പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/കാളസർപ്പത്തെ വധിപ്പിച്ച വായസങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഏന്നതുകേട്ടു മുദാ ചൊല്ലിനാൻ കരടകൻ:-
നന്നിതു സഹോദര! നീതിഭേദങ്ങളെല്ലാം.
നമ്മുടെ കാര്യം കൊണ്ടു ചിന്തിക്കു ദമനക!
നന്മമേൽ പ്രജകൾക്കു വർദ്ധിപ്പാനെന്തുവേണ്ടൂ?
നല്ലതുവരാൻ വഴിചൊല്ലിനാൻ ദമനകൻ
വല്ലതുമുപായമൊന്നുണ്ടാകും വിചാരിച്ചാൽ
നഷ്ടമാംകാര്യം പുനഃ സത്വരം സാധിപ്പാനും
പുഷ്ടമാം കാര്യം പരിപൂർണ്ണമായ് വരുത്താനും
പ്രാപ്തമനർത്ഥത്തെ ക്ഷിപ്രമങ്ങൊഴിപ്പാനും
പാത്രമാം മന്ത്രം പരം യന്ത്രമെന്നറിയുന്നു.
പിംഗലകനും മഹാതുംഗനാം വൃക്ഷഭനും
തങ്ങളിൽ കലഹിപ്പിക്കേണമെന്നെന്റെ പക്ഷം.
അങ്ങിനെസാധിക്കുമോയെന്നിതു കരടകൻ;
സംഗതി വരുത്തുന്നുണ്ടെന്നിഹ ദമനകൻ
തൽക്കാര്യമുപായം കൊണ്ടഞ്ജസാ സാധിക്കുന്നു;
തൽക്കാര്യം പരാക്രമം കൊണ്ടു സാധിക്കയില്ല.
കാകപ്പെണ്ണൊരു കടീസൂത്രത്തെക്കൊണ്ടു മുന്നം
കാളസർപ്പത്തെ വധിപ്പിച്ചതു കേട്ടിട്ടില്ലേ?
ചൊല്ലെടോ ദമനക, കീദൃശമിദമെന്നു;
ചൊല്ലിനാൻ ദമനകൻതാനുമഗ്രജനോടു:-
പൊക്കമുള്ളൊരു മരന്തന്നുടെ ശിഖരത്തിൽ
കാക്കയും കാക്കപ്പെണ്ണും കൂടിയങ്ങിരിക്കുമ്പോൾ,
കാകി പെറ്റുണ്ടാകുന്ന മുട്ടകൾ കാണ്മാനില്ല;
ശോകമായതുകൊണ്ടു കാകനും കാകസ്ത്രീക്കും.
ഗൂഢമായ്‍ത്തിരഞ്ഞപ്പോൾ തങ്ങടെ മരത്തിന്റെ
കോടരന്തന്നിലൊരു കൃഷ്ണസർപ്പത്താനുണ്ട് ;
ആയവൻ വന്നുതിന്നു സർവ്വവും മുടിക്കുന്നു;
ആയതു വിചാരിപ്പാനാരെയും കാണുന്നീല;
വായസിക്കതുകാലം ഗർഭവും തികഞ്ഞിതു;
വായസം പുറപ്പെട്ടു തന്നുടെ സഖിയാകും-
ഗോമായുപ്രവരനോടിക്കഥ ബോധിപ്പിച്ചു;
ഗോമായുപ്രവരനും കാകനോതുരചെയ്താൻ
കൊക്കെന്നുള്ളൊരുപക്ഷി നീറ്റിലെമത്സ്യങ്ങളെ-
യൊക്കേവേ തക്കംനോക്കിപ്പാർത്തവൻ കൊത്തിത്തിന്നും.
ദുർഘടമിവ ചെയ്യും കൊമ്മിനെയൊരുദിനം
കർക്കടംകുടിച്ചാശു കൊന്നതു കേട്ടിട്ടില്ലേ?
കാകാനും പറഞ്ഞിതു ഞാനതു കേട്ടിട്ടില്ലാ;
നീ കഥിക്കെന്നു തദാ, ചൊല്ലിനാൻ ഗോമായുവും.

കൊക്കെന്നുപേരായുള്ള വൃദ്ധനാമൊരുപക്ഷി;
പൊക്കത്തിൽപ്പറപ്പാനും ശക്തിയില്ലവനൊട്ടും
ചിക്കെന്നങ്ങൊരുദിനം കാനനസരസ്സിന്റെ
വക്കത്തുചെന്നു പാരം ദുഃഖിച്ചുവസിക്കുമ്പോൾ,
കർക്കടാഖ്യനായുള്ള സമർത്ഥൻ ജലജന്തു
കൊക്കിനോടുരയെയ്താനെന്തെടോ! താനിങ്ങനെ
ദുഃഖിതനെന്നപോലെ ദക്ഷണംവെടിഞ്ഞൊരു-
ദിക്കിൽവന്നനങ്ങാതെ പാർക്കുന്നു പറഞ്ഞാലും,
ജീവനം നമുക്കെടോ! മത്സ്യമാംസമേയുള്ളൂ;
കേവലമതുകൊണ്ടു ജീവിച്ചുവസിക്കുന്നു.
കൊക്കുജാതികൾക്കെല്ലാം നീറ്റിലെമത്സ്യമെന്യേ
മറ്റൊരുവകയില്ല കൊറ്റിനെന്നറിഞ്ഞാലും.
ഇന്നിപ്പോളൊരു കഥ കേട്ടുഞാൻ കൈവർത്തന്മാർ
വന്നിഹ വലവീശാൻ ഭാവിച്ചുപുറപ്പെട്ടു;
മുക്കുവർവന്നിവിടെ മത്സ്യത്തെപ്പിടിച്ചെങ്കിൽ
പോകുമിജ്ജനത്തിന്റെ ഭക്ഷണമെടോ ഞണ്ടേ!
ഇത്തരം ബകത്തിന്റെ വാക്കുകൾ കേട്ടനേരം
തത്ര മേവുന്ന മഹാമത്സ്യങ്ങൾ ഭയപ്പെട്ടു.
വമ്പനാംകൊമ്പൻശ്രാവും കണ്ണനും കരിമീനും
ചെമ്പനുംപരൽമീനുമെന്നിവർ മഹായോഗം
സംഭ്രമത്തോടെചേർന്നു കൊക്കിനെത്തൊഴുതുകൊ-
ണ്ടുംഭസ്സിൽനിരന്നുനിന്നിത്ഥമൊന്നുരചെയ്തു:-
ഇജ്ജനങ്ങളെബ്ഭവാൻ പാലനം ചെയ്തീടണം
ദുർജനന്മാരയുള്ള ദാശന്മാരത്രവന്നു;
ഉള്ളത്തിൽ കനിവില്ലാതുള്ളവർ വലയിട്ടു,
വെള്ളത്തിൽക്കിടക്കുന്ന ഞങ്ങളെപ്പിടിക്കാതെ
കള്ളത്തിലൊരുതൊഴിലങ്ങുന്നു വിചാരിച്ചു
കള്ളന്മാരുടെ ദുർമ്മര്യാദത്തെ നിർത്തിടേണം.
യാതൊരേടത്തുനിന്നു സങ്കടം സാധുക്കൾക്കു
ജാതമായവരോടു കൈതവം പ്രയോഗിക്കാം.
വാമനൻ വ്യാജംപൂണ്ടു മാബലിയോടു പണ്ടു
ഭൂമി, പാതാളം, സ്വർഗ്ഗം മാധവൻ വീണ്ടില്ലയോ?
മത്സ്യശത്രുക്കളാകും ദാശന്മാരോടു ചെന്നു
മത്സരിപ്പതിനഹോ കൊക്കുകൾ മതിയാമോ?
മുറ്റുമിന്നുപകാരമത്രമാത്രം ഞാൻ ചെയ്യാം.
മറ്റൊരുജലാശയേ നിങ്ങളെക്കൊണ്ടുചെന്നു
കുറ്റമെന്നിയേ തത്ര പാർപ്പിക്കാമവിടത്തിൽ
ചെറ്റുമിദ്ദാശന്മാരെപ്പേടിക്കവേണ്ടതാനും.
ഇങ്ങനെ ബകത്തിന്റെ ചൊൾകേട്ടു മത്സ്യങ്ങളും
അങ്ങനെ കൊള്ളാമെന്നു പറഞ്ഞു പിരിഞ്ഞിതു.
അന്നു തൊട്ടോരോ ദിനമോരോരോ മത്സ്യങ്ങളെ-
ച്ചെന്നുടൻകൊത്തിക്കൊണ്ടു മറ്റൊരുഗൂഢസ്ഥലേ
കൊണ്ടുചെന്നമ്മത്സ്യത്തെബ്‍ഭക്ഷിച്ചു മഹാമൂഢൻ
രണ്ടു മൂന്നുമാസങ്ങളിങ്ങനെ കഴിഞ്ഞിതു.
ഉണ്ടിതിന്നൊരുവ്യാജമന്നുശങ്കിച്ചു തദാ
ഞാണ്ടുചെന്നുരചെയ്തു കൊക്കിനോടൊരുദിനം,
ഇന്നു നീ നമ്മെക്കൊണ്ടുപോകേടോ! ബകാധീശാ!
നന്നുപോലപ്രദേശം നമുക്കു വാണീടുവാൻ,
എന്നതുകേട്ടു ബകം ചിന്തിച്ചാൻ കുളീരത്തെ-
ക്കൊന്നുതിന്നതിലുള്ള സ്വാദുമിന്നറിഞ്ഞീടാം,
ഇത്ഥമങ്ങുറച്ചവനങ്ങനെ കൊത്തിക്കൊണ്ടു
തത്ര നിന്നാശു വധ്യസ്ഥാനത്തെ പ്രവേശിച്ചു.
തൽപ്രദേശത്തു ബഹുമത്സ്യാസ്ഥിക്കൂട്ടംകണ്ടു
ക്ഷിപ്രമാശയേ ചിന്തിച്ചീടിനാൻ കുളീരേന്ദ്രൻ.
തൽക്ഷണം മഹാദുഷ്ടൻ മത്സ്യത്തെക്കൊണ്ടന്നിഹ
ഭക്ഷണംകഴിക്കയോ ചെയ്യുന്നു വിലക്ഷണം?
എങ്കിൽ ഞാനിവനുടെ സംഹാരം ചെയ്തീടുന്നേൻ;
ശങ്കയില്ലെനിക്കതു സാധിക്കും ദൈവാശ്രയാൽ.
സാധ്യമല്ലെങ്കിൽത്തന്റെ പ്രാണനെയുപേക്ഷിക്കാം;
സാധുരക്ഷാർത്ഥമായി മരിച്ചാൽ മോക്ഷം ഫലം.
യുദ്ധം ചെയ്തില്ലെങ്കിലും മൃത്യു നിശ്ചയമിപ്പോൾ;
യുദ്ധത്തിൽ രണ്ടുംവരും സംശയസ്ഥാനം യുദ്ധം.
അങ്ങനെ വരുംദിക്കിൽത്തങ്ങടെ ശക്തിക്കൊക്കും-
സംഗരം ചെയ്യാമെന്നു സാധുക്കൾ ചൊല്ലിക്കേൾപ്പൂ.
കർക്കടകാധീശ്വരനിങ്ങനെ വിചാരിച്ചു
കൊക്കിന്റെ കൊക്കിൽനിന്നു കുതിച്ചുചാടീടിനാൻ.
വക്കാണം തുടങ്ങിനാനുൽക്കട കോപത്തോടെ;
ധിക്കാരം കണ്ടു കൊക്കും കോപിച്ചു യുദ്ധംചെയ്തു.
കണ്ഠത്വം വെടിഞ്ഞുടൻ ഞണ്ടു തൽബകത്തിന്റെ
കണ്ഠത്തിൽക്കടിച്ചവനഞ്ജസാ കൊലചെയ്തു.

ചൊല്ലിയെന്നതുകൊണ്ടു ശത്രുനിഗ്രഹം ചെയ്‍വാൻ
വല്ലതുമുപായമുണ്ടായ്‍വരും സാധുക്കൾക്കും.
എന്തു ഞാൻ ചെയ്‍വനിപ്പോളെന്നു ചോദിച്ചു കാകൻ;
ബന്ധുവാം ക്രോഷ്ടാവുരചെയ്തു നല്ലുപദേശം.
അന്തികേ നൃപാലയേ ഭൂപന്റെ മഹിഷിയാം.-
ദന്തിഗാമിനിയുണ്ടു വാപിയിൽ കുളിക്കുന്നു.
ഉന്നതസ്തനിതന്റെ പൊന്നാരഞ്ഞാണമഴി-
ച്ചന്യഭാഗത്തുവച്ചു മുങ്ങുവാൻ ഭാവിക്കുമ്പോൾ
സത്വരം പറന്നു ചെന്നുത്തരംകടിസൂത്രം
കൊത്തി നിൻ കൊക്കിലാക്കിക്കൊണ്ടു പോന്നാലും സഖേ!
ആയതു മരത്തിന്റെ തുഞ്ചത്തു തൂക്കിക്കൊണ്ടു
വായസ! ഭവാനനങ്ങതെയങ്ങിരുന്നാലും,
ആ വഴി വരുന്നൊരു പാന്ഥന്മാരതു കണ്ടാൽ
ആയതു കരസ്ഥമാക്കീടുവാൻ യത്നം ചെയ്യും
ഉന്നതദ്രുമം തന്നിലേറുവാൻ തുടങ്ങുമ്പോൾ
പന്നഗമതിൽനിന്നു പത്തിയുമുയർത്തീടും.
ദംശിപ്പാൻ വരുന്നൊരു സർപ്പത്തെപ്പഥികന്മാർ
സംശയം കൂടാതവർ തല്ലി നിഗ്രഹിച്ചീടും,
അങ്ങനെ വന്നാൽ നിന്റെ സങ്കടമെല്ലാം തീരും;
തങ്ങൾക്കു പാമ്പിൻ പക സംഭവിക്കയുമില്ല.
കാകനുമവൻ പ്രബോധിപ്പിച്ചൊരുപായത്തെ
വ്യാകുലം കൂടാതനുഷ്ഠിച്ചതു കുതൂഹലാൽ.
അങ്ങനെതന്നെ കൃഷ്ണഭോഗിതൻ വിനാശവും
സംഗതിവന്നി,തതുകൊണ്ടു ഞാനുരചെയ്തേൻ.
യൽക്കാര്യമുപായം കൊണ്ടഞ്ജസാ സാധിക്കുന്നു.
തൽക്കാര്യം പരാക്രമം കൊണ്ടു സാധ്യമല്ലെന്നു.