ദൈവചിന്തനം 1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദൈവചിന്തനം

രചന:ശ്രീനാരായണഗുരു (1881)
ക്ഷുദ്രദേവതകളെ പൂജിക്കരുതെന്ന് ഉപദേശിക്കുന്നു.

ഈ ഭൂലോകത്തിൽ ബഹുവിധം ജീവകോടികൾ വസിക്കുന്നതുപോലെ ഗന്ധം, ശീതം, ഉഷ്ണം ഈ ഗുണങ്ങളോടു കൂടിയ വായുലോകത്തിലും അനന്തജീവകോടികളിരിക്കുന്നു. ഇതിന്റെ തത്ത്വം ചില കല്ലേറ് മുതലായ പ്രവൃത്തികളെക്കൊണ്ടും അതു ചില മാന്ത്രികന്മാരാൽ നിവർത്തിക്കപ്പെടുന്നതു കൊണ്ടും ദേവതാഗ്രസ്തന്മാരാൽ ചെയ്യപ്പെടുന്ന ചില അത്ഭുതകാര്യങ്ങളെക്കൊണ്ടും സാമാന്യേന വെളിവാകുന്നു. അതുമല്ല, അന്തരചാരികളുണ്ടേന്നും അവർ ചില ഭക്തന്മാരുടെ മുൻപിൽ പ്രത്യക്ഷമായിവന്ന് അവർക്ക് വേണ്ടും വരങ്ങ ളെല്ലാം കൊടുത്തിരിക്കുന്നുവെന്നും ഇന്നും അവരെ ഉപാസിക്കുന്ന ഭക്തന്മാർക്ക് അങ്ങനെതന്നെ സംഭവിക്കുമെന്നും ദേവതാസിദ്ധിയുള്ള ആളുകൾ ഇപ്പോഴും അനേകം ഇരിക്കുന്നുവെന്നും മറ്റും മിക്കവാറും ലോകസമ്മതമാകുന്നു. അതുകൊണ്ട് ഇഹലോകവാസികളെപ്പോലെ പരലോകവാസികളും ഉണ്ടെന്നുള്ളത് നിർവിവാദമാകുന്നു. അവർക്ക് വായുവെപ്പോലെ വേഗമുള്ളതുകൊണ്ടും, അദൃഷ്ടരൂപികളായിരുന്നു കൊണ്ട് അതികഠിനപ്രവൃത്തികളെ ചെയ്ക കൊണ്ടും, ഇവരിൽവച്ചു ചിലർ അടുക്കുമ്പോൾ ഉഷ്ണവും ചിലരുടെ സാന്നിദ്ധ്യത്തിൽ ശീതവും ചിലർക്ക് സുഗന്ധവും ചിലർക്ക് ദുർഗന്ധവും മറ്റും ഇങ്ങനെയുള്ള സകല സംഗതികളെക്കൊണ്ടുമാണ് ഇവരെ വായുലോകവാസികളെന്ന് ചുരുക്കമായി പ്രസ്താവിച്ചിരിക്കുന്നത്. ഇതുകളെല്ലാം ഇവിടെ ഇപ്പോൾ വിസ്തരിക്കുന്നില്ല.

ഈ വായുലോകവാസികളിൽ ചിലർക്ക് പാലിലും ചിലർക്ക് നെയ്യിലും ചിലർക്ക് തേനിലും ചിലർക്ക് പായസ ത്തിലും ചിലർക്ക് പഴവർഗ്ഗങ്ങളിലും ചിലർക്ക് പലഹാരങ്ങളിലും ചിലർക്ക് കന്ദവർഗ്ഗങ്ങളിലും പ്രീതിയുണ്ട്. ചിലരുടെ പ്രീതി പരിമളദ്രവ്യത്തിൽ, ചിലരുടെ പ്രീതി മന്ത്രത്തിൽ, ചിലർക്ക് തന്ത്രത്തിൽ, ചിലർക്ക് യന്ത്രത്തിൽ, ചിലർക്ക് നൃത്തത്തിൽ, ചിലർക്ക് വാദ്യത്തിൽ, ചിലർക്ക് ഗാനത്തിൽ; ചിലർക്ക് സകലതിലും പ്രീതിയുണ്ട്. ചിലർ മാംസം ഭക്ഷിക്കുന്നവർ, ചിലർ രക്തം കുടിക്കുന്നവർ, ചിലർ മദ്യപാനികൾ, ചിലർ പ്രതം ഭക്ഷിക്കുന്നവർ, ചിലർ പിള്ളതീനികൾ, ചിലർ ഗർഭം കലക്കുന്നവർ, ചിലർ ശുക്ലഭോജികൾ, ചിലർ കാമികൾ, ചിലർ ഭോഗികൾ, ചിലർ കൃശന്മാർ, ചിലർ സ്ഥൂലന്മാർ. ചിലരുടെ നിറം വെളുപ്പ്, ചിലരുടെ നിറം കറുപ്പ്, ചിലർക്ക് മഞ്ഞൾവർണ്ണം, ചിലർ ചിത്രവർണ്ണന്മാർ, ചിലർ ഹ്രസ്വന്മാർ, ചിലർ ദീർഘന്മാർ. ചിലർ കാളവാഹനമുള്ളവർ, ചിലർ മയിൽവാഹനമുള്ളവർ, ചിലർ ഗരുഡന്മേലേറി നടക്കുന്നവർ. ചിലരുടെ വാഹനം കുതിര. ചിലർ പക്ഷിമുഖമുള്ളവർ, ചിലർ അശ്വമുഖന്മാർ, ചിലർ സർപ്പത്തിന്റെ മുഖംപോലെയുള്ളവർ. ചിലർ അശുദ്ധ ഭൂവാസികൾ, ചിലർ ശുദ്ധഭൂവാസികൾ. ചിലർ ശുക്ലാംബര ധാരികൾ, ചിലർ പീതാംബരധാരികൾ, ചിലർ നീലാംബരികൾ, ചിലർ ജീർണ്ണവസ്ത്രമുള്ളവർ, ചിലർ കൗപീനധാരികൾ, ചിലർ ദിഗംബരന്മാർ, ചിലർ ജടിലന്മാർ, ചിലർ മുണ്ഡികൾ. ചിലർ ശാന്തന്മാർ, ചിലർ ക്രൂരന്മാർ, ചിലർ ശിഷ്ടന്മാർ, ചിലർ ദുഷ്ടന്മാർ. ചിലർ സംഹാരശക്തിയുള്ളവർ, ചിലർ സൃഷ്ടിക്കുന്നവർ, ചിലർ രക്ഷിക്കുന്നവർ. ചിലർ ദംഷ്ട്രയുള്ളവർ, ചിലർ ഭയങ്കരരൂപികൾ, ചിലർ സൗന്ദര്യമുള്ളവർ. ചിലർ ബലികൊള്ളുന്നവർ, ചിലർ തർപ്പണ പ്രീതിയുള്ളവർ, ചിലർ ഹോമത്തിൽ പ്രീതിയുള്ളവർ, ചിലർ അമൃതം ഭക്ഷിക്കുന്നവർ, ചിലർ പരമാണുപ്രായേണ പരകായത്തിൽ പ്രവേശിക്കുന്നവർ, ചിലർ പർവ്വതംപോലെ ഇരിക്കുന്നതിന് ശക്തിയുള്ളവർ, ചിലർ അങ്ങനെ മലപോലെ ഇരുന്നാലും പൂപോലെ ഭാരമില്ലാത്തവർ, ചിലർ പൂപോലെ ഇരുന്നാലും പർവ്വതംപോലെ ഭാരമുള്ളവർ, ചിലർ സകലർക്കും ആധിപത്യം വഹിക്കുന്നവർ, ചിലർ സകല പദാർത്ഥങ്ങളും വശീകരിക്കുന്നവർ, ചിലർ സകല ദിക്കിലും നിർവിഘ്നം സഞ്ചരിക്കുന്നവർ, ചിലർ ഒരു സമയം പലദിക്കിലും കാണുന്നവർ, ചിലർ ഈ എല്ലാ സിദ്ധികളുമുള്ളവർ, ചിലർ ഏകദേശം ചില സിദ്ധികളുള്ളവർ. ഇതു കൂടാതെയും ഇതുപോലെ അനേകം സിദ്ധിഭേദങ്ങളോടും വർണ്ണവിശേഷങ്ങളോടും ആഹാരവിശേഷങ്ങൾ, ആകൃതിവിശേഷം, വാഹനവിശേഷം ഇതുകളോടും കൂടിയിരിക്കുന്ന ശുദ്ധദൈവങ്ങളും അശുദ്ധ ദുഷ്ടഭൂതപ്രേതയക്ഷരാക്ഷസപൈശാചജാതികളും ഇരിക്കുന്നു.

ഇവർ സർവ്വപ്രാണികളുടെ ഹൃദയത്തിലും പ്രവേശിച്ച് ബുദ്ധിയെ ശുദ്ധി വരുത്തുന്നതിനും ഭ്രമിപ്പിച്ചു മാലിന്യപ്പെടു ത്തിക്കൊടുക്കുന്നതിനും നന്നാക്കുന്നതിനും സർവ്വസമ്പത്തുക്കളേയും കൊടുക്കുന്നതിനും എടുക്കുന്നതിനും രക്ഷിക്കുന്നതിനും ശിക്ഷിക്കുന്നതിനും മറ്റുമുള്ള പ്രവൃത്തികൾക്കൊക്കെയും ശക്തിയുള്ളവരായുമിരിക്കുന്നു. അതുകൊണ്ട് നാം ഇവരെ ഇഷ്ടോപചാരങ്ങളോടുംകൂടി ഭജിച്ച് പ്രസാദിപ്പിക്കേണ്ടത് നമ്മുടെ കർത്തവ്യകർമ്മം തന്നെയെങ്കിലും ചില യക്ഷരാക്ഷസഭൂതപ്രേതാദികളായ ദുഷ്ടജന്തുക്കളെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി ആടുമാടുകോഴികളെ അറുത്ത് അവർക്ക് പാപബലി കൊടുത്ത് ആ ദുഷ്ടഭൂതങ്ങളെ മനസ്സിൽ ആവാഹിച്ച് ഭ്രമിച്ച് തുള്ളി വെറിവാടി ചുറ്റും നില്ക്കുന്ന പാവങ്ങളെക്കൂടെ ഭ്രമിപ്പിച്ച് പ്രസാദം കൊടുത്ത് ഈ ദുഷ്ടപ്രവൃത്തിയിൽ വശപ്പെടുത്തി നടത്തിക്കൊണ്ടുപോകുന്നത് എന്തൊരു ബുദ്ധിമാന്ദ്യമാണ്!

കഷ്ടം! ഈ ദ്രാഹികൾക്ക് ആ ദുഷ്ടജന്തുക്കളുടെ അനുഗ്രഹംകൊണ്ടിവിടെ സിദ്ധിക്കുന്ന ഫലം ദുർവ്യാധി, ദുഷ്കീർത്തി, ദുർമൃതി മുതലായ ഉപദ്രവങ്ങൾ തന്നെ. ഇപ്രകാരമില്ലാതെ ഈ വിധമുള്ള ദുഷ്പ്രവൃത്തികളെച്ചെയ്യുന്ന ചില പാപികൾ ഇവിടെ സുഖജീവികളായിരിക്കുന്നുവെങ്കിലും അവരും മരിച്ച് അവരുടെ ഉപാസനാമൂർത്തികളാകുന്ന ദുഷ്ടപ്രാണികൾ വസിക്കുന്ന നരലോകത്തുചെന്ന് ആ ഭയങ്കരന്മാരുടെ ദാസപ്രവൃത്തികളെ ചെയ്ത് അവരുടെ ഭുക്തോച്ഛിഷ്ടങ്ങളായ അസ്ഥി, കുടൽ, തോൽ തുടങ്ങിയുള്ള അമേദ്ധ്യങ്ങളെ ഭക്ഷിച്ച് രക്തം കൊഴുക്കുമ്പോൾ അവർ പിടിച്ചു കടിച്ചു പച്ച തിന്നു കാഷ്ഠിച്ചു കളയുന്നു. ഹാ! കഷ്ടം! ഈ പാപികളുടെ ആവി പിന്നെ തലകുത്തി ഭൂമിയിൽ വീണു പുല്ലുകുരുത്തു പോകുന്നു. അല്ലെങ്കിൽ പാപയോനികളിൽ പിറന്ന് പരിതപിച്ചു മരിക്കുന്നു. ഇപ്രകാരം ഇവർക്ക് ഇഹപരങ്ങളിലും നിത്യോപദ്രവ ഫലമല്ലാതെ സുഖത്തിന്റെ ലവലേശംപോലും ഒരു നാളും ഉണ്ടാകുന്നതല്ല.

ഈ വിധമുള്ള ഘോരകർമ്മങ്ങളെ മനഃപൂർവ്വമായിത്തന്നെ, ആ ദുഷ്ടഭൂതങ്ങളുടെ ഉപദ്രവം നേരിടുമെന്നു വിചാരിച്ച് ഭയപ്പെട്ടു ചെയ്യുന്നുവെങ്കിൽ ആ ദുർദ്ദേവതകളുടെ ഉപദ്രവം നമ്മിൽ നേരിടാതെ ഇരിക്കുന്നതിന് വേറേ ഉപായമുണ്ട്. എങ്ങനെയെന്നാൽ, ഈ ദുഷ്ടജന്തുക്കളെക്കാളും വളരെ ശക്തിയുള്ളവരായ ശുദ്ധദൈവങ്ങൾ അനേകമിരിക്കുന്നല്ലോ! അവരെ സേവിച്ച് സന്തോഷിപ്പിച്ചാൽ ഈ ഉപദ്രവം നമ്മിൽ ഒരിക്കലും നേരിടുന്നതല്ല. അതുകൊണ്ട് നാം യാതൊരു പ്രാണികൾക്കും ഉപദ്രവം വരാത്ത വിധത്തിലുള്ള പ്രവൃത്തികൾ ചെയ്ത് സന്മാർഗ്ഗികളായി ശുദ്ധോപചാരങ്ങ ളോടുകൂടി ശുദ്ധ ദൈവങ്ങളെ ഭജിച്ച് പ്രസാദിപ്പിക്കണം. അപ്പോൾ ഇവരുടെ അനുഗ്രഹംകൊണ്ട് നമുക്ക് ഹൃദയപ്രസാദമുണ്ടായി ഐഹികഭോഗങ്ങൾ സകലവും ന്യായമായി അനുഭവിച്ച് തൃപ്തിവന്ന് ഭോഗങ്ങളിൽ വൈരാഗ്യമുണ്ടായി ബ്രഹ്മജ്ഞാനികളാകുന്നതിനും സംഗതി വരുന്നു. ഒരു പക്ഷം തജ്ജന്മനി കർമ്മശേഷത്താൽ ഇതിന് സംഗതി വരാതെ പോയാലും ആയുരന്ത്യത്തിൽ നമ്മുടെ ഉപാസനാമൂർത്തികളായ ശുദ്ധദൈവങ്ങൾ വസിക്കുന്ന ദിവ്യസ്ഥലത്ത് ചെന്ന് അവരോടുകൂടി അങ്ങുള്ള ദിവ്യഭോഗങ്ങളെ ഭുജിച്ച് നിവൃത്തന്മാരായി ഭൂമിയിൽ വന്ന് പുണ്യയോനികളിൽ പിറന്ന് ഉത്തമഗുണങ്ങളോടുകൂടി വളർന്ന് സകലഭോഗങ്ങളിലും വിരക്തി സംഭവിച്ച് ബ്രഹ്മജ്ഞാനികളായി സുഖിച്ചിരുന്ന് പരമപദം പ്രാപിക്കുന്നതിലേക്ക് യാതൊരു സംശയവുമില്ല.

ഹാ! ഹാ! ചിത്രം! ചിത്രം! കയ്യിലിരിക്കുന്ന കല്പക വൃക്ഷക്കനിയെ ഭക്ഷിക്കാതെ കളഞ്ഞ് കാഞ്ഞിരക്കനിയെ തേടി ഭക്ഷിച്ച് വിഷംകൊണ്ട് മരിക്കുന്നു. കഷ്ടം! കഷ്ടം!

ഇതിരിക്കട്ടെ! ഇതുകൂടാതെ, ചില ഉദരംഭരികൾ സകലപ്രാണികളെയും ദൈവം നമ്മുടെ ഉപയോഗത്തിനായിക്കൊണ്ടുതന്നെ സൃഷ്ടിച്ചിരിക്കുന്നു, നാം അതുകളെ കൊന്നു ഭക്ഷിക്കുന്നതുകൊണ്ട് യാതൊരു പാതകവും വരാനില്ല എന്നിങ്ങനെ ആരവാരം ചെയ്തുംകൊണ്ട് വായില്ലാപ്രാണികളെ വധിച്ച് ഉപജീവിക്കുന്നു. കഷ്ടം! ഇപ്രകാരം മനുഷ്യരുടെ ഉപയോഗത്തിനായിക്കൊണ്ടു തന്നെ സർണ്ണപ്രാണികളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നുവെങ്കിൽ അതുകൾ അന്യോന്യം പിടിച്ച് ഭക്ഷിക്കുന്നതിനും മനുഷ്യർ ചിലപ്പോൾ അതുകളാൽ അപഹരിക്കപ്പെട്ടു പോകുന്നതിനും സംഗതിവരുമായിരുന്നോ? ഇല്ല. പുത്രന് തള്ളയുടെ സ്തന്യത്തെ ഉപയോഗിക്കുന്നതി നല്ലാതെ മാതൃനിഗ്രഹം ചെയ്ത് മാംസത്തെ ഉപയോഗിക്കണ മെന്ന് ദൈവസങ്കല്പം സംഭവിക്കുമോ? അതു ഒരിക്കലും വരുന്നതല്ല. ഇതുപോലെ ദൈവം മനുഷ്യരുടെ ഉപയോഗ ത്തിനായിക്കൊണ്ടുതന്നെ പ്രാണികളെ സൃഷ്ടിച്ചിരിക്കുന്നു വെന്നുള്ള വ്യവഹാരം അതുകളുടെ ക്ഷീരാദികളിലായിരുന്നു വെങ്കിൽ എത്രയോ ന്യായമായിരിക്കുമായിരുന്നു? അപ്പോൾ അചരപദാർത്ഥങ്ങളായ ധാന്യാദികളൊക്കെയും മനുഷ്യരുടെ ഉപയോഗത്തിനായിക്കൊണ്ടു തന്നെ ദൈവം സൃഷ്ടിച്ചിരിക്കുന്നുവെന്നും, ക്ഷീരാദികളുടെ ഉപയോഗത്തെ ഉദ്ദേശിച്ചിട്ടല്ലാതെ പശ്വാദികളെ സൃഷ്ടിച്ചിട്ടുള്ളതല്ലെന്നും സ്പഷ്ടമാകുന്നു. അതുമല്ല, പ്രാണികളെ ഭക്ഷിക്കുന്നതിലത്ര മനുഷ്യത്വം സിദ്ധിക്കുന്നുള്ളൂ എങ്കിൽ വ്യാഘ്രാദികളായ ക്രൂരജന്തുക്കളിലല്ലയോ അതിമാനുഷത്വം സിദ്ധിക്കേത്? ഇങ്ങനെ വരുമ്പോൾ ചില ജീവകാരുണ്യമുള്ള ആളുകൾ തന്നേ മൃഗങ്ങളായിരിക്കുന്നുള്ളൂ എന്നല്ലയോ വന്നു കൂടുന്നത്? കൊള്ളാം, ഈ അസംഗതികൾ ദൈവത്തിൽ സ്ഥാപിച്ച് പറയുന്നതിനേക്കാളും വലുതായ ഒരു ദൈവദൂഷണം വല്ലതുമുണ്ടോ? ഈ ദ്രാഹികളുടെ പക്ഷത്തിൽ പരലോകവും പരലോകവാസികളുമുണ്ടെന്നു തന്നെ. എങ്കിലും ആ വ്യവഹാരംകൊണ്ടു യാതൊരു പ്രയോജനവുമില്ല. എന്തെന്നാൽ ദൈവം ഒന്നേ ഉള്ളൂ. അവൻ അരൂപിയായും സർണ്ണത്ര വ്യാപിയായും ആയിരിക്കുന്നതുകൊണ്ട് നാം അവനെ ഭജിക്കുന്നതിനും അവനാൽ നിയമിക്കപ്പെടുന്ന ശിക്ഷാരക്ഷകളെ അനുഭവിപ്പിക്കുന്നതിനും അന്യത്ര കൃതവാസം വേണമെന്നില്ല. അങ്ങനെ വേണമെങ്കിൽ ശിക്ഷാരക്ഷകളെ അനുഭവിപ്പിക്കുന്നതിന് അവനാൽ നിയമിക്കപ്പെട്ടിട്ടുള്ള ചില ആളുകളും അവിടെ ഉണ്ടായിരിക്കണം. അപ്പോൾ ഇഷ്ടോപചാരങ്ങളോടുകൂടെ അവരെ ഭജിച്ച് അവരുടെ പ്രീതിയെ സമ്പാദിക്കേതും ആവശ്യകമായിവരുന്നു. ഇതൊന്നും ആലോചിക്കാതെ ദൈവത്താൽ നിയമിക്കപ്പെട്ടിട്ടുള്ള ശിക്ഷാരക്ഷകളെ അനുഭവിക്കുന്നതിന് സ്വർഗ്ഗനരകങ്ങളുണ്ടെന്ന് വൃഥൈവ വ്യവഹരിച്ചുകൊണ്ട് ദുഷ്പ്രവൃത്തികളെ ചെയ്യുന്ന ഈ പാപികളും മരിച്ച് നരകത്തിൽ വീണ് അവിടെയുള്ള നരികളുടെ ഓഹരി കൊടുക്കാതെ ആത്മാർത്ഥം പ്രാണികളെ വധിച്ച് ഭക്ഷിച്ചതുകൊണ്ട് അവരും ക്രുദ്ധന്മാരായി പിടിച്ചു താഡിച്ച് കടിച്ച് പച്ച തിന്ന് കാഷ്ഠിച്ച് കളയുമ്പോൾ അവരുടെ ആവിയും മേൽപ്രകാരം തന്നെ ഭൂമിയിൽ വീണ് പുല്ലു കുരുത്തുപോകുന്നു.

പിന്നെ ചിലർ ദേവനേത്, ദേവിയേത് എന്നിങ്ങനെ ഉദ്ഘോഷിച്ചുകൊ് ജീവകാരുണ്യമില്ലാതെയുള്ള പ്രവൃത്തി കളെ ചെയ്ത് കാലം കഴിച്ചു വരുന്നു. അവരും മരിച്ച് മേൽ പ്രകാരം നരകത്തിൽ വീണ് അങ്ങുള്ള സർവ്വോപദ്രവഫലവും ഭുജിച്ച് അധോമുഖന്മാരായി ഭൂമിയിൽ വീണ് തൃണജളൂകാദി പാപയോനികളിൽ പിറന്ന് തപിച്ചു മരിക്കുന്നു. പിന്നെ ചിലർ സർണ്ണപ്രപഞ്ചവും പരമാണുക്കളുടെ സംയോഗംകൊണ്ട് സംഭവിച്ചതല്ലാതെ ഇതിനു വേറെ ഒരു കാരണവുമില്ല എന്നിങ്ങനെയുള്ള അഹമ്മതികളെയും കൈക്കൊണ്ട് ദുർവ്യാപാരികളായി തന്നാൽ നിയമിക്കപ്പെട്ട പരമാവധിയായ സാദ്ധ്യപരമാണുവ്യൂഹം സാധനബുദ്ധിവൃത്തിയുടെ വ്യാപകധർമ്മത്തിൽ ലയിച്ച് സാദ്ധ്യസാധനനിർമ്മുക്തന്മാരായി ആ ശുദ്ധശൂന്യത്തിൽ മോഹിച്ചുകിടക്കുന്നതിനുപോലും സംഗതി വരാതെ അവരും വൃഥൈവ മരിച്ച് നരകത്തിൽ വീണ് ദുഃഖിച്ച് നരകശേഷം ഭൂമിയിൽ വീണ് കൃമികീടങ്ങളായിപ്പോകുന്നു.

ഈ സംഗതികളെല്ലാം പ്രഥമദൃഷ്ടിയിൽത്തന്നെ നിസ്സാരമെന്നു വിചാരിച്ച് തള്ളിക്കളയാതെ സകല സമയികളും യുക്തിന്യായങ്ങളോടുകൂടി ആലോചിച്ച് നോക്കുന്നുവെങ്കിൽ ഇത് നാം ഉജ്ജീവിപ്പാനുള്ളതിൽ ഒരു നല്ല വഴിയാകുന്നു.

"https://ml.wikisource.org/w/index.php?title=ദൈവചിന്തനം_1&oldid=53615" എന്ന താളിൽനിന്ന് ശേഖരിച്ചത്