ദേവീമാഹാത്മ്യം കിളിപ്പാട്ട്/പത്താം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പത്താം അദ്ധ്യായം

തമ്പിനിസുംഭൻ മരിച്ചതും തന്നുടെ വൻപടയൊക്കെ മുടിഞ്ഞതും കണ്ടപ്പോൾ

സുംഭനും കോപിച്ചുചൊല്ലിനാനെന്തൊരു വൻപു നിനക്കിത്തുകൊണ്ടു ലഭിച്ചിതു

മറ്റു കണ്ടോരുടെ ശക്തികൊണ്ടല്ലയോ മുറ്റുമെന്നോടു ഗർവ്വിക്കുന്നതു ശഠേ!

എന്നത് കേട്ടരുൾച്ചെയ്തതു ദേവിയു- മെന്നുടെ ശക്തി നീയെന്തറിഞ്ഞു ഖല!

ഞാനൊഴിഞ്ഞാരുള്ളതി ത്രിലോകത്തിക്ക- ലൂനമൊഴിഞ്ഞില്ല രണ്ടാമതാരുമേ

എങ്കിലോ കണ്ടുകൊണ്ടാലുമിപ്പോൾഭവാ നെങ്കൽ പ്രവേശിക്കുമെന്റെ വിഭൂതികൾ

ബ്രഹ്മാണിയാദിയാം ദേവിമാരന്നേര- മംബതൻ വക്ഷോജമദ്ധ്യേ ലയിച്ചിതു

കേവലയാകിയ ദേവിമന്നേരം ദേവകുലാരിതന്നോടരുളിച്ചെയ്തു

ഇപ്പോളൊരുത്തിഞാനേയുള്ളൂ നോക്കുനീ കെല്പോടു പോരിനു നില്ലുനില്ലാകിലോ

എന്നരുൾചെയ്തൊരു ദേവിയോടന്നേരം നന്നായണഞ്ഞു പോർചെയ്തിതു സുഭനും (10)

ദേവാസുരാദികൾ കാണവേ തങ്ങളി- ലാവോളവും ബാണവർഷം തുടങ്ങിനാർ

സുംഭൻപ്രയോഗിച്ച ബാണങ്ങളൊക്കെയു- മംബിക ബാണങ്ങൾകൊണ്ടു മുറിക്കയും

അംബികതാൻപ്രയോഗിക്കുന്നബാണങ്ങൾ സുംഭനുമവ്വണ്ണമേ മുറിച്ചീനാൻ

ദാരുണമായ് സർവ്വലോകഭയങ്കരം ഘോരമായ് നിന്നു പൊരുതാർ പരസ്പരം

ദിവ്യാസ്ത്രസഞ്ചയമന്യോന്യമോരോന്നും ദിവ്യാസ്ത്രസഞ്ചയം കൊണ്ടു തടുക്കയും

ആയോധനംതമ്മിലൊപ്പമായിച്ചെയ്തു ചെ -യ്തായിരം ദിവ്യസംവത്സരം ചെന്നിതു

ദിവ്യവിമാനങ്ങൾ തോറും മരുവിന ദിവ്യമുനികളും ദേവകളുമെല്ലാം

തങ്ങളിൽ തങ്ങളിലിത്ഥം പറയുന്നു സംഗരമിങ്ങനെ പണ്ടുകണ്ടിട്ടില്ല

മേലിലീ വണ്ണമുണ്ടാകയുമില്ലിനി പൂർവ്വ ദേവന്മാരിതെന്തൊരു വിസ്മയം

ഏവമന്യോന്യം പറഞ്ഞു നിൽക്കുന്നേരം ദേവിയെ ബാണങ്ങൾകൊണ്ടു മൂടീടിനാൻ (20)

ചാപം മുറിച്ചു ശരങ്ങളാൽ ദേവിയും കോപേന ശക്തിയെടുത്താനസുരനും

ചക്രേണ ശക്തിയെ ഛേദിച്ചിതമ്പയും ഖഡ്ഗവുംചർമ്മവുംകൈക്കൊണ്ടതുനേരം

ചണ്ഡികയോടങ്ങടുത്തിതു മുമ്പിനാൽ ഖണ്ഡിച്ചിതു ദേവി ഖഡ്ഗചർമ്മങ്ങളും

തേരുമശ്വങ്ങളും സൂതനും ചാപവും വേറായനേരത്തു കോപിച്ചു സുംഭനും

മുൽഗരം കൈക്കൊണ്ടടുത്താനതുമംബ തൽക്ഷണേഛേദിച്ചിതാശു ശരങ്ങളാൽ

ദൈത്യാധിപൻ നിജ മുഷ്ടികൊണ്ടന്നേരം കാത്ത്യായനീ ഹൃദയത്തിൽപ്രയോഗിച്ചാൻ

സുംഭനെദേവി ശൂലേന വക്ഷഃസ്ഥലേ വൻപോടു താഡിച്ചതേറ്റവനും വീണാൻ

സുംഭനും ദേവിയുമന്തരീക്ഷേ നിന്നു വൻപോടു ചെയ്തിതു യുദ്ധം ചിരകാലം

ആകുലമെന്നിയേ സുംഭനെകൈക്കൊണ്ടു വേഗാൽ ചുഴറ്റിയെറിഞ്ഞാൽ ധരാതലേ

പെട്ടെന്നെഴുന്നേറ്റു കോപിച്ചു സുംഭനും മുഷ്ടിയുമോങ്ങിയടുത്താനതുനേരം (30)

സത്വരം ശൂലേന വക്ഷസി ഭേദീച്ചു പൃഥിയിലാശു പതിപ്പിച്ചതംബയും

അദ്രിദ്വീപാബ്ധികളോടും ജ്വലിച്ചിതു പൃഥിയിൽ സുംഭൻ പതിച്ചതുകാരണം

ജീവിതംവേർപെട്ടു സുംഭൻ പതിക്കയാൽ ദേവകളും പ്രസാദിച്ചു മുനികളും

ദിക്കുകളൊക്കെ പ്രസന്നമായ് വന്നിതു പുഷ്ക്കരമാർഗ്ഗേ തെളിഞ്ഞിതാദിത്യനും

പാടിതുടങ്ങിനാർ ഗന്ധർവ്വസംഘവും ആടിതുടങ്ങിനാരപ്സരസ്ത്രീകളും

ലോകത്രയത്തിങ്കലുള്ളവരൊക്കവേ ശോകമകന്നു തെളിഞ്ഞു വിളങ്ങിനാർ

പത്തു കഴിഞ്ഞിതദ്ധ്യായവുമിങ്ങനെ ഭക്തിയോടെ കേട്ടുകൊള്ളുവിനിന്നിയും (37)