തിരുക്കുറൾ ഭാഷ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
തിരുക്കുറൾ ഭാഷ (വിവർത്തനം)

രചന:ശ്രീനാരായണഗുരു (1894)

അകാരമാമെഴുത്താദിയാകുമെല്ലായെഴുത്തിനും
ലോകത്തിന്നേകനാമാദി ഭഗവാനാദിയായിടും.        1

സത്യമാമറിവാർന്നുള്ള ശുദ്ധരൂപന്റെ സത്പദം
തൊഴായ്കിൽ വിദ്യകൊണ്ടെന്തിങ്ങുളവാകും പ്രയോജനം?        2

മനമാം മലരേ വെല്ലുന്നവന്റെ വലുതാം പദം
തൊഴുന്നവർ സുഖം നീണാൾ മുഴുവൻ വാഴുമൂഴിയിൽ.        3

ആശിക്കുക വെറുത്തീടുകെന്നതില്ലാത്തവന്റെ കാൽ
അണഞ്ഞീടിലവർക്കേതുമല്ലലില്ലൊരു കാലവും.        4

ഈശന്റെ വലുതാം കീർത്തി വാഴ്ത്തുന്നവരിലെന്നുമേ
ഇരുളാലണയും രണ്ടു വിനയും വന്നണഞ്ഞിടാ.        5

വാതിലഞ്ചും വെന്നവന്റെ നീതിയും നേരുമായിടും
വഴിയിൽ പറ്റി നിന്നീടിൽ വാഴുന്നൂ നെടുനാളവൻ.        6

ഉപമിപ്പാനൊന്നുമില്ലാതവന്റെ ചരണങ്ങളിൽ
ചേർന്നവർക്കെന്നിയരുതിച്ചേതോദുഃഖമകറ്റുവാൻ.        7

ധർമ്മസാഗരപാദത്തിൽ ചേർന്നണഞ്ഞവരെന്നിയേ
കർമ്മക്കടലിൽനിന്നങ്ങു കരേറുന്നില്ലൊരുത്തരും.        8

ഗുണമെട്ടുള്ള തൻപാദം പണിയാ മൗലിയേതുമേ
ഗുണമില്ലാത്തതാം ജ്ഞാനഗുണഹീനാക്ഷമെന്നപോൽ.        9

ഈശൻപദത്തിൽ ചേരായ്കിൽ കടക്കുന്നില്ല, ചേർന്നിടിൽ
കടന്നീടുന്നു ജനനപ്പെരുങ്കടലിൽ നിന്നവർ.        10

വാൻചിറപ്പ് (വർഷവർണ്ണനം)

മഴ കാരണമായ് ലോകമഴിയാതെ വരുന്നിത്
അതിനാലതു പാരിന്നൊരമൃതെന്നുണരേണ്ടതാം.        1

ഉണ്ണുന്നവർക്കിങ്ങുണ്ണേണ്ടുമൂണുണ്ടാക്കിയവർക്കിത്
ഉണ്ണുമ്പോഴങ്ങതിൽ ചേർന്നൂണായതും മഴയായിടും.       2

ആഴി ചൂഴുന്ന വലുതാമൂഴിയിൽ പാരമായ് പശി
മഴ പെയ്യാതെയായീടിൽ ഒഴിയാതഴൽ ചേർത്തിടും.       3

മഴയാമൊരു സമ്പത്തിൻ സമൃദ്ധി കുറവായിടിൽ
കൃഷി ചെയ്യാതെയാമിങ്ങു കൃഷീവലരൊരുത്തരും.       4

കൊടുക്കുന്നതുമീവണ്ണം കെട്ടവർക്കു സഹായമായ്
എടുത്തീടുന്നതും നിന്നതൊക്കെയും മഴയായിടും.       5

വിണ്ണിൽനിന്നു മഴത്തുള്ളി വീഴലില്ലായ്കിലെങ്ങുമേ
ഒരു പച്ചപ്പുല്ലു പോലും കാൺമാനരുതു കണ്ണിനാൽ.       6

നെടും കടലിനും മേന്മ കുറയും കൊണ്ടൽനീരിനെ
എടുത്തു തന്നിൽനിന്നങ്ങു കൊടുത്തീടായ്കിൽ മാരിയെ.       7

മഴ പെയ്യാതെയായീടിൽ വാനവർക്കും മനുഷ്യരാൽ
മഖവും പൂജയും മന്നിൽ നിന്നു ചെല്ലാതെയായിടും.       8

പേരാർന്നൊരീ പ്രപഞ്ചത്തിൽ മാരി പെയ്യാതെയായിടിൽ
ദാനം തപസ്സു രണ്ടിന്നും സ്ഥാനമില്ലാതെയായിടും.       9

നീരില്ലായ്കിൽ പാരിലേതും കാര്യമാർക്കും നടന്നിടാ
മാരിയില്ലായ്കിലപ്പോഴാ നീരുമില്ലാതെയായിടും.       10

നീത്താർ പെരുമൈ(സന്യാസിമഹിമ)

വഴിയേ സന്യസിച്ചുള്ള മഹിമാവിങ്ങുയർന്നതായ്
നിന്നീടുന്നിതു ശാസ്ത്രത്തിൽ നിർണ്ണയം സ്പൃഹണീയമാം.       1

സന്യാസിമഹിമാവിന്നു സന്നിഭം ചൊല്കിലുർവിയിൽ
ഒന്നില്ലാതാകെ മൃതരെയെണ്ണീടുന്നതിനൊപ്പമാം.       2

ബന്ധമോക്ഷങ്ങളിൽ ഭേദം കണ്ടിങ്ങു കഠിനവ്രതം
പൂണ്ടവർക്കുള്ള മഹിമ ഭൂവിലേറ്റമുയർന്നതാം.       3

വലുതാം വാനിൽ വാഴ്വോർക്കു തലയാമിന്ദ്രനൂഴിയിൽ
ജിതേന്ദ്രിയന്റെ ശക്തിക്കു മതിയാമൊരു സാക്ഷിയാം.       4

അറിവാമങ്കുശത്താലഞ്ചറിവാം വാരണങ്ങളെ
തളച്ചവൻ മോക്ഷഭൂവിൽ മുളയ്ക്കുമൊരു ബീജമാം.       5

കഴിയാത്തതു ചെയ്തീടും മഹാന്മാ,രല്പരായവർ
ചെയ്കയില്ലൊരു കാലത്തും ചെയ്തീടാൻ കഴിയാത്തത്.       6

ശബ്ദം സ്പർശം രൂപരസം ഘ്രാണമഞ്ചിൻ വിഭാഗവും
അറിയുന്നവനിൽത്തന്നെ പെരുതാം ലോകമൊക്കെയും.       7

പരിപൂർണ്ണവയസ്സുള്ള നരനിൽ ഗരിമാവിനെ
അവരന്നരുളിച്ചെയ്ത മറയിങ്ങറിയിച്ചിടും.       8

ഗുണമാം കുന്നേറിയങ്ങു നില്ക്കുന്ന മുനിമാരുടെ
കോപം ക്ഷണികമെന്നാലും ഭൂവിൽ ദുർവാരമാമത്.       9

സർവ്വപ്രാണിയിലും തുല്യകൃപ പൂണ്ടു നടക്കയാൽ
അന്തണന്മാരെന്നു ചൊല്ലേണ്ടതു സന്യാസിമാരെയാം.       10

ഭാര്യാധർമ്മം(ഗൃഹിണീത്വം)

വസതിക്കൊത്ത ഗുണമുള്ളവളായ്, വരവിൽ സമം
വ്യയവും ചെയ്യുകിൽ തന്റെ വാഴ്ചയ്ക്കു തുണയാമവൾ.       1

ഗുണം കുടുംബിനിക്കില്ലാതാകി, ലെല്ലാമിരിക്കിലും
ഗുണമില്ല കുടുംബത്തിനി,ല്ലാതാകും കുടുംബവും.       2

ഗുണം കുടുംബിനിക്കുണ്ടായീടിലെന്തി,ല്ലവൾക്കത്
ഇല്ലാതെയാകിലെന്തുണ്ട,ങ്ങൊന്നുമില്ലാതെയായിടും.       3

ചാരിത്ര്യശുദ്ധിയാകുന്ന ഗുണത്തോടൊത്തു ചേർന്നിടിൽ
ഗൃഹനായികയെക്കാളും വലുതെന്തു ലഭിച്ചിടാൻ?       4

ദൈവത്തിനെത്തൊഴാതാത്മനാഥനെത്തൊഴുതെന്നുമേ
എഴുനേൽപ്പവൾ, പെയ്യെന്നു ചൊല്ലിടിൽ മഴ പെയ്തിടും.       5

തന്നെ രക്ഷിച്ചു തൻ പ്രാണനാഥനെപ്പേണി, പേരിനെ
സൂക്ഷിച്ചു ചോർച്ചയില്ലാതെ വാണീടിലവൾ നാരിയാം.       6

അന്തഃപുരത്തിൽ കാത്തീടിലെന്തുള്ളതവരെ സ്വയം
നാരിമാർ കാക്കണം സ്വാത്മചാരിത്ര്യംകൊണ്ടതുത്തമം.       7

നാരിമാർക്കിങ്ങു തൻ പ്രാണനാഥപൂജ ലഭിക്കുകിൽ
ദേവലോകത്തിലും മേലാം ശ്രേയസ്സൊക്കെ ലഭിച്ചിടാം.       8

പേരു രക്ഷിക്കുന്ന നല്ല, നാരിയില്ലാതെയായിടിൽ
പാരിടത്തിൽ സിംഹയാനം ഗൗരവം തന്നിൽ വന്നിടാ.       9

നാരീഗുണം ഗൃഹത്തിന്നു ഭൂരിമംഗളമായത്
സാരനാം പുത്രനതിനു നേരായൊരു വിഭൂഷണം.       10

അപൂർണ്ണം
"https://ml.wikisource.org/w/index.php?title=തിരുക്കുറൾ_ഭാഷ&oldid=21295" എന്ന താളിൽനിന്ന് ശേഖരിച്ചത്