നാട്ടെഴുത്തശ്ശന്മാർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നാട്ടെഴുത്തശ്ശന്മാർ (ലേഖനം)

രചന:വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
1900ത്തിന് മുമ്പ് 'വിദ്യാവിനോദിനി'യിലാണ് "നാട്ടെഴുത്തശ്ശന്മാർ" ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്

കേരളത്തിൽ പഠിപ്പു കുറഞ്ഞവരും രോഗികളും ധാരാളമുണ്ടെങ്കിലും, ഇത്രയധികം മുറിവൈദ്യന്മാരെയും എഴുത്തശ്ശന്മാരെയും ക്ഷാമം തീർന്നു കിട്ടുന്ന ദിക്കും , വേറെ ഉണ്ടോ എന്നു വളരെ സംശയമാണ്. പണ്ടു തുഞ്ചത്തെഴുത്തശ്ശൻ ഒരു ഗ്രന്ഥം പകർത്തു തീരാറായ സമയം അമാനുഷനായ ആ മഹാകവിയെ പരീക്ഷിക്കേണ്ടതിനു ചില നമ്പൂതിരിമാര് മൂലഗ്രന്ഥം ഒളിച്ചുവെച്ചപ്പോൾ അതുവരെയുള്ള കഥാപ്രസംഗത്തിന്നു അനുസരിച്ചു ബാക്കിയുള്ള ഒന്നു രണ്ട് ശ്ലോകങ്ങൾ താൻ തന്നെ ഉണ്ടാക്കി ചേർത്തുപോലും. പിന്നീടു മൂലഗ്രന്ഥവുമായി ഒത്തുനോക്കിയപ്പോൽ ശ്ലോകങ്ങൾ തമ്മിൽ യാതൊരു വ്യത്യാസവും കണ്ടില്ല. അതിൽ പിന്നെ ഈ മഹാകവിക്കു സരസ്വതി പ്രത്യക്ഷമാണെന്നു തീർച്ചപ്പെടുത്തി."എഴുത്തിന്റെ അച്ഛൻ" അല്ലെങ്കിൽ എഴുത്തച്ഛൻ എന്ന സ്ഥാനപ്പേരും കിട്ടി: എന്നൊരു കഥയുണ്ട്. ഇപ്പോൾ എഴുത്തശ്ശനാവാൻ എഴുത്തുമായിട്ട് സംബന്ധം തന്നെ വേണമെന്നില്ല. അരിക്കും നെല്ലിനും മാത്രമേ വില കയറീട്ടുള്ളൂ. മറ്റെല്ലാ സാധനങ്ങൾക്കും, എന്നു വേണ്ട സ്ഥാനമാനങ്ങൾക്കു കൂടി ഇപ്പഴ് വിലസഹായമുണ്ട്. ക്ഷ്ടിച്ചു കൂട്ടി വായിക്കാറായൽ എഴുത്തശ്ശനാവാം. ഒന്നു രണ്ടൂ ശ്ലോകമുണ്ടാക്കിയാലത്തെ കഥ പറയേണ്ട, കവിയായിപ്പോയി. വൈദ്യനൊ വൈദികനൊ ആവാൻ അത്രയും അറിയണമെന്നില്ല. അച്ഛനൊ അമ്മാവനൊ വൈദ്യനായാൽ താനും വൈദ്യനായി. എഴുത്തശ്ശനാവാൻ പാരമ്പര്യം കൂടി നോക്കാനില്ല. ഈ ജാതിയിൽ നാലഞ്ചു തരക്കാരുണ്ടെങ്കിലും തൽക്കാലം ഇവിടെ വിവരിപ്പാൻ പോകുന്നതു കാലക്രമേണ നശിച്ചു പോകുന്നവരും നാട്ടുപുറങ്ങളിൽ മാത്രം ഇപ്പഴും ദുർല്ലഭമായി കണ്ടുവരുന്നവരുമായ കൂട്ടരെപ്പറ്റിയാണ്. മലയാളത്തിലെ ആശാരി, മൂശാരി, തട്ടാൻ, ജന്മി, എജമാനൻ, ഉദ്യോഗസ്ഥൻ എന്നു വേണ്ട മിക്ക ജാതിക്കാരെയും കാണുമ്പോൾ തന്നെ ഇന്ന ജാതിക്കാരനാണെന്നു ക്ഷണത്തിൽ തിരിച്ചറിയാം. എഴുത്തശ്ശന്മാരെയും ഏതാണ്ടു കാണുമ്പോൾ ഊഹിച്ചറിയാൻ പ്രയാസമില്ല. സാധാരണ ജനങ്ങളുടെ ഉടുപ്പും മാതരിയും മറ്റും കാണുമ്പോൾ അവർ ഇന്ന ദിക്കുകാരാണെന്നു നാം മിക്കവാറും ശരിയായി പറയുന്ന അവസ്ഥയ്ക്ക് എഴുത്തശ്ശനാണെന്നു പറഞ്ഞു നടക്കുന്നവരെയും ഊഹിച്ചറിവാൻ എളുപ്പമാണ്. കഷണ്ടിയാണെന്നു പറയാൻ പാടില്ലാത്ത വിധത്തിൽ തലയിൽ രോമം വളരെ കുറഞ്ഞ്, ഇരുവിരൽ നെറ്റിയും, കുണ്ടൻ കണ്ണും, ഒട്ടിയ കവിളും, നീട്ടം കുറഞ്ഞ് ബഹുവിസ്തീർണ്ണമായ ദ്വാരത്തോടുകൂടിയ മൂക്കും നേരിയ ചുണ്ടും ഒരുമാതിരി പച്ച നിറത്തോടു കൂടിയ പല്ലും, വലിയ മുഴയോടുകൂടിയ വണ്ണം കുറഞ്ഞ കഴുത്തും നെഞ്ഞുന്തി ലേശം പോലും ഉദരപുഷ്ടിയില്ലാത്ത മെലിഞ്ഞ ദേഹവും, കയ്യും കാലും നന്നേ നേർത്തും, കഷ്ടിച്ചു മുട്ടുമറയുന്നതായ കട്ടി മുണ്ടും ഉടുത്ത്, എടങ്ങഴി ഭസ്മവും വാരിത്തേച്ച്, നല്ലൊരു എഴുത്താണി പീശാങ്കത്തിയുമായി ക്ഷയരോഗിയുടെ മാതിരി എല്ലായ്പ്പോഴും കുരച്ചോണ്ട് ചൊറിഞ്ഞോണ്ട്, ആകപ്പാടെ മനുഷ്യാകൃതിയിൽ ഭയങ്കരമായിട്ടുള്ള പൈശാചിക രൂപം കണ്ടാൽ, അതൊരു എഴുത്തശ്ശനായിരിക്കണമെന്നു ഊഹിക്കുന്നതായാൽ അധികമായ അബദ്ധമൊന്നും വരാനെടയില്ല. കാലാവസ്ഥ കൊണ്ടു ചിലരുടെ വേഷം ഇതിലും കുറെ നന്നായിട്ടുണ്ട്. അങ്ങനെയുള്ളവരുടെ ആകൃതിക്കനുസരിച്ചു പ്രകൃതിക്കും ചില വ്യത്യാസങ്ങൾ വന്നേയ്ക്കാം. ഇപ്പോൾ മിക്ക ദിക്കിലും ഗ്രാമസ്കൂൾ വെച്ചതുകൊണ്ടും, നവീന സമ്പ്രദായക്കാർക്ക് ഇങ്ങനെയുള്ള കൂട്ടരെ പരിഹാസമുള്ളതുകൊണ്ടും കാവടിക്കാരെപ്പോല ഇവർക്കും പട്ടണങ്ങളിൽ നിന്നു നിത്യവൃത്തിക്കു വേണ്ടുന്ന അനുഭവമൊന്നും കിട്ടാത്തതിനാൽ ഈ വക വിദ്വാന്മാരെയും കുറഞ്ഞൊരു കാലമായി നാട്ടുമ്പുറങ്ങളിലാണ് അധികം കാണുന്നത്. എഴുത്തശ്ശന്മാരെക്കൊണ്ടു പലേ ഉപകാരങ്ങളുമുണ്ട്. ഒന്നാമതു കള്ളന്മാർ വീട്ടിൽ കടക്കുമെന്നുള്ള ഭയം വേണ്ട. എണ്ണയോ കുഴമ്പോ കാച്ചണമെങ്കിൽ അതിനും തയ്യാറാണ്. പഞ്ചാംഗത്തിൻ ആവശ്യവും കുറയും. എഴുത്തശ്ശന്മാരുടെ മട്ടു പല ദിക്കിലും പല മാതിരിയാക കൊണ്ടു അവരുടെ പ്രവൃത്തി എന്തെല്ലാമാണെന്നു ഖണ്ഡിതമായി പറയാനും നിർണ്ണയിക്കാനുമാണ് പ്രയാസം. ചില ദിക്കിലുള്ള കൂട്ടര്, കണ്ടാൽ നല്ല യോഗ്യന്മാരായിരിക്കും. അങ്ങിനെയുള്ളവർക്കു ഭക്തി വിഷയത്തിൽ ശക്തി കുറയും. ശൃംഗാരത്തിലായിരിക്കും വാസന. കുളിയും ജപവും തോർത്തുമുണ്ടും ചന്ദനപ്പൊട്ടും പൊട്ടിന്മേൽ പൊട്ടും സിന്ദൂരവും, അമ്മായിശ്ലോകങ്ങളും മൂളൻപാട്ടും, എന്നുവേണ്ട, പലേ രസികത്വങ്ങളുമുണ്ട്. പക്ഷെ ഈ തരക്കാരെ കസ്ബ സ്ഥലങ്ങളിൽ വളരെ ദുർല്ലഭമേ കാണുന്നുള്ളൂ. ചില ദിക്കിൽ ഇവര് മന്ത്രവാദികളായിട്ടും നടക്കാറുണ്ട്. ചില തറവാടുകളിൽ എഴുത്തശ്ശൻ തന്നെയായിരിക്കും കലവറക്കാരൻ. മിക്ക ദിക്കിലും സംബന്ധക്കാരെ അന്വേഷിച്ചുണ്ടാക്കുന്ന ഭാരവാഹിത്വം എഴുത്തശ്ശന്മാരിൽ തന്നെയാണ്. ആകപ്പാടെ വിചാരിച്ചു നോക്കിയാൽ എഴുത്തശ്ശൻ എല്ലാറ്റിനും കൊള്ളുന്നവനായിരിക്കണം. അവർക്കു സകലതും ഗ്രാഹ്യമാണെന്നാ വച്ചിട്ടുള്ളത്. ചില സങ്കീർത്തനങ്ങളും നാലഞ്ചഷ്ടകങ്ങളും കുറെ പച്ചപ്പാട്ടും ഒന്നുരണ്ടു 'ഖാണ്ഡത്തിൽ' ചുരുങ്ങാതെ അമരവും ഒന്നൊ രണ്ടൊ ചില്ലറ കാവ്യങ്ങളും കുറേശ്ശെ വൈദ്യവും അല്പം പ്രശ്ന മാർഗ്ഗവും വൈകുന്നേരത്തെ വിനോദത്തിന്നു മാത്രം കുറച്ചു വേദാന്തവും ചില പ്രകരണങ്ങളഉം അറിയാത്ത എഴുത്തശ്ശന്മാര് ചുരുങ്ങും. കുറഞ്ഞൊരു കാലമായി അല്പം വ്യവഹാരം ശീലിച്ചവരും ഇല്ലെന്നില്ല. എഴുത്തറിയുമെങ്കിൽ സംഗീതം വശമുണ്ടോ എന്നു ചോദിക്കേണമെന്നില്ല. ഉൾനാടുകളിലിൽ രാമായണം, ഭാരതം മുതലായത് വായിക്കുന്നതു ഇന്നും എഴുത്തശ്ശൻ മട്ടിലാണ്. ചിലരുടെ പക്ഷം അങ്ങിനെ വായിച്ചാലേ ഗുണമുള്ളു എന്നും കൂടിയുണ്ട്. ഈ രാഗം ആലാപിക്കയെന്നൊ വിലപിക്കയെന്നൊ എന്താ പറയേണ്ടതെന്നു തന്നെ നിശ്ചയമില്ല. ഏതെങ്കിലുമായിക്കോട്ടെ, ചിലര് ഇതു ശീലിക്കാനായി വളരെ പ്രയാസമാണെന്നു ധരിച്ചുവശായിട്ടുണ്ടൊ എന്നു ശങ്കിക്കേണ്ടി വന്നിരിക്കുന്നു. ദീക്ഷിതര്, ത്യാഗരാജൻ മുതലായ മഹായോഗ്യന്മാരും കൂടി ഈ രാഗത്തിൻറെ സ്വരചിത്ത എന്താണെന്നറിയേണ്ടതിന്നു വളരെ ശ്രമിച്ചിട്ടേതും ഫലമായില്ലെന്നു കേട്ടിട്ടുണ്ട്. കുറെ മനസ്സിരുത്തി നോക്കിയാൽ നാം വിചാരിക്കുന്നത്ര ബുദ്ധിമുട്ടുണ്ടെന്നു തോന്നീല. ഒന്നാമത് നല്ല കണ്ഠമായിരിക്കണം. എടത്തെ കൈ ബുദ്ധിമുട്ടുണ്ടെന്നു എടത്തെ ചെവിയുടെ അടുക്കൽ ഒറപ്പിച്ചുവെച്ചു ഉദാത്തം അനുദാത്തം സ്വരിതം എന്നീ മൂന്നുവിധത്തിൽ ഒന്നായിട്ടും വേറെയും വായ നല്ലവണ്ണം പൂട്ടി തല കുലുക്കിയും കൊണ്ട് വളരെ നേരം മൂളാനായിട്ടാണ് ആദ്യമായി അഭ്യസിക്കേണ്ടത്. പിന്നെ, വായ പാടുള്ളേടത്തോളം തുറന്ന്, 'ആ' എന്നുച്ചത്തിൽ നിലവിളിക്കാൻ ശീലിക്കണം. അങ്ങിനെ തന്നെ വായ കവിടി സഞ്ചിയുടെ മാതിരി തുറന്ന്, 'ഏ' കാരം പുറപ്പെടീക്കാനും മനസ്സിലാക്കേണ്ടതാവശ്യമാണ്. ഇത്രയും ശീലിച്ചുപോയാൽ, വർണം അലങ്കാരം എന്നു വേണ്ട, സകല രാഗങ്ങളും പൊടി പാറിപ്പാടാം. പേര് മാത്രം തരം പോലെ വിളിച്ചോണ്ടാല് മതി. എഴുത്തശ്ശൻ രാഗത്തിലും കഥകളിപ്പാട്ടിലും പാടുള്ളത്ര ഉച്ചത്തിൽ കൂക്കിവിളിക്കുന്നതാണ് മുഖ്യ സംഗതി. ആദ്യത്തെ സ്വരം ഏകദേശം പകുതി ആവുമ്പോൾത്തന്നെ സമീപമുള്ള നായ്ക്കളൊക്കെ ഞെട്ടിയുണർന്നു, 'ചങ്കിടി' പാടാൻ തുടങ്ങണം. ഇതൊരു പരിഹാസമാണെന്നു വിചാരിക്കരുത്. ഒരു വസ്തുഗന്ധമില്ലാത്ത പശുക്കൾ കൂടി നല്ല പാട്ടുകേട്ടാൽ ഭ്രമിച്ചുനില്ക്കുന്ന അവസ്ഥക്ക്, അവറ്റിനേക്കാൾ എത്രയോ ബുദ്ധിയുള്ള നായ്ക്കൾ ചില സമയം ഒന്നിച്ചു പാടുന്നതാശ്ചര്യമാണൊ!

"https://ml.wikisource.org/w/index.php?title=നാട്ടെഴുത്തശ്ശന്മാർ&oldid=154598" എന്ന താളിൽനിന്ന് ശേഖരിച്ചത്