തിരഞ്ഞെടുത്ത ഹദീസുകൾ/സത്യവിശ്വാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
തിരഞ്ഞെടുത്ത_ഹദീസുകൾ
സത്യവിശ്വാസം
 1. ഇബ്നു ഉമർ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇസ്ലാം (ആകുന്ന സൗധം) അഞ്ച് തൂണുകളിന്മേൽ നിർമ്മിതമാണ്. (അവ) അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ് അല്ലാഹുവിൻറെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം ക്രമപ്രകാരം അനുഷ്ഠിക്കുക, സകാത്ത് കൊടുക്കുക, ഹജ്ജ് ചെയ്യുക, റമദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുക എന്നിവയാണ് അവ. (ബുഖാരി. 1. 2. 7)
 2. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സത്യവിശ്വാസത്തിന് അറുപതിൽപ്പരം ശാഖകളുണ്ട്. ലജ്ജ സത്യവിശ്വാസത്തിൻറെ ഒരു ശാഖയാണ്. (ബുഖാരി. 1. 2. 8)
 3. അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: തിരുമേനി(സ) അരുളി: ആരുടെ നാവിൽ നിന്നും മുസ്ലിംകൾ സുരക്ഷിതരായിരിക്കുന്നുണ്ടോ, അവനാണ് യഥാർത്ഥ മുസ്ലിം. അല്ലാഹു വിരോധിച്ചത് ആര് വെടിയുന്നുണ്ടോ അവനാണ് യഥാർത്ഥ മുഹാജിർ (സ്വദേശത്യാഗം ചെയ്തവൻ). (ബുഖാരി. 1. 2. 9)
 4. അബൂമൂസാ(റ) നിവേദനം: അനുചരന്മാർ ഒരിക്കൽ നബി(സ) യോട് ചോദിച്ചു. ദൈവദൂതരേ! ഇസ്ലാമിലെ ഏത് കർമ്മമാണ് കൂടുതൽ ഉൽകൃഷ്ടം? തിരുമേനി(സ) അരുളി: ആരുടെ നാവിൽ നിന്നും കയ്യിൽ നിന്നും മുസ്ലിംകൾ സുരക്ഷിതരാകുന്നുവോ അവനാണ് (അവൻറെ നടപടിയാണ്) ഏറ്റവും ഉൽകൃഷ്ടൻ. (ബുഖാരി. 1. 2. 10)
 5. അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: ഇസ്ലാമിൻറെ നടപടികളിൽ ഏതാണ് ഉത്തമമെന്ന് ഒരാൾ ചോദിച്ചു. തിരുമേനി(സ) അരുളി: അന്നദാനം ചെയ്യലും പരിചയമുള്ളവർക്കും പരിചയമില്ലാത്തവർക്കും സലാം പറയലും. (ബുഖാരി. 1. 2. 11)
 6. അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: തനിക്കിഷ്ടപ്പെടുന്നത് തൻറെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (ബുഖാരി. 1. 2. 12)
 7. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: എൻറെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം. സ്വന്തം പിതാവിനോടും സന്താനങ്ങളോടും ഉള്ളതിനേക്കാൾ പ്രിയം എന്നോടായിരിക്കുന്നതുവരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി. 1. 2. 13)
 8. അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വന്തം പിതാവിനേക്കാളും സന്താനങ്ങളേക്കാളും സർവ്വജനങ്ങളേക്കാളും പ്രിയപ്പെട്ടവൻ ഞാനാകുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി. 1. 2. 14)
 9. അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരാളിൽ മൂന്ന് ഗുണവിശേഷങ്ങൾ ഉണ്ടെങ്കിൽ അയാൾ സത്യവിശ്വാസത്തിൻറെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. 1. മറ്റാരോടുമുള്ളതിനേക്കാൾ പ്രിയം അല്ലാഹുവിനോടും അവൻറെ ദൂതനോടും ഉണ്ടായിരിക്കുക, 2. മനുഷ്യനെ അല്ലാഹുവിൻറെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് മാത്രം സ്നേഹിക്കുക, 3. ദൈവനിഷേധത്തിലേക്ക് മടങ്ങുന്നതിനെ നരകത്തിലേക്ക് തള്ളപ്പെടുന്നതിനെയെന്ന പോലെ വെറുക്കുക. (ബുഖാരി. 1. 2. 15)
 10. അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: അൻസാരികളോടുള്ള സ്നേഹം സത്യവിശ്വാസത്തിൻറെ ലക്ഷണമാണ്. അൻസാരികളോടുള്ള കോപം കാപട്യത്തിൻറെയും. (ബുഖാരി. 1. 2. 16)
 11. അബൂസഇദിൽ ഖുദ്രി(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിലും നരകവാസികൾ നരകത്തിലും പ്രവേശിക്കും. പിന്നീട് അല്ലാഹു കൽപ്പിക്കും: കടുകുമണിയോളമെങ്കിലും വിശ്വാസം ഹൃദയത്തിലുള്ളവരെ നരകത്തിൽ നിന്നു കരകയറ്റുവീൻ. അങ്ങനെ അവർ നരകത്തിൽ നിന്ന് മുക്തരാകും. അവർ കറുത്തിരുണ്ടു പോയിട്ടുണ്ടാകും. അനന്തരം അവരെ ജീവിതനദിയിൽ ഇടും. അപ്പോൾ മലവെള്ളച്ചാലുകളുടെ ഓരങ്ങളിൽ കിടക്കുന്ന വിത്ത് മുളക്കുന്നതുപോലെ അവരുടെ ശരീരം കൊഴുത്തുവളരും. മഞ്ഞനിറത്തിൽ ഒട്ടിച്ചേർന്ന ദളങ്ങളോടുകൂടി അവ മുളച്ചു വരുന്നത് നീ കണ്ടിട്ടില്ലേ? (ബുഖാരി. 1. 2. 21)
 12. അബൂസഈദിൽ ഖുദ്രി(റ) നിവേദനം: തിരുമേനി(സ) അരുളി: ഞാനൊരിക്കൽ നിദ്രയിലായിരിക്കുംപോൾ കുപ്പായം ധരിപ്പിച്ച് ചില മനുഷ്യരെ എൻറെ മുന്പിൽ പ്രദർശിപ്പിച്ചതു ഞാൻ കണ്ടു. ചിലരുടെ കുപ്പായം മുലവരെ എത്തിയിട്ടുണ്ട്. ചിലരുടേത് അത്രയും ഇറക്കമില്ല. അക്കൂട്ടത്തിൽ ഉമറുബ്നു ഖത്താബും എൻറെ മുംപിൽ പ്രദർശിപ്പിക്കപ്പെട്ടു. അദ്ദേഹം ധരിച്ച കുപ്പായം നിലത്ത് ഇഴഞ്ഞു കിടന്നിരുന്നു. (ഇത് കേട്ട്) അവർ പറഞ്ഞു: അല്ലാഹുവിൻറെ ദൂതരെ! ഈ സ്വപ്നത്തിന് അവിടുന്നു നൽകുന്ന വ്യാഖ്യാനമെന്ത്? തിരുമേനി(സ) അരുളി: അത് മതനിഷ്ഠയാണ്. (ബുഖാരി. 1. 2. 22)
 13. ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) അൻസാരികളിൽ പെട്ട ഒരാളുടെ അരികിലൂടെ നടന്നുപോയി. അദ്ദേഹം തൻറെ സഹോദരൻറെ ലജ്ജയെക്കുറിച്ച് ഗുണദോഷിക്കുകയായിരുന്നു. അപ്പോൾ തിരുമേനി(സ) അരുളി: അവനെ വിട്ടേക്കുക. ലജ്ജ സത്യവിശ്വാസത്തിൻറെ ഒരു ശാഖയാണ്. (ബുഖാരി. 1. 2. 23)
 14. ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) അരുളി: (മുസ്ലിംകളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന) ആ ജനങ്ങൾ അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിൻറെ ദൂതനാണെന്നും സാക്ഷ്യം വഹിച്ച് നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്തു നൽകുകയും ചെയ്യുന്നതുവരെ അവരോട് യുദ്ധം ചെയ്യുവാൻ എന്നോട് കൽപ്പിച്ചിരിക്കുന്നു. അതവർ നിർവ്വഹിച്ചു കഴിഞ്ഞാൽ തങ്ങളുടെ രക്തത്തേയും ധനത്തേയും എൻറെ പിടുത്തത്തിൽ നിന്ന് അവർ രക്ഷിച്ചു കഴിഞ്ഞു. പക്ഷെ, ഇസ്ലാം ചുമത്തിയ ബാധ്യതകൾക്ക് വേണ്ടി അവരുടെ മേൽ കൈവെക്കാം. അവരെ വിചാരണ ചെയ്യുന്നത് അല്ലാഹുവായിരിക്കും. (ബുഖാരി. 1. 2. 24)
 15. അബൂഹുറൈറ(റ) നിവേദനം: ഏത് കർമ്മമാണ് കൂടുതൽ ശ്രേഷ്ഠമായതെന്ന് തിരുമേനി(സ) യോട് ഒരാൾ ചോദിച്ചു. അപ്പോൾ തിരുമേനി(സ) പറഞ്ഞു: അല്ലാഹുവിലും അവൻറെ ദൂതനിലും വിശ്വസിക്കൽ. അയാൾ വീണ്ടും ചോദിച്ചു. പിന്നെ ഏതാണ്. തിരുമേനി(സ) പറഞ്ഞു: അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നടത്തുന്ന ത്യാഗം. പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. നബി(സ) ഉത്തരം നൽകി. സ്വീകാര്യയോഗ്യമായ നിലക്ക് നിർവ്വഹിച്ച ഹജ്ജ്. (ബുഖാരി. 1. 2. 25)
 16. സഅദ്ബ്നു അബീവഖാസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കൽ ഒരു സംഘത്തിന് എന്തോ ധർമ്മം കൊടുക്കുമ്പോൾ ഞാനവിടെ ഇരിക്കുകയായിരുന്നു. ആ കൂട്ടത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരാളെ നബി(സ) ഉപേക്ഷിച്ചു. അപ്പോൾ ഞാൻ ചോദിച്ചു: അല്ലാഹുവിൻറെ ദൂതരേ! എന്തുകൊണ്ടാണ് അവിടുന്ന് ഇയാളെ ഒഴിവാക്കിക്കളഞ്ഞത്. തീർച്ചയായും ഇയാളെ ഒരു മുഅ്മിനായിട്ടാണ് ഞാൻ കാണുന്നത്. അപ്പോൾ നബി(സ) പറഞ്ഞു: അല്ലെങ്കിൽ മുസ്ലിം (എന്നു കൂടി പറയുക) അനന്തരം കുറച്ച് സമയം ഞാൻ മൗനം ദീക്ഷിച്ചു. എന്നാൽ അയാളെ സംബന്ധിച്ചുള്ള അറിവിൻറെ പ്രേരണയാൽ ആ വാക്കു തന്നെ ഞാൻ വീണ്ടും പറഞ്ഞു: അല്ലാഹുവിൻറെ ദൂതരെ! എന്തുകൊണ്ടാണ് അവിടുന്ന് ഇയാളെ ഒഴിവാക്കിക്കളഞ്ഞത്. തീർച്ചയായും ഇയാൾ ഒരു മുഅ്മിനായിട്ടാണ് ഞാൻ കാണുന്നത്. അപ്പോൾ തിരുമേനി(സ) അരുളി: അല്ലെങ്കിൽ മുസ്ലിം. അപ്പോഴും ഞാൻ അൽപസമയം മൗനം പാലിച്ചു. വീണ്ടും അദ്ദേഹത്തെ സംബന്ധിച്ചുള്ള അറിവ് പ്രേരിപ്പിച്ചതനുസരിച്ച് ഞാൻ അതാവർത്തിച്ചു. നബി(സ)യും തൻറെ മുൻ മറുപടി ആവർത്തിച്ചു. പിന്നെ നബി(സ) പറഞ്ഞു: സഅദ്! ചിലപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിലരെ ഒഴിച്ചു നിർത്തി മറ്റു ചിലർക്ക് ഞാൻ കൊടുക്കും. അവർക്ക് കൊടുക്കാതിരിക്കുന്നത് അല്ലാഹു അവരെ നരകത്തിൽ വീഴ്ത്താൻ ഇടയാകുമെന്ന് ഭയന്നിട്ടാണ് അങ്ങനെ ചെയ്യുന്നത്. (ബുഖാരി. 1. 2. 26)
 17. അബ്ദുല്ലാഹിബ്നുൽ അംറ്(റ) നിവേദനം: ഒരു മനുഷ്യൻ തിരുമേനി(സ) യോട് ചോദിച്ചു. ശ്രേഷ്ഠമായ ഇസ്ലാമിക കർമ്മമേതാണ്? നബി(സ) അരുളി: ഭക്ഷണം നൽകലും പരിചിതർക്കും അപരിചിതർക്കും സലാം പറയലും. (ബുഖാരി. 1. 2. 27)
 18. ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) അരുളി: എനിക്ക് ഒരിക്കൽ നരകം കാണിക്കപ്പെട്ടു. അപ്പോൾ അതിൽ അധികവും സ്ത്രീകളാണ്. കാരണം അവർ നിഷേധിക്കുന്നു. അനുചരന്മാർ ചോദിച്ചു. അവർ അല്ലാഹുവിനെ നിഷേധിക്കുകയാണോ? നബി(സ) പറഞ്ഞു: അല്ല അവർ ഭർത്താക്കന്മാരെ (അവരുടെ അനുഗ്രഹങ്ങളെ) നിഷേധിക്കുന്നു. ആ ഔദാര്യങ്ങളോട് നന്ദി കാണിക്കുകയില്ല. ജീവിതകാലം മുഴുവനും നീ ഒരു സ്ത്രീക്ക് പല നന്മകളും ചെയ്തുകൊടുത്തു. എന്നിട്ട് അവളുടെ ഹിതത്തിന് യോജിക്കാത്ത വല്ലതും നീ പ്രവർത്തിച്ചതായി അവൾ കണ്ടാൽ അവൾ പറയും: നിങ്ങൾ എനിക്ക് ഒരു നന്മയും ഇന്നുവരെയും ചെയ്തുതന്നിട്ടില്ല എന്ന്. (ബുഖാരി. 1. 2. 28)
 19. മിഅ്റൂർ(റ) നിവേദനം: അദ്ദേഹം പറയുന്നു; ഞാനൊരിക്കൽ "റബ്ദ" എന്ന സ്ഥലത്തുവെച്ച് അബൂദർറിനെ കാണുകയുണ്ടായി. അദ്ദേഹം ഒരു പുതുവസ്ത്രം ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ അടിമയും അതേതരം പുതുവസ്ത്രം ധരിച്ചിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് ഞാനദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. ഞാൻ ഒരാളെ ശകാരിച്ചു. അവൻറെ ഉമ്മയെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഞാൻ അയാളെ വഷളാക്കി. അന്നേരം നബി(സ) എന്നോട് പറഞ്ഞു. ഓ! അബൂദർറ്. നീ അയാളുടെ ഉമ്മയെ ചൂണ്ടിക്കാട്ടിക്കൊണ്ട് പരിഹസിച്ച് കളഞ്ഞല്ലോ. അജ്ഞാനകാലത്തെ ചില ദുർഗുണങ്ങൾ നിന്നിൽ അവശഷിച്ചിട്ടുണ്ട്. നിങ്ങളുടെ ഭൃത്യന്മാർ നിങ്ങളുടെ സഹോദരന്മാരാണ്. അല്ലാഹു അവരെ നിങ്ങളുടെ നിയന്ത്രണത്തിലാക്കിയിരിക്കുന്നു എന്നേയുള്ളൂ. അതുകൊണ്ട് വല്ലവൻറെയും സഹോദരൻ അവൻറെ നിയന്ത്രണത്തിൻ കീഴിൽ ജീവിക്കുന്നുവെങ്കിൽ താൻ ഭക്ഷിക്കുന്നതിൽ നിന്നു തന്നെ അവനു ഭക്ഷിക്കാൻ കൊടുക്കുക, താൻ ധരിക്കുന്ന അതേ വസ്ത്രം അവനും ധരിക്കാൻ കൊടുക്കുക., അവർക്ക് അസാദ്ധ്യമായ ജോലികളൊന്നും അവനെ ഏല്പിക്കരുത്. വിഷമമേറിയ എന്തെങ്കിലും ജോലികൾ അവനെ ഏല്പിക്കേണ്ടി വന്നാൽ നിങ്ങൾ അവനെ സഹായിക്കണം. (ബുഖാരി. 1. 2. 29)
 20. അഹ്നഫ്(റ) നിവേദനം: അദ്ദേഹം പറയുന്നു: (ജമൽ യുദ്ധം നടക്കുമ്പോൾ) ഞാൻ ഈ മനുഷ്യനെ (അലിയ്യിനെ) സഹായിക്കാൻ വേണ്ടി പുറപ്പെട്ടു. അപ്പോൾ അബൂബക്കറത്ത് എന്നെ അഭിമുഖീകരിച്ചു. അദ്ദേഹം ചോദിച്ചു. നീ എവിടെ പോകുന്നു? ഞാൻ പറഞ്ഞു. ഈ മനുഷ്യനെ (അലിയെ) സഹായിക്കാൻ പോവുകയാണ്. ഉടനെ അദ്ദേഹം പറഞ്ഞു. (പാടില്ല) നീ മടങ്ങുക. രണ്ടു മുസ്ലീംകൾ വാളെടുത്തു പരസ്പരം യുദ്ധം ചെയ്താൽ വധിച്ചവനും വധിക്കപ്പെട്ടവനും നരകത്തിലായിരിക്കും എന്ന് നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അന്നേരം ഞാൻ ചോദിച്ചു. ദൈവദൂതരെ! ഘാതകൻറെ കാര്യം ശരി തന്നെ. കൊല്ലപ്പെട്ടവൻ എന്തു കുറ്റം ചെയ്തു? തിരുമേനി(സ) അരുളി: തൻറെ സഹോദരനെ കൊല്ലാൻ അവൻ കിണഞ്ഞു പരിശ്രമിക്കയായിരുന്നുവല്ലോ? അത്യാഗ്രഹത്തോടുകൂടി. (ബുഖാരി. 1. 2. 30)
 21. അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) നിവേദനം: "വിശ്വസിക്കുകയും എന്നിട്ടു തങ്ങളുടെ വിശ്വാസത്തോട് അക്രമം കൂട്ടിച്ചേർക്കാതിരിക്കുകയും ചെയ്തവർക്ക് സമാധാനമുണ്ട്. അവർ തന്നെയാണ് സന്മാർഗ്ഗം പ്രാപിച്ചവർ' എന്ന ആയത്ത് അവതരിച്ചപ്പോൾ തിരുമേനി(സ)യുടെ അനുചരന്മാർ ചോദിച്ചു (നബിയേ) ഞങ്ങളിൽ സ്വശരീരത്തോടു അക്രമം പ്രവർത്തിക്കാത്തവരാണ്? അപ്പോഴാണ് അല്ലാഹുവിന് പങ്കുകാരെ വെച്ച് പുലർത്തലാണ് വലിയ അക്രമം എന്ന ആയത്തു അല്ലാഹു അവതരിപ്പിച്ചത്. (ബുഖാരി. 1. 2. 31)
 22. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്. 1. സംസാരിച്ചാൽ കള്ളം പറയുക, 2. വാഗ്ദാനം ചെയ്താൽ ലംഘിക്കുക, 3. വിശ്വസിച്ചാൽ ചതിക്കുക. (ബുഖാരി. 1. 2. 32)
 23. അബ്ദുല്ലാഹിബ്നുഅംറ്(റ) നിവേദനം: നിശ്ചയം തിരുമേനി(സ) അരുളി: നാല് ലക്ഷണങ്ങൾ ഒരാളിൽ സമ്മേളിച്ചാൽ അവൻ കറയറ്റ കപടവിശ്വാസിയാണ്. അവയിൽ ഏതെങ്കിലുംഒരു ലക്ഷണം ഒരാളിലുണ്ടെങ്കിൽ അത് വർജ്ജിക്കും വരേക്കും അവനിൽ കപടവിശ്വാസത്തിൻറെ ഒരു ലക്ഷണമുണ്ടെന്നും വരും. 1. വിശ്വസിച്ചാൽ ചതിക്കുക, 2. സംസാരിച്ചാൽ കളവ് പറയുക, 3. കരാർ ചെയ്താൽ വഞ്ചിക്കുക, 4. പിണങ്ങിയാൽ അസഭ്യം പറയുക. (ബുഖാരി. 1. 2. 33)
 24. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ആരെങ്കിലും ശരിയായ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ലൈലത്തുൽ ഖദ്റിൽ നമസ്കരിക്കുകയാണെങ്കിൽ അവൻ ചെയ്ത പാപങ്ങളിൽ നിന്ന് പൊറുക്കപ്പെടുന്നതാണ്. (ബുഖാരി. 1. 2. 34)
 25. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുമേനി(സ) അരുളി: ഒരാൾ അല്ലാഹുവിൻറെ മാർഗ്ഗത്തിൽ സമരത്തിന്നിറങ്ങുന്നു. എന്നിലുള്ള വിശ്വാസവും എൻറെ ദൂതന്മാരിലുള്ള വിശ്വാസവും മാത്രമാണ് അയാളെ അതിന് പ്രേരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ഒരാളെ എൻറെ അടുക്കൽ നിന്നുള്ള പ്രതിഫലമോ ശത്രുപക്ഷത്തു നിന്ന് പിടിച്ചെടുത്ത ധനമോ രണ്ടിലൊന്ന് നേടിക്കൊടുത്തിട്ടല്ലാതെ തിരിച്ചയക്കുകയില്ലെന്ന കാര്യം അല്ലാഹു ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു. മാത്രമല്ല, അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുമെന്നും എൻറെ സമുദായത്തിന് ക്ലേശമാകുമെന്നു ഞാൻ വിചാരിച്ചിരുന്നില്ലെങ്കിൽ യുദ്ധത്തിനയക്കുന്ന ഒരു സൈന്യത്തിൽ നിന്നും ഞാൻ പിന്തി നിൽക്കുമായിരുന്നില്ല. അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ഞാൻ വധിക്കപ്പെടുകയുംപിന്നീട് ജീവിപ്പിക്കപ്പെടുകയും വീണ്ടും വധിക്കപ്പെടുകയും ജീവിക്കപ്പെടുകയും വീണ്ടും വധിക്കപ്പെടുകയും ചെയ്തിരിക്കുന്നുവെങ്കിൽ എന്നാണ് ഞാൻ ആശിച്ചു പോകുന്നത്. (ബുഖാരി. 1. 2. 35)
 26. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വല്ലവനും റമളാൻ രാത്രിയിലെ ഐച്ഛിക നമസ്കാരം (തറാവീഹ്) നിർവ്വഹിച്ചാൽ അവൻ മുമ്പ് ചെയ്ത തെറ്റുകളിൽ നിന്നും അവന് പൊറുത്തു കൊടുക്കും. (ബുഖാരി. 1. 2. 36)
 27. അബൂഹുറൈറ(റ) നിവേദനം: തിരുമേനി അരുളി: വിശ്വാസത്തോടും പ്രതിഫലം ആശിച്ചുകൊണ്ടും ആരെങ്കിലും റമളാൻ വ്രതം അനുഷ്ഠിച്ചാൽ അവൻറെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. (ബുഖാരി. 1. 2. 37)
 28. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം മതം ലളിതമാണ്. മതത്തിൽ അമിതത്വം പാലിക്കാൻ ആര് മുതിർന്നാലും അവസാനം അവൻ പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാർഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങൾ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിൻറെ ഒരംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യർത്ഥിക്കുകയും ചെയ്യുക. (ബുഖാരി. 1. 2. 38)
 29. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടിട്ടുണ്ട്. ഒരാൾ ഇസ്ലാം മതം സ്വീകരിക്കുകയും നല്ല നിലക്ക് ഇസ്ലാമിക നടപടികളെല്ലാം പാലിച്ചു പോരുകയും ചെയ്താൽ അയാൽ മുമ്പ് ചെയ്ത എല്ലാ കുറ്റങ്ങളും അല്ലാഹു മായ്ച്ചുകളയുന്നതാണ്. അതിന് ശേഷം (ചെയ്യുന്ന തെറ്റുകൾക്ക്) ആണ് ശിക്ഷാനടപടി. നന്മക്കുള്ള പ്രതിഫലം 10 ഇരട്ടി മുതൽ 700 ഇരട്ടി വരെയാണ്. തെറ്റുകൾക്ക് തത്തുല്യമായ ശിക്ഷ മാത്രമെ നൽകുകയുള്ളു (ഇരട്ടിപ്പിക്കൽ ഇല്ല) അതു തന്നെ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നില്ലെങ്കിൽ മാത്രം. (ബുഖാരി. 1. 2. 40)
 30. ആയിശ(റ) നിവേദനം: ഒരിക്കൽ നബി(സ) അവരുടെ മുറിയിൽ കടന്നുചെന്നു. അപ്പോൾ ഒരു സ്ത്രീ അവരുടെ അടുക്കൽ ഇരിക്കുന്നുണ്ടായിരുന്നു. ഇതാരെന്നു നബി(സ) ചോദിച്ചു. ഇന്ന സ്ത്രീ എന്നുത്തരം പറഞ്ഞശേഷം അവർ അവളുടെ നമസ്കാരത്തിൻറെ വണ്ണവും വലിപ്പവും പ്രശംസിച്ചു പറയാൻ തുടങ്ങി. ഉടനെ തിരുമേനി(സ) അരുളി: വർണ്ണന നിർത്തുക, നിങ്ങൾക്ക് നിത്യവും അനുഷ്ഠിക്കാൻ സാധിക്കുന്നത്ര നിങ്ങൾ അനുഷ്ഠിക്കുവിൻ. അല്ലാഹു സത്യം, നിങ്ങൾക്ക് മുഷിച്ചിൽ തോന്നും വരേക്കും അല്ലാഹുവിന് മുഷിച്ചിൽ തോന്നുകയില്ല. ഒരാൾ നിത്യേന നിർവിഘ്നം അനുഷ്ഠിക്കുന്ന മതനടപടികളാണ് അല്ലാഹുവിന് കൂടുതൽ ഇഷ്ടപ്പെട്ടത്. (ബുഖാരി. 1. 2. 41)
 31. അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: ഹൃദയത്തിൽ ഒരു ബാർലിമണിത്തൂക്കമെങ്കിലും നന്മ ഉണ്ടായിരിക്കുകയും അതൊടൊപ്പം "ലാ ഇലാഹ ഇല്ലല്ലാഹു' എന്ന് പ്രഖ്യാപിക്കുകയും ചെയ്തവരെയെല്ലാം നരകത്തിൽ നിന്ന് മുക്തരാക്കും. ഹൃദയത്തിൽ ഒരു ഗോതമ്പ് മണിത്തൂക്കം നന്മ ഉണ്ടായിരിക്കുകയും "ലാ ഇലാഹ ഇല്ലല്ലാഹു" എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന എല്ലാ മനുഷ്യരേയും നരകത്തിൽ നിന്ന് മോചിപ്പിക്കും. ഹൃദയത്തിൽ ഒരണുതൂക്കം നന്മ ഉണ്ടായിരിക്കുകയും "ലാ ഇലാഹ ഇല്ലല്ലാഹു എന്ന് പ്രഖ്യാപിക്കുകയും ചെയ്തവരേയും നരകത്തിൽ നിന്ന് മുക്തരാക്കും. (ബുഖാരി. 1. 2. 42)
 32. ഉമർ(റ) നിവേദനം: നിശ്ചയം ഒരു ജൂതൻ അദ്ദേഹത്തോട് പറയുകയുണ്ടായി: അല്ലയോ അമീറുൽമുഅ്മിനീൻ! നിങ്ങളുടെ ഗ്രന്ഥത്തിൽ നിങ്ങൾ പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്. അത് ജൂതന്മാരായ ഞങ്ങൾക്കാണ് അവതരിച്ചുകിട്ടിയിരുന്നെങ്കിൽ ആ ദിനം ഞങ്ങളൊരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു. ഉമർ(റ) ചോദിച്ചു. ഏത് ആയത്താണത്? ജൂതൻ പറഞ്ഞു. "ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ ഞാൻ നിങ്ങൾക്ക് പൂർത്തിയാക്കിത്തന്നിരിക്കുന്നു. അതു വഴി എൻറെ അനുഗ്രഹത്തെ നിങ്ങൾക്ക് ഞാൻ പൂർത്തിയാക്കിത്തരികയും ഇസ്ലാമിനെ മതമായി നിങ്ങൾക്ക് തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (5:3) എന്ന വാക്യം തന്നെ. ഉമർ(റ) പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങൾക്ക് നല്ലപോലെ അറിവുണ്ട്. തിരുമേനി(സ) വെള്ളിയാഴ്ച ദിവസം അറഫായിൽ സമ്മേളിച്ചിരുന്ന ഘട്ടത്തിലാണ് അത് അവതരിച്ചത്. (ബുഖാരി. 1. 2. 43)
 33. ത്വൽഹ(റ) നിവേദനം: അദ്ദേഹം പറയുന്നു: നജ്ദ് നിവാസികളിൽപെട്ട ഒരു മനുഷ്യൻ തിരുമേനി(സ)യുടെ അടുത്തുവന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേൾക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതുവരെ അയാൾ പറയുന്നതെന്തെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. അങ്ങനെ അയാൾ ഇസ്ലാമിനെക്കുറിച്ച്ചോദിച്ചു: നബി(സ) അരുളി: ഒരു പകലും രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കൽ, അപ്പോൾ ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എൻറെ പേരിലുണ്ടോ എന്ന് അയാൾ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കിൽ അതു ഒഴികെ, പിന്നീട് നബി(സ) അരുളി: റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അദ്ദേഹം ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എൻറെ ബാധ്യതയിലുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ് അനുഷ്ഠിച്ചെങ്കിൽ മാത്രം. ശേഷം തിരുമേനി(സ) അയാളോട് സകാത്തിനെക്കുറിച്ച് പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. ഔദാര്യമായി നീ വല്ലതും നൽകുകയാണെങ്കിൽ മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാൾ അവിടം വിട്ടു. സ്ഥലം വിടുമ്പോൾ അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാൻ ഇതിൽ വർദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. തിരുമേനി അരുളി: അയാൾ പറഞ്ഞത് സത്യമാണെങ്കിൽ അയാൾ വിജയിച്ചുകഴിഞ്ഞു. (ബുഖാരി. 1. 2. 44)
 34. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരു മുസ്ലിമിൻറെ മയ്യിത്തിനെ അനുഗമിക്കുകയും നമസ്കാരവും ഖബറടക്കവും കഴിയുന്നതുവരെ കൂടെയുണ്ടാവുകയും ചെയ്താൽ അയാൾ ഒരു ഖീറാത്തു പ്രതിഫലവും കൊണ്ടാണ് തിരിച്ചുവരിക. (ബുഖാരി. 1. 2. 45)
 35. അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: മുസ്ലിമിനെ ശകാരിക്കുന്നത് ദുർമാർഗ്ഗവും അവനോട് യുദ്ധം ചെയ്യുന്നത് സത്യനിഷേധവുമാണ്. ഉബാദത്ത്ബ്നുസ്സാമിത്ത്(റ) നിവേദനം: തിരുമേനി(സ) ലൈലത്തുൽ ഖദ്റിനെക്കുറിച്ച് വിവരമറിയിക്കാൻ വേണ്ടി രണ്ടുപേർ പരസ്പരം ശണ്ഠകൂടുന്നത് അവിടുന്നു കണ്ടു. അതു കാരണം ലൈലത്തുൽ ഖദ്റിനെക്കുറിച്ചുള്ള ജ്ഞാനം എൻറെ മനസ്സിൽ നിന്ന് ഉയർത്തപ്പെട്ടു. ഒരു പക്ഷെ, അത് നിങ്ങൾക്ക് നന്മയായിപരിണമിച്ചേക്കാം. ലൈലത്തുൽ ഖദ്റിനെ, 27, 29, 25 മുതലായ രാവുകളിൽ നിങ്ങൾ അന്വേഷിക്കുവീൻ. (ബുഖാരി. 1. 2. 46)
 36. ഇബ്നുഅബ്ബാസ്(റ) നിവേദനം: അബൂസുഫ്യാൻ എന്നോട് പറയുകയുണ്ടായി. ഹിർഖൽ (ഹെർക്കുലീസ്) രാജാവ് അദ്ദേഹത്തോട് പറഞ്ഞു: നബിയുടെ അനുയായികൾ വർദ്ധിക്കുകയാണോ അതോ കുറയുകയാണോ എന്ന് ഞാൻ താങ്കളോട് ചോദിച്ചപ്പോൾ അവർ വർദ്ധിക്കുകയാണ് എന്നാണല്ലോ താങ്കളുടെ മറുപടി അങ്ങനെയാണ് സത്യവിശ്വാസം, അത് പൂർത്തിയാവുന്നതുവരെ. ആ മതം സ്വീകരിച്ചശേഷം അതിനെ വെറുത്ത് ആരെങ്കിലും പിന്മാറുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴും ഇല്ല എന്നാണ് താങ്കൾ മറുപടി പറഞ്ഞത്. അങ്ങനെതന്നെയാണ് സത്യവിശ്വാസം. അതിൻറെ പ്രസന്നത മനസ്സുമായി കലർന്നാൽ ആരും അതിനെ വെറുക്കുകയില്ല. (ബുഖാരി. 1. 2. 48)
 37. നുഅ്മാൻ(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. അനുവദനീയ കാര്യങ്ങൾ വ്യക്തമാണ്. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാൽ അവ രണ്ടിനുമിടയിൽ പരസ്പരം സാദൃശ്യമായ ചില കാര്യങ്ങളുണ്ട്. മനുഷ്യരിൽ അധികമാളുകൾക്കും അവ ഗ്രഹിക്കാൻ കഴിയുകയില്ല. അതുകൊണ്ട് ഒരാൾ പരസ്പരം സദൃശമായ കാര്യങ്ങൾ പ്രവർത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാൽ അയാൾ തൻറെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാൽ വല്ലവനും സാദൃശ്യമായ കാര്യങ്ങളിൽ ചെന്നുവീണുപോയാൽ അവൻറെ സ്ഥിതി സംരക്ഷിച്ചു നിറുത്തിയ (നിരോധിത) മേച്ചിൽ സ്ഥലത്തിൻറെ അതിർത്തികളിൽ നാൽക്കാലികളെ മേക്കുന്ന ഇടയനെ പോലെയാണ്. അവരതിൽ ചാടിപ്പോകാൻ എളുപ്പമാണ്. അറിഞ്ഞുകൊള്ളുവീൻ! എല്ലാ രാജാക്കന്മാർക്കും ഓരോ മേച്ചിൽ സ്ഥലങ്ങളുണ്ട്. ഭൂമിയിൽ അല്ലാഹുവിൻറെ നിരോധിത മേച്ചിൽ സ്ഥലം അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! ശരീരത്തിൽ ഒരു മാംസക്കഷണമുണ്ട്. അതു നന്നായാൽ മനുഷ്യശരീരം മുഴുവൻ നന്നായി. അതു ദുഷിച്ചാൽ ശരീരം മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതത്രെ ഹൃദയം. (ബുഖാരി. 1. 2. 49)
 38. ഉമർ(റ) നിവേദനം: തിരുമേനി(സ) അരുളി: കർമ്മങ്ങൾക്ക് (പ്രതിഫലം) ഉദ്ദേശ്യമനുസരിച്ചാണ്. ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചതാണ് ലഭിക്കുക. അപ്പോൾ വല്ലവനും അല്ലാഹുവിൻറെയും അവൻറെ ദൂതൻറെയും പ്രീതിയുദ്ദേശിച്ച് ഹിജ്റ പുറപ്പെട്ടാൽ അല്ലാഹുവിൻറെയും അവൻറെ ദൂതൻറെയും പ്രീതി അവന് ലഭിക്കും. വല്ലവനും ഭൗതികനേട്ടം ഉദ്ദേശിച്ചു അല്ലെങ്കിൽ ഒരു സ്ത്രീയെ വിവാഹം കഴിക്കുവാനുദ്ദേശിച്ച് ഹിജ്റ പുറപ്പെട്ടാൽ അവൻ ഉദ്ദേശിച്ചതാണ് അവന് ലഭിക്കുക. (ബുഖാരി. 1. 2. 51)
 39. ഇബ്നുമസ്ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു മനുഷ്യൻ തൻറെ കുടുംബത്തിന് വേണ്ടി വല്ലതും ചെലവ് ചെയ്തു. അല്ലാഹുവിൻറെ പ്രതിഫലമാണ് അവനുദ്ദേശിച്ചത് എന്നാൽ അതവനു ഒരു ദാനധർമ്മമാണ്. (ബുഖാരി. 1. 2. 52)
 40. സഅ്ദ്ബ്നു അബീവഖാസ്(റ) നിവേദനം: നിശ്ചയം തിരുമേനി(സ) അരുളി: നീ അല്ലാഹുവിൻറെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് ചെയ്യുന്ന ഏത് ധനവ്യയത്തിനും പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. നിൻറെ ഭാര്യയുടെ വായിൽ വെച്ചു കൊടുക്കുന്നതുവരെ. (ബുഖാരി. 1. 2. 53)
 41. ജരീർ(റ) നിവേദനം: അദ്ദേഹം പറയുന്നു. നമസ്കാരം മുറപ്രകാരം നിർവ്വഹിക്കുവാനും സകാത്തു കൊടുക്കുവാനും എല്ലാ മുസ്ലിംകൾക്കും ഗുണം കാംക്ഷിക്കുവാനും വേണ്ടി നബി(സ) യോട് ഞാൻ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. (ബുഖാരി. 1. 2. 54)
 42. സിയാദ്ബ്നു ഇലാഖ(റ) നിവേദനം: മുഗീറത്തുബ്നു ശുഅ്ബ(റ) മരിച്ച ദിവസം ജരീർജബ്നു അബ്ദുല്ല പറയുന്നത് ഞാൻ കേട്ടു. അദ്ദേഹം എഴുന്നേറ്റ് നിന്ന് അല്ലാഹുവിനെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്തശേഷം ഇങ്ങനെ പറഞ്ഞു. ഏകനായ അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുവീൻ. അവന് പങ്കാളികളില്ല. പുതിയ അമീർ വരുന്നതുവരെ സമാധാനവും ശാന്തിയും കൈക്കൊള്ളണം. അദ്ദേഹമിതാ ഇപ്പോൾ തന്നെ എത്തിച്ചേരുന്നതാണ്. തുടർന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ നിര്യാതനായ അമീറിനുവേണ്ടി മാപ്പിനപേക്ഷിക്കുവീൻ. അദ്ദേഹം വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനായിരുന്നു. പിന്നെ അദ്ദേഹം പറഞ്ഞു. ഒരിക്കൽ ഞാൻ നബി(സ)യുടെ അടുക്കൽ ചെന്നു പറഞ്ഞു: ഇസ്ലാം അനുസരിച്ച് ജീവിക്കാമെന്ന് ഞാൻ താങ്കളോട് പ്രതിജ്ഞ ചെയ്യുന്നു. അപ്പോൾ എല്ലാ മുസ്ലിംകൾക്കും ഗുണം കാംക്ഷിക്കണമെന്ന ഉപാധിയും കൂടി അദ്ദേഹം വെച്ചു. അപ്പോൾ അക്കാര്യവും ഞാൻ പ്രതിജ്ഞ ചെയ്തു. ഈ പള്ളിയുടെ നാഥനാണ് സത്യം. ഞാൻ നിങ്ങൾക്ക് ഗുണം കാംക്ഷിക്കുന്നവനാണ്. ശേഷം പാപമോചനത്തിൽ നിന്ന് പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹം പ്രസംഗപീഠത്തിൽ നിന്ന് ഇറങ്ങി. (ബുഖാരി. 1. 2. 55)
 43. ഉസ്മാൻ(റ) നിവേദനം: അല്ലാഹുവിൻറെ ദൂതൻ(സ) പറഞ്ഞു: അല്ലാഹു അല്ലാതെ മറ്റു ദൈവമില്ല എന്ന അറിവോടു കൂടി മരിക്കുന്ന ഏതൊരുവനും സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നു. (മുസ്ലിം)