Jump to content

തിരുവിതാംകൂർ ഭൂമിശാസ്ത്രം/അദ്ധ്യായം ൧൪

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(തിരുവിതാംകൂർ ഭൂമിശാസ്ത്രം/അദ്ധ്യായം ൧൪. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവിതാംകൂർ ഭൂമിശാസ്ത്രം
(രണ്ടാം ഭാഗം, (നാലാം ക്ലാസിലേയ്ക്ക്))

രചന:സി.ആർ. കൃഷ്ണപിള്ള
അദ്ധ്യായം ൧൪.


[ 63 ]

അദ്ധ്യായം ൧൪.

[തിരുത്തുക]

ഭാഷയും വിദ്യാഭ്യാസവും.

[തിരുത്തുക]

ഈ സംസ്ഥാനത്തുള്ളവരിൽ നൂറ്റിനു ൮൪ പേർവീതം മലയാളം സംസാരിക്കുന്നു. സ്വദേശികളല്ലാത്തവരും സ്വല്പകാലത്തെ പരിചയം കൊണ്ടു് ഈ ഭാഷ സംസാരിക്കുന്നുണ്ടു്. തെക്കൻഡിവിഷനിലെ നാഞ്ചിനാട്ടുകാരും നാട്ടുക്രിസ്ത്യാനികളും ചെങ്കോട്ടയിലും ഹൈറേഞ്ചസ്സിലും ഉള്ളവരും സംസാരിക്കുന്നതു മിക്കവാറും തമിഴാണു്. സർക്കാർസംബന്ധമായ എഴുത്തുകുത്തുകൾ നടത്തിവന്നിരുന്നതു മലയാളത്തിലായിരുന്നു. എന്നാൽ ഇംഗ്ലീഷു വിദ്യാഭ്യാസാഭിവൃദ്ധിയോടുകൂടി നാട്ടുകാരുടെ പെരുമാറ്റത്തിലും ഗവർമ്മെന്റു് എഴുത്തുകുത്തുകളിലും ഇംഗ്ലീഷ് സാമാന്യത്തിലധികം സ്ഥലംപിടിച്ചുവരുന്നു. കർണ്ണാടകം, കൊങ്കണം, ഹിന്തുസ്ഥാനി, തെലുങ്കു, മഹാരാഷ്ട്രം, ഇംഗ്ലീഷു്, അറബിൿ, തുളു മുതലായ ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ടു്.

വിദ്യാഭ്യാസത്തിനുള്ള ഏർപ്പാടുകൾ പരിഷ്കൄതരീതിയിൽ വളർന്നുവരികയാണു്. പ്രാഥമികവിദ്യാഭ്യാസത്തിൽ ഈ സംസ്ഥാനം ഇൻഡ്യയിൽ മുന്നണിയിൽനില്ക്കുന്നു. ഇവിടെ എഴുതാനും വായിക്കാനും അറിയാവുന്നവർ നൂറ്റിനു ൨൮ വീതം ഉണ്ടു്. പള്ളിക്കൂടങ്ങളുടേയും പഠിക്കുന്നകുട്ടികളുടേയും സംഖ്യ കൊല്ലംതോറും കൂടിവരുന്നു. പുരാതനകാലംമുതല്ക്കേ എഴുത്തുപള്ളികൾ കുടിആശാന്മാരാൽ നടത്തപ്പെട്ടുവരികയായിരുന്നു. ഗവർമ്മെന്റു് ഇതിൽ ഇടപെട്ടതു ൯൯൨-ൽ റാണിലക്ഷ്മിഭായിയുടെ കാലത്താണെങ്കിലും ൧൦൪൦-ാമാണ്ടിനിപ്പുറമാണു് ഇതിനു പറയത്തക്കസ്ഥാനം കിട്ടിയതു്. ആദ്യം സ്ഥാപിച്ചതു് ഇംഗ്ലീഷുസ്ക്കൂളുകൾ ആയിരുന്നു. കുറേ കഴിഞ്ഞു മലയാളം പള്ളിക്കൂടങ്ങൾ സ്ഥാപിക്കയും അന്നത്തെ ഭരണപ്രകാരമുള്ള പ്രവൃത്തികൾക്കു (താലൂക്കിന്റെ വിഭാഗങ്ങൾ) ഓരോ പള്ളിക്കൂടംവീതം നൽകുന്നതിനു ഏർപ്പാടു ചെയ്കയും ചെയ്തു. പിന്നീടു വിദ്യാഭ്യാസപദ്ധതി [ 64 ] പലപ്പോഴും പരിഷ്കരിക്കപ്പെട്ടിട്ടുണ്ടു്. ഇപ്പോൾ അതു് ഒരു നൂതനപന്ഥാവിൽ എത്തിയിരിക്കുന്നു. ഇപ്പോൾ ഇവിടെ പ്രാഥമിക വിദ്യാഭ്യാസത്തിനു പ്രൈമറിസ്ക്കൂളുകളും ഇടത്തരം വിദ്യാഭ്യാസത്തിനു മലയാളത്തിലും ഇംഗ്ലീഷിലും മിഡിൽസ്ക്കൂളുകളും ഹൈസ്ക്കൂളുകളുകളുമുണ്ടു്. ഉയർന്നതരം വിദ്യാഭ്യാസത്തിനു കലാശാലകളും (കാളേജു്) സ്ഥാപിച്ചിരിക്കുന്നു. ഇവയെല്ലാം രണ്ടുതരത്തിലുണ്ടു്. ഒന്നു ഗവർമ്മെന്റിനാൽ നേരിട്ടു നടത്തപ്പെടുന്നവ. മറ്റതു ഗവർമ്മെന്റു അംഗീകരണത്തോടും സഹായത്തോടുംകൂടി നടത്തപ്പെടുന്ന പ്രൈവറ്റു വിദ്യാലയങ്ങൾ. പെൺകുട്ടികൾക്കു് ആവശ്യംപോലെ പ്രത്യേക സ്ക്കൂളുകൾ ഏർപ്പെടുത്തിയിരിക്കുന്നു. മലയാളംസ്ക്കൂളുകൾ മിക്കവാറും എല്ലാ പകുതികളിലും പരന്നിട്ടുണ്ടു്. ഇംഗ്ലീഷ് സ്ക്കൂളുകൾ ഓരോ താലൂക്കിനും ഒന്നോ രണ്ടോ വീതമെങ്കിലും ഉണ്ടായിരിക്കും. സ്ക്കൂളുകളിലേക്കു വേണ്ട അദ്ധ്യാപകന്മാരെ പരിശീലിപ്പിക്കുന്നതിനു ഏതാനും ട്രെയിനിംഗു്സ്ക്കൂളുകളും ഏർപ്പെടുത്തിയിരിക്കുന്നു. ഉയർന്നതരം കലാശാലകൾ തിരുവനന്തപുരത്തു സർക്കാർവകയായി പല വിഷയങ്ങൾക്കും പലതുള്ളതിനു പുറമെ ചങ്ങനാശ്ശേരിയിലും ആലുവായിലും ഓരോ ഒന്നാംഗ്രേഡ്കാളേജും, കോട്ടയത്തും നാഗർകോവിലിലും ഓരോ രണ്ടാംഗ്രേഡ്കാളേജും പ്രൈവറ്റു സ്ഥാപനങ്ങളായി നടത്തപ്പെടുന്നുണ്ടു്. തിരുവനന്തപുരത്തു ആകെ ൭ കാളേജുകളാണുള്ളതു്. അവ സാഹിത്യവിഷയങ്ങൾക്കു് ഒരു ആർട്സ് കാളേജും, ശാസ്ത്രവിഷയങ്ങൾക്കു് ഒരു സയൻസുകാളേജും അദ്ധ്യാപകപരിശീലനത്തിനു ഒരു ട്രെയിനിംഗ്കാളേജും, നിയമവിഷയത്തിനു ഒരു ലാക്കാളേജും, സ്ത്രീകൾക്കു് ഒരു പ്രത്യേക കാളേജും, സംസ്കൃതത്തിൽ പാണ്ഡിത്യം നൽകുന്നതിനു ഒരു സംസ്കൃതകാളേജും, നാട്ടുവൈദ്യത്തിനു് ഒരു ആയുർവേദകാളേജും ആകുന്നു. ഇവ എല്ലാം അഭിവൃദ്ധമായി വരുന്നുണ്ടു്.

വിദ്യാഭ്യാസഡിപ്പാർട്ടുമെന്റിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ ഡയറക്ടരാണു്. ഇദ്ദേഹത്തിന്റെ കീഴിൽ നാലു ഡിവിഷൻ ഇൻസ്പെക്ടറന്മാരും ഒരു പ്രധാന ഇൻസ്പെക്ട്രസ്സും ഉണ്ടു്. സംസ്ഥാനത്തെ നാലു ഡിവിഷനായി തിരിച്ചു് ഓരോന്നിന്റെ ഭരണം മിക്കവാറും ഓരോ ഡിവിഷൻ ഇൻസ്പെക്ടർക്കു നല്കിയിരിക്കുന്നു. സ്ത്രീകൾക്കായുള്ള മിഡിൽസ്ക്കൂളുകളും ഹൈസ്ക്കൂളുകളുംമാത്രം ഇൻസ്പെക്ട്രസ്സിന്റെ ഭരണത്തിലാണു്. ഇവരെ സഹായിക്കുന്നതിനു താലൂക്കുതോറും അസിസ്റ്റന്റു് ഇൻസ്പെ [ 65 ] ക്ടിങ്ങു ആഫീസർമാർ നിയമിക്കപ്പെട്ടിരിക്കുന്നു. ഈ ഏർപ്പാടുകൊണ്ടു സ്ക്കൂൾപരിശോധന തൃപ്തികരമായി ഭവിക്കാൻ ഇടയുണ്ടു്.