ദേവീമാഹാത്മ്യം കിളിപ്പാട്ട്/അഞ്ചാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അഞ്ചാം അദ്ധ്യായം

ബുധനാഴ്ച്ച 5, 6, 7,8 അദ്ധ്യായങ്ങൾ പാരായണം ചെയ്യാം:


പണ്ടസുരേശ്വരന്മാരായിരുവര- ങ്ങുണ്ടായ്ചമഞ്ഞിതു സുംഭനിസുംഭന്മാർ  1   

എത്രയും ബാല്യകാലേ ചെന്നിരുവരും ചിത്തമുറച്ചു തപസ്സു തുടങ്ങിനാർ.    2

പുണ്യപ്രദേശമാം പുഷ്കരം പ്രാപിച്ചു നിന്നു പതിനായിരം ദിവ്യവത്സരം      3

പ്രത്യക്ഷനായ വിരിഞ്ചനാൽ കാംക്ഷിതം ദത്തമായ് വന്നു വരവുമവർക്കെല്ലാം   4

ഇന്ദ്രാധികാരവും സൂര്യാധികാരവും ചന്ദ്രാധികാരവുമെല്ലാമടക്കിനാർ.      5

കൗബേരകർമ്മവും യാമ്യവും വാരുണം വായവ്യമാനേയമായുള്ള കർമ്മവും‌     6

ലോകങ്ങളും യജ്ഞഭാഗങ്ങളുമവ- രൊക്കെയടക്കി നാരല്പകാലാന്തരാൽ‌  7

ദേവകൾക്കുള്ള നിലയങ്ങളിലവർ സേവകന്മാരെയുമൊക്കെ നിയോഗിച്ചാർ‌  8

ദേവേന്ദ്രനും ഭ്രഷ്ടരാജ്യനായ് തന്നുടെ ദേവിയാം പൗലോമിയോടും പുറപ്പെട്ടു. 9

ദേവകൾ ദേവിമാരോടും മനുഷ്യരായ് ഭാവിച്ചു ഭിക്ഷയുമേറ്റു നടന്നിതു‌      10

ദേഹവുമേറ്റം മെലിഞ്ഞു വശംകെട്ടു ദാഹവും പൂണ്ടു നടക്കുമാറായിതു‌    11

ചെന്നു ചതുർയുഗം നില്പതുമിങ്ങനെ പിന്നെ വിരിഞ്ചനെച്ചെന്നു വണങ്ങിനാർ‌.  12

ദുഃഖശാന്തിക്കു വിരിഞ്ചനോടുംകൂടി ദുർഗ്ഗാഭഗവതിയെ സ്മരിച്ചീടിനാർ‌     13

മുന്നം നമുക്കു വരമരുളിച്ചെയ്തി- തെന്നെ വഴിയേ നിരൂപിച്ചുകൊള്ളുവിൻ‌  14

എന്നാലകറ്റുവനാപത്തുകളെല്ലാ- മെന്നരുൾ ചെയ്തതു ചിന്തിച്ചു ദേവകൾ‌  15

ചെന്നു ഹിമവാങ്കലാമ്മാറു നിന്നവർ നന്നായ് സ്തുതിച്ചു മഹാദേവിയെത്തദാ  16

ദേവീ ശിവേ! മഹാദേവീ നമോ നമഃ ധാത്രീ നമോ നമോ ജ്യോത്സ്നേ നമോ നമഃ 17

ചന്ദ്രരൂപിണി ദേവീ നമോ നമഃ കല്യാണി! തേ പ്രണതാർത്തിഹരേ നമഃ  18

ത്രൈവിക്രമീ നമോ ദേവീ നമോ നമഃ നൈരൃതിഭുതൃതാം ലക്ഷീ! നമോ നമഃ‌ 19

ശർവ്വാണി തേ നമോ ദുർഗ്ഗേ നമോ നമഃ ദുർഗ്ഗേ പരേ ദേവി സാരേ നമോ നമഃ‌ 20

സർവ്വകരീ നമഃ ഖ്യാതി നമോ നമഃ കൃഷ്ണേ നമോ നമഃ ധൂമ്രേ നമോ നമഃ 21

സൗമ്യേ പുരരതിസൗമ്യേ നമോ നമഃ നിത്യം ജഗൽപതിഷ്ഠേ തേ നമോ നമഃ ‌  ഭൂതി പ്രദേ നമോ ഭൂതി നമോ നമഃ‌   22

യാതൊരു ദേവി സകലഭൂതങ്ങളിൽ വിഷ്ണുമായേതി ചൊല്ലപ്പെടുന്നു സദാ‌ 23

അങ്ങനെയുള്ള ദേവിക്കു നമസ്കാരം മംഗലം നൽകുവാൻ ദേവീ നമോ നമഃ‌. 24

യാതൊരു ദേവി സകലഭൂതങ്ങളിൽ ശക്തിസ്വരൂപിണിയായ് വസിക്കുന്നതും‌ 25

യാതൊരു ദേവി സകലഭൂതങ്ങളിൽ ബുദ്ധിസ്വരൂപിണിയായ് വസിക്കുന്നതും‌ 26

യാതൊരു ദേവി സകലഭൂതങ്ങളിൽ സൃഷ്ടിസ്വരൂപിണിയായ് വസിക്കുന്നതും‌ 27

യാതൊരു ദേവി സകലഭൂതങ്ങളിൽ ചേതനാരൂപിണിയായ് വസിക്കുന്നതും‌ 28

യാതൊരു ദേവി സകലഭൂതങ്ങളിൽ നിത്യം സ്ഥിതിരൂപിണിയായ് വസിപ്പതും‌ 29

യാതൊരു ദേവി സകലഭൂതങ്ങളിൽ സംഹൃതരൂപിണിയായ് വസിക്കുന്നതും‌ 30

യാതൊരു ദേവി സകലഭൂതങ്ങളിൽ നിത്യം ദയാരൂപിണിയായ് വസിപ്പതും‌  31

യാതൊരു ദേവി സകലഭൂതങ്ങളിൽ കീർത്തി സ്വരൂപിണിയായ് വസിക്കുന്നതും‌  32

യാതൊരു ദേവി സകലഭൂതങ്ങളിൽ വിദ്യാസ്വരുപിണിയായ് വസിക്കുന്നതും‌ 33

യാതൊരു ദേവി സകലഭൂതങ്ങളിൽ ശ്രദ്ധാസ്വരൂപിണിയായ് വസിക്കുന്നതും‌ 34

യാതൊരു ദേവി സകലഭൂതങ്ങളിൽ ലജ്ജാസ്വരൂപിണിയായ് വസിക്കുന്നതും‌ 35

യാതൊരു ദേവി സകലഭൂതങ്ങളിൽ സ്വാഹാസ്വരൂപിണിയായ് വസിക്കുന്നതും 36

യാതൊരു ദേവി സകലഭൂതങ്ങളിൽ പിന്നെ സ്വധാരൂപിണിയായ്‌  വസിപ്പതും‌ 37

യാതൊരു ദേവി സകലഭൂതങ്ങളിൽ നിത്യം ക്ഷുധാ രൂപിണിയായ് വസിപ്പതും  38

യാതൊരു ദേവി സകലഭൂതങ്ങളിൽ നിത്യം നിദ്രാ രൂപിണിയായ് വസിപ്പതും‌ 39

യാതൊരു ദേവി സകലഭൂതങ്ങളിൽ നിത്യം പ്രഭാരൂപിണിയായ് വസിപ്പതും‌  40

യാതൊരു ദേവി സകലഭൂതങ്ങിൽ ക്ഷാന്തിസ്വരൂപിണിയായ് വസിക്കുന്നതും‌  41

യാതൊരു ദേവി സകലഭൂതങ്ങളിൽ നീതിസ്വരൂപിണിയായ് വസിക്കുന്നതും‌  42

യാതൊരു ദേവി സകലഭൂതങ്ങളിൽ നിത്യം തമോരുപിണിയായ് വസിപ്പതും‌ 43

യാതൊരു ദേവി സകലഭൂതങ്ങളിൽ നിത്യം സ്മൃതിരുപിണിയായ് വസിപ്പതും‌ 44

യാതൊരു ദേവി സകലഭൂതങ്ങളിൽ തൃപ്തി സ്വരൂപിണിയായ് വസിക്കുന്നതും‌  45

യാതൊരു ദേവി സകലഭൂതങ്ങളിൽ തുഷ്ടി സ്വരൂപിണിയായ് വസിക്കുന്നതും‌  46

യാതൊരു ദേവി സകലഭൂതങ്ങളിൽ ക്ഷാന്തി സ്വരൂപിണിയായ് വസിക്കുന്നതും‌          47

യാതൊരു ദേവി സകലഭൂതങ്ങളിൽ ലക്ഷ്മി സ്വരൂപിണിയായ് വസിക്കുന്നതും‌  48

യാതൊരു ദേവി സകലഭൂതങ്ങളിൽ തൃഷ്ണാ സ്വരുപിണിയായ് വസിക്കുന്നതും‌         49

യാതൊരു ദേവി സകലഭൂതങ്ങളിൽ ഭക്തി സ്വരൂപിണിയായ് വസിക്കുന്നതും‌ 50

യാതൊരു ദേവി സകലഭുതങ്ങളിൽ ഹിംസാസ്വരുപിണിയായ് വസിക്കുന്നതും‌  51

യാതൊരു ദേവി സകലഭൂതങ്ങളിൽ സിദ്ധിസ്വരൂപിണിയായ് വസിക്കുന്നതും‌ 52

യാതൊരു ദേവി സകലഭൂതങ്ങളിൽ വ്യാപ്തി സ്വരൂപിണിയായ് വസിക്കുന്നതും‌          53

അങ്ങനെയുള്ള ദേവിക്കു നമസ്ക്കാരം മംഗലം നല്കുവാൻ ദേവി നമോ നമഃ‌. 54

ചേതനാരുപേണ സർവ്വലോകങ്ങളും വ്യാപിച്ചു വാഴുന്ന ദേവി! നമോ നമഃ‌  55

ഇന്ദ്രിയങ്ങൾക്കധിഷ്ഠാനമായ് സന്തതം ജന്തുക്കളുള്ളിൽ വാഴുന്ന മായേ ശിവേ‌  56

ഭ്രദങ്ങളായ ശുഭങ്ങൾ നൽകീടുക ഭദ്രേ ഭഗവതി നിത്യം നമോസ്തുതേ‌   57

ഭക്തിപരവശന്മാരായ ദേവക- ളിത്തരം ചൊല്ലി സ്തുതിച്ചോരനന്തരം‌ 58

പാവനയാകിയ ദേവതടിനിയിൽ പാർവ്വതീ ദേവീ കുളിപ്പാൻ പുറപ്പെട്ടു‌  59

ദേവകളോടരുളിച്ചെയ്ത ദേവിയും ദേവകളെ! നിങ്ങളാൽ സ്തുതിക്കപ്പെട്ടു.       60

ദേവി ഗിരിജാശരിരകോശത്തിൽ നി- ന്നാവിർഭവിക്കുമെന്നാലസുരന്മാരെ    61

നിഗ്രഹിച്ചമ്പോടനുഗ്രഹിക്കും ദ്രുതം വ്യഗ്രം കളഞ്ഞാലും ദേവകളെ! നിങ്ങൾ ‌62

കൗശികിയെന്നൊരു നാമമുണ്ടായ് വരു- മാശു ഹിമാചലപുത്രിയുമന്നേരം ‌ 63

കൃഷ്ണയായ് വന്നീടുമപ്പോൾ ഭവാനിക്കു കാളിയെന്നുമൊരു നാമമുണ്ടായ് വരും 64

എന്നരുൾച്ചെയ്തു മനോഹരമായൊരു സുന്ദരരൂപം ധരിച്ചു കാണായ് വന്നു  65

മന്ദം മന്ദം തുഹിനാദ്രിശൃംഗത്തിന്മേൽ സുന്ദരിയായൊരു കന്യകാവേഷമായ്  66

സമ്പൂർണ്ണയൗവ്വനത്തോടു നൽഷോഡശ- സംവത്സരം വയസ്സും ധരിച്ചങ്ങനെ    67

പൊന്നുഴിഞ്ഞാലുമാടിപ്പാടി നല്ലൊരു തന്വിയായ് വന്നു ചിരകാലം ബാലയും 68

ഭൂമൗ യദൃഛയാ സഞ്ചരിച്ചീടിനാർ കാമരൂപന്മാരും ചണ്ഡനും മുണ്ഡനും  69

സുംഭനിസുംഭഭൃത്യന്മാരിരുവരു- മംബികയെക്കണ്ടാരക്കാലമേകദാ     70

സുസ്മിതാസ്യം പൂണ്ട കന്യകയെക്കണ്ടു വിസ്മയം കൊക്കൊണ്ടുചെന്നു പുരി പുക്കാർ ‌ 71

സുംഭനെക്കണ്ടറിയിച്ചാരവരുമൊരു- മംഭോരുഹാക്ഷിയെ ഞങ്ങൾ കണ്ടു ബലാൽ ‌‌‌  72

പ്രാലേയശൈലശിഖരദേശേ പൂന- രാലോലമായൊരു പൊന്നൂഞ്ഞാലുമാടി 73

നല്ലരൂപമവളെപ്പോലെ കാൺമതി- നില്ല ലോകങ്ങളിലെങ്ങുമന്വേഷിച്ചാൽ‌  74

സ്ത്രീരത്നമായോരവളെ വഹിക്കുന്ന പുരുഷനല്ലോ ജഗത്രയനായകൻ.     75

ചെന്നവളെക്കാൺകവേണം ഭവാനിനി മന്നവാ കാലം കളയരുതേതുമേ‌      76

ദേവിയുമല്ല ഗന്ധർവ്വിയുമല്ലവൾ കേവലം യക്ഷിയും പന്നഗിയുമല്ല‌     77

താതനുമില്ല ബന്ധുക്കളുമില്ലൊരു ഭ്രാതാക്കളുമില്ല രക്ഷിപ്പാനാരുമേ‌     78

ഏകാകിനിയായിരിക്കുന്നു നിർജ്ജനേ രാകാശശിമുഖി സംപൂർണ്ണയൗവ്വനാ‌   79

യോഗ്യയാകുന്നതവൾ നിനക്കെത്രയും ഭാഗ്യവതാംവര വീരശിഖാമണേ‌       80

രത്നഭൂതങ്ങളായുള്ള പദാർത്ഥങ്ങൾ കൃൽസ്നമാർജ്ജിച്ചു പുരിയിലാക്കീലയോ    81

നമ്മുടെ രാജധാനിക്കലങ്കാരമാം നിർമ്മലസ്ത്രീരത്നമായ യുവതിയാൽ‌  82

ചണ്ഡമുണ്ഡോക്തികളിങ്ങനെ കേൾക്കയാൽ ഖണ്ഡിതധൈര്യനായ് വന്നിതു സുംഭനും‌.

83

അഗ്രേ വിളിച്ചുവരുത്തി നയജ്ഞനാം സുഗ്രീവനോടുപറഞ്ഞു മധുരമായ്‌    84

ഏതുമേ വൈകാതെ നീ ചെന്നനുസരി- ച്ചാദരവോടവളെക്കൊണ്ടുപോരിക‌    85

പാരുഷ്യവാക്കുകൾ ചൊല്ലരുതേതുമേ നാരിമാരോടതു ഞാൻ പറയേണമോ‌  86

നീതിമാന്മാരിൽ വെച്ചഗ്രേസരനായ മേധാവിയല്ലോ ഭവാനതുകൊണ്ടു ഞാൻ‌  87

നിന്നെയയക്കുന്നു പോയാലുമെങ്കില- ക്കന്യകയെക്കൂട്ടിക്കൊണ്ടിങ്ങു പോരിക ‌  88

ഇത്ഥം നിയുക്തനായോരു സുഗ്രീവനു- മുത്ഥാനവും ചെയ്തിതല്പസൈന്യത്തോടും.        89

വേഗേനപോയ് തുഷാരാദ്രിദേശേ ചെന്നു ലോകമാതാവിനെക്കണ്ടു ചൊല്ലീടിനാൻ‌ 90

വിശ്വൈകനാഥനാം സുംഭാസുരേന്ദ്രനു വിശ്വാസമുള്ളാരു ദൂതൻ മനോഹരേ‌  91

ഞാനവൻതൻ നിയോഗേന വന്നീടിനേൻ മാനിനിമാർകുലമൗലികേ ബാലികേ!‌  92

വീരനാം സുംഭാസുരാജ്ഞയെ ലംഘിപ്പാ- നാരുമീരേഴു ലോകങ്ങളില്ലില്ലെടോ!‌    93

അങ്ങനെയുള്ളവൻ തന്നുടെ വാക്കുകൾ മംഗലശീലേ പറയുന്നതുണ്ടു ഞാൻ‌‌   94

വിശ്വമെല്ലാമധീനം മമ സന്തതം നിശ്ശേഷദേവകളും വശന്മാരല്ലോ‌    95

യജ്ഞഭാഗങ്ങൾ ഭൂജിക്കുന്നതുമഹം രത്നഭൂതങ്ങളെല്ലാമെനിക്കാകുന്നു‌  96

ദേവേന്ദ്രവാഹനമാകുമെരാവതം ദേവീ ഗജരത്നവുമെനിക്കാകുന്നു‌     97

ക്ഷീരോദജാതമാമശ്വരത്നം മമ പാരിജാതവൃക്ഷരത്നമതും മമ‌      98

പിന്നെയും ദേവഗന്ധർവ്വാദികൾക്കുള്ള ധന്യരത്നങ്ങളെല്ലാമെനിക്കാകുന്നു. ‌   99

സ്ത്രീരത്നഭൂതയാകുന്നതു നീയെന്നു നാരീതിലകമേ മന്യേ മനോഹരേ!‌  100

ഞങ്ങളല്ലോ രത്നഭോക്താക്കളാകയാ- ലിങ്ങു പോന്നീടുക കാമിനീരത്നമേ‌   101

എന്നെയെന്നാകിലുമെന്നുടെ സോദരൻ തന്നെയെന്നാകിലുമാശു ഭജിക്ക നീ‌. 102

നീ മല്പരിഗ്രഹമായ് മരുവീടുകിൽ ശ്രീമദൈശ്വര്യം ഭജിക്കാം നിനക്കെടോ‌ 103

ഇത്ഥഃ വിചാരിച്ചു ബുദ്ധ്യാ വിനിശ്ചിത്യ ഭദ്രം ഭജിക്ക മാം ത്രൈലോക്യമോഹനേ   104

സുംഭവാക്യം തദാ സുഗ്രീവനിങ്ങനെ സംഭാഷണം ചെയ്ത നേരത്തു ദേവിയും‌   105

ഗംഭീര മന്ദസ്മിതം ചെയ്തു ദൂതനോ- ടംഭോജലോചന താനുമരുൾച്ചെയ്തു.   106

സത്യമത്രേ നീ പറഞ്ഞതു നിർണ്ണയം മിഥ്യയല്ലേതുമിനിയിതു കേൾക്ക നീ‌  107

സുംഭനത്രേ ലോകനാഥനാകുന്നതും വമ്പൻ നിസുംഭനും താദൃശൻ നിർണ്ണയം. ‌‌‌108

കല്പിതമെന്നാൽ പുരൈവ പ്രതിജ്ഞയൊ- ന്നിപ്പോളതെങ്ങനെ മിത്ഥ്യയാക്കീടുന്നു. ‌‌‌‌109

എത്രയും പാർത്താലസാരമായുള്ളരു സത്യപ്രതിജ്ഞയതാകുന്നതും ദൃഢം. ‌‌‌110

എന്നെ യുദ്ധേ ജയിക്കുന്ന പുരുഷനാ- രെന്നുടെ ദർപ്പമടക്കുന്നതാരെടോ    111

ഭർത്താവെനിക്കവനാകുന്നതെന്നൊരു സത്യമെനിക്കുണ്ടതും ധരിച്ചീടു നീ.  112

സുംഭനെ ചെന്നിതു കേൾപ്പിക്ക വൈകാതെ വൻപോടവനെന്നെ ക്കൊണ്ടുപൊയ്ക്കൊണ്ടാലും       113

എന്നതുകേട്ടു സുഗ്രീവനും ചൊല്ലിനാൻ നന്നുനന്നിപ്രബന്ധം നിരൂപിച്ചോളം   114

സുംഭനിസുംഭന്മാരോടിന്നവരുടെ മുമ്പിൽ നിൽക്കുന്നതാരായോധനത്തിനു‌  115

നീയൊരു കന്യകയല്ലോ വിശേഷിച്ചും പേയായ വാക്കുകൾ ചൊല്ലുന്നതെന്തു നീ?     116

നിന്നെത്തലമുടി ചുറ്റിപ്പിടിച്ചിഴച്ചിന്നു ഞാൻ കൊണ്ടുപോയാലെന്തുവേണ്ടതും  117

എങ്കിലോ നന്നല്ലോ നീ തന്നെ വല്ലഭൻ സങ്കടമേതുമെനിക്കില്ലതിനെടോ     118

ഇത്ഥം പലതും പറയുന്നതെന്തിനു സത്വരം സുംഭനോടേവം പറക നീ‌  119

യുക്തമായുള്ളതു ചെയ്തു കൊള്ളുമവൻ സത്യവും പാലിച്ചുകൊള്ളും വഴിപോലെ   120

അദ്ധ്യായമഞ്ചുമിവിടെക്കഴിഞ്ഞിതു ഭക്ത്യാ ചെവിതന്നു കേൾപ്പിൻ കഥാമൃതം.    121