ദേവീമാഹാത്മ്യം കിളിപ്പാട്ട്/മൂന്നാം അദ്ധ്യായം
മൂന്നാം അദ്ധ്യായം
ശക്രവൈരികളായോരസുരപ്പടയെല്ലാം
മിക്കതുമൊടുക്കിയ നേരത്തു കോപത്തോടെ
ചിക്ഷുരനായ സേനാനായകനടുത്തിതു
തത്ക്ഷണം മഹാദേവി തന്നോടു യുദ്ധം ചെയ്വാൻ
മേരുമൂർദ്ധനിഘനം പാനീയം ചെയ്യും പോലെ
ഘോരബാണങ്ങൾ വർഷിച്ചീടിനാൻ ലഘുതരം
ശീതാംശൂദയേ സിന്ധു തരംഗങ്ങളെയെല്ലാം
മേദുരമായ മട്ടിൽ തടുത്തു നിർത്തുംവണ്ണം
ദേവിയുമവയെല്ലാം മുറിച്ചു കളഞ്ഞുട-
നാവോളം വേഗത്തോടെ തുരഗങ്ങളെക്കൊന്നു
സാരഥിയേയും കൊന്നു ചാപവും മുറിച്ചിതു
സാരമാം ധ്വജത്തേയും ഛേദിച്ചു കളഞ്ഞപ്പോൾ
ഖഡ്ഗചർമ്മങ്ങൾ ധരിച്ചടുത്താനതുനേരം
വിക്രമത്തോടും സിംഹമൂർദ്ധനി വെട്ടി വേഗാൽ
അംബതന്നിടത്തേക്കൈ തന്മേൽവെട്ടിയ നേരം
നിർമ്മലമായ ഖഡ്ഗം മുറിഞ്ഞു തെറിച്ചിതു
ശൂലത്തെ പ്രയോഗിച്ചാൻ ഭദ്രകാളിയും നിജ-
ശൂലത്താൽ നുറുനുറുക്കീടിനാനതിനേയും
പിന്നെയും ശൂലമേറ്റു ഭിന്നഗാത്രനുമായി
മന്നിടം തന്നിൽ വീണു മരിച്ചു ചിക്ഷുരനും
അന്നേരമാനക്കഴുത്തേറിച്ചാമരൻ വന്നാൻ
തന്നുടെ ശക്തിതന്നെ മോചിച്ചാൻ ദേവിമെയ്മേൽ
ഹുങ്കാരംകൊണ്ടു ശക്തി ഭൂമിയിൽ പതിപ്പിച്ച
സങ്കടത്തോടും ശൂലം കൊണ്ടും ചാട്ടിനാനപ്പോൾ
ബാണങ്ങളാലെയ്തു ഛേദിച്ചു മഹാദേവി
കാണായിതപ്പോൾ ഗജപുംഗവ കുംഭാന്തരേ
വീണിതു ചാടി വേഗത്തോടുമാ മൃഗാധിപൻ
പാണിയുദ്ധേന പോർ ചെയ്തീടിനാർ പരസ്പരം
ചാമരൻ താനും
മഹാസിംഹവും
കൂടിത്തമ്മിൽ
ഭൂമിയിൽച്ചാടിപ്പിണങ്ങിടിനാരല്ലോ പിന്നെ
ബാഹുഗ്രപ്രഹരണ കേസരിവീരനപ്പോ-
ളാഹവേ ചാമരനെക്കൊന്നു വീഴ്ത്തിനാനല്ലോ
തൽക്ഷണേ യോദ്ധുമടുത്താനുദഗ്രനും വേഗാൽ
വൃക്ഷശൈലാദികൾകൊണ്ടവൻ തന്നെയും കൊന്നു
നിന്നിതു ദേവിയുടെ ഗണങ്ങൾ കരാളനും
വന്ന കോപത്തോടടുത്താനവനെയുമവർ
കൊന്നിതു മുഷ്ടിദന്തനഖങ്ങളാലെ ഗണം
ക്രൂദ്ധയാം ദേവി ഗദ കൊണ്ടതുനേരം വന്നോ-
രുദ്ധതൻ തന്നെയും നിഗ്രഹിച്ചീടിനാൾ ശീഘ്രം.
ബാഷ്ക്കളനേയും ഭിണ്ഡിപാലം കൊണ്ടതുനേരം
പോർക്കളം തന്നിൽക്കൊന്നുവീഴത്തിനാൾ മഹാദേവി
ബാണങ്ങൾകൊണ്ടു താമ്രൻതന്നെസ്സത്വരം കൊന്നു
ക്ഷോണിയിൽ വീഴ്ത്തീടിനാളന്തകനേയും വേഗാൽ
ഉഗ്രാസ്യനെയും മഹാഹനുതന്നെയുമുട-
നുഗ്രവീര്യൻ തന്നെയും കൊന്നിതു ശരങ്ങളാൽ
പിന്നെയത്രിനേത്രന്മാരെ ത്രിശുലം കൊണ്ടുടൻ
സന്നമാക്കിനാളല്ലോ ദേവിയും ക്ഷണംകൊണ്ടേ
വാളാലെ വിലാളൻ തന്നുത്തമാംഗം ഛേദിച്ചു
മേളമോടുഴിയിലിട്ടുരുട്ടീടിനാളല്ലോ
ദുർദ്ധരൻതന്നെയും ദുർമ്മുഖൻ തന്നെയും രണേ
സത്വരം ബാണഗണം പൊഴിച്ചു കൊന്നീടിനാൾ
ഏവം വൻപടയും തൻ പടനായകന്മാരും
ദേവിയാൽ നഷ്ടമായനേരത്തു മഹിഷനും
മാഹിഷവേഷം ധരിച്ചടുത്തീടിനാൻ ദ്രുത-
മാവഹത്തിനു വന്നു കോപേന മഹാസുരൻ
തുണ്ഡപ്രഹരം കൊണ്ടു ദേവിതൻ ഗണങ്ങളെ
ഖണ്ഡിച്ചു കളകയും ഖുരക്ഷേപണങ്ങളാൽ.
ചിലരെ ലാംഗുലപാതങ്ങളാൽ മർദ്ദിക്കയും
ചിലരെ നിശിതശൃംഗങ്ങളാൽ ഭേദിക്കയും
ചിലരെ മഹാനിനാദങ്ങളാൽ മോഹിപ്പിച്ചും
ചിലരെ ഭ്രമണവേഗംകൊണ്ടു ധൂളിപ്പിച്ചും
ചിലരെ നിശ്വാസവാതങ്ങളാൽ പതിപ്പിച്ചും
പേടിപ്പിച്ചിതു ദേവീഗണത്തെയെല്ലാമവൻ
ഓടിയെത്തിനാൻ മൃഗേന്ദ്രൻതന്നെ താഡിപ്പാനായ്
ശൃംഗങ്ങൾകൊണ്ടു ഗിരിശൃംഗങ്ങളെല്ലാമുടൻ
ഭംഗമാക്കിയും പാരമലറിച്ചുരമാന്തി
ക്രൂരമായുള്ള ഖുരക്ഷേപണം കൊണ്ടു തന്നെ
പാരിടമെല്ലാമൊക്കെപ്പിളർന്നു ചമയ്ക്കയും
ചണ്ഡശൃംഗാഗ്ര വിഭിന്നങ്ങളാം ഘനങ്ങളെ
ഖണ്ഡിച്ചു ഖണ്ഡിച്ചുടൻ ഭൂമിയിൽപ്പതിപ്പിച്ചും
ഇങ്ങനെ കോപിച്ച സുരേശ്വനടുത്തപ്പോൾ
മംഗലയായിട്ടുള്ള ചണ്ഡികാദേവിതാനും
പാശക്ഷേപണം കൊണ്ടു ബന്ധിച്ചാളവനെയും
ആശു സിംഹാകൃതിയായിക്കഴിച്ചാൻ പാശത്തെയും
തൽക്കഴുത്തറുത്തപ്പോൾ കാണായി പുരുഷനായ്
ഖഡ്ഗവും ധരിച്ചപ്പോൾ പുരുഷൻ തന്നെ ദേവി
ബാണങ്ങൾകൊണ്ടു മൂടി ഖഡ്ഗചർമ്മങ്ങളോടും
കാണ്മതായിപ്പോളൊരു ഗജമായ് മഹിഷനെ
തൽക്ഷണേ പിടിച്ചിഴച്ചീടിനാൾ മൃഗേന്ദ്രനെ
തൽക്കരം ഖഡ്ഗം കൊണ്ടു ഛേദിച്ചു മഹേശ്വരി
തൽക്കാലേ മഹിഷനായ്ച്ചമഞ്ഞാനസുരേന്ദ്ര-
നൊക്കെയൊന്നിളകീതു ലോകങ്ങൾ മൂന്നുമപ്പോൾ
ക്രൂദ്ധയാം ജഗന്മാതാവായ ചണ്ഡികാദേവി
ഉത്തമമായ മധുപാനവും തുടങ്ങിനാൾ.
ചണ്ഡികാദേവി പൊട്ടിച്ചിരിച്ചും പാനം ചെയ്തും
മണ്ഡലാകാരം പൂണ്ടു ചുവന്നു നയനങ്ങൾ
അന്നേരം ബലവീര്യ മദഗർവ്വിതനായി
നിന്നേറ്റമലറിയും മഹിഷൻ പാഷാണങ്ങൾ
കൊണ്ടു ദേവിയെ പ്രക്ഷേപിച്ചു നില്പതും ദേവി
കണ്ടു സായകങ്ങളാൽ ചൂർണ്ണമാക്കിനാൾ കായം
അട്ടഹാസവുമിടിവെട്ടീടും വണ്ണമപ്പോൾ
നിഷ്ടൂരതരം ദേവി ദുഷ്ടനോടരുൾ ചെയ്തു
ഗർജനം ചെയ്തുകൊൾക മൂഢാ നീ കിഞ്ചിൽക്കാല-
മിജ്ജനം മധുപാനം ചെയ്തുവോളം ദുരാത്മാവേ
നിർജ്ജരാദികളെല്ലാം ഗർജ്ജനം ചെയ്തീടുവോർ
ദുർജ്ജനശ്രേഷ്ഠാ ഭവാനെന്നാലെ ഹതനായാൽ
ഇത്തരമരുളിച്ചെയ്തുൽ പതിച്ചവൻ മെയ്മേൽ
സത്വരം കരയറിക്കഴുത്തിൽ പാദാബ്ജം കൊ-
ണ്ടാക്രമിച്ചിട്ടു ശൂലംകൊണ്ടു കുത്തിയ നേരം
നിഷ്ക്രമിച്ചിതു ഖഡ്ഗചർമ്മങ്ങൾ ധരിച്ചവൻ
തൃക്കാൽക്കൊണ്ടപ്പൊളമുഴത്തീടിനാൾ ജഗത്മാതാ
വർദ്ധിച്ചു നിഷ്ക്രാന്തനായ് യുദ്ധം ചെയ്വതിനവൻ
ഉത്ഥാനം ചെയ്തീടുവാനാരംഭിച്ചതുനേരം
ഖഡ്ഗത്താൽ വെട്ടിയറുത്തീടിനാൾ തലയപ്പോൾ
വിഗ്രഹത്തോടു വേർവ്വിട്ടവനും വീണിടിനാൻ
ത്രൈലോക്യനിവാസികൾ നഷ്ടനാമസുരേന്ദ്ര-
മാലോക്യ ജയജയേത്യുച്ചത്തിൽ സ്തുതിചെയ്താർ.
ആഹവേ മഹാസുരൻ മഹിഷൻ മരിച്ചപ്പോൾ
ഹാഹാകാരേണ മരിച്ചീടിനാരസുരരും
ദേവവൃന്ദവും മുനിവൃന്ദവും ഭക്തിയോടെ
ദേവിയെ സ്തുതിക്കയും നൃത്തം ചെയ്തീടുകയും
പാടുന്നു ഗന്ധർവ്വന്മാരാടുന്നു ദിവ്യസ്ത്രീകൾ
തേടുന്നു സന്തോഷവും വിബുധാദികളെല്ലാം
അദ്ധ്യായം മൂന്നുമേവം കഴിഞ്ഞു നിങ്ങൾക്കിതി-
ലത്യാശയുണ്ടെന്നാകിലിനിയും ചൊല്ലാമല്ലോ.