പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/കുട്ടിയും ഇരുമ്പുകട്ടിയും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പണ്ടൊരു നഗരത്തിൽ വാണിഭം ചെയ്തുകൂട്ടി-
ക്കൊണ്ടൊരു വണിക്കുതാന്തന്നുടെ സുഹൃത്താകും
വാണിഭക്കാരൻ കയ്യിലമ്പതു ഭാരം ലോഹം
പ്രാണവിശ്വാസം മൂലം സൂക്ഷിപ്പാൻ കൊടുത്തവൻ
വിത്തവിക്രയം ചെയ്‍വാൻ ഗമിച്ചു തെക്കേദിക്കിൽ-
പ്പത്തുമാസങ്ങൾ തത്ര താമസിച്ചിങ്ങുവന്നു.
തന്നുടെപക്കൽത്തന്ന ലോഹത്തെത്തരികെടോ!
എന്നുടെ വീട്ടിൽബ്ബഹുമൂഷികന്മാരുണ്ടവർ
തിന്നുതിന്നിതുമ്പെല്ലാമില്ലാതായ്‍വന്നു കഷ്ടം!
എന്തു ഞാൻ ചെയ്‍വനെന്നു ചെട്ടിയുമുരചെയ്തു;
ബന്ധുവെങ്കിലുമവനെത്രയും മഹാധൂർത്തൻ.
ആയതുകേട്ടു മറ്റേച്ചെട്ടിയും വിചാരിച്ചു,
മായമിപ്പറഞ്ഞതു മറച്ചുവെച്ചാനവൻ;
പോയതുകൊണ്ടു പറഞ്ഞാലിനി ഫലമെന്തെ-
ന്നായവൻ പറഞ്ഞങ്ങു യാത്രയും ചൊല്ലിപ്പോന്നു.
പിന്നെയങ്ങൊരുദിനം തന്നുടെ സുഹൃത്തിന്റെ
നന്ദനൻ കളിപ്പാനായ്‍പോകുന്നദശാന്തരേ,
ചെന്നുടൻ പിടിപെട്ടു വലിച്ചുകൊണ്ടുപോന്നു
തന്നുടെ വീട്ടിലൊരു ഗൂഢസ്ഥാനത്തങ്ങാക്കി,
വാതിലുമടച്ചാശു മുടക്കനിട്ടുപൂട്ടി
വാണിഭക്കാരനനങ്ങാതങ്ങു വാണീടിനാൻ.
ബദ്ധനായ്ക്കിടക്കുന്ന ബാലനാ വണിക്കിന്റെ
വൃദ്ധനായുള്ള താതൻ പുത്രനെക്കാണായ്കയാൽ
ബദ്ധപ്പെട്ടോടിവന്നു ചോദിച്ചു സുഹൃത്തോടു;
പുത്രനെക്കണ്ടില്ലെടോ! താനുണ്ടോ കണ്ടു സഖേ?
അന്നേരമുരചെയ്താൻ മറ്റവൻ, മഹാമതേ!
ഇന്നൊരു പരുന്തുവന്നെടുത്തു കൊണ്ടുപോയാൻ
പുത്രനു പതിനെട്ടു വയസ്സുമവനായി-
പ്പത്രിയാം പരുന്തുണ്ടോ കൊണ്ടുപോകുന്നു സഖേ!
താനെന്റെ തനയനെക്കൊന്നിതോ കളഞ്ഞിതോ?
ഞാനിനിച്ചെന്നു നാടുവാഴിയോടറിയിപ്പൻ.
ഇത്ഥമങ്ങുരചെയ്തു കോയിക്കൽച്ചെന്നു വണി-
ക്കെത്രയും വിഷാദിച്ചു കരഞ്ഞുനിന്നീടിനാൻ.
ശ്രേഷ്ഠരാമമാത്യന്മാർ ചോദിച്ചാരവസ്ഥകൾ;
ചെട്ടിയുമുര ചെയ്താനെന്നുടെ തനയനെ
മറ്റൊരു ചെട്ടിയൊളിപ്പിക്കയോ വധിക്കയോ
മറ്റുമിപ്പരമാർത്ഥമന്വേഷിക്കണം നിങ്ങൾ,
പറഞ്ഞാനവനൊരു പരുന്തുകൊത്തിക്കൊണ്ടു
പറന്നുപോയെന്നതുമങ്ങനെ വരുന്നതോ?
എന്നതുകേട്ടു മഹാമന്ത്രികൾ വണിക്കിനെ-
ച്ചെന്നിങ്ങു കൂട്ടിക്കൊണ്ടുവരുവാൻ നിയോഗിച്ചു.
ഭൃത്യന്മാർ വണിക്കിനെക്കൂട്ടിച്ചുംക്കൊണ്ടുവന്നു;
സത്യം നീ പറകെന്നു കല്പിച്ചു കാര്യക്കാരൻ.
പുത്രനെപ്പരുന്തുവന്നെടുത്തുകൊണ്ടുപോയെ-
നത്ര നിന്നുരചെയ്താനച്ചെട്ടി താനുമപ്പോൾ.
ലൗകികമല്ലാതുള്ള വാക്കുകൾ പറഞ്ഞാലീ-
ലോകർ സമ്മതിക്കുമോ ചൊല്ലെടോ! പരമാർത്ഥം?
ഇത്തരം കയർത്തൊരു മന്ത്രികൾ ചൊന്നവാക്കി-
നുത്തരമുരചെയ്തു പേടികൂടാതെ ചെട്ടി:-
ആയിരം തുലാം ഇരുമ്പൊക്കവേ കൂടെത്തന്റെ
വായിലാക്കിനാനൊരു മൂഷികൻ യസ്മിൻ ദേശേ
അദ്ദേശേ പരുന്താശു വന്നൊരു വണിക്കിന്റെ
പുത്രനെക്കൊണ്ടുപോയെന്നുള്ളതു വരാഞ്ഞതോ?
ചൊന്നതു കേട്ടു ചിരിച്ചീടിനാരമാത്യന്മാർ
മുന്നമീ വണിക്കേവം വ്യാജത്തെപ്പറഞ്ഞിതോ?
നന്നെടോ! നിന്റെ തല പോവതിനടുത്തിനി-
ചെന്നുടനിരുമ്പെല്ലാം കൊണ്ടന്നുകൊടുത്താലും
അന്നേരം കാണാം നിന്റെ നന്ദന‌ൻ വരുന്നതും;
അന്യായം പറഞ്ഞതിനുള്ളൊരു ഫലമിപ്പോൾ
അമ്പുരാൻ കല്പിക്കുന്ന ദ്രവ്യങ്ങളൊക്കെത്തിരു-
മുമ്പിൽ വയ്ക്കേണ്ടിവരുമെന്നവരുരചെയ്തു.
ആയതുകേട്ടുവണിക്കായിരം തുലാമിരു-
മ്പായവൻ കയ്യിൽ കൊടുത്തേല്പിച്ചോരനന്തര-
മായവൻ സുതനേയും കൊണ്ടന്നു ദാനം ചെയ്താൻ.