തിരഞ്ഞെടുത്ത ഹദീസുകൾ/ദിവ്യസന്ദേശത്തിന്റെ ആരംഭം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
തിരഞ്ഞെടുത്ത_ഹദീസുകൾ
ദിവ്യസന്ദേശത്തിന്റെ ആരംഭം
  1. അൽഖമ(റ) നിവേദനം ചെയ്യുന്നു: ഉമർബ്നുൽ ഖത്താബ്(റ) മിന്പറിൻമേൽ വെച്ച് പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു:തിരുമേനി(സ) ഇപ്രകാരം അരുളുന്നത് ഞാൻ കേട്ടിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നത് ഉദ്ദേശ്യമനുസരിച്ച് മാത്രമാകുന്നു. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ് ലഭിക്കുക. ഒരാൾ പാലായനം ചെയ്യുന്നത് താൻ നേടാനുദ്ദേശിക്കുന്ന ഐഹികക്ഷേമത്തെയോ വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയേയോ ലക്ഷ്യമാക്കിയാണെങ്കിൽ അവനു ലഭിക്കുന്ന നേട്ടവും അതു മാത്രമായിരിക്കും. (ബുഖാരി. 1. 1. 1)
  2. ആയിശ:(റ) നിവേദനം: ഹിശാമിൻറെ മകൻ ഹാരീസ് ഒരിക്കൽ നബി തിരുമേനി(സ) യോട് ചോദിക്കുകയുണ്ടായി. അല്ലാഹുവിൻറെ പ്രവാചകരേ! താങ്കൾക്ക് ദൈവീകസന്ദേശം വന്നുകിട്ടുന്നതെങ്ങനെയാണ്? തിരുമേനി(സ) അരുളി: മണിനാദം മുഴങ്ങുന്നതുപോലെ ചിലപ്പോൾഎനിക്ക് ദിവ്യസന്ദേശം ലഭിക്കും. ഇതാണ് എനിക്ക് താങ്ങാൻ ഏറ്റവും പ്രയാസമായിട്ടുള്ളത്. പിന്നീട് അത് നിലക്കുംപോഴേക്കും ആ സന്ദേശവാഹകൻ പറഞ്ഞത് ഞാൻ ശരിക്കും ഹൃദിസ്ഥമാക്കിക്കഴിഞ്ഞിട്ടുണ്ടാവും. മറ്റുചിലപ്പോൾ പുരുഷരൂപത്തിൽ മലക്ക് എൻറെ മുന്പിൽ പ്രത്യക്ഷപ്പെട്ട് സംസാരിക്കും. മലക്ക് പറഞ്ഞതെല്ലാം ഞാൻ ഹൃദിസ്ഥമാക്കുകയും ചെയ്യുന്നു. ആയിശ(റ) പറയുന്നു: കഠിനശൈത്യമുള്ള ദിവസം തിരുമേനിക്ക് ദിവ്യസന്ദേശം കിട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിൽ നിന്ന് വിരമിച്ച് കഴിയുംപോൾ അവിടുത്തെ നെറ്റിത്തടം വിയർത്തൊലിക്കുന്നുണ്ടാവും. (ബുഖാരി. 1. 1. 2)
  3. നബി(സ)ക്ക് ദിവ്യസന്ദേശം നിലച്ചുപോയ നാളുകളുടെ സമാപ്തിയെക്കുറിച്ച് ജാബിർ സംസാരിക്കുകയായിരുന്നു. തിരുമേനി പറഞ്ഞു: ഞാൻ നടന്നുപോകുംപോൾ ഉപരിഭാഗത്തു നിന്ന് ഒരു ശബ്ദം കേട്ടു. മേൽപ്പോട്ട് നോക്കിയപ്പോൾ ഹിറാഗൂഹയിൽ വെച്ച് എൻറെ അടുക്കൽ വന്ന മലക്ക് ആകാശത്തിനും ഭൂമിക്കുമിടയിൽ ഒരു കസേരയിൽ അതാ ഇരിക്കുന്നു. എനിക്ക് ഭയം തോന്നി. വീട്ടിലേക്ക് മടങ്ങി. "എനിക്ക് പുതച്ചുതരിക' എന്ന് അഭ്യർത്ഥിച്ചു. അപ്പോൾ "ഓ! പുതച്ചു മൂടിയവനേ! എഴുന്നേൽക്കുക! (ജനങ്ങളെ) താക്കീത് നൽകുക' എന്നതു മുതൽ മ്ലേച്ഛങ്ങളെ വർജ്ജിക്കുക' എന്ന് വരെയുള്ള സൂക്തങ്ങൾ അല്ലാഹു അവതരിപ്പിച്ചു. പിന്നീട് ദിവ്യസന്ദേശാവതരണം ചൂടുപിടിച്ചു. തുടർച്ചയായും ധാരാളമായും അവ വന്നുകൊണ്ടിരുന്നു. (ബുഖാരി. 1. 1. 3)
  4. ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) മനുഷ്യരിൽ ഏറ്റവും ധർമ്മിഷ്ഠനായിരുന്നു. ജിബ്രീൽ തിരുമേനി(സ)യെ സന്ദർശിക്കാറുള്ള റമളാൻ മാസത്തിലാണ് അവിടുന്ന് ഏറ്റവുമധികം ഉദാരനാവുക. ജിബ്രീൽ റമളാനിലെ എല്ലാ രാത്രിയും തിരുമേനിയെ വന്നു കണ്ട് ഖുർആൻ പഠിപ്പിക്കാറുണ്ട്. അന്നാളുകളിൽ അല്ലാഹുവിൻറെ ദൂതൻ ഇടതടവില്ലാതെ അടിച്ചു വീശുന്ന കാറ്റിനേക്കാൾ ദാനശീലനായിരിക്കും. (ബുഖാരി. 1. 1. 5)