ദേവീമാഹാത്മ്യം കിളിപ്പാട്ട്/രണ്ടാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

രണ്ടാം അദ്ധ്യായം

തിങ്കളാഴ്ച ദിവസം 2, 3 അദ്ധ്യായം വായിക്കാം.

ഘോരമായ് ദേവാസുരയുദ്ധമുണ്ടായി മുന്നം

നുറുവത്സരം കാലമന്നസുരന്മാർക്കെല്ലാം

രാജാവു മഹിഷൻ ദേവകൾക്കു പുരന്ദർ-

നാജിയിൽ തോറ്റാരെന്നു ദേവകളറിഞ്ഞാലും

ഇന്ദ്രനായ് വാണാൻ മഹിഷാസുരനതുകാലം

വൃന്ദാരകന്മാർ ചെന്നു വന്ദിച്ച വിരിഞ്ചനെ

ധാതാവു തന്നെ മുന്നിട്ടാദിതേയന്മാർ ചെന്നു

ഭൂതേശനാരായണന്മാരെയും വണങ്ങിനാർ

ഒന്നൊഴിയാതെ മഹിഷാസുരവിചേഷ്ടിതം

വന്നൊരു ദുഃഖത്തോടുമെപ്പേരുമുണർത്തിച്ചാർ

ഇന്ദ്രാഗ്നിയമവരുണാനിലസൂര്യാദിനാം

മന്ദിരങ്ങളുമധികാരവുമടക്കിനാൻ

സ്വർഗ്ഗവുമുപേക്ഷിച്ചു മർത്ത്യരായവനിയിൽ

ദുഃഖിച്ചു നടക്കുന്നു ഞങ്ങളെന്താവതയ്യോ

ഇല്ലൊരു ശരണം മറ്റവനെ വൈകീടാതെ

കൊല്ലുവാനുപായമെന്തതിനെച്ചിന്തിക്കേണം

ഇത്തരം ത്രിദശന്മാർ വാക്കുകൾ കേട്ടനേരം

ക്രൂദ്ധന്മാരായി മഹാദേവനും മുകുന്ദനും

അന്നേരമവരുടെ വക്ത്രപത്മത്തിങ്കൽ നി-

ന്നൊന്നിച്ചു പുറപ്പെട്ടു ഘോരമാം തേജസ്സപ്പോൾ

അംഭോജോത്ഭവനുടെ വക്ത്രങ്ങൾതോറും നിന്നു

സംഭവിച്ചിതു മഹാതേജോരാശിയുമപ്പോൾ

മറ്റുള്ള വിബുധന്മാർ തന്നുടെ കോപംകൊണ്ടു

തെറ്റെന്നു പുറപ്പെട്ടു ദീപിച്ച തേജോമയം

സർവ്വദേവതശരീരങ്ങളിൽ നിന്നുണ്ടായ

ദുർവ്വാരമായ തേജസ്സാന്നിച്ചു കൂടിയപ്പോൾ

ഉർവ്വിയുമാകാശവും നിറഞ്ഞു പരന്നൊരു

പർവ്വതമെന്നപോലെ തേജസാം കൂട്ടമപ്പോൾ

ഔർവ്വാഗ്നിതന്നെക്കാളും ഘോരമായ് ജ്വലിച്ചിതു

സർവ്വതോ വ്യാപ്തമായ കൽപ്പാന്തവഹ്നിപോലെ

സർവ്വദേവന്മാരുടെ തേജസ്സുമൊന്നായ് ചേർന്നു

സർവ്വലോകവ്യാപ്തമായ് ക്കാണായി ദേവന്മാരും

ഔർവ്വാഗ്നിജ്വാലാമാലയോടുമുജ്ജ്വലിച്ചൊരു

പർവ്വതാകാരം പൂണ്ടുനില്പതുപോലെക്കണ്ടാർ

നാരീവേഷവും പൂണ്ടുനില്ക്കുന്ന ദിവ്യരൂപം

പാരെല്ലാം നിറഞ്ഞ തേജസ്സോടും കാണായല്ലോ

ശങ്കരതേജസ്സിനാലുണ്ടായി മുഖാംബുജം

പങ്കജേക്ഷണനുടെ തേജസാ ബാഹുക്കളും

ബ്രഹ്മമാം തേജസ്സിനാലുണ്ടായി പാദങ്ങളും

കാമ്യമാം നിതംബവും ഭൂമിതൻ തേജസ്സിനാൽ

സൗമ്യതേജസാ പുനരുണ്ടായി തലകളും

യാമ്യതേജസാ കേശഭാരവുമുണ്ടായ് വന്നു

ചാരുമദ്ധ്യവും പുനരെന്ദമാം തേജസ്സിനാൽ

വാരുണതേജസ്സിനാൽ ജംഘങ്ങളൂരുക്കളും

കൈവിരലുകളെല്ലാമാദിത്യതേജസ്സിനാൽ

കാൽവിരലുകളെല്ലാം വസുക്കൾ തേജസ്സിനാൽ

കൗബേരതേജസ്സിനാൽ നാസികയുണ്ടായ് വന്നു

പാവകതേജസ്സിനാലുണ്ടായി നേത്രത്രയം

ദന്തങ്ങളെല്ലാം പ്രജാപത്യമാം തേജസ്സിനാൽ

സന്ധ്യകൾ തേജസ്സിനാൽ ഭ്രൂക്കളുമുണ്ടായ് വന്നു

മാരുതതേജസ്സിനാൽ ശ്രവണങ്ങളുമുണ്ടായ്

ചാരുതചേർന്ന രൂപം പൂർണ്ണമായ്ക്കാണായ് വന്നു

ദേവകളെല്ലാം തങ്ങൾ തങ്ങൾക്കുള്ളായുധങ്ങൾ

ദേവിക്കു കൊടുത്തിതു യുദ്ധത്തിനതുകാലം

ശങ്കരൻ ശൂലം നല്കി പങ്കജേക്ഷണൻ ചക്രം

ശംഖത്തെ വരുണനും ശക്തിയെദ്ദഹനനും

മാരുതൻ ചാപബാണപൂർണമാമിഷുധിയും

ഘോരമാം വ്രജമിന്ദ്രൻ കാലദണ്ഡത്തെ യമൻ

ആരവം ചേരും മണിനല്കിനാനൈരാവതം

വാരിധി പാശത്തെയും നൽകിനാനതു കാലം

അക്ഷമാലയെ കൊടുത്തീനിനാൻ പ്രജാപതി

പുഷ്കരസനൻ കമണ്ഡലുവും നൽകീടിനാൻ

രോമകൂപേഷു സൂര്യൻ രശ്മികൾ നൽകീടിനാൻ

ഭീമനാം കാലൻ ഖഡ്ഗചർമ്മങ്ങൾ നൽകീടിനാൻ

ക്ഷീരവാരിധി വസ്ത്രമുത്തരീയവും നല്കി

ഹാരവും വിശേഷിച്ചു കൊടുത്തതു മനോഹരം

ചൂഡാരത്നവുമർദ്ധ ചന്ദ്രകുണ്ഡലങ്ങളും

ഹാടകകടകകേയുരനൂപുരങ്ങളും

അംഗദഗ്രൈവേയകമലരാഞ്ചിത-

മംഗുലീയകങ്ങളും നൽകിനാൻ വിശ്വകർമ്മാ

ശത്രുസംഹാരക്ഷേമം പരശു നൽകീടിനാ-

നസ്ത്രങ്ങളഭേദ്യമാം സ്യന്ദനമിവയെല്ലാം

അമ്ലാനാംബുജമാല്യമാബുജ കുസുമവു

മംബുധി നൽകീടാനാനംബികയ്ക്കതുനേരം

ഹിമവാൻ നൽകീടിനാൻ വാഹനത്തിനു സിംഹം

വിമലരത്നങ്ങളുമമിതം നൽകീടിനാൻ

മദ്യസമ്പൂർണ്ണമായ പാനപാത്രവും നൽകി

വിത്തേശൻ വിശേഷിച്ചു സമ്പൂർണ്ണനിധികളും

ശേഷനാം നാഗേശ്വരൻ നിർമ്മല മണിഗണഭൂഷിതമായുള്ളൊരുനാഗഹാരവും നൽകി

അന്യദേവന്മാരാലും ഭൂഷണായുധങ്ങളാലന്യൂനാദരം ബഹുമാനിതയായ ദേവി

സത്വരമുച്ചൈസ്തര രമട്ടഹാസവും ചെയ്തു

വിദുതം നഭസ്ഥലം പൊട്ടുമാറതുനേരം-

സപ്തവാരിധികളും സപ്തപർവ്വതങ്ങളും

സപ്തദ്വീപുകളോടുമിളകി ഭൂമണ്ഡലം

നിർജ്ജരന്മാരും ദേവീഗർജ്ജനം കേട്ടനേരം

വിജ്വരന്മാരായ് സ്തുതിച്ചീടിനാർ മുനികളും

ഘോരനാദത്താൽ വിശ്വമിളകിക്കണ്ടനേരം

ശൂരന്മാരാകുമമരാദികളെല്ലാവരും

സന്നദ്ധരായി പരമായുധങ്ങളുമെടു

ത്തൗന്നത്യമേറും സൈന്യത്തോടുമുത്ഥാനം ചെയ്താർ

എന്തൊരു ഘോഷം കേട്ടതെന്നോർത്തു മഹിഷനും

ബന്ധുക്കളോടും ക്രോധത്തോടും ചെന്നതുനേരം

ത്രൈലോക്യം നിറഞ്ഞാരു തേജസാ ദേവീരൂപ-

മാലോക്യ നിജഹൃദി വിസ്മയം തേടീടിനാൻ

പാദഘാതേന താണീടുന്ന ഭൂചക്രത്തോടും

മേദുരകിരീടം ചെന്നുരുമ്മുമഭ്രത്തോടും

ദിക്കുകൾതോറും വ്യാപിച്ചൊരു ബാഹുക്കളോടും

ചാപജ്യാനാദംകൊണ്ടു മുഴങ്ങും വിശ്വത്തോടും

ശോഭിച്ചു കാണായ് വന്നു ദേവിയെയതുനേരം

കോപിച്ചു യുദ്ധം തുടങ്ങീടിനാരസുരരും

ശസ്ത്രാസ്ത്രവൃഷ്ടികൊണ്ടു ദീപിച്ചു ദിഗന്തരം

വിത്രസ്തന്മാരായ് വന്നു ലോകവാസികളെല്ലാം

മഹിഷാസുര സേനാപതി ചിക്ഷരനപ്പോൾ

സഹസാ ചെന്നീടിനാൻ ചാമരനോടും കൂടി

സംഖ്യയില്ലാതെ ചതുരംഗവാഹിനിയോടും

ഹുങ്കാരത്തോടും ചെന്നു സമരം തുടങ്ങിനാൻ

മദത്തോടറുപതിനായിരം തേരോടുചെ-

ന്നുദ്രഗനായ ദൈത്യനടുത്തു യുദ്ധത്തിനായ്

മഖദ്വേഷികൾ വീരനാകിയ മഹാഹനു

സഹസ്രായുത രഥത്തോടും ചെന്നെതിരിട്ടാൻ

അൻപതു നിയുതമായീടിന രഥത്തോടും

വമ്പനാമസിലോമാവടുത്താനതു നേരം

അറുനുറയുതം തേരോടും ബാഷ്കളവീരൻ

തുരഗശതസഹസ്രങ്ങളോടതുനേരം

ഉഗ്രദർശൻ താനുമടത്തു യുദ്ധം ചെയ്താനുഗ്രനാം വിലാളനും തേരൊരുകോടിയോടും

അഞ്ചുനൂറായിരം തേരോടും ചെന്നെതിരിട്ടാ-

നഞ്ചാതെ മഹാദേവി തന്നോടു ഭയഹീനം

ഹയനാഗേന്ദ്രരഥാപംക്തികളുണ്ടു പുനരയൂതം കോടികോടി സഹസ്രസഹസ്രങ്ങൾ

മഹിഷാസുരവീരനമിതബലത്തോടും

മഹിഷാന്തകിയോടു സമരം തുടങ്ങിനാൻ

ഖഡ്ഗപട്ടസബാണപരശുശക്തികളും

മുൾഗരഭിണ്ഡിപാലതോമരപാശങ്ങളും

പരിഘമുസ്ഥലങ്ങൾ കുശകുന്തങ്ങളാദി

ശരങ്ങൾകൊണ്ടും തുകിത്തുടങ്ങി മഹാരണേ

ദേവിയും ശസ്ത്രാസ്ത്രങ്ങൾ വർഷിച്ചങ്ങുടനുടൻ

ദൈവവൈരികൾ ദേഹം ഭേദിച്ചു തുടങ്ങിനാൾ

ദേവ താപസ ഗന്ധർവ്വാദികളതുനേരം

ദേവിയെ സ്തുതിച്ചു സന്തോഷിപ്പിച്ചു മരുവിനാർ

ദേവിതൻ വാഹനമാം കേസരിവീരനപ്പോൾ

ദേവാരിസെന്യമദ്ധ്യം പുക്കു സഞ്ചരിക്കുന്നു.

കാനനമദ്ധ്യേ വഹ്നി സഞ്ചരിച്ചീടും വണ്ണം

സേനയെദ്ദഹിപ്പിച്ചു സത്വരം രോഷത്തോടെ

യുദ്ധം ചെയ്യുമ്പോൾ ദേവീനിശ്വാസങ്ങളിൽ നിന്നു

സദ്യഃ സംഭവിച്ചതു ഗണങ്ങളസംഖ്യമായ്

പരശുഭിണ്ഡിപാലപട്ടസാദികളാലെ

സുരവൈരികൾതന്നെയവരുമൊടുക്കിനാർ

മൃദംഗ പടഹ ശംഖാദി വാദ്യങ്ങളെല്ലാം

മദം പൂണ്ടറ്റം പ്രയോഗിച്ചിതു യുദ്ധോ സ്തവേ

ശൂലഖഡഗാസ്ത്രശസ്ത്ര വൃഷ്ടിയാൽ മഹാദേവി

കാലനുർക്കയക്കുന്നു ദേവാരികളെയെല്ലാം

ഘാരമാം ഘണ്ടാനാദം കേട്ടു മോഹിച്ചു ദൈത്യ-

വീരന്മാർ തെരുതെരെപ്പാരിൽ വീണുഴലുന്നു

പാശത്താൽ ബന്ധിച്ചുടൻ ചിലരേയിഴയ്ക്കുന്നു

രോഷത്താൽ ഖഡ്ഗം കൊണ്ടു ചിലരെ ഖണ്ഡിക്കുന്നു

മുസലമേറ്റു രക്തം ഛർദ്ദിച്ചീടുന്നു ചിലർ

ഗദയേറ്റുടൻ ചിലർ പിടഞ്ഞുവീണിടുന്നു

വക്ഷസി ശൂലമേറ്റു ഭേദിച്ചിടുന്നു ചിലർ

തൽക്ഷണേ ബാണമേറ്റു വീഴുന്നു ചിലരെല്ലാം

ബാഹുക്കളറ്റും കഴുത്തറ്റും ജംഘകളറ്റും

ദേഹത്തിൻ നടുവറ്റുമുത്തമാംഗങ്ങളറ്റും

ഏകബാഹ്വക്ഷിശൂന്യന്മാരായി വീണു ചില-

രാകുലപ്പെട്ടു വീണു ഭൂതലം നിറയുന്നു

കബന്ധങ്ങളും പുനരുത്ഥാനം ചെയ്തു ശീഘ്രം

നിബന്ധമടുക്കുന്നു നൃത്തം വെയ്ക്കുന്നു ചിലർ

നില്ലുനില്ലെന്നു പറഞ്ഞെടുത്തു മഹാദേവി

കൊല്ലുന്നു മഹാസുരഗജവാജികളെയും

കുണപങ്ങളെക്കൊണ്ടു മറഞ്ഞു ചമഞ്ഞിതു

രണഭൂമിയും തത്ര രുധിരനദികളും

ഓരോരോ വഴിയേപോയ് വേഗത്തിലൊഴുകുന്നു

നാരദൻ കൗതൂഹലം പൂണ്ടുടൻ കൊണ്ടാടുന്നു

ഘോരദാവാഗ്നി വനം ദഹിച്ചീടുന്നപോലെ

വീരന്മാരായ മഹാദൈത്യന്മാർ ദഹിക്കുന്നു

ദേവിതൻ ഗണങ്ങളും വേഗേന യുദ്ധം ചെയ്തു

ദേവവൈരികളെക്കൊന്നാവോളമൊടുക്കുന്നു.

ദേവകൾ പുഷ്പവൃഷ്ടിചെയ്തൊക്കെ സ്തുതിക്കുന്നു

ദേവിയും പ്രസാദിച്ചു ഭക്തരെ നോക്കീടുന്നു.

രണ്ടാമദ്ധ്യായത്തിലെ കഥകളേവം ചൊന്നേൻ

കുണ്ഠിതം കൂടാതെ ഞാൻ ചൊല്ലുവനിനിശ്ശേഷം.

✍🙏