Jump to content

താൾ:Yukthibhasa.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨] [യുക്തിഭാഷാ


ഞ്ഞാൽ പന്ത്രണ്ടു വരുന്നൂ, എന്നിട്ടു് പിന്നെ ഇവ്വണ്ണം പന്ത്രണ്ടാലൊന്നുകളക ചെയ്തതു പന്ത്രണ്ടിങ്കന്നു് എങ്കിൽ, പിന്നെ ശേഷത്തിങ്കന്നുള്ള പതിനൊന്നാലൊന്നു കൂട്ടിയാൽ പന്ത്രണ്ടാകുന്നു. ആകയാൽ യാതൊരു ഹാരകംകൊണ്ടു ഹരിച്ചു ഗുണകാരത്തിങ്കന്നു കളഞ്ഞുവോ, ഗുണിച്ച ഫലത്തിങ്കന്നു് അതിലൊന്നു കുറഞ്ഞ ഹാരകംകൊണ്ടു ഹരിച്ച ഫലം കൂട്ടേണം. എന്നാൽ വാസ്തവമായിരിക്കുന്ന ഫലം വരും. ഇങ്ങനെ ഗുണിച്ച ഫലത്തിങ്കന്നു ചൊല്ലിയ ഹാരകംകൊണ്ടു ഹരിച്ച ഫലത്തെ കൂട്ടുകതാൻ കളകതാൻ ചെയ്യാം, ഔചിത്യത്തിന്നു തക്കവണ്ണം. ഗുണിക്കുന്നതിനു മുമ്പിലെ ഗുണഗുണ്യങ്ങളിൽ ഒന്നിങ്കന്നു് ഈയംശത്തെ ഉണ്ടാക്കി തന്നിൽത്തന്നെ കളയുകതാൻ കൂട്ടുകതാൻ ചെയ്കിലുമാം. എന്നാലും ഫലമൊക്കും. അവിടയ്ക്കു ഹാരകം മുമ്പിൽ ചൊല്ലിയതു തന്നെ. ഒന്നു കളകതാൻ കൂട്ടുകതാൻ ചെയ്തതു മുമ്പിലെ ഹാരകത്തിൽ, അതു പിന്നെയ്ക്കു ഹാരകമാകുന്നതു് എന്നു ചൊല്ലപ്പെട്ടതു്. അവിടെ യാതൊരുപ്രകാരം ഗുണകാരകത്തിങ്കൽ കൂട്ടിയ അംശത്തെ അതിങ്കന്നുതന്നെ കളഞ്ഞാൽ വാസ്തവമായിരിക്കുന്ന ഫലം വരുന്നൂ, അവ്വണ്ണം ഗുണ്യത്തിന്റെ ആയംശത്തെ അതിങ്കന്നു കളഞ്ഞാലും ഫലം തുല്യം. ഗുണകാരകത്തിങ്കന്നുതന്നെ കളയുമ്പോൾ വാസ്തവമായിരിക്കുന്ന വരികൾ ഉണ്ടാവും എന്നു വരുന്നതു്. ഗുണ്യത്തിങ്കന്നു കളയുന്നതാകിൽ വരിയിലെ ഖണ്ഡസംഖ്യ കുറക ചെയ്യുന്നതു് എന്നേ വിശേഷമുള്ളൂ. വാസ്തവക്ഷേത്രത്തേക്കാൾ ഇടമേറി നീളംകുറഞ്ഞു എന്നു വരുന്നതേ ഉള്ളൂ. ക്ഷേത്രഫലം തുല്യം.

അനന്തരം ഗുണഗുണ്യങ്ങളിൽവെച്ചു ഗുണകാരം പന്ത്രണ്ടു് എന്നു കല്പിച്ചേടത്തു് അതിനെ പന്ത്രണ്ടിൽ ഹരിക്കുന്നൂ എന്നിരിക്കുന്ന ഫലത്തെ പിന്നെ ഏതാനുമൊന്നുകൊണ്ടു ഗുണിച്ചു പന്ത്രണ്ടിൽകൂട്ടി എന്നിരിക്കുന്നതാകിൽ അവിടെ വിശേഷം. ഇവിടെ പന്ത്രണ്ടിൽ ഹരിച്ച ഫലത്തെ അഞ്ചിൽ ഗുണിച്ചിട്ടു ഗുണകാരമാകുന്ന പന്ത്രണ്ടിൽകൂട്ടി എന്നു കല്പിക്കുന്നൂ. അവിടെ അഗ്ഗുണകാരംകൊണ്ടു ഗുണിച്ചിരിക്കുന്ന ഫലക്ഷേത്രത്തിങ്കൽ പതിനേഴുവരിയുണ്ടാവും. അവിടെ ഒരു വരിയിലെ ഖണ്ഡസംഖ്യ ഉണ്ടാവാൻ ക്ഷേത്രഫലത്തെ പതിനേഴിൽ ഹരിക്കേണ്ടൂ. പിന്നെ ആ സംഖ്യയെ അഞ്ചിൽ ഗുണിച്ചിട്ടു് ഉണ്ടായതിനെ മുമ്പിൽ ഉണ്ടായ ക്ഷേത്രഫലത്തിങ്കന്നു കളകവേണം, വാസ്തവമായിരിക്കുന്ന ക്ഷേത്രഫലമുണ്ടാവാൻ. അവിടെ നടേത്തെ ഹാരകത്തിന്റെ ഫലത്തെയെത്രകൊണ്ടു ഗുണിച്ചൂ അഗ്ഗുണകാരത്തെ കൂട്ടിയ ഹാരകം പിന്നെയ്ക്കു ഹാരകമാകുന്നതു് എന്നു വരും.

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/45&oldid=172466" എന്ന താളിൽനിന്ന് ശേഖരിച്ചത്