂടാതെ തത്ര സുഖിച്ചു മേവും കാലം,
ദാശന്മാർവന്നു വലവീശുവാൻ പുറപ്പെട്ടു
ദാശന്മാരവർ തമ്മിൽപ്പറഞ്ഞു പതുക്കവേ
ഇസ്സരസ്സിങ്കൽ വെള്ളമേറ്റമില്ലെടോ, നല്ല-
മൽസ്യങ്ങളനേകമുണ്ടത്ര നാമിറങ്ങുക
ആയവർ പറഞ്ഞതു കേട്ടുകൊണ്ടനാഗതൻ
മായമെന്നിയേ മറ്റു രണ്ടുപേരോടും ചൊന്നാൻ.
പോക നാം വൈകീടാതെ മറ്റൊരു തടാകത്തിൽ;
ശോകമൊന്നകപ്പെടുമത്ര നാം പാർത്തീടുകിൽ
ഉല്പന്നമതി പറഞ്ഞീടിനാൻ വരുമെന്നു
കല്പിച്ചുഭയപ്പെടുന്നെന്തിനു പാഴിൽത്തന്നെ
ആപത്തുവന്നാലുടൻ ചിന്തിക്കാമെന്നേ വേണ്ടൂ;
ആപത്തിന്നവകാശമില്ലിപ്പോൾ നമുക്കെടോ!
ദുർഘടം വരുന്നേരമുൾക്കാമ്പിലുപദേശം
തക്കത്തിൽ തോന്നുന്നവർക്കെങ്ങുമേ തടവില്ല,
യത്ഭവിഷ്യനെന്നുള്ള മത്സ്യത്തിന്നുള്ളിൽ ഭയ-
മുത്ഭവിച്ചില്ല തെല്ലും മേവിനാനനങ്ങാതെ.
മുറ്റുമിങ്ങനാഗതൻ പേടിച്ചു പുറപ്പെട്ടു
മറ്റൊരു ജലാശയം പ്രാപിച്ചു മരുവിനാൻ.
പിറ്റേന്നാൾ പുലർകാലേ ദാശന്മാർ വാപിതന്നിൽ
തെറ്റെന്നു വലയിട്ടു മീൻപിടി തുടർന്നപ്പോൾ
ഉല്പന്നമതി മത്സ്യം ചത്തപോലനങ്ങാതെ-
യപ്പുതന്മീതേ വയും പിളർന്നു കിടന്നിതു
ചത്തുവെന്നോർത്തു മുക്കോൻ പിടിച്ചു കരയേറ്റി-
ത്തത്രവെച്ചുറപ്പിച്ചു പോന്നിതു വലവീശാൻ
മുക്കോരങ്ങകന്നപ്പോൾച്ചെന്നൊരു ചെളിതന്നിൽ
പുക്കുകൊണ്ടിരുന്നിതു ദാശന്മാർഗമിപ്പോളം
ഉല്പന്നമതി മത്സ്യമങ്ങനെ ജീവിച്ചിതു.
യല്ഭവിഷ്യനാം മത്സ്യം സംഭ്രമിച്ചുഴലുമ്പോൾ,
ദാശന്മാർ വലയിട്ടു പിടിച്ചു തല്ലിക്കൊന്നു
പാശങ്ങൾ കൊണ്ടുകെട്ടുച്ചുമന്നു കൊണ്ടുപോയാർ
എന്നതുകൊണ്ടു ചൊന്നേനാപത്തു ശമിപ്പിപ്പാ-
നന്നേരമൊന്നുതോന്നും ദൈവമല്ലയോ സാക്ഷി.
ടിട്ടിഭി സമുദ്രത്തിൻ തീരത്തു പ്രസവിച്ചു;
മുട്ടകൾ നാലഞ്ചങ്ങു ഭൂമിയിൽ വീണശേഷം
പെട്ടെന്നു സമുദ്രവും വേരലച്ചതിൽക്കൂടെ
..........യിട്ടുരുട്ടിക്കൊണ്ടാകവേ കൊണ്ടുപോയാൻ
ടിട്ടിഭി കരഞ്ഞുകൊണ്ടങ്ങു ചെന്നറിയിച്ചു
ടിട്ടിഭൻ പറഞ്ഞിതു വല്ലഭേ ഖേദിക്കേണ്ട;
വല്ലതും യത്നം ചെയ്തു വാരിധിതന്നിൽ നിന്നു
നമ്മുടെ പുത്രന്മാരെ ഞാനിങ്ങു വരുത്തുവൻ
എന്നുര ചെയ്തു പക്ഷിസംഘത്തെയെല്ലാമവ-
നൊന്നൊഴിയാതെകണ്ടു വരുത്തി സ്വരൂപിച്ചു
പക്ഷിസംഘത്തോടൊന്നിച്ചപ്പോഴേ പുറപ്പെട്ടു
പക്ഷിരാജനാം ഗരുഡൻ വസിക്കുന്ന ദിക്കിൽ,
ചെന്നു വന്ദിച്ചുനിന്നു കാര്യവുമുണർത്തിചു
തന്നുടെ ജാതിസ്നേഹാൽ താർക്ഷ്യനും ചെന്നു മുദാ
പാൽക്കടൽ താന്നിൽപ്പള്ളികൊള്ളുന്ന ഭഗവാനോ-
ടിക്കഥ ബോധിപ്പിച്ചു വന്ദിച്ചു നിന്നീടിനാൻ.
വൈകുണ്ഠൻ വരുണനെ വിളിച്ചങ്ങരുൾ ചെയ്തു
വൈകാതെ ടിട്ടിഭന്റെ മുട്ടകൾ കൊടുത്താലും
കല്പന കേട്ടപ്പോഴേ വന്ദിച്ചു വരുണനും
കെൽപ്പോടെ കൊടുത്തിതു മുട്ടകളെല്ലാം തദാ;
ഇക്കഥാപ്രസംഗത്തിന്നർത്ഥത്തെ വിചാരിച്ചാൽ
വിക്രമമേറുന്നൊരു വൈരിയോടമർ ചെയ്‌വാൻ
ദുർബ്ബലന്മാർക്കു മനസ്സുണ്ടാകയില്ലെന്നൊരു
സൽഫലമിതുകൊണ്ടു സംഭവിച്ചീടും സഖേ!

രാജാബന്ധുരബന്ധൂനാം രാജാ ചക്ഷുരചക്ഷുഷാം
രാജാ പിതാ ച മാതാ ച സർവേഷാം ന്യായവർത്തിനാം