മുറിക്കാൻ അനുവാദം കൊടുക്കുമോ?" മാസ്റ്റർ ചോദിച്ചു.
"ഇല്ലില്ല" കൊച്ചുറാണി പറഞ്ഞു.
"അതെന്താ?"
"ഒരു കണ്ണി മുറിഞ്ഞാൽ അടുത്ത കണ്ണി അയഞ്ഞുപോകും. അഴിഞ്ഞുപോകും. അത് അതിനടുത്ത കണ്ണിയെയും തകരാറിലാക്കും. അങ്ങനെ സാവധാനം വല മുഴുവൻ തകരാറാകും." നല്ല മീൻപിടുത്തക്കാരനും കൂടിയായ തോമസ് വിശദീകരിച്ചു.
"വളരെ ശരി. ഇതുപോലെയാണ് പ്രകൃതിയെന്ന വലയുടെ സ്ഥിതിയും. വളരെ വളരെ വലിയ ഒരു വലയാണ് പ്രകൃതി. അതിന്റെ ഒരറ്റം മുറിച്ചാലെന്താ കുഴപ്പം എന്നു തർക്കിക്കുന്ന ഒരു കുട്ടിയാണ് ഇന്ന് മനുഷ്യൻ. കുഴപ്പമുണ്ടാകും, അത് മനുഷ്യനെത്തന്നെ പിന്നീട് ബാധിക്കും എന്ന് നാമറിയണം. എങ്ങനെ ബാധിക്കുമെന്നുപോലും പലപ്പോഴും നമുക്ക് വിവരമുണ്ടായില്ലെന്ന് വരാം. ചേരകളെ മുഴുവൻ പിടിച്ച് തൊലിയെടുത്ത് വിറ്റപ്പോൾ നാമോർത്തോ നാട്ടിൽ എലികൾ പെരുകുമെന്ന്? ഒരു നിയന്ത്രണവുമില്ലാതെ തവളകളെ പിടിച്ചുകൊന്ന് പുറത്തേക്ക് കയറ്റി അയച്ച് കാശുവാങ്ങി കീശവീർപ്പിച്ചപ്പോൾ നാമോർത്തില്ല മൂഞ്ഞകളും കൊതുകുകളും നാട്ടിൽ പെരുകുമെന്ന്!" മാസ്റ്റർ വിശദീകരിച്ചു.
"ഇതൊക്കെ അനുഭവിച്ചപ്പോഴാണ് നമ്മൾ അറിഞ്ഞത്, അല്ലേ മാസ്റ്റർ?"
"അതേ."
"ഹൊ ഇത്രയേറെ പരസ്പരം ബന്ധപ്പെട്ടാണ് പ്രകൃതിയിലെ മണ്ണും മലയും പുല്ലും മാനും സിംഹവും മനുഷ്യനും എല്ലാം നിലനിൽക്കുന്നതെന്ന് ഇപ്പോഴല്ലേ ഞങ്ങൾക്ക് മനസ്സിലായത്!" അപ്പുക്കുട്ടൻ അത്ഭുതത്തോടെ പറഞ്ഞു.
"വലിയ ഒരു അറിവാണത്. പ്രകൃതിയെ സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയണമെങ്കിൽ ഈ അറിവുണ്ടാകണം. പ്രകൃതിയെ നാം ശ്രദ്ധയോടെ പഠിച്ചാലല്ലേ പ്രകൃതിയിലെ അത്ഭുതകരമായ സന്തുലനം അറിയാൻ കഴിയൂ?" മാസ്റ്റർ ചോദിച്ചു.