തിരഞ്ഞെടുത്ത ഹദീസുകൾ/ബാങ്കും ഇഖാമത്തും
ദൃശ്യരൂപം
- അനസ്(റ) നിവേദനം: അഗ്നിയെക്കുറിച്ചും ബെല്ലടിയെക്കുറിച്ചും അവർ പറഞ്ഞു. അപ്പോൾ ജൂതന്മാരെയും ക്രിസ്ത്യാനികളെയും പരാമർശിക്കപ്പെട്ടു. അങ്ങനെ ബാങ്ക് ഇരട്ടയായും ഇഖാമത്തു ഒറ്റക്കായും വിളിക്കുവാൻ ബിലാൽ കൽപ്പിക്കപ്പെട്ടു. (ബുഖാരി. 1. 11. 577)
- ഇബ്നുഉമർ(റ) നിവേദനം: മുസ്ളീങ്ങൾ മദീനയിൽ വന്നപ്പോൾ അവർ സംഘം കൂടി പരസ്പരം ആലോചിച്ചു നമസ്കാരസമയം നിർണയിക്കുകയായിരുന്നു പതിവ്. അന്നു നമസ്കാരത്തിന് വിളിക്കുന്ന പതിവുണ്ടായിരുന്നില്ല. ഒരു ദിവസം ആ പ്രശ്നത്തെക്കുറിച്ച് അവർ സംസാരിച്ചു. അപ്പോൾ ചിലർ നിർദ്ദേശിച്ചു. ക്രിസ്ത്യാനികളെപ്പോലെ നമുക്ക് ബെല്ലടിക്കാമെന്ന് ചിലർ പറഞ്ഞു. ജൂതന്മാർ ചെയ്യും പോലെ നമുക്കും കുഴലൂതാം. ഉമർ(റ) പറഞ്ഞു. നമസ്കരിക്കുവാൻ സമയമായെന്ന് വിളിച്ചു പറയുവാൻ ഒരാളെ നമുക്കെന്തുകൊണ്ട് നിയോഗിച്ചുകൂടാ? അവസാനം തിരുമേനി(സ) അരുളി: ഓ, ബിലാൽ! നീ എഴുന്നേറ്റ് നമസ്കാരത്തിന് ജനങ്ങളെ വിളിക്കുക. (ബുഖാരി. 1. 11. 578)
- അനസ്(റ) നിവേദനം: ബാങ്കിലെ വാചകങ്ങൾ രണ്ടു വീതം ആവർത്തിക്കുവാനും ഇഖാമത്തിന്റെതു ഒറ്റയാക്കുവാനും ബിലാൽ കൽപ്പിക്കപ്പെട്ടു. എന്നാൽ ഖദ്ഖാമതിസ്വലാത്ത് എന്ന വാചകം ഒഴികെ. (ബുഖാരി. 1. 11. 579)
- അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരത്തിന് ബാങ്കു വിളിച്ചാൽ മനുഷ്യർ ആ വിളി കേൾക്കാതിരിക്കുവാൻ വേണ്ടി കീഴ്വായുവിന്റെ ശബ്ദം മുഴക്കിക്കൊണ്ട് പിശാച് പിന്തിരിഞ്ഞു പോകും. ബാങ്ക് വിളി പൂർത്തിയായിക്കഴിഞ്ഞാൽ അവൻ മടങ്ങിവരും. ഇഖാമത്തു വിളിക്കുമ്പോൾ പിന്തിരിയും. അനന്തരം ഇഖാമത്തു വിളിച്ചു കഴിഞ്ഞാലോ വീണ്ടും തിരിച്ചുവരും. എന്നിട്ട് നമസ്കരിക്കുന്ന മനുഷ്യന്റെ ഹൃദയത്തിൽ ചില ദുർബോധനങ്ങൾ ഇട്ടുകൊടുത്ത് കൊണ്ടിരിക്കും. ഇന്നതു ചിന്തിക്കുക, ഇന്നത് ഓർമ്മിക്കുക എന്നിങ്ങനെ. നമസ്കരിക്കുന്നവൻ അന്നേരം ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും. പിശാച് ഓർമ്മപ്പെടുത്തുന്നത്. അവസാനം താൻ എത്ര റക്ക്അത്ത് നമസ്കരിച്ചുവെന്ന് പോലും മനുഷ്യന് ഓർമ്മയില്ലാത്തവിധം അവന്റെ മനസ്സിന്റെയും ഇടയിൽ അവൻ മറയിടും. (ബുഖാരി. 1. 11. 582)
- അബൂസഈദ്(റ) നിവേദനം: തിരുമേനി(സ) അദ്ദേഹത്തോട് പറഞ്ഞു: ആടുകളെയും ഗ്രാമപ്രദേശത്തെയും നീ സ്നേഹിക്കുന്നതായി നിന്നെ ഞാൻ കാണുന്നു. നീ നിന്റെ ആടുകളുടെ കൂട്ടത്തിൽ അല്ലെങ്കിൽ ഗ്രാമത്തിൽ ആയിരിക്കുകയും നമസ്കാരത്തിന് നീ ബാങ്ക് വിളിക്കുകയും ചെയ്താൽ നിന്റെ ശബ്ദം നീ ഉയർത്തുക. നിശ്ചയം ബാങ്കു വിളിക്കുന്നവന്റെ ശബ്ദം അങ്ങേയറ്റം വരെ കേൾക്കുന്ന ജിന്ന്, ഇൻസ്, എന്നുവേണ്ട എല്ലാ വസ്തുക്കളും അവന്നനുകൂലമായി അന്ത്യദിനത്തിൽ സാക്ഷ്യം വഹിക്കുന്നതാണ്. (ബുഖാരി. 1. 11. 583)
- അനസ്(റ) നിവേദനം: തിരുമേനി(സ) ഒരു ജനതയുടെ നേരെ യുദ്ധത്തിനിറങ്ങിയാൽ ഞങ്ങളെയും കൂട്ടിയിട്ട് തിരുമേനി(സ) പ്രഭാതഘട്ടത്തിനു മുമ്പ് യുദ്ധം ചെയ്യുകയില്ല. അന്നേരം തിരുമേനി(സ) ശ്രദ്ധിക്കും. പ്രഭാതവേളയിൽ ആ ജനതയിൽ നിന്നു ബാങ്കു കേട്ടാൽ തിരുമേനി(സ) യുദ്ധ ശ്രമങ്ങളിൽ നിന്നു വിരമിക്കും. ബാങ്ക് കേട്ടില്ലെങ്കിലോ അവരെ അക്രമിക്കുകയുംചെയ്യും. അനസ്(റ) പറയുന്നു. അങ്ങനെ ഞങ്ങൾ ഖൈബറിലേക്ക് പുറപ്പെട്ടു. രാത്രിയിലാണ് അവിടെ എത്തിയത്. പ്രഭാതമാവുകയും ബാങ്ക് വിളി കേൾക്കാതിരിക്കുകയും ചെയ്തപ്പോൾ വാഹനപ്പുറത്തു കയറി. അബൂത്വൽഹ(റ)യുടെ പിന്നിൽ ഞാനും കയറി. എന്റെ കാൽപാദങ്ങൾ നബി(സ)യുടെ കാൽപാദവുമായി സ്പർശിക്കുന്നുണ്ട്. (ബുഖാരി. 1. 11. 584)
- അബൂസഈദ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങൾ ബാങ്ക് വിളികേട്ടാൽ ബാങ്ക് വിളിക്കുന്നവൻ പറയും പോലെ നിങ്ങളും പറയുവീൻ. (ബുഖാരി. 1. 11. 585)
- മുആവിയ്യ: ബാങ്ക് കൊടുക്കുന്നത് കേട്ടപ്പോൾ അതുപോലെ പറഞ്ഞു. അശ്ഹദുഅന്നമുഹമ്മദൻ റസൂലുല്ലാഹി എന്നുവരെ. (ബുഖാരി. 1. 11. 586)
- പക്ഷെ ഹയ്യ-അല-സ്വലാഹ് എന്നു കേൾക്കൂമ്പോൾ ലാ-ഹൗല-വലാ ഖുവ്വത്ത ഇല്ലാ-ബില്ലാഹ് എന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങളുടെ നബി(സ) ഇങ്ങനെ പറയുന്നതായിട്ടാണ് ഞാൻ കേട്ടിരിക്കുന്നതെന്ന് ശേഷം അദ്ദേഹം (മുആവിയ്യ) പറഞ്ഞു. (ബുഖാരി. 1. 11. 587)
- ജാബിർ(റ) നിവേദനം: തിരുമേനി(സ) അരുളി: ഈ പരിപൂർണ്ണ വിളിയുടെയും ആരംഭിക്കാൻ പോകുന്ന നമസ്കാരത്തിന്റെയും നാഥനായ അല്ലാഹുവേ, നീ വാഗ്ദാനം ചെയ്ത പ്രകാരം മുഹമ്മദ് നബി(സ)ക്ക് പരമോന്നത സാമീപ്യവും അത്യുന്നതപദവിയും നൽകുകയും സ്തുത്യർഹമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ ഉയർത്തുകയും ചെയ്യേണമേ! എന്നു ബാങ്കു കേൾക്കുന്നവൻ പറഞ്ഞാൽ അന്ത്യദിനം അവൻ എന്റെ ശുപാർശക്ക് അർഹനായി. (ബുഖാരി. 1. 11. 588)
- അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ബാങ്കു വിളിക്കുന്നതിലും ഒന്നാമത്തെ വരിയിൽ നിൽക്കുന്നതിന്റെയും പുണ്യം ജനങ്ങൾ മനസ്സിലാക്കി. എന്നിട്ട് ആ രണ്ടു സ്ഥാനവും കരസ്ഥമാക്കാൻ നറുക്കിടുകയല്ലാതെ സാധ്യമല്ലെന്ന് അവർ കണ്ടു. എന്നാൽ നറുക്കിട്ടിട്ടെങ്കിലും ആ സ്ഥാനങ്ങൾ കരസ്ഥമാക്കാൻ അവർ ശ്രമിക്കുമായിരുന്നു. ളുഹർ നമസ്കാരംആദ്യ സമയത്ത് തന്നെ നമസ്കരിക്കുന്നതിനുള്ള പുണ്യം ജനങ്ങൾ ഗ്രഹിച്ചിരുന്നെങ്കിൽ അക്കാര്യത്തിലും അവർ മത്സരിച്ചു മുന്നോട്ട് വരുമായിരുന്നു. ഇശാനമസ്കാരത്തിലുള്ള നേട്ടം ജനങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ മുട്ടുകുത്തിയിട്ടെങ്കിലും അത് നമസ്കരിക്കുവാൻ അവർ (പള്ളിയിലേക്ക്) വരുമായിരുന്നു) (ബുഖാരി. 1. 11. 589)
- അബ്ദുല്ല(റ) പറയുന്നു. ഒരിക്കൽ ഇബ്നുഅബ്ബാസ് കഠിന മഴയുള്ള ദിവസം ഞങ്ങളോട് പ്രസംഗിക്കുകയായിരുന്നു. ബാങ്കു കൊടുക്കുന്നവൻ നമസ്കാരത്തിനു വരുവീൻ എന്ന സ്ഥലത്തു എത്തിയപ്പോൾ താമസ സ്ഥലത്തു വെച്ച് നമസ്കരിച്ചു കൊള്ളുവീൻ എന്നു വിളിച്ചു പറയുവാൻ ബാങ്കു കൊടുക്കുന്നവനോട് നിർദ്ദേശിച്ചു. അപ്പോൾ ചിലർ ചിലരുടെ നേരെ (അത്ഭുത്തോടുകൂടി) നോക്കി. ഇബ്നുഅബ്ബാസ്(റ) പറഞ്ഞു. എന്നെക്കാൾ ഉത്തമനായവൻ (നബി) ഇപ്രകാരം ചെയ്തിട്ടുണ്ട്. അത് (ജുമുഅ) നിർബ്ബന്ധം തന്നെയാണ്. (ബുഖാരി. 1. 11. 590)
- ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) അരുളി: ബിലാൽ ബാങ്ക് വിളിക്കുന്നത് രാത്രിയാണ്. അതുകൊണ്ട് അതിനുശേഷം നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുവീൻ. ഇബ്നുഉമ്മുമക്ത്തും ബാങ്ക് വിളിക്കും വരേക്കും ആ നില തുടരുക. നിവേദകൻ പറയുന്നു. ഇബ്നുമക്ത്തും ഒരന്ധനായിരുന്നു. പ്രഭാതമായി എന്ന് അദ്ദേഹത്തോട് ജനങ്ങൾ പറയുമ്പോഴല്ലാതെ അദ്ദേഹം ബാങ്ക് വിളിക്കുകയില്ല. (ബുഖാരി. 1. 11. 591)
- ഹഫ്സ(റ) നിവേദനം: സുബ്ഹ് നമസ്ക്കാരത്തിനു വേണ്ടി ബാങ്കു വിളിക്കുന്നവൻ ബാങ്കുവിളിച്ച് ഇരുന്നു കഴിയുകയും പ്രഭാതം ശരിക്കും തെളിയുകയും ചെയ്താൽ തിരുമേനി(സ) രണ്ടു റക്അത്തു ലഘുവായി നമസ്ക്കരിക്കും. ജമാഅത്തു നമസ്ക്കാരം ആരംഭിക്കും മുമ്പ്. (ബുഖാരി. 1. 11. 592)
- ആയിശ:(റ) നിവേദനം: സുബ്ഹി നമസ്ക്കാരത്തിന്റെ ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലായി ലഘുവായ രണ്ടു റക്അത്തു നബി(സ) നമസ്ക്കരിക്കാറുണ്ട്. (ബുഖാരി. 1. 11. 593)
- അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: ബിലാലിന്റെ ബാങ്ക് കേട്ടു നിങ്ങളിലാരും തന്നെ നോമ്പു രാത്രിയിലെ ആഹാരപാനീയങ്ങൾ കഴിക്കുന്നതിൽ നിന്നു പിന്മാറേണ്ടതില്ല. കാരണം ബിലാൽ ബാങ്കു വിളിക്കുന്നതു രാത്രിയാണ്. നിങ്ങളിൽ തഹജുദ് നമസ്ക്കരിക്കുന്നവരെ അതിൽ നിന്ന് വിരമിപ്പിക്കാനും ഉറങ്ങുന്നവരെ ഉണർത്തുവാനുമാണ് അദ്ദേഹം ബാങ്കുവിളിക്കുന്നത്. അന്നേരം പ്രഭാതം വെളിപ്പെടുന്നില്ല. പ്രഭാതത്തിനു മുമ്പുണ്ടാകുന്ന മറ്റൊരു പ്രകാശമാണ് അതെന്നു ഉണർത്തികൊണ്ടു തിരുമേനി തന്റെ വിരലുകൾ മേൽപോട്ടു ചൂണ്ടിക്കാട്ടിയിട്ട് കീഴ്പോട്ട് താഴ്ത്തി. ഇന്നപ്രകാരമാണ് ഫജ്റുകാദിബ് വെളിപ്പെടുകയെന്നുകാണിക്കാനാണ് അങ്ങനെ ചെയ്തത്. നിവേദകനായ സുഹൈർ(റ) തന്റെ രണ്ടു ചൂണ്ടാണി വിരലുകൾ ഒന്നു മറ്റേതിന്മേൽ ആദ്യം വെച്ചു. എന്നിട്ട് അവയിലോരോന്നിനെ വലഭാഗത്തേക്കും ഇടഭാഗത്തേക്കും നീട്ടി. (ബുഖാരി. 1. 11. 594, 595)
- ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം ബിലാൽ രാത്രിയാണ് ബാങ്കുവിളിക്കുക. അതിനാൽ ഇബ്നുഉമ്മിമക്തൂമ് ബാങ്ക് കൊടുക്കുന്നതുവരെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുവീൻ. (ബുഖാരി. 1. 11. 596)
- അബ്ദുല്ലാഹിബ്നു മുഗഫൽ(റ) നിവേനം: തിരുമേനി(സ) അരുളി: എല്ലാ രണ്ടു ബാങ്കുകൾക്കിടയിലും നമസ്കാരമുണ്ട്. ഇതു തിരുമേനി(സ) മൂന്ന് പ്രാവശ്യം ആവർത്തിച്ചു പറഞ്ഞു. അങ്ങനെ ചെയ്യാനുദ്ദേശിക്കുന്നവർക്ക് എന്നുകൂടി അവിടുന്നു അരുളി. (ബുഖാരി. 1. 11. 597)
- അനസ്(റ) നിവേദനം: നബി(സ) നമസ്കരിക്കുവാൻ വരുന്നതുവരെ മഗ്രിബിന്റെ മുമ്പ് സുന്നത്ത് നമസ്കരിക്കുവാൻ വേണ്ടി സഹാബിവര്യന്മാർ തൂണുകൾക്ക് നേരെ ധൃതിപ്പെടാറുണ്ട്. കൂടുതൽ സമയം ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിൽ ഉണ്ടാവാറില്ല. (ബുഖാരി. 1. 11. 598)
- ആയിശ:(റ) നിവേദനം: സുബ്ഹി നമസ്കാരത്തിനു ആദ്യത്തെ ബാങ്കു കൊടുക്കുന്നവൻ ബാങ്കു കൊടുത്തു അതിൽ നിന്ന് വിരമിച്ചാൽ നബി(സ) എഴുന്നേറ്റ് ലഘുവായ രണ്ടു റക്ക്അത്ത് നമസ്കരിക്കും. സുബ്ഹി നമസ്കാരത്തിന് മുമ്പായിക്കൊണ്ടും പ്രഭാതം ശരിക്കും വ്യക്തമാവുകയും ചെയ്തശേഷം. ശേഷം തന്റെ വലഭാഗത്തേക്ക് തിരിഞ്ഞുകിടക്കും. ബാങ്ക് കൊടുത്തവൻ ഇഖാമത്ത് വിളിക്കുവാൻ വരുന്നതുവരെ. (ബുഖാരി. 1. 11. 599)
- മാലിക്ക്ബ്നു ഹുവൈരിസ്(റ) നിവേദനം: ഞാൻ എന്റെ ജനതയിലെ ഒരു സംഘത്തോടൊപ്പം തിരുമേനി(സ)യുടെ അടുക്കൽ ചെന്നു. ശേഷം തിരുമേനി(സ)യുടെ അടുത്ത് ഇരുപത് ദിവസം താമസിച്ചു. തിരുമേനി(സ) വളരെ ദയാലുവായിരുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം തിരുമേനി(സ) കണ്ടപ്പോൾ അവിടുന്നു അരുളി. നിങ്ങൾ തിരിച്ചുപോയി അവരൊടൊപ്പം തന്നെ താമസിക്കുക. അവർക്ക് നിങ്ങൾ മതതത്വങ്ങൾ പഠിപ്പിക്കുകയും നമസ്ക്കാരം അനുഷ്ഠിക്കുകയും ചെയ്യുക. നമസ്ക്കാരസമയമായാൽ നിങ്ങളിലൊരാൾ ബാങ്ക് കൊടുക്കുകയും നിങ്ങളിൽ വെച്ച് ഉന്നതൻ നിങ്ങൾക്ക് ഇമാമായി നമസ്ക്കരിക്കുകയും ചെയ്യട്ടെ. (ബുഖാരി. 1. 11. 601)
- അബൂദർറ്(റ) നിവേദനം: ഞങ്ങൾ നബി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. ബാങ്ക് കൊടുക്കുന്നവൻ ബാങ്ക് കൊടുക്കുവാൻ ഉദ്ദേശിച്ചു. അപ്പോൾ നബി(സ) അദ്ദേഹത്തോട് പറഞ്ഞു: നീതണുപ്പിക്കുക. വീണ്ടും അദ്ദേഹം ബാങ്ക് കൊടുക്കുവാൻ ഉദ്ദേശിച്ചു. അപ്പോഴും നബി(സ) പറഞ്ഞു. നീതണുപ്പിക്കുക. വീണ്ടും ഇപ്രകാരം സംഭവിച്ചു. എന്നിട്ടു തിരുമേനി(സ) പറഞ്ഞു: നിഴൽ കുന്നുകളോട് സമാനമാകുന്നതുവരെ. അനന്തരം അവിടുന്നു പറഞ്ഞു: ചൂടിന്റെ കാഠിന്യം നരകം കത്തിച്ചതുപോലെയാണ്. (ബുഖാരി. 1. 11. 602)
- മാലിക്ക്ബ്നു ഹൂവൈസ്(റ) നിവേദനം: രണ്ടാളുകൾ തിരുമേനി(സ)യുടെ അടുക്കൽ വന്നു. അവർ യാത്രക്ക് ഉദ്ദേശിക്കുകയായിരുന്നു. അന്നേരം തിരുമേനി(സ) അരുളി. നിങ്ങൾ രണ്ടുപേരും യാത്ര പുറപ്പെട്ടു നമസ്കാരസമയമായാൽ നിങ്ങൾ രണ്ടു പേർക്കും ബാങ്ക് കൊടുക്കുക. പിന്നീട് രണ്ടു പേർക്കും ഇഖാമത്ത് വിളിക്കുക. പിന്നീട് നിങ്ങളിൽ ഉന്നതൻ നിങ്ങൾക്കുവേണ്ടി ഇമാമായി നമസ്കരിക്കട്ടെ. (ബുഖാരി. 1. 11. 603)
- ഇബ്നുഉമർ(റ) നിവേദനം: അദ്ദേഹം ളജ്നാൻ എന്ന മലയുടെ അടുത്തുവെച്ച് ഒരു ശൈത്യമുള്ള രാത്രിയിൽ ബാങ്കു കൊടുത്തു. ശേഷം അദ്ദേഹം വിളിച്ചു പറഞ്ഞു: നിങ്ങൾ നിങ്ങളുടെ താമസസ്ഥലത്തു വെച്ച് നമസ്ക്കരിക്കുവിൻ. അദ്ദേഹം ഞങ്ങളോടു പറയാറുണ്ട്. തിരുമേനി(സ) ബാങ്കു കൊടുക്കുന്നവനോട് ബാങ്ക് കൊടുക്കുവാൻ നിർദ്ദേശിക്കും. ശേഷം വിളിച്ച് പറയും; അറിയുക, നിങ്ങൾ താമസസ്ഥലത്തു വെച്ച് നമസ്ക്കരിക്കുവിൻ, യാത്രാഘട്ടത്തിൽ മഴയോശൈത്യമോ അനുഭവപ്പെടുന്ന പക്ഷം. (ബുഖാരി. 1. 11. 605)
- അബൂജുഹൈഫ(റ) നിവേദനം: അബ്ത്വഅ് എന്ന സ്ഥലത്ത് വെച്ച് തിരുമേനി(സ)യെ ഒരിക്കൽ ഞാൻ കണ്ടു. ബിലാൽ വന്നു ബാങ്ക് വിളിച്ചു. അനന്തരം അദ്ദേഹം ഒരു വടികൊണ്ടുവന്നു നബി(സ)യുടെ മുമ്പിൽ തറച്ചു. അങ്ങനെ നമസ്കാരത്തിനു ഇഖാമത്തു കൊടുത്തു. (ബുഖാരി. 1. 11. 606)
- അബൂജുഹൈഫ:(റ) നിവേദനം: അദ്ദേഹം ബിലാൽ(റ) ബാങ്ക് വിളിക്കുന്നതായി കണ്ടു. ബാങ്കിൽ തന്റെ വായ ഇരുഭാഗത്തേക്കും അനുധാവനം ചെയ്തു. (ബുഖാരി. 1. 11. 607)
- അബൂഖത്താദ(റ) നിവേദനം: ഒരു ദിവസം ഞങ്ങൾ തിരുമേനി(സ) യോടൊപ്പം നമസ്കരിക്കുമ്പോൾ ഒരു കൂട്ടം ആളുകളുടെ ചവിട്ടടിശബ്ദം തിരുമേനി(സ) കേട്ടു. അങ്ങനെ തിരുമേനി(സ) നമസ്ക്കാരത്തിൽ നിന്നു വിരമിച്ചു കഴിഞ്ഞപ്പോൾ നിങ്ങളുടെ കഥയെന്തെന്നു അവരോട് ചോദിച്ചു. അവർ പറഞ്ഞു: ഞങ്ങൾ ജമാഅത്തു നമസ്കാരത്തിന് ധൃതിപ്പെട്ടതാണ്. തിരുമേനി(സ) അരുളി: മേലിൽ അങ്ങനെ ചെയ്തുപോകരുത്. നിങ്ങൾ നമസ്കാരത്തിന് വരുമ്പോൾ ശാന്തതയോടുകൂടി വരുക. എന്നിട്ട് നിങ്ങൾക്ക് ഇമാമോടൊപ്പം കിട്ടിയത് നമസ്കരിക്കുക. നിങ്ങൾക്ക് നഷ്ടപ്പെട്ടത് പൂർത്തിയാക്കുകയും ചെയ്യുക. (ബുഖാരി. 1. 11. 608)
- അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇഖാമത്തു നിങ്ങൾ കേട്ടാൽ നമസ്ക്കാരത്തിലേക്ക് നിങ്ങൾ നടന്ന്പോവുക (ഓടരുത്). നിങ്ങൾക്ക് ശാന്തതയും വണക്കവും നിർബന്ധമാണ്. നിങ്ങൾ ധൃതിപ്പെടരുത്. നിങ്ങൾക്ക് ലഭിക്കുന്നത് നമസ്ക്കരിക്കുക. നഷ്ടപ്പെട്ടത് പൂർത്തിയാക്കുക. (ബുഖാരി. 1. 11. 609)
- അബൂഖത്താദ(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്ക്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ എന്നെ കാണും വരേക്കും നിങ്ങൾ നമസ്ക്കാരത്തിനായി എഴുന്നേൽക്കരുത്. (ബുഖാരി. 1. 11. 610)
- അനസ്(റ) നിവേദനം: ഒരിക്കൽ നമസ്ക്കാരത്തിനു ഇഖാമത്ത് വിളിച്ചു. അന്നേരം തിരുമേനി(സ) പള്ളിയുടെ ഒരു ഭാഗത്തുവെച്ച് ഒരാളുമായി സ്വകാര്യ സംഭാഷണം നടത്തുകയായിരുന്നു. അവസാനം ജനങ്ങൾക്ക് ഉറക്കം വരുന്നതുവരേക്കും തിരുമേനി(സ) നമസ്ക്കരിക്കുവാൻ നിന്നില്ല. (ബുഖാരി. 1. 11. 615)
- അബൂഹുററൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹുവിനെ കൊണ്ട് സത്യം. ഞാൻ ഇപ്രകാരം ഉദ്ദേശിച്ചു. ഞാൻ കുറച്ച് വിറകുശേഖരിക്കാൻ വേണ്ടി കൽപ്പിക്കുക. പിന്നീട് നമസ്ക്കരിക്കുവാൻ കൽപ്പിക്കുക. നമസ്കാരത്തിന് ബാങ്ക് കൊടുക്കുക. എന്നിട്ട് ഒരാളെ വിളിച്ചു ജനങ്ങൾക്ക് ഇമാമായി നിന്നു നമസ്ക്കരിക്കാൻ കൽപ്പിക്കുക. അനന്തരം ചില ആളുകളുടെ വീടുകളിലേക്ക് ഞാൻ പുറപ്പെടുക. എന്നിട്ട് ജമാഅത്തിനു വരാത്ത ആ ആളുകളോടുകൂടി അവരുടെ ആ വീടുകൾ കത്തിച്ചുകളയുക. എന്റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം. അവരിൽ വല്ലവർക്കും മാംസത്തിന്റെ അംശങ്ങൾ അവശേഷിച്ചിട്ടുള്ള ഒരെല്ലോ അല്ലെങ്കിൽ ആട്ടിന്റെ നല്ല രണ്ടു കുളമ്പോ കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചെങ്കിൽ അവർ ഇശാനമസ്ക്കാരത്തിന് ഹാജറാവുമായിരുന്നു. (ബുഖാരി. 1. 11. 617)
- ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) അരുളി: ജമാഅത്ത് നമസ്ക്കാരത്തിന് ഒരാൾ ഒറ്റക്ക് നമസ്ക്കരിക്കുന്നതിനേക്കാൾ ഇരുപത്തേഴിരട്ടി കൂടുതൽ പുണ്യമുണ്ട്. (ബുഖാരി. 1. 11. 618)
- അബൂസഈദുൽഖുദ്രി(റ) നിവേദനം: തിരുമേനി(സ) അരുളി: ഒറ്റക്ക് നമസ്കരിക്കുന്നതിനേക്കാൾ ജമാഅത്തിന് ഇരുപത്തിഅഞ്ച് ഇരട്ടി പ്രതിഫലമുണ്ട്. (ബുഖാരി. 1. 11. 619)
- അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരാൾ തന്റെ വീട്ടിൽ വച്ചോ തന്റെ അങ്ങാടിയിൽ വച്ചോ നമസ്കരിക്കുന്നതിനേക്കാൾ ജമാഅത്തിന് 25 ഇരട്ടി പ്രതിഫലമുണ്ട്. കാരണം ഒരാൾ നല്ലതുപോലെ വുളു എടുക്കുകയും ശേഷം പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്യുന്നു. നമസ്കാരമല്ലാതെ മറ്റൊരു പ്രേരണയും അവനില്ല. എങ്കിൽ അവന്റെ കാൽപാദങ്ങൾക്കും ഓരോപദവി അല്ലാഹു ഉയർത്തുകയും ഓരോപാപം പൊറുത്തുകൊടുക്കുകയും ചെയ്യും. അങ്ങനെ നമസ്കാരത്തിൽ പ്രവേശിച്ചാൽ മലക്കുകൾ അവന് വേണ്ടി പ്രാർത്ഥിച്ച്കൊണ്ടിരിക്കും. അവന്റെ നമസ്കാരസ്ഥലത്തു അവൻ ഇരിക്കുന്നതുവരേക്കും. അല്ലാഹുവേ, നീ അവനു നന്മ ചെയ്യേണമേ, എന്ന് അവർ പ്രാർത്ഥിക്കും. നിങ്ങളിൽ ഒരാൾ നമസ്കാരത്തെ പ്രതീക്ഷിക്കും വരേക്കും നമസ്കാരത്തിൽ തന്നെയാണ്. (ബുഖാരി. 1. 11. 620)
- അബൂഹുറൈറ(റ) നിവേദനം: നിങ്ങളിൽ ഒരാൾ ഒറ്റക്ക് നമസ്കരിക്കുന്നതിനേക്കാൾ ജമാഅത്തായി നമസ്ക്കരിക്കുന്നതിന് 25 ഇരട്ടി പുണ്യമുണ്ട് എന്നു തിരുമേനി(സ) അരുളുന്നത് ഞാൻ കേട്ടിട്ടുണ്ട്. രാത്രിയിലേയും പകലിലേയും മലക്കുകൾ സുബ്ഹി നമസ്കാരത്തിൽ സമ്മേളിക്കും. എന്നിട്ടു അദ്ദേഹം ഓതി: നിശ്ചയം പ്രഭാതവേളയിലെ ഖുർആൻ പാരായണത്തിങ്കൽ സന്നദ്ധതയുണ്ടാകും. ഇബ്നുഉമർ(റ) നിവേദനം: ജമാഅത്തിന് 27 ഇരട്ടി പ്രതിഫലമുണ്ട്. (ബുഖാരി. 1. 11. 621)
- ഉമ്മുദർദാഅ്(റ) നിവേദനം: ഒരിക്കൽ അബുദർദാഅ് എന്റെ അടുക്കൽ കോപിഷ്ഠനായിക്കൊണ്ട് കയറി വന്നു. അപ്പോൾ ഞാൻ ചോദിച്ചു. എന്താണ് താങ്കളെ കോപിഷ്ഠനാക്കുന്നത്? അദ്ദേഹം പറഞ്ഞു: മുഹമ്മദിന്റെ സമുദായത്തിൽ നബി(സ)യുടെ കാലത്ത് കണ്ടിരുന്ന ഒന്നും തന്നെ ഇന്നു കാണുന്നില്ല. ജമാഅത്തായി നമസ്കരിക്കുന്നുണ്ടെന്നു മാത്രം. (ബുഖാരി. 1. 11. 622)
- അബൂമൂസ(റ) നിവേദനം: തിരുമേനി(സ) അരുളി: പള്ളിയിൽ നിന്ന് നടത്തം കൂടുതൽ കൂടുതൽ അകലമുണ്ടോ അതനുസരിച്ചാണ് പ്രതിഫലത്തിന്റെ മഹത്വം. ഇമാമോടൊപ്പം നമസ്കരിക്കുവാൻ വേണ്ടി പ്രതീക്ഷിച്ചിരിക്കുന്നവന്ന് ഒറ്റക്ക് നമസ്കരിച്ചു ഉറങ്ങിക്കളയുന്നവനേക്കാൾ കൂടുതൽ പുണ്യമുണ്ട്. (ബുഖാരി. 1. 11. 623)
- അബൂഹുറൈറ(റ) നിവേദനം. തിരുമേനി(സ) അരുളി: ഒരു മനുഷ്യൻ ഒരു വഴിക്ക് നടന്നുപോകുമ്പോൾ വഴിയിൽ മുൾച്ചെടിയുടെ ഒരു കഷ്ണം കണ്ടു. ഉടനെ അതവിടെ നിന്ന് തട്ടിനീക്കി. അപ്പോൾ അല്ലാഹു അവനോട് കൃതജ്ഞത പ്രകടിപ്പിച്ചു. അവന്റെ തെറ്റുകൾ അല്ലാഹു പൊറുത്തുകൊടുത്തു. ശേഷം തിരുമേനി(സ) അരുളി: രക്തസാക്ഷികൾ അഞ്ചു വിഭാഗക്കാരാണ്. പ്ളേഗിൽ മരണമടഞ്ഞവൻ, അതിസാരം മൂലം മരണമടഞ്ഞവൻ, വെള്ളത്തിൽ മുങ്ങി മരിച്ചവൻ, വല്ലതും തകർന്ന് വീണിട്ടു അതിന്നടിയിൽ കിടന്ന് മരിച്ചവൻ, ദൈവമാർഗ്ഗത്തിൽ സമരം ചെയ്തു മരിച്ചവൻ. ശേഷം തിരുമേനി(സ) അരുളി: ബാങ്ക് വിളിച്ചാലും ആദ്യ വരിയിലുമുള്ള നന്മ മനുഷ്യർ ശരിക്കും മനസ്സിലാക്കിയിരുന്നുവെങ്കിൽ അതിന് നറുക്കെടുക്കേണ്ടി വന്നാൽ അവർ നറുക്കെടുക്കുക തന്നെ ചെയ്യുമായിരുന്നു. തിരുമേനി(സ) അരുളി: അതുപോലെ ഉച്ചക്ക് പുറപ്പെടുന്നതിന്റെ ശ്രേഷ്ഠത അവർ ഗ്രഹിച്ചിരുന്നുവെങ്കിൽ അവരതിലേക്കു മുന്നിടുമായിരുന്നു. ഇശാ: നമസ്കാരത്തിലും സുബ്ഹിലുമുള്ള ശ്രേഷ്ഠത ഗ്രഹിച്ചിരുന്നുവെങ്കിൽ അവരതിലേക്ക് ഇഴഞ്ഞിട്ടെങ്കിലും എത്തുമായിരുന്നു. (ബുഖാരി. 1. 11. 624)
- അനസ്(റ) നിവേദനം: തിരുമേനി(സ) പറഞ്ഞു: ബനൂസൽമ: ഗോത്രക്കാരേ! നിങ്ങളുടെ ചവിട്ടടികൾക്ക് നിങ്ങൾ പുണ്യം ആഗ്രഹിക്കുന്നില്ലേ? മുജാഹിദ് പറയുന്നു; അവർ പ്രവർത്തിച്ചതും അവരുടെ ചവിട്ടടികളും ഞാൻ രേഖപ്പെടുത്തുമെന്നതിന്റെ വ്യാഖ്യാനം അവരുടെ (പള്ളിയിലേക്കുള്ള) കാൽപാദങ്ങളാണ്. അനസ്(റ) നിവേദനം: ബനൂസൽമ: സലമ: ഗോത്രക്കാർ അവരുടെ താമസസ്ഥലം വിട്ടുതിരുമേനി(സ)യുടെ അടുത്തു താമസമുറപ്പിക്കാനുദ്ദേശിച്ചു. അനസ്(റ) പറയുന്നു. അപ്പോൾ അവർ മദീനയുടെ പ്രാന്തപ്രദേശങ്ങൾ വിട്ട് പോരുന്നത് തിരുമേനി(സ) ഇഷ്ടപ്പെട്ടില്ല. അതിനാൽ അവിടുന്നു ചോദിച്ചു. നിങ്ങളുടെ ചവിട്ടടികൾക്ക് നിങ്ങൾ പുണ്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നില്ലേ? മുജാഹിദ് പറയുന്നു: അവശിഷ്ടങ്ങൾ എന്നു പറഞ്ഞതിന്റെ വിവക്ഷ ചവിട്ടടികളാണ്. കാലുകൾ കൊണ്ട് ഭൂമിയിൽ സഞ്ചരിക്കൽ (ബുഖാരി. 1. 11. 625)
- അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപടവിശ്വാസികൾക്ക് ഇശാ നമസ്കാരത്തേക്കാളും സുബ്ഹി നമസ്കാരത്തേക്കാളും ഭാരിച്ചൊരു നമസ്കാരമേയില്ല. ആ രണ്ടു നമസ്കാരത്തിലും അടങ്ങിയ പുണ്യം അവർ ഗ്രഹിച്ചിരുന്നുവെങ്കിൽ മുട്ടുകുത്തി നടന്നിട്ടെങ്കിലും അവരതിൽ ഹാജറാകുമായിരുന്നു. (ബുഖാരി. 1. 11. 626)
- മാലിക്ബ്നു ഹുവൈരിസി(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരം ഹാജറായാൽ നിങ്ങൾ രണ്ടു പേർക്കും വേണ്ടി ബാങ്കും ഇഖാമത്തും കൊടുക്കുവീൻ. എന്നിട്ട് നിങ്ങൾ രണ്ട് പേരിൽ ഏറ്റവും ഉത്തമൻ ഇമാമ് നിൽക്കുകയും ചെയ്യട്ടെ. (ബുഖാരി. 1. 11. 627)
- അബൂഹുറൈറ(റ) നിവേദനം: അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലും ലഭിക്കാത്ത ഘട്ടത്തിൽ ഏഴ് പേർക്ക് അല്ലാഹു നിഴൽ നല്കും. നീതിമാനായ ഭരണാധിപൻ, ദൈവാരാധനയിൽ വളർന്ന യുവാവ്, ഹൃദയം എപ്പോഴും പള്ളിയുമായി ബന്ധിക്കപ്പെട്ട മനുഷ്യൻ, അല്ലാഹുവിന്റെ താല്പര്യങ്ങൾക്കനുസരിച്ച് പരസ്പരം സ്നേഹിക്കയും അതിന്റെ പേരിൽ പരസ്പരം ഭിന്നിക്കുകയും ചെയ്ത രണ്ടു വ്യക്തികൾ, ഉന്നതസ്ഥാനവും സൗന്ദര്യവുമുള്ള ഒരു സ്ത്രീ ഒരു പുരുഷനെ (വ്യഭിചാരം ചെയ്യാൻ ) ക്ഷണിച്ചു. അപ്പോൾ അവൻ പറഞ്ഞു: ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു. ഒരുവൻ ദാനധർമ്മം ചെയ്തു അതിനെ ഗോപ്യമാക്കി വച്ചു. അവന്റെ വലതുകൈ ധർമ്മം ചെയ്തതു ഇടതുകൈ അറിയാത്തതു വരെ. ഒരാൾ ഒററക്കിരുന്നു അല്ലാഹുവിനെ ഓർമ്മിക്കുകയും അങ്ങനെ അവന്റെ ഇരുനേത്രങ്ങളിൽ നിന്ന് കണ്ണുനീർ ഒഴുകുകയും ചെയ്തു. (ബുഖാരി. 1. 11. 629)
- അനസ്(റ) നിവേദനം: തിരുമേനി(സ) മോതിരം ധരിച്ചിരുന്നുവോ? എന്ന് അദ്ദേഹത്തോട് ചോദിച്ചു: അതെ, എന്ന് അനസ്(റ) മറുപടി പറഞ്ഞു. ഒരിക്കൽ തിരുമേനി(സ) ഇശാനമസ്കാരം രാത്രിയുടെ പകുതി വരെ പിന്തിച്ചു. അനന്തരം ഞങ്ങളുടെ നേരെ തിരിഞ്ഞു. എന്നിട്ട് അവിടുന്ന് അരുളി: ജനങ്ങൾ എല്ലാവരും നമസ്കരിച്ചു കിടന്നുറങ്ങി. നിങ്ങൾ നമസ്കാരത്തെ പ്രതീക്ഷിക്കുന്ന സമയം വരേക്കും നമസ്കാരത്തിലാണ്. അനസ്(റ) പറയുന്നു: നബി(സ)യുടെ മോതിരത്തിന്റെ തിളക്കം ഇപ്പോഴും ഞാൻ നോക്കിക്കാണുന്നതുപോലെയുണ്ട്. (ബുഖാരി. 1. 11. 630)
- അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവനും പ്രഭാതത്തിലും വൈകുന്നേരവും പള്ളിയിലേക്ക് പുറപ്പെട്ടാൽ ആ സമയത്തെല്ലാം തന്നെ അല്ലാഹു അവന് സ്വർഗ്ഗത്തിൽ അവന്റെ വിരുന്ന് തയ്യാറാക്കുന്നതാണ്. (ബുഖാരി. 1. 11. 631)
- ഇബ്നുബുഹൈന(റ) നിവേദനം: നമസ്കാരത്തിനു ഇഖാമത്തുവിളിച്ചശേഷം ഒരു മനുഷ്യൻ രണ്ട് റക്ക്അത്തു സുന്നത്ത് നമസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ ആളുകൾ അയാളുടെ ചുറ്റും തടിച്ചുകൂടി. അതു കണ്ടപ്പോൾ തിരുമേനി(സ) അയാളോട് ചോദിച്ചു: സുബ്ഹി നാല് റക്ക്അത്തു നമസ്കരിക്കുകയോ? സുബ്ഹി നാല് റക്ക്അത്ത് നമസ്കരിക്കുകയോ? (ബുഖാരി. 1. 11. 632)
- ആയിശ(റ) നിവേദനം. : തിരുമേനി(സ)യെ മരണരോഗം ബാധിക്കുകയും നമസ്കാര സമയം ആസന്നമായി ബാങ്ക് വിളിക്കുകയും ചെയ്തപ്പോൾ അവിടുന്ന് അരുളി: നിങ്ങൾ അബൂബക്കറിനോട് ജനങ്ങൾക്ക് നമസ്കാരത്തിൽ നേതൃത്വം നൽകുവാൻ നിർദ്ദേശിക്കുക. അന്നേരം തിരുമേനി(സ) യോട് (ഭാര്യമാർ) പറഞ്ഞു: അബൂബക്കർ(റ) മനസ്സിന് വളരെ അലിവുള്ള ഒരു മനുഷ്യനാണ്. അങ്ങയുടെ സ്ഥാനത്തു അദ്ദേഹം ചെന്നുനിന്നാൽ ജനങ്ങളെയും കൊണ്ടു പ്രാർത്ഥന നടത്താൻ അദ്ദേഹത്തിന് കഴിയുകയില്ല. ഇത് കേട്ടപ്പോൾ തിരുമേനി(സ) ആദ്യം നിർദേശം ആവർത്തിച്ചു. അപ്പോൾ അവർ എതിർവാദവും ആവർത്തിച്ചു. മൂന്നാമത്തെ പ്രാവശ്യം നബി(സ) നിർദേശം ആവർത്തിച്ചപ്പോൾ തിരുമേനി(സ) അരുളി: നിങ്ങൾ യൂസഫ് നബി (അ) യെ കുഴപ്പത്തിലാക്കാൻ ശ്രമിച്ച കൂട്ടുകാരികളാണ്. നിങ്ങൾ അബൂബക്കറിനോട് തന്നെ നിർദേശിക്കുക. അദ്ദേഹം ജനങ്ങൾക്ക് ഇമാമ് നിന്ന് നമസ്കരിക്കട്ടെ. ഉടനെ അബൂബക്കർ(റ) പള്ളിയിലേക്ക് വന്നു. എന്നിട്ട് ജനങ്ങളുമായി നമസ്ക്കരിച്ചു. അന്നേരം തിരുമേനി(സ)യുടെ രോഗത്തിന് അൽപം ആശ്വാസം തോന്നി. അപ്പോൾ രണ്ടാളുകളുടെ സഹായത്തോടെ തിരുമേനി(സ) പള്ളിയിലേക്ക്പുറപ്പെട്ടു. രോഗം മൂലം തിരുമേനി(സ)യുടെ രണ്ടു കാലുകൾ ഭൂമിയിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കാഴ്ച ഇപ്പോഴും എന്റെ കൺമുന്നിലുണ്ട്. അങ്ങനെ തിരുമേനി(സ) എത്തിയത് കണ്ടപ്പോൾ അബൂബക്കർ ഇമാമ് സ്ഥാനത്ത് നിന്ന് പിന്നോട്ട് നീങ്ങാനുദ്ദേശിച്ചു. ഉടനെ നിങ്ങളുടെ സ്ഥാനത്ത് തന്നെ നില്ക്കുകയെന്ന് അബൂബക്കർ(റ)നെ തിരുമേനി(സ) ആംഗ്യം മൂലം ഉണർത്തി. എന്നിട്ട് തിരുമേനി(സ)യെ താങ്ങിക്കൊണ്ട് വന്നു അബൂബക്കർ(റ)ന്റെ അടുത്ത് ഒരു ഭാഗത്തിരുത്തി. അങ്ങിനെ തിരുമേനി(സ) നമസ്ക്കരിച്ച്കൊണ്ടിരുന്നു. അബൂബക്കർ(റ) തിരുമേനി(സ)യുടെ നമസ്ക്കാരം നമസ്ക്കരിച്ചു. ജനങ്ങൾ അബൂബക്കർ(റ) വിനെയും തുടർന്ന് നമസ്ക്കരിച്ചുകൊണ്ടിരുന്നു. അബൂമുആവി:യ്യായുടെ നിവേദനത്തിൽ തിരുമേനി(സ) അബൂബക്കർ(റ)ന്റെ ഇടതുഭാഗത്തിരുന്നു. അബൂബക്കർ നിന്ന് നമസ്ക്കരിച്ചുകൊണ്ടിരുന്നു എന്ന് വർദ്ധിച്ചുവന്നിട്ടുണ്ട്. (ബുഖാരി. 1. 11. 633)
- ആയിശ(റ) നിവേദനം: തിരുമേനി(സ)യെ രോഗം ബാധിക്കുകയും രോഗം മൂർച്ചിക്കുകയും ചെയ്തപ്പോൾ തിരുമേനി(സ)ക്ക് എന്റെ വീട്ടിൽ വെച്ച് രോഗശുശ്രൂഷ നടത്താൻ മറ്റു ഭാര്യമാരോട് തിരുമേനി(സ) സമ്മതം ആവശ്യപ്പെട്ടു. അപ്പോൾ എല്ലാവരും അതനുവദിച്ചുകൊടുത്തു. അങ്ങനെ അബ്ബാസി(റ)ന്റെയും മറ്റൊരു പുരുഷന്റെയും ഇടയിലായി തന്റെ രണ്ടു കാലുകൾ ഭൂമിയിലൂടെ വലിച്ചിഴച്ചുകൊണ്ട് അവിടുന്ന് പുറപ്പെട്ടു. ഇബ്നു അബ്ബാസ്(റ) പറയുന്നു: ആയിശ(റ) പേര് പറയാത്ത ആ പുരുഷൻ അലി(റ) ആയിരുന്നു. (ബുഖാരി. 1. 11. 634)
- ആയിശ:(റ) നിവേദനം: തിരുമേനി(സ) അരുളി: ഭക്ഷണം കൊണ്ടു വരപ്പെടുകയും നമസ്ക്കാരത്തിന്ന് ഇഖാമത്തു വിളിക്കപ്പെടുകയും ചെയ്താൽ നിങ്ങൾ ഭക്ഷണം കൊണ്ട് തുടങ്ങുവീൻ. (ബുഖാരി. 1. 11. 640)
- അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: മഗ്രിബ് നമസ്ക്കാരത്തിനു മുമ്പ് നിങ്ങളുടെ മുമ്പിൽ ആഹാരം കൊണ്ടുവന്നുവെച്ചാൽ നിങ്ങൾ ആദ്യമായി ഭക്ഷണം കൊണ്ട് ആരംഭിക്കുക, ശേഷം നമസ്ക്കരിക്കുക. നിങ്ങളുടെ ആഹാരം ഉപേക്ഷിച്ച് നമസ്ക്കരിക്കുവാൻ നിങ്ങൾ ധൃതിപ്പെട്ടു പോകരുത്. (ബുഖാരി. 1. 11. 641)
- ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളുടെ ഭക്ഷണം ഹാജറാക്കപ്പെടുകയും നമസ്ക്കാരത്തിന് ഇഖാമത്തു കൊടുക്കുകയും ചെയ്താൽ നിങ്ങൾ ഭക്ഷണം കഴിച്ചുകൊള്ളുക. അതിൽ നിന്ന് വിരമിക്കുന്നതുവരെ നിങ്ങൾ ധൃതി കാണിക്കേണ്ടതില്ല. ഇബ്നുഉമർ(റ) ന്ന് ഭക്ഷണം കൊണ്ടു വരപ്പെടും. നമസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെടുകയും ചെയ്തു. എന്നാൽ ഭക്ഷണത്തിൽ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹം നമസ്കാരത്തിലേക്ക് പുറപ്പെടുകയില്ല. ഇമാമിന്റെ ഖുർആൻ പാരായണം അദ്ദേഹം കേൾക്കാറുണ്ട്. (ബുഖാരി. 1. 11. 642)
- ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളിൽ വല്ലവനും ആഹാരം കഴിച്ച് കൊണ്ടിരിക്കുമ്പോൾ നമസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാലും അവൻ തന്റെ ആവശ്യം അതിൽ നിന്ന് നിർവ്വഹിക്കുന്നതുവരെ ധൃതികാണിക്കേണ്ടതില്ല. (ബുഖാരി. 1. 11. 643)
- ആയിശ(റ) നിവേദനം: തിരുമേനി(സ) തന്റെ വീട്ടിൽ എന്താണ് ജോലി ചെയ്യാറുണ്ടായിരുന്നതെന്ന് അസ്വദ്(റ) അവരോട് ചോദിച്ചു. അപ്പോൾ ആയിശ(റ) പറഞ്ഞു: തിരുമേനി(സ) തന്റെ ഭാര്യമാരെ വീട്ടുജോലികളിൽ സഹായിച്ചു കൊണ്ടിരിക്കും. അങ്ങനെ നമസ്കാരസമയമായാൽ നമസ്കാരത്തിലേക്ക് പുറപ്പെടും. (ബുഖാരി. 1. 11. 644)
- അബൂഖിലാബ(റ) നിവേദനം: ഞങ്ങളുടെ പള്ളിയിൽ ഒരിക്കൽ മാല്ക്ബ്നുഹുവൈറിസ്(റ) വരികയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: ഞാനിതാ നിങ്ങളെയും കൂട്ടിയിട്ടു ഇമാമായി നിന്നുകൊണ്ട് നമസ്കരിക്കുന്നു. വാസ്തവത്തിൽ ഒരു നിശ്ചിത നമസ്കാരം ഞാൻ ഉദ്ദേശിക്കുന്നില്ല. തിരുമേനി(സ) നമസ്കരിക്കുന്നത് എങ്ങനെ ഞാൻ കണ്ടുവോ അതേ പ്രകാരം ഞാൻ നിങ്ങൾക്ക് നമസ്കരിച്ചു കാണിച്ച് തരികയാണ്. അബൂഖിലാബ പറയുന്നു: അദ്ദേഹം ഒരു കിഴവനായിരുന്നു, സുജൂദിൽ നിന്ന് എഴുന്നേറ്റ് ആദ്യത്തെ റക്ക്അത്തിൽ നിന്ന് ഉയരുമ്പോൾ അദ്ദേഹം അൽപം ഇരിക്കാറുണ്ട്. (ബുഖാരി. 1. 11. 645)
- ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ രോഗത്തിൽ അവിടുന്നു പറഞ്ഞു: നിങ്ങൾ അബൂബക്കറിനോട് ഇമാമ് നിൽക്കുവാൻ പറയുവീൻ. അപ്പോൾ ആയിശ(റ) പറഞ്ഞു. അബൂബക്കർ(റ) താങ്കളുടെ സ്ഥാനത്ത് ഇമാമായി നിന്നാൽ നമസ്കാരത്തിലുള്ള അദ്ദേഹത്തിന്റെ കരച്ചിൽ മൂലം നമസ്കാരത്തിലെ ചലനങ്ങൾ പിന്നിലുള്ളവരെ കേൾപ്പിക്കാൻ അദ്ദേഹത്തിന് കഴിയുകയില്ല, അതുകൊണ്ട് ഉമർ(റ)നോട് ഉപദേശിച്ചാലും. അദ്ദേഹം ജനങ്ങളുമായി നമസ്കരിക്കട്ടെ. (ബുഖാരി. 1. 11. 646)
- ആയിശ(റ) പറയുന്നു: അബൂബക്കർ(റ) അങ്ങയുടെ സ്ഥാനത്ത് നമസ്കരിക്കാൻ നിന്നാൽ കരച്ചിൽ മൂലം അദ്ദേഹത്തിന്റെ ചലനങ്ങൾ പിന്നിലുള്ളവർക്ക് കേൾക്കാൻ കഴിയുകയില്ല. അതുകൊണ്ട് ഉമർ(റ)നോട് കൽപ്പിക്കാൻ ഞാൻ ഹഫ്സ(റ) യോട് പറഞ്ഞു. ഹഫ്സ(റ) അപ്രകാരം നബി(സ) യോട് പറയുകയും ചെയ്തു. തിരുമേനി(സ) പറഞ്ഞു. മിണ്ടാതിരിക്കൂ, നിങ്ങൾ യൂസഫിന്റെ കൂട്ടുകാരികൾ തന്നെയാണ്. അബൂബക്കറി(റ)നോട് തന്നെ നിർദ്ദേശിക്കുവീൻ. അന്നേരം ഹഫ്സ(റ) ആയിശ(റ) യോട് പറഞ്ഞു. നിങ്ങളിൽ നിന്ന് ഒരിക്കലും ഒരു നന്മയും എനിക്ക് ലഭിച്ചിട്ടില്ല. (ബുഖാരി. 1. 11. 647)
- അനസ്(റ) നിവേദനം: തിരുമേനി(സ)യുടെ സഹാബിയും ഭൃത്യനുമായിരുന്നു അദ്ദേഹം- അനസ്(റ) പറയുന്നു. നബി(സ) പരലോകപ്രാപ്തനായ രോഗത്തിൽ അബൂബക്കർ(റ) ആണ് ജനങ്ങൾക്ക് ഇമാമായി നമസ്കരിച്ചത്. അങ്ങനെ തിങ്കളാഴ്ച ദിവസം വന്നു. ആളുകൾ നമസ്കരിക്കാൻ അണിനിരന്നു നിൽക്കുകയാണ്. അന്നേരം തിരുമേനി(സ) തന്റെ മുറിയിൽ നിന്ന്കൊണ്ട് വിരി നീക്കി ഞങ്ങളുടെ നേരെ നോക്കി. അപ്പോൾ തിരുമേനി(സ)യുടെ മുഖം മുസ്ഹഫിന്റെ ഒരു പേജു പോലെയുണ്ട്. തിരുമേനി(സ) ആദ്യം പുഞ്ചിരിച്ചു. പിന്നീട് ചിരിച്ചു. അവസാനം തിരുമേനി(സ)യെ കണ്ടതുമൂലമുള്ള ആനന്ദത്താൽ ഞങ്ങളുടെ നമസ്കാരം തന്നെ താറുമാറായിപ്പോയേക്കുമോയെന്ന് ഞങ്ങൾ ശങ്കിച്ചു. ഉടനെ തിരുമേനി(സ) നമസ്കരിക്കുവാൻ വേണ്ടി പള്ളിയിലേക്ക് വരാൻ ഒരുങ്ങിയിരിക്കുകയാണെന്ന് ധരിച്ചിട്ടു അബൂബക്കർ(റ) പിന്നോട്ട് മാറി. അന്നേരം നിങ്ങൾ നമസ്കാരം പൂർത്തിയാക്കിക്കൊള്ളുകയെന്ന് ആംഗ്യം കാണിച്ചുകൊണ്ട് തിരുമേനി(സ) വിരി താഴ്ത്തിയിട്ടു. എന്നിട്ട് ആ ദിവസം തന്നെയാണ് തിരുമേനി(സ) പരലോകം പ്രാപിച്ചത്. (ബുഖാരി. 1. 11. 648)
- ആയിശ(റ) നിവേദനം: തിരുമേനി(സ) രോഗബാധിതനായപ്പോൾ വീട്ടിൽവെച്ചു നമസ്കരിച്ചു. അവിടുന്നു ഇരുന്നുകൊണ്ടാണ് നമസ്കരിച്ചത്. തിരുമേനി(സ)യെ പിന്തുടർന്ന് കൊണ്ട് ഒരു വിഭാഗം ജനങ്ങൾ നിന്ന് നമസ്കരിച്ചു. അവരോട് ഇരിക്കുവാൻ വേണ്ടി അവിടുന്നു ആംഗ്യം കാണിച്ചു. നമസ്കാരത്തിൽ നിന്നു വിരമിച്ചപ്പോൾ തിരുമേനി(സ) അരുളി. നിശ്ചയം ഇമാമിന് നിശ്ചയിക്കപ്പെടുന്നതു പിൻതുടരാൻ വേണ്ടിയാണ്. അദ്ദേഹം റുകൂഅ് ചെയ്താൽ നിങ്ങളും റുകൂഅ് ചെയ്യുക. ഉയർന്നാൽ നിങ്ങളും ഉയരുക. ഇരുന്നു നമസ്കരിച്ചാൽ നിങ്ങളും ഇരുന്നു തന്നെ നമസ്കരിക്കുവിൻ. (ബുഖാരി. 1. 11. 656)
- അനസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കൽ കുതിരപ്പുറത്തു നിന്നു വീഴുകയും അവിടുത്തെ വലഭാഗം ചതയുകയും ചെയ്തു. അപ്പോൾ അവിടുന്നു ഇരുന്നു നമസ്കരിച്ചു. ഞങ്ങളും പിന്നിൽ ഇരുന്നു നമസ്കരിച്ചു. നമസ്കാരത്തിൽ നിന്നു വിരമിച്ചപ്പോൾ അവിടുന്നു പറഞ്ഞു. നിശ്ചയം ഇമാമ് നിർണ്ണയിക്കപ്പെടുന്നത് അദ്ദേഹത്തെ അനുധാവനം ചെയ്യുവാൻ വേണ്ടിയാണ്. അതിനാൽ ഇമാമ് നിന്നു നമസ്കരിക്കുമ്പോൾ നിങ്ങൾ നിന്നു നമസ്കരിക്കുക. റുകൂഅ് ചെയ്താൽ നിങ്ങളും റുകുഅ് ചെയ്യുക. ഉയർന്നാൽ നിങ്ങളും ഉയരുക. അദ്ദേഹം സമിഅല്ലാഹു ലിമൻ ഹമിദ: എന്നു പറഞ്ഞാൽ നിങ്ങൾ റബ്ബനാ വലകൽഹംദു എന്നുപറയുക. അദ്ദേഹം ഇരുന്നു നമസ്കരിച്ചാൽ നിങ്ങളും ഇരുന്നുതന്നെ നമസ്കരിക്കുക. (ബുഖാരി. 1. 11. 657)
- ബർറാഅ്(റ) നിവേദനം: അദ്ദേഹം കളവ് പറയുന്നവനല്ല - തിരുമേനി(സ) സമി അല്ലാഹു. എന്നു പറഞ്ഞു കഴിഞ്ഞാൽ സുജൂദിൽ ചെന്നു വീഴും വരേക്കും ഞങ്ങളിലാരും തന്നെ ഞങ്ങളുടെ മുതുക് കുനിക്കുകയില്ല. തിരുമേനി(സ) സുജൂദിൽ ചെന്നു കിടന്നു കഴിഞ്ഞാലോ ഞങ്ങളും സുജൂദിലേക്ക് ചെന്നു കിടക്കും. (ബുഖാരി. 1. 11. 658)
- അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇമാമിനു മുമ്പ് തല ഉയർത്തുന്ന പക്ഷം അവന്റെ തലയെ കഴുതയുടെ തലയായിട്ടു അല്ലാഹു മാറ്റുകയോ അല്ലെങ്കിൽ അവന്റെ ആകെ രൂപത്തെത്തന്നെ കഴുതയുടെ രൂപത്തിൽ മാറ്റുകയോ ചെയ്തേക്കുമെന്ന് അവൻ ഭയപ്പെടുന്നില്ലേ?. (ബുഖാരി. 1. 11. 660)
- അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു മുന്തിരിയോളം മാത്രം തല വലിപ്പമുള്ള ഒരു നീഗ്രോ ആണ് നിങ്ങളുടെ ഭരണമേധാവിയായി വന്നതെങ്കിൽ പോലും അദ്ദേഹത്തിന്റെ കൽപന നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തുകൊള്ളുക. (ബുഖാരി. 1. 11. 662)
- അബൂഹുറൈറ(റ) നിവേദനം: നിങ്ങളുടെ ഭരണമേധാവികൾ നിങ്ങൾക്ക് ഇമാമായ്കൊണ്ട് നമസ്കരിക്കും. അങ്ങിനെ നമസ്കരിക്കുമ്പോൾ നേരാംവണ്ണമാണ് അവർ പ്രവർത്തിച്ചതെങ്കിൽ അതുകൊണ്ടുള്ള നേട്ടം അവർക്കും നിങ്ങൾക്കും ലഭിക്കും. അവർ ചെയ്ത തെറ്റിന്റെ ദോഷഫലം അവരെ ബാധിക്കുകയും ചെയ്യും. എന്നു തിരുമേനി(സ) അരുളി. (ബുഖാരി. 1. 11. 663)
- ഉബൈദ്:(റ) നിവേദനം: അദ്ദേഹം ഖലീഫാഉസ്മാൻ(റ) ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ അടുത്തു പ്രവേശിച്ചുകൊണ്ടു പറഞ്ഞു: താങ്കളാണ് ഞങ്ങളുടെ പ്രധാനഇമാമ്, എന്നാൽ ഞങ്ങൾ ദർശിക്കുന്ന വിപത്തു താങ്കളെ ബാധിച്ചിരിക്കുന്നു. കുഴപ്പത്തിന്റെ ഇമാമാണ് ഇപ്പോൾ ഞങ്ങൾക്ക് നമസ്കാരത്തിനു നിൽക്കുന്നത്. അയാളെ പിൻതുടരൽ കുറ്റകരമായി ഞങ്ങൾക്ക് തോന്നുന്നു. അപ്പോൾ ഉസ്മാൻ(റ) പറഞ്ഞു: നമസ്കാരം അവർ ചെയ്യുന്ന പ്രവർത്തനത്തേക്കാൾ ഏറ്റവും നല്ലതാണ്. ആ നല്ലത് അവർ ചെയ്യുമ്പോൾ അതിൽ അവരെ നീ പിൻതുടർന്ന് കൊള്ളുക. അവർ ചെയ്യുന്ന തെറ്റിൽ നിന്ന് നീ അകന്നു നിൽക്കുകയും ചെയ്യുക. ഇമാംസുഹ്രി(റ) പറഞ്ഞു: നിർബന്ധാവസ്ഥയിൽ മാത്രമേ സ്ത്രീകളോട് സാദൃശ്യമുള്ളവന്റെ പിന്നിൽ നിന്നു നമസ്കരിക്കുവാൻ പാടുള്ളു. (ബുഖാരി. 693)
- അനസ്(റ) നിവേദനം: തിരുമേനി(സ) അബൂദർറ്(റ)നോട് പറഞ്ഞു: മുന്തിരി പോലെ ശിരസ്സുള്ള നീഗ്രോയാണ് നിന്റെ ഇമാമ് എങ്കിൽ നീ അവനെ അനുസരിക്കുക. (ബുഖാരി. 1. 11. 664)
- ഇബ്നുഅബ്ബാസ്(റ) നിവേദനം: എന്റെ മാതൃസഹോദരി മൈമൂന: യുടെ വീട്ടിൽ ഒരിക്കൽ ഞാൻ രാത്രി താമസിച്ചു. തിരുമേനി(സ) ഇശാനമസ്ക്കരിച്ചു ശേഷം വീട്ടിൽ വന്നു. നാല് റക്അത്ത് നമസ്കരിച്ച ശേഷം കിടന്നുറങ്ങി. പിന്നീട് ഉണർന്നു നമസ്കരിക്കുവാൻ എഴുന്നേറ്റു നിന്നു ഞാൻ ചെന്നു അവരുടെ ഇടഭാഗത്തുനിന്നു. തിരുമേനി(സ) എന്നെ അവിടുത്തെ വലഭാഗത്താക്കി. അനന്തരം അഞ്ചു റക്അത്തു നമസ്കരിച്ചു. അതിന്ന് ശേഷം (സുബ്ഹിന്റെ) രണ്ട് റക്അത്തു നമസ്കരിച്ചു. അൽപം കിടന്നുറങ്ങി. ഞാൻ അവിടുത്തെ കൂർക്കംവലി കേൾക്കുന്നതുവരെ. ശേഷം നമസ്കരിക്കുവാൻ പുറപ്പെട്ടു. (ബുഖാരി. 1. 11. 665)
- ജാബിർ(റ) നിവേദനം: മുആദ്ബ്നുജബൽ(റ) നബി(സ)യുടെ കൂടെ നമസ്കരിച്ച് മടങ്ങിപ്പോയ ശേഷം തന്റെ ജനതക്ക് ഇമാമ് നിന്നു കൊടുക്കാറുണ്ട്. (ബുഖാരി. 1. 11. 668)
- ജാബിർ(റ) നിവേദനം: മുആദ്ബ്നു ജബൽ(റ) തിരുമേനി(സ) യോടൊപ്പം ജമാഅത്തായി നമസ്കരിക്കും എന്നിട്ട് തിരിച്ച് പോയശേഷം അദ്ദേഹത്തിന്റെ കേന്ദ്രത്തിലെ ജനങ്ങൾക്ക് (അതേ നമസ്കാരത്തിൽ) ഇമാമായി നിന്ന് നമസ്കരിക്കും. അങ്ങനെ ഒരിക്കൽ അദ്ദേഹം ഇശാ നമസ്കരിച്ചു. അതിൽ അൽബഖറ സൂറത്ത് ഓതി. അന്നേരം ഒരു മനുഷ്യൻ (അൻസാരി) അദ്ദേഹത്തിന്റെ പിന്നിൽ നിന്ന് ജമാഅത്ത് വിട്ടു പിരിഞ്ഞുപോയി. അതറിഞ്ഞപ്പോൾ മുആദ്(റ) അദ്ദേഹത്തെ വിമർശിച്ചു. ഈ വിവരം നബി(സ)ക്ക് കിട്ടി. അപ്പോൾ തിരുമേനി(സ) മൂന്ന് പ്രാവശ്യം മുആദിനെക്കുറിച്ച് കുഴപ്പക്കാരൻ, കുഴപ്പക്കാരൻ, കുഴപ്പക്കാരൻ എന്നു പറഞ്ഞു. എന്നിട്ട് ദൈർഘ്യം കുറഞ്ഞ മധ്യനിലയിലുള്ള സൂറത്തുകൾ ഓതുവാൻ മുആദ്(റ)നോട് തിരുമേനി(സ) കൽപിച്ചു. (ബുഖാരി. 1. 11. 669)
- അബൂമസ്ഉദ്(റ) നിവേദനം: അല്ലാഹുവിന്റെ ദൂതരേ! അല്ലാഹു സത്യം! ഇന്ന ഇമാം സൂബ്ഹി നമസ്കാരം അമിതമായി നീട്ടിക്കൊണ്ട് പോകുന്നത് കാരണം ഞാൻ ജമാഅത്ത് നമസ്കാരത്തിന് പള്ളിയിലേക്ക് പോകാറില്ല. ഒരൊറ്റ ഉപദേശഘട്ടത്തിലെങ്കിലും അന്നത്തേക്കാൾ തിരുമേനി(സ) കുപിതനായത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. അവസാനം തിരുമേനി(സ) അരുളി: നിങ്ങളിൽ ചിലർ മനുഷ്യരെ വെറുപ്പിച്ചു കളയുകയാണ്. അതുകൊണ്ട് നിങ്ങളാരെങ്കിലും മനുഷ്യർക്ക് ഇമാമായിക്കൊണ്ട് നമസ്കരിക്കുന്ന പക്ഷം അവർ ആ നമസ്കാരം ലഘൂകരിക്കട്ടെ. കാരണം നിങ്ങളുടെ പിന്നിൽ നമസ്കരിക്കുന്നവരിൽ ശരീരശേഷി കുറഞ്ഞവരും, വൃദ്ധന്മാരും ജോലിത്തിരക്കുള്ളവരുമായിരിക്കും. (ബുഖാരി. 1. 11. 670)
- അബൂഹുറൈറ(റ) നിവേദനം: നിങ്ങളിൽ ചിലർ മനുഷ്യരെ വെറുപ്പിച്ചു കളയുകയാണ്. അതുകൊണ്ട് നിങ്ങളാരെങ്കിലും മനുഷ്യർക്ക് ഇമാമായിക്കൊണ്ട് നമസ്കരിക്കുന്ന പക്ഷം അവർ ആ നമസ്കാരം ലഘൂകരിക്കട്ടെ. കാരണം നിങ്ങളുടെ പിന്നിൽ നമസ്കരിക്കുന്നവരിൽ ശരീരശേഷി കുറഞ്ഞവരും, വൃദ്ധന്മാരും ജോലിത്തിരക്കുള്ളവരുമായിരിക്കും. (ബുഖാരി. 1. 11. 671)
- അബൂഖത്താദ(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരം ദീർഘിപ്പിക്കൽ ഉദ്ദേശിച്ചുകൊണ്ട് ചിലപ്പോൾ ഞാൻ നമസ്കാരത്തിൽ പ്രവേശിക്കും. അന്നേരം ശിശുക്കളുടെ കരച്ചിൽ ഞാൻ കേൾക്കും. അപ്പോൾ ആ കുട്ടികളുടെ മാതാക്കൾക്ക് വിഷമം നേരിടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ നമസ്കാരം ലഘൂകരിക്കും. (ബുഖാരി. 1. 11. 675)
- അനസ്(റ) നിവേദനം: നമസ്കാരം ലഘൂകരിക്കുകയും അതോടൊപ്പം പൂർത്തിയാക്കുകയും ചെയ്യുന്ന നബി(സ)യെക്കാൾ ഉത്തമനായ മറ്റൊരു ഇമാമിന്റെ പിന്നിൽ നിന്നു ഞാൻ തീരെ നമസ്കരിച്ചിട്ടില്ല. അവിടുന്ന് ശിശുക്കളുടെ കരച്ചിൽ കേൾക്കും. അപ്പോൾ മാതാവിന് കുഴപ്പം ഉണ്ടാകുമെന്ന് ഭയന്ന് അവിടുന്ന് നമസ്കാരത്തെ ലഘൂകരിക്കും. (ബുഖാരി. 1. 11. 676)
- അനസ്(റ) നിവേദനം: തിരുമേനി(സ) അരുളുന്നു: നമസ്കാരം ദീർഘിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടു ഞാൻ നമസ്കാരത്തിൽ പ്രവേശിക്കും. അപ്പോൾ കുട്ടികളുടെ കരച്ചിൽ ഞാൻ കേൾക്കും. കുട്ടികരയുമ്പോൾ മാതാവിന് ഉണ്ടാകുന്ന സ്നേഹദുഃഖം ഞാൻ ശരിക്കും മനസ്സിലാക്കിയതിനാൽ എന്റെ നമസ്കാരം ഞാൻ ചുരുക്കും. (ബുഖാരി. 1. 11. 677, 678)
- ജാബിർ(റ) നിവേദനം: മുആദ്(റ) നബി(സ) യോടൊപ്പം നമസ്കരിച്ച് അനന്തരം തന്റെ ജനങ്ങളുടെ അടുത്തുപോയി അവർക്ക് ഇമാമായി നമസ്കരിക്കാറുണ്ട്. (ബുഖാരി. 1. 11. 679)
- അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഒരിക്കൽ രണ്ടു റക്ക്അത്തു നമസ്കരിച്ചു സലാം വീട്ടി. അപ്പോൾ ദുൽയദൈനി എന്നു വിളിക്കപ്പെടുന്നവൻ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! നമസ്കാരം ചുരുക്കിയോ അതല്ല താങ്കൾ മറന്നുവോ? നബി(സ) ചോദിച്ചു: ദുൽയദൈനി പറഞ്ഞത് ശരിയാണോ? അതെയെന്ന് ജനങ്ങൾ മറുപടി പറഞ്ഞു. ഉടനെ തിരുമേനി(സ) എഴുന്നേറ്റ് നിന്ന് രണ്ടു റക്ക്അത്തു നമസ്കരിച്ചു. ശേഷം സലാം വീട്ടി. ശേഷം തക്ബീർ ചൊല്ലികൊണ്ട് രണ്ടു സുജൂദ് ചെയ്തു. ആദ്യത്തെ സുജൂദ് പോലെ അല്ലെങ്കിൽ അൽപം ദീർഘിപ്പിച്ചത്. (ബുഖാരി. 1. 11. 682)
- അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഒരിക്കൽ ളുഹ്ർ രണ്ടു റക്ക്അത്തു നമസ്കരിച്ചു. അപ്പോൾ രണ്ടു റക്ക്അത്താണ് നമസ്കരിച്ചതെന്ന് പറയപ്പെട്ടു. ഉടനെ തിരുമേനി(സ) എഴുന്നേറ്റ് നിന്ന് രണ്ടു റക്ക്അത്തു നമസ്കരിച്ചു. ശേഷം സലാം വീട്ടി. ശേഷം തക്ബീർ ചൊല്ലികൊണ്ട് രണ്ടു സുജൂദ് ചെയ്തു. ആദ്യത്തെ സുജൂദ് പോലെ അല്ലെങ്കിൽ അൽപം ദീർഘിപ്പിച്ചത്. (ബുഖാരി. 1. 11. 683)
- നുഅ്മാൻ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങൾ നിങ്ങളുടെ വരികൾ ശരിയാക്കുക. അങ്ങനെ നിങ്ങൾ ചെയ്തില്ലെങ്കിൽ നിങ്ങളുടെ ഹൃദയങ്ങൾക്കിടയിലും അല്ലാഹു ഭിന്നിപ്പുണ്ടാക്കുന്നതാണ്. (ബുഖാരി. 1. 11. 685)
- അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങൾ വരികൾ നേർക്കുനേരെ വളവില്ലാതെ നിർത്തുക. എന്റെ പിൻഭാഗത്തുകൂടെ നിങ്ങളെ കാണാൻ എനിക്ക് സാധിക്കുന്നുണ്ട്. (ബുഖാരി. 1. 11. 686)
- അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങൾ നിങ്ങളുടെ വരികൾ നേരെയാക്കുവിൻ. അന്യോന്യം ചേർന്നു നിൽക്കുകയും ചെയ്യുവിൻ. ഞാൻ നിങ്ങളെ പിന്നിലൂടെ ദർശിക്കുന്നുണ്ട്. (ബുഖാരി. 1. 11. 687)
- അബൂഹുറൈറ(റ) നിവേദനം: ഇമാമ് നിശ്ചയിക്കപ്പെട്ടത് അദ്ദേഹത്തെ പിൻതുടരപ്പെടാനാണ്. അതുകൊണ്ട് നിങ്ങൾ അദ്ദേഹത്തിന് എതിരാവരുത്. അദ്ദേഹം റുകൂഅ് ചെയ്താൽ നിങ്ങൾ റുകൂഅ് ചെയ്യുവിൻ. സമിഹല്ലാഹു. എന്നു പറഞ്ഞാൽ റബ്ബനാലകൽഹംദു പറയുവിൻ. അദ്ദേഹം സുജൂദ് ചെയ്താൽ നിങ്ങളും സുജൂദ് ചെയ്യുക. ഇരുന്നു നമസ്കരിച്ചാൽ നിങ്ങളും ഇരുന്നു നമസ്കരിക്കുക. നമസ്കാരത്തിൽ വരികൾ നിങ്ങൾ വളവില്ലാതെ നേരെയാക്കുക. നിശ്ചയം വരികൾ നേരെയാക്കൽ നമസ്കാരം പൂർത്തിയാക്കുന്നതിൽ പെട്ടതാണ്. (ബുഖാരി. 1. 11. 689)
- അനസ്(റ) നിവേദനം: അദ്ദേഹം മദീനയിൽ വന്നപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. നബി(സ)യുടെ കാലത്ത് താങ്കൾ ഗ്രഹിച്ച ഏതൊരു സംഗതിയാണ് ഞങ്ങൾ വീഴ്ചവരുത്തിയതായി താങ്കൾ കാണുന്നത്? അനസ്(റ) പറഞ്ഞു: നിങ്ങൾ വരികൾ നേരെയാക്കാത്തത്. (ബുഖാരി. 1. 11. 690)
- അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങൾ വരികൾ നേരെയാക്കുക. നിശ്ചയം ഞാൻ നിങ്ങളെ പിന്നിലൂടെ ദർശിക്കുന്നുണ്ട്. അങ്ങനെ ഞങ്ങളിൽ പെട്ട ഒരുവൻ തന്റെ സ്നേഹിതന്റെ ചുമലിനോട് തന്റെ ചുമലും കാൽപാദത്തോട് കാൽപാദവും ചേർത്തി വെക്കാറുണ്ട്. (ബുഖാരി. 1. 11. 692)
- ആയിശ(റ) നിവേദനം: തിരുമേനി(സ) രാത്രി അവരുടെ മുറിയിൽ വെച്ചാണ് നമസ്കരിക്കാറുണ്ടായിരുന്നത്. ആ മുറിയുടെ ചുമരാവട്ടെ ഉയരം കുറഞ്ഞതായിരുന്നു. അന്നേരം ജനങ്ങൾ നബി(സ)യെ കണ്ടു. അപ്പോൾ തിരുമേനി(സ)യെ തുടർന്ന് കൊണ്ട് അവരും നമസ്കരിക്കാൻ തുടങ്ങി. അങ്ങനെ പ്രഭാതമായി. അപ്പോൾ അവരന്യോന്യം അതിനെക്കുറിച്ച് സംസാരിച്ചു. തിരുമേനി(സ) രണ്ടാമത്തെ രാത്രിയും നമസ്കരിക്കാൻ നിന്നു. അന്നേരവും കുറച്ചാളുകൾ തിരുമേനി(സ)യെ തുടർന്നു നമസ്കരിക്കാൻ നിന്നു. അങ്ങിനെ രണ്ടോ മൂന്നോ രാത്രി അവരപ്രകാരം ചെയ്തു. പിന്നത്തെ ദിവസം വന്നപ്പോൾ തിരുമേനി(സ) മുറിയിലടങ്ങിയിരുന്നു. പുറത്തേക്ക് വന്നില്ല. പ്രഭാതമായപ്പോൾ ജനങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചു. അപ്പോൾ തിരുമേനി(സ) അരുളി: രാത്രി നമസ്കാരം നിങ്ങൾക്ക് നിർബന്ധമാക്കപ്പെടുമെന്ന് (അപ്രകാരം തെറ്റിദ്ധരിക്കപ്പെടുമെന്ന്) ഞാൻ ഭയപ്പെട്ടു. (ബുഖാരി. 1. 11. 696)
- ആയിശ(റ) നിവേദനം: തിരുമേനി(സ)ക്ക് ഒരു പായയുണ്ടായിരുന്നു. പകലിൽ അത് താഴെ വിരിക്കും. രാത്രി അത് കൊണ്ട് ഒരു മറയുണ്ടാക്കും. ഒരിക്കൽ കുറെ ജനങ്ങൾ വരികയും തിരുമേനി(സ)യുടെ പിന്നിൽ നിന്ന് തുടർന്ന് നമസ്കരിക്കുകയും ചെയ്തു. (ബുഖാരി. 1. 11. 697)
- സൈദ്ബ്നുസാബിത്ത്(റ) നിവേദനം: തിരുമേനി(സ) പായകൊണ്ട് ഒരു മുറിയുണ്ടാക്കി. അങ്ങനെ റമളാനിൽ കുറെ രാത്രി അതിൽ വെച്ച് നമസ്കരിച്ചു. തിരുമേനി(സ) പിൻതുടർന്ന് അവിടുത്തെ അനുചരന്മാരിൽ കുറെ പേർ നമസ്കരിച്ചു. പിന്നീട് നബി(സ) മുറിയിലിരുന്നു. ശേഷം വന്നിട്ട് അവരോട് പറഞ്ഞു. നിങ്ങൾ പ്രവർത്തിച്ചത് ഞാൻ കണ്ടു കഴിഞ്ഞു. ജനങ്ങളേ!നിങ്ങൾ നിങ്ങളുടെ വീടുകളിൽ വെച്ച് നമസ്കരിച്ചുകൊള്ളുവിൻ. നിശ്ചയം നമസ്കാരങ്ങളിൽ നിർബന്ധ നമസ്കാരങ്ങൾ ഒഴികെ മറ്റുള്ളവ ഒരു മനുഷ്യൻ വീട്ടിൽവെച്ച് നമസ്കരിക്കുന്നതാണ് ഏറ്റവും ഉത്തമം. (ബുഖാരി. 1. 11. 698)
- അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം ഇമാമ് നിശ്ചയിക്കപ്പെടുന്നത് അനുധാവനം ചെയ്യപ്പെടുവാനാണ്. അതിനാൽ അദ്ദേഹം തക്ബീർ ചൊല്ലിയാൽ നിങ്ങളും തക്ബീർ ചൊല്ലുക. അദ്ദേഹം റുകൂഅ് ചെയ്താൽ നിങ്ങളും റുകൂഅ് ചെയ്യുക. സമിഹല്ലാഹു. എന്നു പറഞ്ഞാൽ നിങ്ങൾ റബ്ബനാലകൽഹംദ് എന്ന് ചൊല്ലുക. സാംഷ്ടാംഗം ചെയ്താൽ നിങ്ങളും സാഷ്ടാംഗം ചെയ്യുക. (ബുഖാരി. 1. 12. 701)
- സാലിം(റ) തന്റെ പിതാവിൽ നിന്ന് (ഇബ്നുഉമർ) ഉദ്ധരിക്കുന്നു. തിരുമേനി(സ) നമസ്കാരം ആരംഭിക്കുമ്പോഴും റുകൂഇലേക്ക് പോകാൻ തക്ബീർ ചൊല്ലുമ്പോഴും റുകൂഇൽ നിന്ന് തല ഉയർത്തുമ്പോഴുമെല്ലാം തന്റെ രണ്ടു കൈകളെ ചുമലിന്റെ നേരെ ഉയർത്തിയിരുന്നു. റുകൂഇൽ നിന്ന് തല ഉയർത്തുമ്പോൾ സമിഹല്ലാഹു ലിമൻ ഹമിദ: റബ്ബനാ വലക്കൽ ഹംദ് എന്നുചൊല്ലുകയും ചെയ്യും. എന്നാൽ സുജൂദിൽ നിന്ന് ഉയരുമ്പോൾ കൈകൾ ഉയർത്താറില്ല. (ബുഖാരി. 1. 12. 702)
- അബൂഖിലാബ:(റ) നിവേദനം: മാലിക്ബ്നുഹുവൈരിസ്(റ) തക്ബീറിന്റെ സന്ദർഭത്തിലും റുകൂഇന്ന് ഉദ്ദേശിക്കുമ്പോഴും റുകൂഇൽ നിന്ന് തല ഉയർത്തുന്ന സന്ദർഭത്തിലും തന്റെ ഇരുകൈകളും ഉയർത്താറുണ്ട്. ശേഷം തിരുമേനി(സ) ഇപ്രകാരം ചെയ്യാറുണ്ടെന്ന് അദ്ദേഹം പ്രസ്താവിക്കും. (ബുഖാരി. 1. 12. 704)
- ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) തക്ബീറിന്റെയും റുകൂഇലേക്ക് പോകുമ്പോഴും അതിൽ നിന്ന് ഉയരുമ്പോഴും തന്റെ ചുമലിന് നേരെ ഇരുകൈകളും ഉയർത്താറുണ്ട്. സുജൂദിലേക്ക് പോകുന്ന സന്ദർഭത്തിലും സൂജൂദിൽ നിന്ന് എഴുന്നേൽക്കുന്ന സന്ദർഭത്തിലും അപ്രകാരം ചെയ്യാറില്ല. (ബുഖാരി. 1. 12. 705)
- ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) രണ്ടു റക്അത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ കൈകൾ ഉയർത്താറുണ്ട്. (ബുഖാരി. 1. 12. 706)
- സഹ്ല്(റ) നിവേദനം: വലത്തേകൈ നമസ്കാരത്തിൽ ഇടത്തേമുഴംകയ്യിന്മേൽ വെക്കൽ (തിരുമേനി(സ)യുടെ കാലത്ത്) ആളുകളോട് കൽപ്പിക്കാറുണ്ടായിരുന്നു. (ബുഖാരി. 1. 12. 707)
- അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങൾ എന്റെ ഖിബ്ല:യെ ദർശിക്കുന്നില്ലേ? നിങ്ങളുടെ റുകൂഉം ഭയഭക്തിയും എനിക്ക് ഗോപ്യമാക്കുന്നില്ല. ഞാൻ എന്റെ പിന്നിലൂടെ നിങ്ങളെ ദർശിക്കുന്നു. (ബുഖാരി. 1. 12. 708)
- അനസ്(റ) നിവേദനം: തിരുമേനി(സ), അബൂബക്കർ(റ), ഉമർ(റ) ഇവരെല്ലാവരും അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ എന്ന് ചൊല്ലിക്കൊണ്ടാണ് നമസ്കാരം ആരംഭിച്ചിരുന്നത്. (ബുഖാരി. 1. 12. 710)
- അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) തക്ബീറത്തുൽ ഇഹ്റാമിന്നും അതിനു ശേഷമുള്ള ഖിറാഅത്തിനും ഇടക്ക് അൽപമൊന്ന് മൗനമായി നിൽക്കാറുണ്ടായിരുന്നു. ഒരിക്കൽ ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ! എന്റെ മാതാപിതാക്കൾ താങ്കൾക്ക് പ്രായശ്ചിത്തമാണ്. തക്ബീറിനും ഖിറാഅത്തിനുമിടക്ക് നിശബ്ദനായി നിൽക്കുമ്പോൾ എന്താണ് താങ്കൾ ചൊല്ലിക്കൊണ്ടിരിക്കുക? തിരുമേനി(സ) അരുളി: അല്ലാഹുവേ! എന്റെയും എന്റെ തെറ്റുകളുടെയും ഇടക്കുള്ള ദൂരം സൂര്യോദയസ്ഥാനത്തിനും സൂര്യാസ്തമനസ്ഥാനത്തിനും ഇടക്കുള്ള ദൂരം പോലെ നീ അകറ്റി വെയ്ക്കേണമേ! അല്ലാഹുവേ! വെള്ള വസ്ത്രത്തെ അഴുക്കിൽ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ എന്നെ പാപങ്ങളിൽ നിന്ന് നീ ശുദ്ധീകരിച്ചെടുക്കേണമേ! അല്ലാഹുവേ! എന്റെ തെറ്റുകളെ വെള്ളം കൊണ്ടും ഐസ് കൊണ്ടും ആലിപ്പഴം കൊണ്ടും നീ കഴുകി ശുദ്ധീകരിച്ചുതരേണമേ!. (ബുഖാരി. 1. 12. 711)
- അബൂമഅ്മർ(റ) നിവേദനം: ഖബ്ബാബി(റ)നോട് ഞങ്ങൾ ചോദിച്ചു: തിരുമേനി(സ) ളുഹ്ർ, അസർ എന്നീ രണ്ടു നമസ്കാരങ്ങളിൽ ഖുർആൻ ഓതാറുണ്ടായിരുന്നോ? അതെ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ അദ്ദേഹത്തോട് അവർ ചോദിച്ചു: നിങ്ങൾ അത് എങ്ങിനെയാണ് മനസ്സിലാക്കിയിരുന്നത്? അദ്ദേഹം പറഞ്ഞു: തിരുമേനി(സ)യുടെ താടി അനങ്ങിയിരുന്നത് കൊണ്ടുതന്നെ. (ബുഖാരി. 1. 12. 713)
- ബറാഅ്(റ) നിവേദനം: അദ്ദേഹം കളവ് പറയുന്നവനല്ല - അവർ നബി(സ)യുടെ കൂടെ നമസ്കരിക്കുമ്പോൾ അവിടുന്നു റുകൂഇൽ നിന്ന് എഴുന്നേറ്റാൽ അവർ എഴുന്നേൽക്കും. തിരുമേനി(സ) സുജൂദ് ചെയ്യുന്നത് അവർ ദർശിക്കുന്നത് വരെ (അവർ സൂജൂദ് ചെയ്യുകയില്ല) (ബുഖാരി. 1. 12. 714)
- ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ)യുടെ കാലത്ത് സൂര്യനു ഗ്രഹണം ബാധിച്ചു. അങ്ങനെ അദ്ദേഹം നമസ്കരിച്ചു. സഹാബിവര്യന്മാർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! താങ്കളുടെ സ്ഥാനത്തുനിന്ന് എന്തോ എത്തിപ്പിടിക്കുവാൻ താങ്കൾ ശ്രമിക്കുന്നതുപോലെ ഞങ്ങൾ താങ്കളെ ദർശിച്ചുവല്ലോ? ശേഷം പിന്നിലേക്ക് മാറുകയും ചെയ്തു. തിരുമേനി(സ) അരുളി: സ്വർഗ്ഗം എനിക്ക് ദർശിപ്പിക്കപ്പെട്ടു. അപ്പോൾ അതിൽ നിന്ന് ഒരു മുന്തിരിക്കുല പറിക്കുവാൻ ഞാൻ ശ്രമിച്ചു. ഞാനത് പറിച്ചെടുത്തിരുന്നുവെങ്കിൽ അന്ത്യദിനം വരെ നിങ്ങൾക്ക് ഭക്ഷിക്കുവാൻ അത് മതിയാകുമായിരുന്നു. (ബുഖാരി. 1. 12. 715)
- അനസ്(റ) നിവേദനം: ഒരിക്കൽ തിരുമേനി(സ) ഞങ്ങളേയുമായി നമസ്കരിച്ചു. അനന്തരം മിമ്പറിന്മേൽ കയറി അവിടുന്നു പള്ളിയുടെ ഖിബ്ല: യുടെ നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഞാൻ നിങ്ങൾക്ക് നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് നമസ്കരിച്ച ഈ സന്ദർഭത്തിൽ നരകവും സ്വർഗ്ഗവും ഖിബ്ല: യുടെ ചുമരിന്മേൽ രൂപപ്പെട്ട നിലക്ക് എനിക്ക് ദർശിപ്പിക്കപ്പെട്ടു. ഇതുപോലെ ഒരു നല്ലതും ചീത്തയുമായ കാഴ്ച ഞാൻ ദർശിച്ചിട്ടില്ല. (ബുഖാരി. 1. 12. 716)
- അനസ്(റ) നിവേദനം: ഒരിക്കൽ തിരുമേനി(സ) ചോദിച്ചു: നമസ്കാരത്തിൽ തങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുന്നവർക്ക് എന്തുപറ്റി? എന്നിട്ട് അക്കാര്യത്തിൽ തിരുമേനി(സ) വളരെ ഗൗരവപൂർവ്വം താക്കീതു ചെയ്തു. അവിടുന്നു അരുളി: അവർ അതിൽ നിന്ന് വിരമിക്കട്ടെ. അല്ലാത്തപക്ഷം അവരുടെ കണ്ണുകൾ റാഞ്ചിക്കൊണ്ട് പോയിക്കളയുമെന്ന് അവർ ഭയപ്പെടണം. (ബുഖാരി. 1. 12. 717)
- ആയിശ(റ) നിവേദനം: നമസ്കാരത്തിൽ തിരിഞ്ഞുനോക്കുന്നതിനെ സംബന്ധിച്ച് ഞാൻ തിരുമേനി(സ) യോട് ചോദിച്ചു. അപ്പോൾ തിരുമേനി(സ) അരുളി: മനുഷ്യന്റെ നമസ്കാരത്തിൽ നിന്ന് പിശാച് തട്ടിയെടുത്ത്കൊണ്ട് പോകുന്ന ഒരംശമാണത്. (ബുഖാരി. 1. 12. 718)
- അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) പള്ളിയിൽ പ്രവേശിച്ചു. അനന്തരം ഒരു മനുഷ്യൻ പള്ളിയിൽ കടന്നു നമസ്കരിക്കുവാൻ തുടങ്ങി. നമസ്കാരശേഷം അദ്ദേഹം നബി(സ)ക്ക് സലാം ചൊല്ലി. നബി(സ) സലാമിന് മറുപടി നൽകിയിട്ടു പറഞ്ഞു. നീ പോയി വീണ്ടും നമസ്കരിക്കുക. കാരണം നീ നമസ്കരിച്ചിട്ടില്ല. ഉടനെ അദ്ദേഹം തിരിച്ചുപോയി മുമ്പ് നമസ്കരിച്ചപോലെതന്നെ വീണ്ടും നമസ്കരിച്ചു. എന്നിട്ട് തിരുമേനി(സ)യുടെ അടുത്തുവന്ന് തിരുമേനി(സ)ക്ക് സലാം പറഞ്ഞു. നബി(സ) അരുളി: നീ പോയി വീണ്ടും നമസ്കരിക്കുക. നീ നമസ്കരിച്ചിട്ടില്ല. അങ്ങനെ മൂന്നു പ്രാവശ്യം അത് സംഭവിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. സത്യവുമായി താങ്കളെ നിയോഗിച്ചവൻ തന്നെയാണ് സത്യം. ഇപ്രകാരമല്ലാതെ എനിക്ക് നമസ്കരിക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് താങ്കൾ എന്നെ പഠിപ്പിക്കുക. അന്നേരം തിരുമേനി(സ) അരുളി: നീ നമസ്കരിക്കുവാൻ നിന്നാൽ ആദ്യമായി തക്ബീർ ചൊല്ലുക. പിന്നീട് ഖുർആനിൽ നിനക്ക് സൗകര്യപ്പെടുന്ന ഭാഗം ഓതുക. പിന്നെ റുകൂഇലായിരിക്കുമ്പോൾ നല്ലവണ്ണം അനക്കങ്ങളടങ്ങും വരേക്കും റുകൂഇൽതന്നെ നിൽക്കുക. പിന്നീട് റുകൂഇൽ നിന്ന് നിന്റെ തല ഉയർത്തി ശരിക്കും നിവർന്ന് നിൽക്കുക. പിന്നീട് നീ സൂജുദ് ചെയ്യുകയും അതിൽ അടങ്ങിയിരിക്കുകയും ചെയ്യുക. ഇത് നിന്റെ നമസ്കാരത്തിൽ മുഴുവൻ പ്രവർത്തിക്കുക. (ബുഖാരി. 1. 12. 724)
- അബൂഖത്താദ(റ) നിവേദനം: തിരുമേനി(സ) ളുഹ്റിന്റെ ആദ്യത്തെ രണ്ടു റക്ക്അത്തുകളിൽ ഫാതിഹായും രണ്ടു സൂറത്തുകളും ഓതാറുണ്ട്. ഒന്നാമത്തെ റക്ക്അത്തിൽ കുറെ അധികം ഓതും. രണ്ടാമത്തേതിൽ അൽപം ചുരുക്കും. ചില അവസരങ്ങളിൽ തിരുമേനി(സ) ഓതുന്ന ആയത്തുകളിൽ ചിലതു പിന്നിലുള്ളവരെ കേൾപ്പിക്കും. അസർ നമസ്ക്കാരത്തിലും തിരുമേനി(സ) ഫാത്തിഹായും രണ്ടു സൂറത്തും ഓതാറുണ്ട്. അതിൽ ആദ്യത്തെ റക്ക്അത്തിൽ കുറേ കൂടുതൽ ഓതും. രാമത്തെതിൽ അല്പം കുറച്ചും. അപ്രകാരം തന്നെ സുബ്ഹി നമസ്കാരത്തിലെ ആദ്യത്തെ റക്ക്അത്തിൽ കൂടുതൽ ഓതുകയും രണ്ടാമത്തേതിൽ കുറച്ച് ചുരുക്കുകയും ചെയ്യും. (ബുഖാരി. 1. 12. 726)
- ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹം വൽമുർസലാത്തിഉർഫൻ എന്ന സൂറത്ത് ഓതുന്നത് ഉമ്മുൽഫള്ല് കേട്ടു. അപ്പോൾ അവർ പറഞ്ഞു: എന്റെ പ്രിയപ്പെട്ട മകനെ! നീ ഈ സൂറത്തു ഓതുകമൂലം ഒരു സംഭവം എന്നെ ഓർമ്മപ്പെടുത്തി. തിരുമേനി(സ) മഗ്രിബ് നമസ്ക്കാരത്തിൽ അവസാനമായി ഓതുന്നതായി ഞാൻ കേട്ട സൂറത്താണിത്. (ബുഖാരി. 1. 12. 730)
- മർവാനുബ്നുഹക്കം:(റ) നിവേദനം ചെയ്യുന്നു. സൈദ്ബ്നുസാബിത്ത്:(റ) എന്നോട് പറഞ്ഞു: നിങ്ങൾക്ക് എന്തു സംഭവിച്ചു? മഗ്രിബ് നമസ്കാരത്തിൽ ചെറിയ സൂറത്തുകൾ മാത്രമാണല്ലോ നിങ്ങൾ ഓതുന്നത്. തിരുമേനി(സ) മഗ്രിബ് നമസ്കാരത്തിൽ അതി ദീർഘങ്ങളായ രണ്ടദ്ധ്യായങ്ങളിൽപ്പെട്ട അദ്ധ്യായം ഓതുന്നത് ഞാൻ കേട്ടിട്ടുണ്ട്. (ബുഖാരി. 1. 12. 731)
- ജുബൈർ(റ) നിവേദനം: തിരുമേനി(സ) മഗ്രിബ് നമസ്കാരത്തിൽ വത്തൂരി എന്ന സൂറത്തു ഓതുന്നത് ഞാൻ കേട്ടിട്ടുണ്ട്. (ബുഖാരി. 1. 12. 732)
- അബൂറാഫിഅ്(റ) നിവേദനം: ഒരിക്കൽ അബൂഹുറൈറ(റ)യുടെ കൂടെ ഞാൻ ഇശാമനസ്കരിച്ചു. അദ്ദേഹം ഇദസ്സമാഉൻശഖത്തു എന്ന സൂറത്തു ഓതുകയും (ഓത്തിന്റെ) സുജൂദ് ചെയ്യുകയും ചെയ്തു. ഇതിനെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ അബൂഹുറൈറ(റ) പറഞ്ഞു: നബി(സ)യുടെ പിന്നിൽ നിന്ന് ഞാൻ സുജൂദ് ചെയ്തിട്ടുണ്ട്. ഞാൻ മരിച്ച് അദ്ദേഹത്തെ കണ്ടുമുട്ടുന്നതുവരെ ആ സൂറത്തു ഓതുമ്പോഴെല്ലാം ഞാൻ സുജൂദ് ചെയ്യും. (ബുഖാരി. 1. 12. 733)
- ബർറാത്ത്(റ) നിവേദനം: തിരുമേനി(സ) ഒരു യാത്രയിൽ ഇശാ നമസ്കരിച്ചപ്പോൾ ഒരു റക്കഅത്തിൽ വത്തീനിവസ്സൈത്തൂൻ എന്ന സുറത്താണോതിയത്. (ബുഖാരി. 1. 12. 734)
- ബറാഅ്(റ) നിവേദനം: തിരുമേനി(സ) ഇശാനമസ്കാരത്തിൽ വത്തീനിവസ്സൈത്തൂൻ ഓതി. തിരുമേനി(സ)യെക്കാൾ നന്നായിട്ടു അല്ലെങ്കിൽ സ്വരമാധുര്യത്തോടെ ഒരാളും ഓതുന്നത് ഞാൻകേട്ടിട്ടില്ല. (ബുഖാരി. 1. 12. 736)
- അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു: എല്ലാ നമസ്കാരത്തിലും ഖുർആൻ ഓതേണ്ടതാണ്. പക്ഷെ തിരുമേനി(സ) ഏതെല്ലാം നമസ്കാരങ്ങളിൽ തന്റെ ഓത്തു ഞങ്ങളെ കേൾപ്പിച്ചിരുന്നോ അതെല്ലാം ഞങ്ങൾ നിങ്ങളെ കേൾപ്പിക്കും. ഞങ്ങളെ കേൾപ്പിക്കാതെ തിരുമേനി(സ) രഹസ്യമാക്കി ഓതിയത് നിങ്ങളെ കേൾപ്പിക്കാതെ ഞങ്ങളും രഹസ്യമാക്കി ഓതും. നീ നമസ്കാരത്തിൽ ഫാത്തിഹ മാത്രമാണ് ഓതിയതെങ്കിൽ നിനക്കതുമതി. അതിൽകൂടുതൽ ഓതുകയാണെങ്കിലോ അത് നിനക്കുത്തമവുമാണ്. (ബുഖാരി. 1. 12. 739)
- ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) യോട് (ഉച്ചത്തിൽ) പാരായണം ചെയ്യാൻ അല്ലാഹു നിർദ്ദേശിച്ചതിൽ തിരുമേനി(സ) ഉച്ചത്തിൽ ഓതി. തിരുമേനി(സ) യോടും മൗനം ദീക്ഷിക്കുവാൻ അല്ലാഹു നിർദ്ദേശിച്ചതിൽ മൗനം ദീക്ഷിച്ചു. (നിന്റെ രക്ഷിതാവ് ഒട്ടും മറക്കുന്നവനല്ല തന്നെ) അല്ലാഹു അവന്റെ ദൂതനെ സംബന്ധിച്ച് അവതരിപ്പിച്ചു. (നിശ്ചയം ദൈവദൂതനിൽ നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ട്). (ബുഖാരി. 1. 12. 741)
- അബൂവാഇൽ(റ) പറയുന്നു: ഒരാൾ ഇബ്നുമസ്ഊദിന്റെ അടുത്തുവന്നു ഇപ്രകാരം പറഞ്ഞു: സുറത്തു ഖാഫ മുതൽ അവസാന സൂറത്തു വരെ (മുഫസ്വൽ) ഒറ്റ റക്ക്അത്തിൽ ഇന്നു രാത്രി ഞാൻ ഓതുകയുണ്ടായി. അപ്പോൾ ഇബ്നുമസ്ഈദ്(റ) പറഞ്ഞു: കവിത ചൊല്ലുന്നതുപോലെ നീ ധൃതി കാണിക്കുകയോ? തിരുമേനി(സ) ഓതാറുണ്ടായിരുന്ന സൂറത്തുകൾ എനിക്കറിയാം. എന്നിട്ട് മുഫസ്വലിലെ ഇരുപതു സൂറത്തുകൾ അദ്ദേഹം ഉണർത്തി. ഓരോ റക്ക്അത്തിലും രണ്ടു സൂറത്തുകൾ വീതം. (ബുഖാരി. 1. 12. 742)
- അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇമാം ആമീൻ ചൊല്ലാൻ ഉദ്ദേശിച്ചാൽ നിങ്ങളും ആമീൻ ചൊല്ലുക. വല്ലവനും മലക്കുകളോടൊപ്പം ആമീൻ ചൊല്ലിയിട്ടുണ്ടെങ്കിൽ അവന്റെ മുൻപാപങ്ങളിൽ നിന്ന് അല്ലാഹു പൊറുത്തു കൊടുക്കും. ഇബ്നുശിഹാബ്(റ) പറയുന്നു. തിരുമേനി(സ) ആമീൻ എന്നു പറയാറുണ്ട്. (ബുഖാരി. 1. 12. 747)
- അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളിലൊരാൾ ആമീൻ ചൊല്ലി. അതനുസരിച്ച് ആകാശത്തുവെച്ച് മലക്കുകൾ ആമീൻ ചൊല്ലി. എന്നിട്ട് അതു രണ്ടും ഒരേ സമയത്തു യോജിച്ചുവന്നു. എങ്കിൽ അവന്റെ ചെറിയ പാപങ്ങളിൽ നിന്ന് അല്ലാഹു അവന് പൊറുത്തുകൊടുക്കും. (ബുഖാരി. 1. 12. 748)
- അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇമാമ് വലള്ളാലീൻ എന്ന് പറഞ്ഞാൽ നിങ്ങൾ ആമീൻ എന്നു ചൊല്ലുവിൻ. കാരണം വല്ലവന്റേയും വചനവും മലക്കിന്റെ വചനവും യോജിച്ചാൽ അവന്റെ പാപങ്ങളിൽ നിന്ന് പൊറുത്തുകൊടുക്കും. (ബുഖാരി. 1. 12. 749)
- അബൂബക്കറത്ത്(റ) നിവേദനം: അദ്ദേഹം തിരുമേനി(സ)യുടെ അടുക്കൽ എത്തിച്ചേർന്നപ്പോൾ റുകൂഇലായിരുന്നു. ഉടനെ അദ്ദേഹം റുകുഅ് ചെയ്തു. വരിയിലേക്ക് എത്തിച്ചേരും മുമ്പ് തന്നെ. ഇതിനെക്കുറിച്ച് തിരുമേനി(സ)യെ അദ്ദേഹം ഉണർത്തിയപ്പോൾ ഇസ്ളാമികാനുഷ്ഠാനങ്ങളിൽ അല്ലാഹു നിങ്ങൾക്ക് ആഗ്രഹം വർദ്ധിപ്പിച്ചു തരട്ടെ പക്ഷെ മേലിൽ ഇങ്ങിനെ ആവർത്തിക്കരുത് എന്ന് തിരുമേനി(സ) അരുളി. (ബുഖാരി. 1. 12. 750)
- ഇംറാനുബ്നുഹുസൈൻ(റ) നിവേദനം: അദ്ദേഹം ബസറയിൽ വെച്ച് അലി(റ) യോടൊപ്പം നമസ്കരിച്ചു. അദ്ദേഹം (ഇംറാൻ) (റ) പറഞ്ഞു: തിരുമേനി(സ) യോടൊപ്പം ഞങ്ങൾ നമസ്കരിച്ചിരുന്ന നമസ്കാരത്തെ ഈ പുരുഷൻ ഞങ്ങൾക്ക് ഇപ്പോൾ ഓർമ്മപ്പെടുത്തിത്തന്നിരിക്കുന്നു. എന്നിട്ടു ഇംറാൻ പറഞ്ഞു. തിരുമേനി(സ) ഉയരുമ്പോഴും താഴുമ്പോഴും എല്ലാം തന്നെ തക്ബീർ ചൊല്ലാറുണ്ടായിരുന്നു. (ബുഖാരി. 1. 12. 751)
- അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം ജനങ്ങളെയുമായി ഒരിക്കൽ നമസ്ക്കരിച്ചു. താഴുന്ന എല്ലാ സന്ദർഭത്തിലും ഉയരുന്ന എല്ലാ സന്ദർഭത്തിലും അദ്ദേഹം തക്ബീർ ചൊല്ലി. നമസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: നബി(സ)യുടെ നമസ്കാരം ഞാനാണ് നിങ്ങൾക്ക് ഏറ്റവും സാദൃശ്യമായ നിലക്ക് നമസ്കരിച്ചു തന്നിട്ടുള്ളത്. (ബുഖാരി. 1. 12. 752)
- മുത്വരിഫ്(റ) പറയുന്നു: ഞാൻ അലി(റ)യുടെ പിന്നിൽ നമസ്കരിച്ചിട്ടുണ്ട്. എന്റെ കൂടെ ഇംറാൻ(റ) നും ഉണ്ടായിരുന്നു. അലി(റ) സുജൂദ് ചെയ്യുമ്പോൾ തക്ബീർ ചൊല്ലും. സുജൂദിൽ നിന്ന് തന്റെ ശിരസ്സ് ഉയർത്തുന്ന സന്ദർഭത്തിലും രണ്ടു റക്ക്അത്തിൽ നിന്ന് എഴുന്നേൽക്കുന്ന സന്ദർഭത്തിലും തക്ബീർ ചൊല്ലും. നമസ്കാരത്തിൽ നിന്ന് വിരമിച്ചു കഴിഞ്ഞപ്പോൾ ഇംറാൻ(റ) എന്റെ കൈ പിടിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു. അദ്ദേഹം മുഹമ്മദിന്റെ നമസ്കാരം എന്നെ ഓർമ്മപ്പെടുത്തി. അല്ലെങ്കിൽ മുഹമ്മദിന്റെ നമസ്കാരം ഇദ്ദേഹം നിർവ്വഹിച്ചു. (ബുഖാരി. 1. 12. 753)
- ഇക്രിമ(റ) പറയുന്നു: മഖാമിന്റെ അടുത്തുവെച്ച് നമസ്കരിക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടു. ഉയരുന്ന സന്ദർഭത്തിലും താഴുന്ന സന്ദർഭത്തിലും എല്ലാം തന്നെ അദ്ദേഹം തക്ബീർചൊല്ലുന്നുണ്ട്. അതുപോലെ എഴുന്നേൽക്കുമ്പോഴും താഴ്ത്തുമ്പോഴും. ഇതിനെക്കുറിച്ച് ഞാൻ ഇബ്നുഅബ്ബാസ്(റ)നോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു: അതാണ് തിരുമേനി(സ)യുടെ നമസ്കാരം. നിന്റെ മാതാവിനെ നീ നഷ്ടപ്പെടുത്തി. (ബുഖാരി. 1. 12. 754)
- ഇക്രിമ:(റ) നിവേദനം: ഞാൻ ഒരിക്കൽ മക്കയിൽ വെച്ച് ഒരു കിഴവന്റെ പിന്നിൽ നിന്ന് നമസ്കരിച്ചു. അയാൾ 22 പ്രാവശ്യം തക്ബീർ ചൊല്ലി. ഇതിനെ സംബന്ധിച്ച് ഞാൻ ഇബ്നുഅബ്ബാസി(റ)നോട് പറഞ്ഞു: നിശ്ചയം അയാൾ വിഡ്ഢിയാണ്. അപ്പോൾ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: നീ നിന്റെ മാതാവിനെ നഷ്ടപ്പെടുത്തി. അതു തിരുമേനി(സ)യുടെ സുന്നത്തുതന്നെയാണ്. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) നമസ്കരിക്കാൻ നിന്നാൽ നിൽക്കുമ്പോൾ തക്ബീർ ചൊല്ലും. പിന്നീട് റുകൂഅ് ചെയ്യുമ്പോഴും. അനന്തരം മുതുക് റുകൂഇൽ നിന്നുയരുമ്പോൾ (സമി:അല്ലാഹു ലിമൻ ഹമിദ:) തന്നെ സ്തുതിച്ചവന്റെ സ്തുതി അല്ലാഹു സ്വീകരിക്കട്ടെ എന്നു പറയും. അങ്ങനെ ശരിക്കും നിവർന്നു കഴിഞ്ഞാൽ, റബ്ബനാ ലകൽ ഹംദ്) രക്ഷിതാവേ! നിനക്കാണ് എല്ലാ സ്തുതിയും എന്നു പറയും. ശേഷം കുനിയുമ്പോൾ തക്ബീർ ചൊല്ലും. പിന്നീട് സുജൂദിൽ നിന്നും ഉയരുമ്പോൾ തക്ബീർചൊല്ലും. വീണ്ടും സുജൂദ് ചെയ്യുമ്പോൾ തക്ബീർ ചൊല്ലും. തക്ബീർ ചൊല്ലിക്കൊണ്ടുതന്നെ വീണ്ടും ഉയരും. ഇതുപോലെ നമസ്കാരത്തിൽ നിന്ന് വിരമിക്കുന്നതുവരെ ചെയ്യും. ആദ്യത്തെ ഇരുത്തത്തിൽ നിന്നു എഴുന്നേൽക്കുമ്പോഴും തക്ബീർ ചൊല്ലും. (ബുഖാരി. 1. 12. 755)
- മുസ്വ്ഹബ്ബ്നുസഅ്ദ്റ(റ) പറയുന്നു: ഞാനൊരിക്കൽ എന്റെ പിതാവിന്റെ അരികിൽനിന്നുകൊണ്ട് നമസ്കരിച്ചു. അപ്പോൾ എന്റെ രണ്ടു കൈപടങ്ങളും ചേർത്തുപിടിച്ചിട്ടു ആ രണ്ടുകൈപ്പടങ്ങളും (റുകൂഇൽ) എന്റെ രണ്ടു കാൽത്തുടകളുടെ ഇടയിൽവെച്ചു. ഇതു കണ്ടപ്പോൾ എന്റെ പിതാവ് അങ്ങിനെ വിരോധിച്ചുകൊണ്ട് പറഞ്ഞു: ഞങ്ങൾ മുമ്പ് അങ്ങനെ ചെയ്യാറുണ്ടായിരുന്നു. എന്നിട്ട് ഞങ്ങളോടത് വിരോധിച്ചു. കൈപടങ്ങൾ കാൽമുട്ടുകളിന്മേൽ വെയ്ക്കാനാണ് ഞങ്ങളോട് കൽപ്പിച്ചിരുന്നത്. (ബുഖാരി. 1. 12. 756)
- ഹുദൈഫ(റ) നിവേദനം: ഒരാൾ റുകൂഉം സുജൂദും പൂർത്തിയാക്കാതെ നമസ്കരിക്കുന്നത് അദ്ദേഹം കണ്ടു. അപ്പോൾ ഹുദൈഫ(റ) പറഞ്ഞു: നീ നമസ്കരിച്ചിട്ടില്ല. ഇപ്രകാരം നീ മരിച്ചാൽ മുഹമ്മദിനെ അല്ലാഹു സൃഷ്ടിച്ച പ്രകൃതി മതത്തിലല്ല നീ മരിക്കുന്നത്. (ബുഖാരി. 1. 12. 757)
- ബറാഅ്(റ) നിവേദനം: തിരുമേനി(സ)യുടെ റുകൂഅ്, സുജൂദ്, രണ്ടു സുജൂദിന്നിടയിലുള്ള ഇരുത്തം, റുകൂഇൽ നിന്ന് തല ഉയർത്തിയിട്ടുള്ള നിറുത്തം ഇവയെല്ലാം ഏതാണ്ട് തുല്യസമയമായിരുന്നു. പക്ഷെ (ഫാത്തിഹ ഓതാനുള്ള) നിറുത്തം, (അത്തഹിയ്യാത്തിനുള്ള) ഇരുത്തം ഇവ രണ്ടും അങ്ങനെയായിരുന്നില്ല. (ബുഖാരി. 1. 12. 758)
- ആയിശ(റ) നിവേദനം: സുബ്ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദിക്ക അല്ലാഹുമ്മഗ്ഫിർലീ (രക്ഷിതാവേ, നിന്റെ പരിശുദ്ധതതേയും നിന്റെ മഹത്വത്തേയും ഞങ്ങളിതാ പ്രകീർത്തിച്ചുകൊള്ളുന്നു. അതുകൊണ്ട് എന്റെ തെറ്റുകൾ എനിക്ക് നീ പൊറുത്തുതരേണമേ, ) എന്ന് നബി(സ) റുകൂഇലും സുജൂദിലും പറയാറുണ്ടായിരുന്നു. (ബുഖാരി. 1. 12. 760)
- അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇമാമ് സമി അല്ലാഹുലിമൻഹമിദ: എന്നുപറഞ്ഞാൽ നിങ്ങൾ അല്ലാഹുമ്മറബ്ബനാലക്കൽഹംദ് എന്നു പറയുവിൻ. നിശ്ചയം, വല്ലവന്റേയും പ്രാർത്ഥന മലക്കുകളുടെ പ്രാർത്ഥനയുമായി യോജിച്ചാൽ അവന്റെ മുൻപാപങ്ങളിൽ നിന്ന് പുറത്തുകൊടുക്കും. (ബുഖാരി. 1. 12. 762)
- രിഫാഅ്(റ) നിവേദനം: ഞങ്ങൾ ഒരു ദിവസം തിരുമേനി(സ)യുടെ പിന്നിൽ നമസ്കരിക്കുകയായിരുന്നു. എന്നിട്ട് റുകൂഇൽ നിന്ന് തിരുമേനി(സ) തല ഉയർത്തിയപ്പോൾ സമിഅല്ലാഹുലി മൻ ഹമിദഹു എന്നു പറഞ്ഞു അപ്പോൾ തിരുമേനി(സ)യുടെ പിന്നിലുണ്ടായിരുന്ന ഒരു മനുഷ്യൻ അതേ തുടർന്ന് ഇങ്ങനെ പ്രാർത്ഥിച്ചു. രക്ഷിതാവേ! നീ എത്രയോ അധികം സ്തുത്യർഹനാണ്. നീ പരിശുദ്ധതയാലും നന്മകളാലും നിറയപ്പെട്ട സ്തുതിക്ക് അർഹനത്രെ. നമസ്കാരത്തിൽ നിന്ന് വിരമിച്ചുകഴിഞ്ഞപ്പോൾ ആരാണങ്ങനെ സംസാരിച്ചു കേട്ടതെന്നു തിരുമേനി(സ) ചോദിച്ചു: ഞാനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരുമേനി(സ) അരുളി: മുപ്പതിൽപരം മലക്കുകൾ ആ വാക്കുകൾ എഴുതിയെടുക്കുവാൻ മുമ്പോട്ട് ധൃതിപ്പെടുന്നത് ഞാൻ ദർശിക്കപ്പെട്ടു. (ബുഖാരി. 1. 12764)
- സാബിത്(റ) നിവേദനം: അനസ്(റ) ഞങ്ങൾക്ക് നബി(സ)യുടെ നമസ്കാരം ചിത്രീകരിച്ചു കാണിച്ചു തരാറുണ്ടായിരുന്നു. അങ്ങനെ അനസ്(റ) നമസ്കരിക്കാൻ തുടങ്ങി. റുകൂഇൽ നിന്ന് തല ഉയർത്തിയാൽ അനസ്(റ) സുജൂദിൽ പോകാൻ മറന്നിരിക്കുകയാണെന്ന് ഞങ്ങൾക്ക് തോന്നിപ്പോകും. അത്രയും സമയം അവിടെ അദ്ദേഹം നിൽക്കും. (ബുഖാരി. 1. 12. 765)
- അബൂഹുറൈറ(റ) പറയുന്നു: തിരുമേനി(സ) റുകൂഇൽ നിന്ന് തല ഉയർത്തുമ്പോൾ സമിഅല്ലാഹുലിമൻഹമിദഹു റബ്ബനാവലക്കൽ ഹംദ് എന്നു ചൊല്ലാറുണ്ടായിരുന്നു. അതോടൊപ്പം തന്നെ ചില ആളുകളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് അവർക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്. അവിടുന്ന് പറയും. അല്ലാഹുവേ വലീദിന്റെ പുത്രൻ വലീദിനെയും ഹിശാമിന്റെ പുത്രൻ സലമത്തിനെയും അബൂറബിഅത്തിന്റെ പുത്രൻ അയ്യാശ്നേയും മർദ്ദിതരായി ജീവിക്കുന്ന മറ്റു സത്യവിശ്വാസികളേയും നീ മോചിപ്പിക്കേണമേ! അല്ലാഹുവേ! നീ മുളർ വംശത്തെ ചവിട്ടിച്ചതച്ചുകളയുകയും യൂസുഫ്നബി (അ) യുടെ കാലത്ത് അനുഭവപ്പെട്ടതുപോലെയുള്ള ശാപവർഷങ്ങൾ അവർക്കനുഭവപ്പെടുത്തി കൊടുക്കുകയും ചെയ്യേണമേ! മുളർ വംശത്തിൽ കിഴക്കൻ പ്രദേശങ്ങളിൽ താമസിക്കുന്നവർ അന്ന് തിരുമേനി(സ)യുടെ ശത്രുക്കളായിരുന്നു. (ബുഖാരി. 1. 12. 768)
- അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) സുജൂദ് ചെയ്യുമ്പോൾ കക്ഷത്തിലെ വെളുപ്പ് വ്യക്തമാകുന്നതുവരെ ഇരു കൈകളും വിടർത്തി വെയ്ക്കാറുണ്ട്. (ബുഖാരി. 1. 12. 771)
- ഇബ്നുഅബ്ബാസ്(റ) നിവേദനം: ഏഴ് അവയവത്തിന്മേൽ സുജൂദ് ചെയ്യാൻ നബി(സ) കല്പിക്കപ്പെട്ടിരിക്കുന്നു. മുടിയെയും വസ്ത്രത്തെയും ചേർത്തുപിടിക്കാതിരിക്കുവാനും. അതായത് നെറ്റി, ഇരുകൈകൾ, ഇരുകാൽമുട്ടുകൾ, ഇരുകാൽപാദങ്ങൾ. (ബുഖാരി. 1. 12. 773)
- ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) അരുളി: ഏഴ് എല്ലുകളിന്മേൽ സുജൂദ് ചെയ്യാൻ നാം കല്പിക്കപ്പെട്ടിരിക്കുന്നു. മുടിയും വസ്ത്രവും നാം ചേർത്തു പിടിക്കാതിരിക്കുവാനും. (ബുഖാരി. 1. 12. 774)
- ബറാഅ്(റ) നിവേദനം: ഞങ്ങൾ ഒരിക്കൽ നബി(സ)യുടെ പിന്നിൽ നിന്നു നമസ്കരിക്കുകയായിരുന്നു. തിരുമേനി(സ) സമിഅല്ലാഹുലിമൻഹമിദഹു എന്നു പറഞ്ഞാൽ ഞങ്ങളിൽ ആരും തന്നെ അവന്റെ മുതുക് വളക്കുകയില്ല. തിരുമേനി(സ) തന്റെ നെറ്റിത്തടം ഭൂമിയിൽ വെയ്ക്കുന്നതുവരേക്കും. (ബുഖാരി. 1. 12. 775)
- ഇബ്നുഅബ്ബാസ്(റ) നിവേദനം: ഏഴു എല്ലുകളിന്മേൽ സുജൂദ് ചെയ്യാൻ ഞാൻ കല്പിക്കപ്പെട്ടിരിക്കുന്നുവെന്നു തിരുമേനി(സ) അരുളി: ശേഷം അവിടുന്നു തന്റെ മൂക്കിന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു: നെറ്റിയിന്മേൽ രണ്ടു കൈകൾ, രണ്ടു കാൽമുട്ടുകൾ, രണ്ടു പാദങ്ങളുടെ അറ്റങ്ങൾ, വസ്ത്രത്തേയും മുടിയേയും ചേർത്ത് പിടിക്കരുതെന്ന്. (ബുഖാരി. 1. 12. 776)
- ആയിശ(റ) നിവേദനം: തിരുമേനി(സ) തന്റെ റുകൂഇലും സുജൂദിലും ധാരാളമായി സുബ്ഹാനകല്ലാഹുമ്മ റബ്ബനാവബിഹംദിക്ക അല്ലാഹുമ്മ ഇഗ്ഫിർലി ചൊല്ലാറുണ്ട്. ഖുർആനിനെ വ്യാഖ്യാനിച്ചുകൊണ്ട്. (ബുഖാരി. 1. 12. 781)
- സാബിത്ത്(റ) നിവേദനം: അദ്ദേഹം (അനസ്(റ) ) ഒരിക്കൽ പറഞ്ഞു: തിരുമേനി(സ) നമസ്കരിക്കുന്നതായി കണ്ടതുപോലെ നിങ്ങൾക്ക് ഇമാമായി നിന്നു കൊണ്ട് ഞാൻ നമസ്കരിക്കാം. സാബിത്ത്(റ) പറയുന്നു: അനസ്(റ) നിങ്ങൾ ചെയ്യാത്ത ചിലത് ചെയ്യാറുണ്ട്. അദ്ദേഹം റുകൂഇൽ നിന്ന് തല ഉയർത്തിയാൽ സുജൂദിലേക്ക് പോവാൻ മറന്നുപോയോ എന്ന് ഒരാൾ പറയുന്നതുവരെ ഇഅ്തിദാലിൽ നിൽക്കാറുണ്ട്. അതുപോലെ രണ്ടു സുജൂദുകൾക്കിടയിലും. (ബുഖാരി. 1. 12. 784)
- അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങൾ സുജൂദിൽ മധ്യമാർഗ്ഗം കൈകൊള്ളുവീൻ. നായ അതിന്റെ മുഴം കൈകൾ നിലത്തോട് ചേർത്തുവെക്കുംപോലെ നിങ്ങളും കൈകൾ സുജൂദിൽ നിലത്തോട്ട് ചേർത്തു വെക്കരുത്. (ബുഖാരി. 820)
- അബൂഖിലാബ:(റ) നിവേദനം: മാലിക്ക്ബ്നു ഹുവൈരിസ്(റ) നബി(സ)യുടെ നമസ്കാരം ദർശിക്കുകയുണ്ടായി. നമസ്കാരത്തിന്റെ ഒറ്റ റക്ക്അത്തുകളിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഇരുന്ന് സമമായതിന് ശേഷമേ അദ്ദേഹം (2, 4, റക്ക്അത്തിലേക്ക്) എഴുന്നേൽക്കാറുള്ളൂ. (ബുഖാരി. 1. 12. 786)
- സഅ്ദ്(റ) നിവേദനം: അബൂസഈദുൽഖുദ്രി(റ) ഞങ്ങൾക്ക് ഒരിക്കൽ ഇമാമ് നിന്ന് നമസ്കരിച്ചു. അപ്പോൾ അദ്ദേഹം ഉച്ചത്തിൽ തക്ബീർ ചൊല്ലി. ആദ്യത്തെ സുജൂദിൽ നിന്ന് തല ഉയർത്തിയപ്പോഴും പിന്നീട് സുജൂദ് ചെയ്തപ്പോഴും രണ്ടാമത്തെ സുജൂദിൽ നിന്ന് തല ഉയർത്തിയപ്പോഴും രണ്ടു റക്ക്അത്ത് കഴിഞ്ഞു എഴുന്നേറ്റു നിന്നപ്പോഴുമെല്ലാം തിരുമേനി(സ) ഇങ്ങനെചെയ്യുന്നതായിട്ടാണ് ഞാൻ കണ്ടിരിക്കുന്നത് എന്നദ്ദേഹം പറയുകയും ചെയ്തു. (ബുഖാരി. 1. 12. 788)
- ഇബ്നുഉമർ(റ) നിവേദനം: അദ്ദേഹം നമസ്കാരത്തിൽ ചമ്രം പടിഞ്ഞിരിക്കാറുണ്ടായിരുന്നു. തന്റെ പുത്രൻ അങ്ങനെ ചെയ്യുന്നത് ഒരിക്കൽ അദ്ദേഹം കണ്ടു. അപ്പോഴദ്ദേഹം പുത്രനോടത് വിരോധിച്ചു. അദ്ദേഹം പറഞ്ഞു: നമസ്കാരത്തിലുള്ള തിരുമേനി(സ) തക്ബീർ ചൊല്ലുമ്പോൾ രണ്ടു കൈവിരലുകൾ ചുമലിനോടൊപ്പം ഉയർത്തുകയും അപ്രകാരം തന്നെ റുകൂഅ്ചെയ്യുമ്പോൾ തന്റെ രണ്ടു കൈപ്പടങ്ങൾ കാൽമുട്ടുകളിന്മേൽ വെക്കുകയും ചെയ്യുന്നത് ഞാൻ കാണാറുണ്ടായിരുന്നു. പിന്നീട് അവിടുന്ന് തന്റെ മുതുകു കുനിക്കും. അനന്തരം റുകൂഇൽ നിന്ന് തല ഉയർത്തിയാൽ എല്ലാ സന്ധികളും അതിന്റെ സ്ഥാനത്തു തിരിച്ചു ചെല്ലുന്നവിധം തിരുമേനി(സ) സമമായി നിവർന്നു നിൽക്കും. സുജൂദ് ചെയ്യുമ്പോൾ തിരുമേനി(സ)യുടെ രണ്ടുകൈയ്യുംഭൂമിയിൽ കൈവിരലുകൾ ചുരുട്ടിപ്പിടിക്കുകയോപരത്തിവെക്കുകയോ ചെയ്യാത്ത രീതിയിൽ വെയ്ക്കും. തിരുമേനി(സ)യുടെ രണ്ടു കാലുകളുടേയും വിരലിന്റെ അറ്റങ്ങൾ ഖിബ്ലയുടെ ഭാഗത്തേക്കായിരിക്കും. പിന്നീട് രണ്ടു റക്ക്അത്തു നമസ്കരിച്ചിട്ട് (അത്തഹിയ്യാത്തിന്നുവേണ്ടി) ഇരുന്നാൽ ഇടത്തെ പാദത്തിന്മേൽ ഇരിക്കുകയും വലത്തെ പാദം കുത്തി നിറുത്തുകയും ചെയ്യും. അവസാനത്തെ റക്ക്അത്തിൽ അത്തഹിയാത്തിന് വേണ്ടി ഇരുന്നാൽ ഇടത്തെ പാദം വലത്തോട്ട് തള്ളിവെക്കുകയും മറ്റേ പാദം കുത്തി നിറുത്തുകയും ചെയ്യും. എന്നിട്ടു ചന്തി ഊന്നിക്കൊണ്ട് തിരുമേനി(സ) ഇരിക്കും. (ബുഖാരി. 1. 12. 791)
- അബ്ദുല്ലാഹിബ്നു ബുഹൈന(റ) നിവേദനം: അദ്ദേഹം അസദ്ശനൂഅ വംശജനാണ്. അപ്രകാരം തന്നെ തിരുമേനി(സ)യുടെ അനുചരന്മാരിൽ ഒരാളും അതോടൊപ്പം തന്നെ ബനു അബ്ദുമനാഫുമായി സഖ്യ ഉടമ്പടി ചെയ്തവരിൽപ്പെട്ട ഒരാളായിരുന്നു. തിരുമേനി(സ) ജനങ്ങൾക്ക് ഇമാമായി നിന്നുകൊണ്ട് ളുഹ്റ് നമസ്കരിച്ചു. അന്നേരം അത്തഹിയ്യാത്തിനു വേണ്ടിയിരിക്കാതെ രണ്ട് റക്അത്തു നമസ്കരിച്ചുകഴിഞ്ഞ ഉടനെ എഴുന്നേറ്റുനിന്നു. തിരുമേനി(സ) നമസ്കാരം നിർവ്വഹിച്ചു കഴിയാറാവുകയും തിരുമേനി(സ) സലാം ചൊല്ലി നമസ്കാരത്തിൽനിന്നു വിരമിക്കുന്നതു ആളുകൾ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യവേ, തിരുമേനി(സ) ഇരുത്തത്തിൽതന്നെ തക്ബീർ ചൊല്ലിക്കൊണ്ടു സലാം ചൊല്ലുന്നതിന്ന് മൂമ്പ് രണ്ട് സുജൂദ് ചെയ്തു. പിന്നീട് സലാം ചൊല്ലി. (ബുഖാരി. 1. 12. 792)
- അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ)യുടെ പിന്നിൽ നിന്നുകൊണ്ട് ഞങ്ങൾ നമസ്കരിക്കുമ്പോൾ അല്ലാഹുവിന് ശാന്തി ലഭിക്കട്ടെ. ജിബ്രീലിനും മീക്കായിലിനും ശാന്തി ലഭിക്കട്ടെ. ഇന്നിന്നവർക്കും ശാന്തി ലഭിക്കട്ടെ, എന്ന് ഞങ്ങൾ പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഒരിക്കൽ തിരുമേനി(സ) ഞങ്ങളുടെ നേരെ തിരിഞ്ഞുനോക്കിയിട്ട് ഞങ്ങളോട് അരുളി; അല്ലാഹുവാണ് ശാന്തി പ്രദാനം ചെയ്യുന്നവൻ, അതുകൊണ്ട് ഇപ്രകാരം പ്രാർത്ഥിക്കരുത്. നിങ്ങൾ നമസ്കരിക്കുമ്പോൾ എല്ലാ അഭിവാദ്യങ്ങളും എല്ലാ നമസ്കാരങ്ങളും എല്ലാ നല്ല കാര്യങ്ങളും അല്ലാഹുവിനുള്ളതാകുന്നു. അല്ലാഹുവിൽനിന്നുള്ള ശാന്തിയും അനുഗ്രഹവും വമ്പിച്ച നന്മകളും നബി(സ) ക്കും ലഭിക്കട്ടെ. അപ്രകാരം തന്നെ ഞങ്ങൾക്കും അല്ലാഹുവിന്റെ ഉൽകൃഷ്ട ദാസന്മാർക്കും അല്ലാഹുവിങ്കൽ നിന്നുള്ള ശാന്തി ലഭിക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊള്ളുവിൻ. അങ്ങനെ നിങ്ങൾ പ്രാർത്ഥിക്കുന്നപക്ഷം ആകാശഭൂമികളിലുള്ള ഉൽകൃഷ്ടരായ അല്ലാഹുവിന്റെ എല്ലാ ദാസന്മാർക്കും വേണ്ടിയുള്ളപ്രാർത്ഥനയായിത്തീരും അത്. അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ലെന്നും മുഹമ്മദ്(സ) അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു എന്നും അവർപറഞ്ഞുകൊള്ളട്ടെ. (ബുഖാരി. 1. 12. 794)
- ആയിശ(റ) നിവേദനം: തിരുമേനി(സ) നമസ്കാരത്തിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ട്. അല്ലാഹുമ്മ ഇന്നീ അഊദുബിക മിൻ അദാബിൽ ഖബരി വ അഊദുബിക മിൻ ഫിത്നതിൽ മസീഹിദ്ദജ്ജാൽ, വ അഊദിബിക മിൻ മിൻ ഫിത്നതിൽ മഹ്യാ വ ഫിത്നത്തിൽ മമാതീ. അല്ലാഹുമ്മ ഇന്നീ അഊദുബിക മിനൽ മാതമി വൽ മഗ്റമി (അല്ലാഹുവേ! ഖബറിലെ ശിക്ഷയിൽ നിന്നും വ്യാപകമായ അസത്യവാദികളുടെ (ദജ്ജാൽ) പരീക്ഷണത്തിൽനിന്നും ജീവിതത്തിലും മരണത്തിലും അഭിമുഖീകരിക്കേണ്ടിവരുന്ന പരീക്ഷണങ്ങളിൽ നിന്നും കാത്തുരക്ഷിക്കുവാനായി ഞാനിതാ നിന്നെ അഭയം പ്രാപിച്ചുകൊള്ളുന്നു. അല്ലാഹുവേ! പാപത്തിൽനിന്നും കടബാധ്യതയിൽ നിന്നും കാത്തു രക്ഷിക്കുവാനും ഞാനിതാ നിന്നെ അഭയം പ്രാപിക്കുന്നു). അപ്പോൾ ഒരാൾ തിരുമേനി(സ) യോട് ചോദിച്ചു: കടബാധ്യതയിൽ നിന്ന് മുക്തനാവാൻ വേണ്ടി അങ്ങുന്ന് കൂടുതലായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്? അപ്പോൾ തിരുമേനി(സ) അരുളി: മനുഷ്യൻ കടബാധ്യതയിൽപ്പെട്ടാൽ അവന്ന് കൂടുതൽ സംസാരിക്കേണ്ടിവരും. അപ്പോൾ അവൻ കള്ളംപറയും. വാഗ്ദാനം ചെയ്താലോ ലംഘിക്കുകയും ചെയ്യും. സുഹ്രി പറയുന്നു: ആയിശ(റ) പറഞ്ഞു: തിരുമേനി(സ) തന്റെ നമസ്കാരത്തിൽ ദജ്ജാലിന്റെ കുഴപ്പത്തിൽ നിന്ന് രക്ഷ തേടുന്നത് ഞാൻ കേട്ടിട്ടുണ്ട്. (ബുഖാരി. 1. 12. 795)
- അബൂബക്കർ(റ) നിവേദനം; അദ്ദേഹം ഒരിക്കൽ തിരുമേനി(സ) യോട് അപേക്ഷിച്ചു. നമസ്കാരത്തിൽ പ്രാർത്ഥിക്കുവാൻ ഇവിടുന്ന് എനിക്കൊരു പ്രാർത്ഥന പഠിപ്പിച്ചുതന്നാലും. തിരുമേനി(സ) അരുളി: താങ്കൾ ഇപ്രകാരം പ്രാർത്ഥിച്ചുകൊള്ളുക. അല്ലാഹുമ്മ ഇന്നീ ളലംതു നഫ്സീ ളുൽമൻ കസീറൻ വലാ യഗ്ഫിറുദ്ദുനൂബ ഇല്ലാ അൻത ഫഗ്ഫിർലീ മഗ്ഫിറതൻ മിൻ ഇൻ'ദിക വർഹമ്നീ ഇന്നക്ക അൻതൽ ഗഫൂറുർറഹീം (അല്ലാഹുവേ! ഞാൻ എന്റെആത്മാവിനോട് തന്നെ വളരെയേറെ അനീതി കാണിച്ചിരിക്കുന്നു. നീയല്ലാതെ പാപങ്ങൾ പൊറുക്കാൻ ആരുമില്ലല്ലോ. അതുകൊണ്ട് നിന്റെ പക്കൽ നിന്നുള്ള ഔദാര്യം മൂലം എന്റെ തെറ്റുകൾ എനിക്ക് പൊറുത്തുതരേണമേ; എന്നോട് കരുണ കാണിക്കേണമേ. നീയാണ്, നീ മാത്രമാണ് അങ്ങേയറ്റം പൊറുക്കുന്നവനും കാരുണികനും) (ബുഖാരി. 1. 12. 796)
- അബൂസഈദ്(റ) നിവേദനം: തിരുമേനി(സ) വെള്ളത്തിന്മേലും കളിമണ്ണിലും സുജൂദ് ചെയ്യുന്നത് ഞാൻ കണ്ടു. അവിടുത്തെ നെറ്റിത്തടത്തിന്മേൽ കളിമണ്ണിന്റെ അവശിഷ്ടം ഞാൻ കാണുന്നതുവരെ. (ബുഖാരി. 1. 12. 798)
- ഉമ്മുസലമ:(റ) നിവേദനം: തിരുമേനി(സ) സലാം ചൊല്ലി നമസ്കാരത്തിൽ നിന്ന് വിരമിച്ചുകഴിഞ്ഞാൽ ഉടനെ (പിന്നിൽ നമസ്കരിച്ചിരുന്ന) സ്ത്രീകൾ എഴുന്നേറ്റുപോകും. തിരുമേനി(സ) എഴുന്നേൽക്കുന്നതിനുമുമ്പ് അൽപം അവിടെ ഇരിക്കും. ഇബ്നുശിഹാബ്(റ) പറയുന്നു: സ്ത്രീകൾ പുരുഷന്മാർക്ക് മുമ്പായി എഴുന്നേറ്റ് പോകുവാൻ വേണ്ടിയായിരുന്നു ആ ഇരുത്തംപോലും. ഇപ്രകാരമാണ് ഞാൻ ദർശിക്കപ്പെടുന്നത്. അല്ലാഹുവാണ് കൂടുതൽ ജ്ഞാനി. (ബുഖാരി. 1. 12. 799)
- ഇത്ബാൻ(റ) നിവേദനം: ഞങ്ങൾ തിരുമേനി(സ) യോടൊപ്പം നമസ്കരിച്ചു. അവിടുന്നുസലാം ചൊല്ലി നമസ്കാരത്തിൽനിന്നു വിരമിച്ചപ്പോൾ ഞങ്ങളും സലാം ചൊല്ലി വിരമിച്ചു. (ബുഖാരി. 1. 12. 800)
- മുഗീറ:(റ) നിവേദനം: അദ്ദേഹം മുആവിയ്യക്ക് എഴുതിയ ഒരു കത്തിൽ ഇപ്രകാരം പറയുന്നു. തിരുമേനി(സ) എല്ലാ ഫർള് നമസ്കാരങ്ങളുടെയും ശേഷം ഇപ്രകാരം പറയാറുണ്ടായിരുന്നു. അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല. അവൻ ഏകനാണ്. അവന് പങ്കുകാരില്ല. ആധിപത്യം അവനാണ്. സ്തുതിയും അവനുതന്നെ. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുറ്റവനാണ്. അല്ലാഹുവേ! നീ നൽകുന്നത് തടയാനാരുമില്ല. നീതടഞ്ഞത് നൽകാനും ആരുമില്ല. നിന്നെ വെടിഞ്ഞിരിക്കുന്ന ഒരു ധനികന് അവന്റെ ധനശേഷി പ്രയോജനപ്പെടുകയില്ല തന്നെ. (ബുഖാരി. 1. 12. 805)
- സമുറ(റ) നിവേദനം: തിരുമേനി(സ) ഒരു നമസ്കാരം നിർവ്വഹിച്ച് കഴിഞ്ഞാൽ ഞങ്ങളുടെ നേരെ തിരിഞ്ഞ് ഇരിക്കാറുണ്ടായിരുന്നു. (ബുഖാരി. 1. 12. 806)
- സൈദ്ബ്നു ഖാലിദ്(റ) നിവേദനം അദ്ദേഹം പറയുന്നു. ഹുദൈബിയായിൽ ഞങ്ങൾ താമസിക്കുമ്പോൾ രാത്രി ഒരു മഴ പെയ്തു. പ്രഭാതത്തിൽ ഞങ്ങൾക്ക് ഇമാമായി നിന്നുകൊണ്ട് തിരുമേനി(സ) സുബ്ഹി നമസ്കരിച്ചു. നമസ്കാരത്തിൽ നിന്ന് വിരമിച്ചുകഴിഞ്ഞപ്പോൾ തിരുമേനി(സ) ജനങ്ങളുടെ നേരെ തിരിഞ്ഞു നിന്നു ചോദിച്ചു. നിങ്ങളുടെ രക്ഷിതാവ് എന്തു പറഞ്ഞുവെന്ന് നിങ്ങൾക്കറിയുമോ? അനുചരന്മാർ പറഞ്ഞു: അല്ലാഹുവിനും അവന്റെ ദൂതനുംമാത്രമേ അതിനെക്കുറിച്ച് സൂക്ഷ്മജ്ഞാനമുണ്ടായിരിക്കുകയുള്ളു. തിരുമേനി(സ) അരുളി: അല്ലാഹു പറയുന്നത് ഇതാണ്: എന്റെ ദാസന്മാരിൽ ഒരു വിഭാഗം എന്നിൽ വിശ്വസിച്ചവരും എന്നെ നിഷേധിച്ചവരുമുണ്ട്. ദൈവാനുഗ്രഹംകൊണ്ട് നമുക്ക് മഴ വർഷിച്ചുകിട്ടിയെന്ന് വല്ലവനും പറയുന്നുണ്ടെങ്കിൽ അവൻ എന്നിൽ വിശ്വസിച്ചവനും, നക്ഷത്രങ്ങളെ നിഷേധിച്ചവനുമാണ്. ഇന്നിന്ന നക്ഷത്രങ്ങൾ ഉദിച്ച കാരണംകൊണ്ട് ഞങ്ങൾക്ക് മഴ പെയ്തുകിട്ടിയെന്ന് പറയുന്നവനാകട്ടെ എന്നെ നിഷേധിച്ചവനും നക്ഷത്രത്തിൽ വിശ്വസിച്ചവനുമാണ്. (ബുഖാരി. 1. 12. 807)
- അനസ്(റ) നിവേദനം: ഒരിക്കൽ തിരുമേനി(സ) ഇശാ നമസ്കാരം രാത്രിയുടെ പകുതിഭാഗം വരെ പിന്തിപ്പിച്ചു. ശേഷം ഞങ്ങളുടെ അടുത്തുവന്നു നമസ്കാരം നിർവ്വഹിച്ചു. അനന്തരം ഞങ്ങളുടെ നേരെ തിരിഞ്ഞുകൊണ്ട് അവിടുന്നുപറഞ്ഞു. നിശ്ചയം മനുഷ്യരെല്ലാം നമസ്കരിച്ചു ഉറങ്ങിപ്പോയി. നിങ്ങൾ നമസ്കാരത്തെ പ്രതീക്ഷിക്കുന്ന സമയം വരെ നമസ്കാരത്തിൽ തന്നെയാണ്. (ബുഖാരി. 1. 12. 808)
- ഉമ്മു സമല(റ) നിവേദനം: തിരുമേനി(സ) സലാം ചൊല്ലിയാൽ തന്റെ സ്ഥാനത്തുതന്നെ അൽപസമയം ഇരിക്കാറുണ്ട്. ഇബ്നുശിഹാബ്(റ) പറയുന്നു. സ്ത്രീകൾ എഴുന്നേറ്റ് പോകുവാൻ വേണ്ടിയായിരുന്നു അതെന്ന് ഞങ്ങൾ ദർശിക്കുന്നു. ഉമ്മുസമല(റ) നിവേദനം: തിരുമേനി(സ) സലാം വീട്ടിയാൽ സ്ത്രീകൾ പിരിഞ്ഞുപോയി അവരുടെ വീടുകളിൽ പ്രവേശിക്കും. തിരുമേനി(സ) വിരമിക്കുന്നതിനു മുമ്പായി. (ബുഖാരി. 847)
- ഉഖ്ബ(റ) നിവേദനം: ഞാൻ മദീനയിൽ വെച്ച് ഒരിക്കൽ തിരുമേനി(സ)യുടെ പിന്നിൽ നിന്നുകൊണ്ട് അസർ നമസ്കരിച്ചു. സലാം ചൊല്ലി വിരമിച്ച ഉടനെ തിരുമേനി(സ) ധൃതിപ്പെട്ടു എഴുന്നേറ്റുനിന്ന് ആളുകളെ കവച്ചുവെച്ച് കൊണ്ട് തന്റെ ഒരു ഭാര്യയുടെ മുറിയിലേക്ക് പോയി. തിരുമേനി(സ)യുടെ ധൃതിയിലുള്ള ആ പോക്ക് കണ്ടു ജനങ്ങൾ ഭയന്നു. ഉടനെ തിരുമേനി(സ) ആളുകളുടെ മുമ്പിലേക്ക്തന്നെ തിരിച്ചുവന്നു. അപ്പോൾ തന്റെ ധൃതിയിൽ അൽഭുതം തോന്നിയിട്ടുണ്ടെന്ന് തിരുമേനി(സ) ഗ്രഹിച്ചു. അന്നേരം തിരുമേനി(സ) അരുളി: ഞങ്ങളുടെ അടുക്കലുള്ള അൽപം സ്വർണ്ണം നിർത്തുന്നത് ഞാനിഷ്ടപ്പെട്ടില്ല. തന്നിമിത്തം അതു ആളുകൾക്ക് പങ്കിട്ടുകൊടുക്കാൻ ഞാൻ കല്പിച്ചു. (ബുഖാരി. 1. 12. 810)
- അബ്ദുല്ല(റ) നിവേദനം: നിങ്ങളിലാരും തന്നെ തന്റെ നമസ്കാരത്തിൽ നിന്ന് ഒരംശവും പിശാചിന്നു വിട്ടുകൊടുക്കരുത്. വലതുഭാഗത്തുകൂടെ നമസ്കാരത്തിൽ നിന്നു വിരമിച്ചശേഷം എഴുന്നേറ്റു പോകാവൂ എന്ന് അവൻ ധരിക്കലാണത്. തിരുമേനി(സ) നമസ്കാരത്തിൽനിന്നു വിരമിച്ചശേഷം ഇടതുഭാഗത്തുകൂടി എഴുന്നേറ്റ് പോകുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. (ബുഖാരി. 1. 12. 811)
- ഇബ്നുഉമർ(റ) നിവേദനം: ഖൈബർ യുദ്ധത്തിൽ തിരുമേനി(സ) അരുളി: വല്ലവനും വെള്ളുള്ളി തിന്നാൽ നമ്മുടെ പള്ളിയെ അവൻ സമീപിക്കരുത്. (ബുഖാരി. 1. 12. 812)
- ജാബിർ(റ) നിവേദനം: തിരുമേനി(സ) അരുളി: ഈ ചെടി (വെള്ളുള്ളിയെയാണ് നബി(സ) ഉദ്ദേശിക്കുന്നത്) വല്ലവനും തിന്നാൽ നമ്മുടെ പള്ളികളിൽ വെച്ച് അവൻ നമ്മോടൊപ്പം ചേരരുത്. റാവി പറയുന്നു: ഇതു പറഞ്ഞപ്പോൾ തിരുമേനി(സ) എന്താണുദ്ദേശിക്കുന്നതെന്ന് ഞാൻ ജാബിർ(റ) ചോദിച്ചു. അപ്പോൾ ജാബിർ(റ) പറഞ്ഞു: പച്ച വെള്ളുള്ളിയല്ലാതെ മറ്റൊന്നുമല്ല തിരുമേനി(സ) ഉദ്ദേശിക്കുന്നത്. അതിന്റെ ദുർഗന്ധത്തെ മാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു ഇബ്നുജുറൈദ്(റ) പറയുന്നു. (ബുഖാരി. 1. 12. 813)
- ജാബിർ(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവനും വെള്ളുള്ളിയോ ചുവന്നുള്ളിയോ തിന്നു എന്നാൽ അവൻ നമ്മെ അല്ലെങ്കിൽ നമ്മുടെ പള്ളിയെ വിട്ടകന്നുനിൽക്കട്ടെ. അല്ലെങ്കിൽ സ്വഗൃഹത്തിൽ ഇരുന്നുകൊള്ളട്ടെ. ഒരിക്കൽ തിരുമേനി(സ)യുടെ മുമ്പിൽ വേവിച്ച ചീരയുടെ ഒരു കുടുക്ക ചിലർ കൊണ്ടുവന്നു. അപ്പോൾ തിരുമേനി(സ) അതിന്നൊരു ദുർഗന്ധം കണ്ടു. തിരുമേനി(സ) അതിനെക്കുറിച്ചു ചോദിച്ചു. അതിൽ ഇന്ന ചീരയാണുള്ളതെന്നു തിരുമേനി(സ)യെ അവരറിയിച്ചു. അപ്പോൾ തിരുമേനി(സ)യുടെ കൂടെയുണ്ടായിരുന്ന തന്റെ അനുചരന്മാരിൽ ഒരാളുടെ അടുക്കലേക്ക് അതുവെച്ചുകൊടുക്കാൻ തിരുമേനി(സ) ഉപദേശിച്ചു. ആ ആൾക്ക് അതു അനിഷ്ടകരമാണെന്നു കണ്ടപ്പോൾ തിരുമേനി(സ) അരുളി: നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. എനിക്കാകട്ടെ, നിങ്ങൾ സ്വകാര്യ സംഭാഷണം ചെയ്യുന്ന ആളുകളുമായി മാത്രമല്ല അതിന്നുപുറമേ മറ്റു ചിലരുമായും സ്വകാര്യ സംഭാഷണം നടത്തേണ്ടതുണ്ട്. തിരുമേനി(സ)യുടെ പച്ചക്കറികൾ വിളമ്പിയ ഒരു തളിക കൊണ്ടുവന്നു വെച്ചുവെന്നാണ് ഇബ്നു വഹബ് പറയുന്നത്. കുടുക്ക എന്നത് സുഹ്രി(റ)യുടെ വാക്കായിരിക്കാം. (ബുഖാരി. 1. 12. 814)
- അബ്ദുൽ അസീസ്(റ) പറയുന്നു: വെള്ളുള്ളിയെ സംബന്ധിച്ച് തിരുമേനി(സ) യിൽ നിന്ന് താങ്കൾ ശ്രവിച്ചത് എന്താണെന്ന് ഒരാൾ അദ്ദേഹത്തോട് ചോദിച്ചു. അനസ്(റ) പറഞ്ഞു: തിരുമേനി(സ) അരുളി: വല്ലവനും ഈ ചെടി തിന്നാൽ കൂടെ അവൻ നമസ്കരിക്കേണ്ടതില്ല. (ബുഖാരി. 1. 12. 815)
- ശഅ്ബി(റ) പറയുന്നു: തിരുമേനി(സ)യുടെ കൂടെ ഒരു ഖബറിന്റെ അരികിലൂടെ നടന്നുപോയ ഒരാൾ എന്നോട് പറഞ്ഞു: അപ്പോൾ തിരുമേനി(സ) തന്റെ കൂടെയുള്ളവർക്ക് ഇമാമായി നിന്നുകൊണ്ട് അവിടെ വെച്ച് മയ്യിത്ത് നമസ്കരിക്കുകയും മറ്റുള്ളവർ പിന്നിൽ അണിനിരന്നുകൊണ്ട് തിരുമേനി(സ)യെ തുടർന്ന് നമസ്കരിക്കുകയും ചെയ്തു. ഇബ്നു അബ്ബാസാണ് എന്നോട് ഇതു പറഞ്ഞത്. (ബുഖാരി. 1. 12. 816)
- അബൂസഈദുൽഖുദ്രി(റ) നിവേദനം: തിരുമേനി(സ) അരുളി: എല്ലാ പ്രായപൂർത്തിയായ മനുഷ്യർക്കും വെള്ളിയാഴ്ച കുളി നിർബന്ധമാണ്. (ബുഖാരി. 1. 12. 817)
- ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹത്തോട് ഒരാൾ ചോദിച്ചു. തിരുമേനി(സ) പെരുന്നാൾ മൈതാനത്തേക്ക് പുറപ്പെടുമ്പോൾ താങ്കൾ തിരുമേനി(സ) യോടൊപ്പം ഹാജരുണ്ടായിരുന്നോ? ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: അതെ, എനിക്ക് തിരുമേനി(സ) യുമായി അടുത്തബന്ധമുണ്ടായിരുന്നില്ലെങ്കിൽ അന്നു ഞാൻ ഹാജരാവുകയില്ലായിരുന്നു. ചെറുപ്രായത്തെയാണ് ഇബ്നുഅബ്ബാസ്(റ) വിവക്ഷിക്കുന്നത്. ഇബ്നുഅബ്ബാസ്(റ) തുടരുന്നു. തിരുമേനി(സ) കുസൈറ്ബ്നുസ്വൽത്തിന്റെ വീട്ടിനടുത്തുള്ള ആ അടയാളത്തിന്നടുത്ത് ചെന്നു. എന്നിട്ട് പ്രസംഗിച്ചു. അനന്തരം സ്ത്രീകളുടെ അടുക്കൽ ചെന്നു. പിന്നീട് അവർക്ക് പ്രത്യേകം ഉപദേശം നൽകി. അവരെ പലതും ഉണർത്തി. ദാനധർമ്മങ്ങൾ ചെയ്യാൻ അവരെ ഉപദേശിച്ചു. അപ്പോൾ സ്ത്രീകൾ അവരുടെ മോതിരങ്ങളുടെ നേരെ കൈനീട്ടാൻ തുടങ്ങി. ആ മോതിരങ്ങൾ ബിലാലി(റ)ന്റെ വസ്ത്രത്തിൽ അവർ ഇട്ടുകൊടുത്തുകൊണ്ടിരുന്നു. പിന്നീട് തിരുമേനി(സ)യും ബിലാലും(റ) വീട്ടിലേക്ക് മടങ്ങി. (ബുഖാരി. 1. 12. 822)
- ഉമ്മു സലമ(റ) നിവേദനം: നിശ്ചയം സ്ത്രീകൾ തിരുമേനി(സ)യുടെ കാലത്ത് നിർബന്ധ നമസ്കാരങ്ങളിൽ നിന്ന് സലാം വീട്ടിയാൽ എഴുന്നേറ്റ് പുറപ്പെടും. നബി(സ)യും കൂടെ നമസ്കരിച്ചിരുന്ന പുരുഷന്മാരും അവിടെ ഇരിക്കും. അല്ലാഹു ഉദ്ദേശിച്ചതുവരെ, തിരുമേനി(സ) എഴുന്നേറ്റാൽ അവരും എഴുന്നേൽക്കും. (ബുഖാരി. 1. 12. 825)
- ആയിശ(റ) നിവേദനം: അവർ പറയുന്നു: സ്ത്രീകൾ ഉണ്ടാക്കുന്ന പുതിയ അനാചാരങ്ങളെക്കുറിച്ച് നബി(സ) ഗ്രഹിച്ചിരുന്നുവെങ്കിൽ ബനു ഇസ്രായീൽ സ്ത്രീകളെ പള്ളിയിൽ നിന്ന് തടഞ്ഞത് പോലെ സ്ത്രീകളെ തടയുമായിരുന്നു. (ബുഖാരി. 1. 12. 828)
- ഇബ്നുഉമർ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) കാലത്ത്, അസാൻ (ഓരോ വാക്യവും) രണ്ടുപ്രാവശ്യം ആവർത്തിക്കപ്പെടുകയും ഇഖാമയിൽ നമസ്കാരം സന്നദ്ധമായിരിക്കുന്നു: നമസ്കാരം സന്നദ്ധമായിരിക്കുന്നു, എന്ന് അദ്ദേഹം (രണ്ട് പ്രാവശ്യം) പറഞ്ഞിരുന്നതൊഴിച്ച്, (ഓരോ വാക്യവും ) ഒരുപ്രാവശ്യം മാത്രം ഉച്ചരിക്കപ്പെടുകയും പതിവായിരുന്നു. (അബൂദാവൂദ്)
- സഅദ്(റ) നിവേദനം ചെയ്യുന്നു. (ബാങ്കു വിളിക്കുമ്പോൾ) രണ്ട് ചൂണ്ടാണി വിരലുകളും ചെവിയിൽ ഇടുവാൻ അല്ലാഹുവിന്റെ ദൂതൻ(സ) ബിലാലിനോടാജ്ഞാപിച്ചു; അവിടുന്നു പറഞ്ഞു: ഇത് ശബ്ദം ഉയർത്തുന്നതിന് സഹായകമായിരിക്കും. (ഇബ്നുമാജ)
- അബൂഹുറയ്റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ഇമാം ഒരു ജാമ്യക്കാരനും മുഅദ്ദിൻ വിശ്വാസം അർപ്പിക്കപ്പെട്ടയാളും ആകുന്നു. അല്ലാഹുവേ പ്രാർത്ഥന നയിക്കുന്നവരെ നേർമാർഗ്ഗത്തിൽ നയിക്കുകയും അസാൻ ഉദ്ഘോഷിക്കുന്നവർക്ക് പാപമോചനം നല്കയുംചെയ്യേണമേ. (അബൂദാവൂദ്)
- ഉസ്മാൻ ഇബ്നു അബിൽ ആസി(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഒരു ജനതയുടെ ഇമാം ആയിട്ടു എന്നെ ആക്കിയാലും. അവിടുന്നു പറഞ്ഞു: താങ്കൾ അവരുടെ ഇമാം ആണ്. അവരിലേറ്റവും ക്ഷീണിച്ചവരെ തുടരുകയും ബാങ്കു വിളിക്കുന്നതിന് പ്രതിഫലം സ്വീകരിക്കാത്ത ഒരു മുഅദ്ദിനെ നിയമിക്കുകയും ചെയ്യുക. (അബൂദാവൂദ്)
- സിയാദ്(റ) പറഞ്ഞു. അദ്ദേഹം അസാൻ ഉദ്ഘോഷിക്കുകയും ബിലാൽ ഇഖാമ കൊടുക്കുവാൻ ആഗ്രഹിക്കുകയും ചെയ്തു: പ്രവാചകൻ(സ) പറഞ്ഞു. അല്ലയോ സുദാ സഹോദരാ അസാൻ വിളിക്കുന്നയാൾ തന്നെ ഇഖാമയും വിളിക്കട്ടെ. (അഹ്മദ്)
- മുആവിയ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. അന്ത്യദിനത്തിൽ ജനങ്ങളിൽവെച്ച് പിരടി നീളമുള്ളവരാണ് ബാങ്കുകൊടുക്കുന്നവർ. (മുസ്ലിം)
- അബ്ദുല്ല(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് അദ്ദേഹം കേട്ടു: ബാങ്ക് കേൾക്കുമ്പോൾ അവൻ പറയുന്നതുപോലെ നിങ്ങളും പറയണം. എന്നിട്ട് എന്റെ പേരിൽ നിങ്ങൾ സ്വലാത്ത് ചൊല്ലുകയും വേണം. എന്റെ പേരിൽ വല്ലവനും ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാൽ പകരം അല്ലാഹു അവനെ പത്തുപ്രാവശ്യം അനുഗ്രഹിക്കും. അതിനുശേഷം എനിക്ക് അല്ലാഹുവിനോട് നിങ്ങൾ വസീലത്ത് ആവശ്യപ്പെടണം. സ്വർഗ്ഗത്തിലുള്ള ഒരുന്നത പദവിയാണത്. അല്ലാഹുവിന്റെ ദാസന്മാരിലൊരാൾക്കല്ലാതെ അതനുയോജ്യമല്ല. ആ ആൾ ഞാനായിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അല്ലാഹുവിങ്കൽ നിന്ന് എനിക്ക് ആരെങ്കിലും വസീലത്ത് ആവശ്യപ്പെട്ടാൽ എന്റെ ശുപാർശ അവന് സ്ഥിരപ്പെട്ടു. (മുസ്ലിം)
- സഅ്ദുബ്നു അബീവഖാസി(റ)ൽ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅദ്ദിൻ പറയുന്നത് കേട്ടാൽ അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്ന് ഞാൻ സാക്ഷ്യംവഹിക്കുന്നു: അവൻ ഏകനാണ്. അവന്നൊരു പങ്കുകാരനുമില്ല. മുഹമ്മദ് നബി(സ) അവന്റെ ദാസനും പ്രവാചകനുമാണ്; അല്ലാഹു നാഥനും മുഹമ്മദ്(സ) പ്രവാചകനും ഇസ്ളാംദീനുമായിട്ട് ഞാൻ തൃപ്തിപ്പെട്ടു എന്ന് വല്ലവനും പറഞ്ഞാൽ തന്റെ (ചെറു) പാപം അവന് പൊറുക്കപ്പെടും. (മുസ്ലിം)
- അനസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ബാങ്കിനും ഇഖാമത്തിന്നുമിടയിൽ ദുആ റദ്ദ് ചെയ്യപ്പെടുകയില്ല. (ഉത്തരം ലഭിക്കും) (അബൂദാവൂദ്, തിർമിദി)