താൾ:Vayichalum vayichalum theeratha pusthakam.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

എന്റെ വീട്ടിലെത്തുന്നതിനു മുമ്പ് ഒരാളെയെങ്കിലും പിടിച്ചാൽ കൊച്ചുമുഹമ്മദിന് ഓട്ടം നിർത്താം. അയാളെ തിന്നുന്നതായി അഭിനയിച്ചാൽ മതി, ട്ടോ. മറ്റുള്ളവർ മാറി നിന്നു കണ്ടോളണം."

"മാസ്റ്ററോ? മാസ്റ്റർ മാനാകുന്നില്ലേ?" കൊച്ചുറാണിക്കൊരു സംശയം.

"പിന്നില്ലേ ? ഞാനൊരു വയസ്സൻ മാനാണല്ലോ. ഞാനും ഓടാം." മാസ്റ്റർ സമ്മതിച്ചു.

"ഏന്നാൽ ഇന്ന് മാസ്റ്ററെതന്നെ ഞാൻ തിന്നും." കൊച്ചുമുഹമ്മദ് പ്രഖ്യാപിച്ചു.

കൊച്ചു മുഹമ്മദ് ഓടി വളവിലെ മാവിനു ചുവട്ടിൽ പോയി കിടന്നു.

മാസ്റ്ററും കൂട്ടുകാരും പുല്ലുതിന്ന് വളവിലെത്തി. പിന്നെ കുറേക്കൂടി മുന്നോട്ടുപോയി. പെട്ടെന്ന് കൊച്ചുമുഹമ്മദ് ഒറ്റ അലറൽ. ശരിക്കും സിംഹം അലറുംപോലെ തന്നെ അലറി! കൊച്ചുറാണിയും മീനയും ശരിക്കും ഞെട്ടി. എല്ലാ മാനുകളും ഓടടാ ഓട്ടം. വയസ്സൻ മാൻ മുണ്ടും എടുത്തുകെട്ടി കൂടെ ഓടി! കൊച്ചുമുഹമ്മദ് അലറിക്കൊണ്ട് പുറകെ. "ഹൊ, ഈ മാസ്റ്ററെ പിടിക്കാൻ അത്ര എളുപ്പമല്ലല്ലോ." അലറുന്നതിനിടയിൽ കൊച്ചുമുഹമ്മദ് ഓർത്തു. കുടവയറുണ്ടായിട്ടും നന്നായി ഓടുന്നു! മാസ്റ്ററുടെ പറമ്പിനടുത്തെത്തിയപ്പോൾ കൊച്ചുമുഹമ്മദ് എല്ലാ ശക്തിയുമെടുത്തോടി. മാനുകൾ പറപറന്നു. അവസാനം കൊച്ചുമുഹമ്മദ് മറ്റു കൂട്ടുകാരുടെയെല്ലാം പിറകിൽ ഓടിയിരുന്ന കൊച്ചുറാണിയെ കയറി പിടിച്ചു. എന്നിട്ടൊരു അലറൽ. കൊച്ചുറാണി പേടിച്ച് നിലത്ത് കിടന്നു കളഞ്ഞു. ബഹളം കേട്ട് പുറത്തേക്കോടി വന്ന അമ്മൂമ്മ വടിയുമായി കൊച്ചുമുഹമ്മദിന്റെ നേരേ! "ഇതെന്താടാ നീ ആ പെങ്കൊച്ചിനെ കാണിക്കുന്നത്?"

അമ്മൂമ്മയുടെ വടിയിൽ നിന്നും അടി കിട്ടും മുമ്പ് കൊച്ചുമുഹമ്മദ് അമ്മൂമ്മയെ കയറിപ്പിടിച്ചു. "എന്നാലിനി അമ്മൂമ്മയെ തന്നെ തിന്നുകളയാം." ഒന്നലറി. കൂട്ടുകാരും മാസ്റ്ററും ചിരിച്ചു ചിരിച്ചു കുഴഞ്ഞു. ചിരിക്കാൻ കൊച്ചുറാണിയും കൂടിയപ്പോൾ അമ്മൂമ്മയ്ക്ക് ഇത് കളിയാണെന്ന് ബോധ്യമായി.

"ഇതെന്തു പ്രാന്തുകളിയാടാ നീ ഈ കുട്ട്യോളെ പഠിപ്പിച്ചത്?" കൊച്ചുമുഹമ്മദിന്റെ പിടിത്തത്തിൽ നിന്നും വിടാൻ ശ്രമിച്ചുകൊണ്ട് അമ്മൂമ്മ തിരക്കി.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/50&oldid=172212" എന്ന താളിൽനിന്ന് ശേഖരിച്ചത്