ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-51


ഭ്രമദളികുലതുല്യാ ലോലധമ്മിലഭാരാഃ
സ്മിതമുഖകമലോദ്യദ്ദിവ്യലാവണ്യപൂരാഃ
അനുപമിതസുവേ‌ഷാ വാരയോ‌ഷാ നടന്തി
പരഭൃതികളകണ്ഠ്യേ ദേവി! ദൈന്യം ധുനോതു        (51)

വിഭക്തി -
ഭ്രമദളികുല തുല്യലോലധമ്മില്ലഭാരാഃ - ആ. സ്ത്രീ. പ്ര. ബ.
സ്മിതമുഖകമലോദ്യദ്ദിവ്യലാവണ്യപൂരാഃ - ആ. സ്ത്രീ. പ്ര. ബ.
അനുപമിതസുവേ‌ഷാ - ആ. സ്ത്രീ. പ്ര. ബ.
വാരയോ‌ഷാഃ - ആ. സ്ത്രീ. പ്ര. ബ.
നടന്തി - ലട്ട്. പ. പ്ര. ബ.
പരഭൃതികളണ്ഠ്യഃ - ഈ. സ്ത്രീ. ഈ. പ്ര. ബ.
ദേവി - ഈ. സ്ത്രീ. സംപ്ര. ഏ.
ദൈന്യം - അ. ന. ദ്വി. ഏ.
ധുനോതു - ലോട്ട്. പ. പ്ര. ഏ.

അന്വയം - ഹേ ദേവി! ഭ്രമദളികുലതുല്യാലോലധമ്മില്ലഭാരാഃ സ്മിതമുഖകമലോദ്യദ്ദിവ്യലാവണ്യപൂരാഃ അനുപമിതസുവേ‌ഷാഃ പരഭൃതികളണ്ഠ്യഃ വാരയോ‌ഷാഃ നടന്തി. ഹേ ദേവി! ഭവതീ ദൈന്യം ധുനോതു.

അന്വയാർത്ഥം - അല്ലയോ ദേവി ഭ്രമദളികുലതുല്യലോലധമ്മില്ലഭാരകളായി സ്മിതമുഖകമലോദ്യദ്ദിവ്യലാവണ്യപൂരകളായി അനുപമിത സുവേ‌ഷകളായി പരഭൃതികളണ്ഠികളായിരിക്കുന്ന[ 84 ]വാരയോ‌ഷകൾ നടിക്കുന്നു. നിന്തിരുവടി ദൈന്യത്തെ ധൂനനം ചെയേണമേ.

പരിഭാ‌ഷ - ഭ്രമദളികുലതുല്യാലോലധമ്മില്ലഭാരകൾ - ഭ്രമദളികുലംപോലെ ലോലങ്ങളായിരിക്കുന്ന ധമ്മില്ലഭാരങ്ങളോടുകൂടിയവർ. ഭ്രമദളികുലം - ഇളകിക്കൊണ്ടിരിക്കുന്ന വണ്ടിൻകൂട്ടം. ലോലങ്ങൾ - ഇളകുന്നവ. ധമ്മില്ലഭാരങ്ങൾ - തലമുടിക്കെട്ടുകൾ. സ്മിതമുഖകമലോദ്യദ്ദിവ്യലാവണ്യപൂരകൾ - സ്മിതമുഖ കമലങ്ങളിൽ ഉദ്യത്തായിരിക്കുന്ന ദിവ്യലാവണ്യപൂരത്തോടുകൂടിയവർ. സ്മിതമുഖമകലങ്ങൾ - സ്മിതങ്ങളായിരിക്കുന്ന മുഖമകലങ്ങൾ. സ്മിതങ്ങൾ - മന്ദസ്മിതത്തോടുകൂടിയവ. മുഖകമലങ്ങൾ - കമലങ്ങൾപോലെയുള്ള മുഖങ്ങൾ. കമലങ്ങൾ - താമരപ്പൂക്കൾ. ഉദ്യത്ത് - പ്രകാശിക്കുന്നത്. ദിവ്യലാവണ്യപൂരം - ദിവ്യസെന്ദൗര്യസമൂഹം. അനുപമിതസുവേ‌ഷകൾ - മനോഹര വേ‌ഷകൾ. പരഭൃതികളകണ്ഠികൾ - പരഭൃതികളെപ്പോലെ കളങ്ങളായിരിക്കുന്ന കണ്ഠങ്ങളോടുകൂടിയവർ. പരഭൃതികൾ - പെൺകുയിലുകൾ. കളങ്ങൾ - മധുരസ്വരങ്ങൾ. കണ്ഠങ്ങൾ - കഴുത്തുകൾ. വാരയോ‌ഷകൾ - വേശ്യാസ്ത്രീകൾ. ദൈന്യം - ദീനഭാവം. ധൂനനംചെയ്ക - നശിപ്പിക്ക.

ഭാവം - അല്ലയോ ദേവീ! ഇളകിക്കൊണ്ടിരിക്കുന്ന വണ്ടിൻ കൂട്ടംപോലെ മനോഹരങ്ങളായ തലമുടിക്കെട്ടോടും മന്ദസ്മിതത്തോടുകൂടിയ മുഖപത്മത്തിൽ പ്രകാശിക്കുന്ന ദിവ്യസെന്ദൗര്യത്തോടും സാദൃശ്യപ്പെടുത്താൻ പാടില്ലാത്ത മനോഹരവേ‌ഷത്തോടും പെൺകുയിലുകളെപ്പോലെ അതിമധുരമായ ശബ്ദത്തോടും കൂടിയ വാരസ്ത്രീകൾ (വേശ്യാസ്ത്രീകൾ) ഭഗവതിയുടെ മുൻപിൽ നൃത്തം ചെയ്യുന്നു. അല്ലയോ ദേവി! എന്റെ ദീനഭാവത്തെ കളയണമേ.