Jump to content

ദേവീമാഹാത്മ്യം കിളിപ്പാട്ട്/ഏഴാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഏഴാം അദ്ധ്യായം

ചണ്ഡമുണ്ഡന്മാർ പെരുമ്പടയോടുമ-
ച്ചണ്ഡികാദേവിയെച്ചെന്നു കണ്ടീടിനാർ

ശൈലേന്ദ്രശൃംഗേ മഹാസിംഹകന്ധരേ
നീലോല്പലാക്ഷിയെക്കണ്ടാരസുരരും

മുമ്പിൽഞാൻ മുമ്പിൽഞാനെന്നു പറഞ്ഞുടൻ
വമ്പോടടുക്കുന്ന വൻപടകണ്ടപ്പോൾ

കോപം മുഴുത്തു മുഖവും കറുത്തപ്പോൾ
ശോഭയാം നെറ്റിത്തടത്തിങ്കൾ നിന്നുടൻ

ഉത്ഭവിച്ചീടിനാൾ കാളിയുമെത്രയും
ദുഷ്പ്രേക്ഷ്യമായ കരാളമുഖത്തോടും

പാശവും ഖഡ്ഗവും ഖട്വാംഗവും ധരി-
ച്ചാശകളൊക്കെ നിറഞ്ഞ നാദത്തോടും

വൃത്തവിസ്താരമാം വക്ത്രയുമെത്രയും
രക്തനേത്രങ്ങളും ചഞ്ചലനിഹ്വയും

മുണ്ഡമാലാഭരണം ദ്വിപചർമ്മവും
കുണ്ഡലവും കുംഭികൊണ്ടണിഞ്ഞങ്ങനെ

ഘോരാസുരപ്പടതൻനടുവിൽ പൂക്കു
വാരിവിഴുങ്ങി വിഴുങ്ങിത്തുടങ്ങിനാർ

തേരാളികളെയും തേരുമൊരുമിച്ചു
വാരിപ്പിടിച്ചു കടിച്ചുതകർക്കയും

ഹസ്തിവൃന്ദത്തെയുമശ്വഗണത്തെയും
ഹസ്തങ്ങൾക്കൊണ്ടു പിടിച്ചുവിഴുങ്ങിയും

ഖഡ്ഗഖഡ്വാംഗദന്താഗ്രങ്ങളെക്കൊണ്ടു-
മുദ്ധതബാണ നഖരങ്ങളെക്കൊണ്ടും
ഖണ്ഡിച്ചൊടുക്കിനാൾ വൻപടയെല്ലാമേ

ചണ്ഡനും കോപിച്ചടുത്താനതുനേരം
മണ്ഡലാകാരധനുസ്സുമായ് സന്നിധൗ

കാളിയെബാണങ്ങൾക്കൊണ്ട് മൂടിടിനാൻ
കാളമേഘം മഴപെയ്യുന്നതു പോലെ

മുണ്ഡനും ചക്രങ്ങളെ പ്രയോഗിച്ചതു
കണ്ടു കോപിച്ചടുത്തീടിനാൾ കാളിയും

ചണ്ഡനുടെ ശിരസ്സാശു ഖഡ്ഗത്തിനാൻ
ഖണ്ഡിച്ചതു കാളി കോപേന തൽക്ഷണം

മുണ്ഡനെ ഖട്വാംഗപാതേന കൊന്നു ഭൂ-
മണ്ഡലം തന്നിലിട്ടാർത്താൾ ഭയങ്കരം


ചണ്ഡമുണ്ഡന്മാരുടെ തല രണ്ടുമ-
ച്ചണ്ഡികാദേവിതൻ മുമ്പിൽ വച്ചീടിനാൾ

സന്തുഷ്ടയായൊരു ദേവിയതു കണ്ടു
ചിന്തിച്ചു കാളിതന്നോടരുളിച്ചെയ്തു

ചണ്ഡമുണ്ഡന്മാരെ നീ നിഗ്രഹിക്കയാൽ
ദണ്ഡം കുറഞ്ഞെനിക്കിന്നതു കാരണം

ചാമുണ്ഡിയെന്നു ചൊല്ലിസ്തുതിച്ചീടുവോർ
ഭൂമണ്ഡലത്തിങ്കലുള്ള ജനമെല്ലാം

അദ്ധ്യായമേഴു സംക്ഷേപിച്ചു ചൊല്ലിനേൻ
ഭക്ത്യാ കൂതുഫലം പൂണ്ടു കേട്ടീടുവിൻ