ദേവീമാഹാത്മ്യം കിളിപ്പാട്ട്/നാലാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നാലാം അദ്ധ്യായം

ചൊവ്വാഴ്ച ദിവസം പാരായണം ചെയ്യാം.

അഞ്ചുനിറമുള്ള കൊഞ്ചും മൊഴിയാളേ

നെഞ്ചം തെളിഞ്ഞു നീ ചൊല്ലീടു ശേഷവും       1

എങ്കിലോ കേൾപ്പിൻ മഹിഷനെക്കൊന്നാശു

സങ്കടം തീർത്തൊരു ദേവിയെസ്സാദരം          2

ഇന്ദ്രാദിദേവകളും മുനിവർഗ്ഗവും

വന്ദിച്ചു കുപ്പിസ്തുതിച്ചു തുടങ്ങിനാർ.          3

നിശ്ശേഷദേവാംശമൂർത്തിയാം ദേവിയാൽ

വിശ്വമെല്ലാം നിറയപ്പെട്ടിരിക്കുന്നു      4

നിശ്ശേഷദേവമുനിഗണ പൂജ്യയാം

വിശ്വേശ്വരിക്കു നമസ്കാരമെപ്പോഴും. ‌ 5

മംഗലയാകിയ ലോകമാതാ മുദാ

മംഗലം നൽകുക ഞങ്ങൾക്കു സന്തതം   6

യാതൊരു ലോകമാതാവിൻ പ്രഭാവങ്ങൾ

ധാതാവിനും പുരാരിക്കുമനന്തനും   7

വാഴത്തുവാനാവതല്ലങ്ങനെയുള്ളാരു

കാത്യായനീ ദേവി കാത്തുകൊളേളണമേ    8

ലോകരക്ഷയ്ക്കമശുഭനാശത്തിനും

ലോകനാഥേ ദേവീ കല്പിക്കവേണമേ         9

യാതൊരു ദേവി സുകൃതികൾ മന്ദിരേ

ശ്രീദേവിയായതും പാപികൾ മന്ദിരേ      10

നിത്യമാലക്ഷ്മിയാകുന്നതും കേവലം

പണ്ഡിതന്മാരുള്ളിൽ ബുദ്ധിയാകുന്നതും        11

പുണ്യാത്മനാമുള്ളിൽ ശ്രദ്ധയാകുന്നതും

സൽകുലജന്മിനാം ലജ്ജയാകുന്നതും

ദുഃഖനാശേ നിന്തിരുവടിതാനല്ലോ. ‌‌    12

അങ്ങിനെയുള്ള ദേവിക്കു നമസ്കാര-

മിങ്ങനെ വിശ്വത്തെ രക്ഷിക്കവേണമേ       13

എന്തു വർണ്ണിപ്പതചിന്ത്യം തവരൂപ-

മെന്തു വർണ്ണിപ്പതു വീര്യം മഹാത്ഭുതം          14

എന്തു വർണ്ണിപ്പതു യുദ്ധവൈദഗ്ദ്ധ്യങ്ങൾ

സന്തതം തേ നമസ്കാരം ജഗന്മയീ           15

സർവ്വപ്രപഞ്ചത്തിനും ഹേതുഭൂതയാം

സർവ്വാശ്രയേ ത്രിഗുണാത്മികേ ശാശ്വതേ!          16

നാഥേ! ഹരഹരിബ്രഹ്മാദികളാലു-

മേതുമറിഞ്ഞുകൂടാതെ ജഗന്മയീ                 17

സർവ്വം തവൈവാംശഭൂതം ജഗദിദ-

മവ്യാകൃതയാം പ്രകൃതിയാകുന്നതും       18

സ്വാഹേത്യുദീര്യ മഖേഷു സുരഗണം

ദാഹമകന്നുടൻ തൃപ്തിയെ പ്രാപിച്ചു.      19

പിന്നെ സ്വധാശബ്ദമുച്ചാര്യ കർമ്മണി

നന്നായ് പിതൃക്കളും തൃപ്തിയെ പ്രാപിച്ചു    20

സർവ്വേന്ദ്രിയങ്ങളേയുമടക്കിസ്സദാ

സർവ്വദാ മോഷാർത്ഥികളാം മുനികളാൽ.        21

അഭ്യസിക്കപ്പെട്ടിരിക്കുന്ന വിദ്യയാം

ചിൽപുരുഷപിയേ! ദേവീ നമസ്കാരം         22

ഉൽഗതപാടങ്ങളായ സാമങ്ങൾക്കു-

മൃഗ്യജുഷാംമൂലമായ ശബ്ദാത്മികേ           23

സർഗ്ഗസ്ഥിതിലയഹേതുത്രയീഭൂത

ദുർഗ്ഗഭവാർണ്ണവത്തിനു തരണിയാം          24

ദുർഗ്ഗേ! മഹാശാസ്ത്രബോധമേധേ ശിവേ!

സ്വർഗ്ഗാപവർഗ്ഗദേ നിത്യം നമോസ്തുതേ         25

വൈകുണ്ഠവക്ഷഃസ്ഥലാലയേ മംഗലേ!

ശ്രീകണ്ഠവല്ലഭേ! ഗൗരി! നമോസ്തുതേ         26

ദേവീപ്രസാദേന നല്ലതുവന്നിടും

ദേവിതൻ കോപേന നാശവും വന്നിടും        27

യാതൊരു പുരുഷന്മാരേക്കുറിച്ചുള്ളിൽ

പ്രീതിഭവിക്കുന്നിതംബയ്ക്കവരല്ലോ         28

സമ്മതന്മാരവർക്കല്ലയോ സൗഖ്യവും

നിർമ്മലമായ യശസ്സുമവർക്കല്ലോ     29

ബന്ധുവർഗ്ഗത്തിനും ദുഃഖമകപ്പെടാ

സന്തതിഭൃത്യകളത്രസൗഖ്യങ്ങളാൽ‌                30

ധന്യന്മാരാകുന്നതുമവെരെപ്പോഴും

പുണ്യകർമ്മങ്ങളെച്ചെയ്യുന്നതുമവർ‌                 31

സ്വർഗ്ഗാനുഭൂതിയുണ്ടായി വരുമൊരു

ദുഃഖമൊരുനാളുമുണ്ടാകയില്ലല്ലോ‌                 32

ഭീതന്മാർ ചിന്തിച്ചു സേവിച്ചു കൊള്ളുകിൽ

ഭൂതിയെല്ലാമകന്നീടും ഭ്രുതതരം‌        33

സ്വസ്ഥരായുള്ളവർ സേവിച്ചു കൊള്ളുകിൽ

ചിത്തവും ശുദ്ധമായ് വന്നുകൂടും ദൃഢം‌    34

ദാരിദ്ര്യദുഃഖഭയങ്ങളെ നീക്കുവാ-

നാരിത്രിഭുവനത്തിങ്കൽ നീയെന്നിയേ‌         35

തുല്യരില്ലല്ലോ പരാക്രമത്തിനു തേ

കല്ല്യാണരൂപം ഭയഹരമെത്രയും‌        36

ചിത്തേ കൃപയുണ്ടു ദീനജനംപ്രതി

യുദ്ധേ കഠോരത്വവും പാരമുണ്ടല്ലോ‌         37

ലോകത്രയം ത്വയാ പാലിതമായിതു

ശോകമകന്നിതു ഞങ്ങൾക്കുമൊക്കവേ‌  38

ശൂലേന പാലിച്ചു കൊള്ളുക ഞങ്ങളെ

പാലിച്ചു കൊള്ളുക ഖഡ്ഗേന ചണ്ഡികേ‌     39

പാലിക്ക ഘണ്ടാനിനാദേന ഞങ്ങളെ

പാലിക്ക ചാപജ്യാനാദേന സന്തതം‌               40

           

നാലു ദിക്കിങ്കലും പാലിച്ചു കൊള്ളുക

പാലിക്ക സൗമ്യങ്ങളായ രൂപങ്ങൾ തേ. ‌‌‌‌‌          41

പാലിക്ക ഘോരമായുള്ള രൂപങ്ങളും

പാലിച്ചു കൊള്ളുക ദേവീശസ്ത്രേണ തേ  42

സ്വർഗ്ഗവും ഭൂമണ്ഡലത്തെയും രക്ഷിക്ക

ദുർഗ്ഗേ ഭഗവതി നിത്യം നമോസ്തുതേ.          43

ഇന്ദ്രാദിദേവകളിത്ഥം സ്തുതിചെയ്തു

നന്ദനോൽഭൂതപ്രസുനങ്ങളർപ്പിച്ചു‌                 44

ദിവ്യമാം ഗന്ധാനുലേപനാദ്യൈരലം

ഗവ്യഹവ്യാദികൾ കൊണ്ടു പൂജിച്ചുടൻ‌              45

തൃപ്തിവരുത്തി നമസ്കരിച്ചീടിനാ-

രപ്സരസ്ത്രീകളും പാടി നാട്യം ചെയ്താർ.        46

ദേവകളോടരുളിച്ചെയ്തിതന്നേരം

ദേവിയുമേറ്റം പ്രസാദിച്ചു സാദരം‌                47

സന്തുഷ്ടയായിതു ഞാനിനി നിങ്ങൾക്കു

ചിന്തിതം ചൊല്ലീടുവിൻ വരം നൽകുവാൻ.     48

എങ്കിലോ മാനുഷരിസ്തുതി ചൊല്ലുകിൽ

സങ്കടം തീർത്തു സമ്പത്തു നൽകേണമേ‌          49

അങ്ങനെതന്നെയൊരന്തരമില്ലിനി

നിങ്ങൾ സുഖിച്ചു വസിച്ചാലുമേവരും‌        50

എന്നരുൾചെയ്തു മറഞ്ഞിതു ദേവിയും

വിണ്ണവരും ചെന്നു പുക്കാർ നിജാലയേ‌      51

കേൾക്ക നൃപേന്ദ്ര! വൈശ്യോത്തമ! നിങ്ങളെ-

ന്നാക്കമേറും മുനിശ്രേഷ്ഠനരുൾ ചെയ്തു‌            52

പിൽപാടു ഗൗരീകളേബരത്തിങ്കൽ നി-

ന്നുല്പന്നയായിതു മായാഭഗവതി‌               53

സുംഭനിസുംഭന്മാരെക്കൊല്ലുവാനതും

സംപ്രീതിയോടു കേൾപ്പിൻ പറഞ്ഞിടുവൻ. ‌‌‌‌‌         54

ഇത്ഥമരുൾചെയ്തു താപസശ്രഷ്ഠനു-

മദ്ധ്യായവും നാലിവിടെക്കഴിഞ്ഞിതു. ‌‌‌   55