Jump to content

താൾ:Vayichalum vayichalum theeratha pusthakam.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"അതേയ് മാസ്റ്റർ, ഒരെണ്ണത്തിനെ അപ്പോൾ തിന്നാം. ബാക്കി സൂക്ഷിച്ചുവച്ചാൽ പിന്നെ തിന്നാമല്ലോ!" കൊച്ചുമുഹമ്മദ് വിശദീകരിച്ചു.

"സൂക്ഷിച്ചു വെക്കുന്ന ശീലം മനുഷ്യർക്കേ ഉള്ളൂ. മിക്ക ജന്തുക്കൾക്കുമില്ല. സീംഹം എല്ലാ മാനുകളേയും ഒന്നിച്ച് ഒരിക്കലും കൊല്ലുകയില്ല. കൊല്ലാൻ പറ്റുകയുമില്ല. സിംഹം ഓടി വരുന്നത് കണ്ട് മാനുകൾ ഓടിപ്പോകും. അവർ നല്ല ഓട്ടക്കാരാണല്ലോ. സിംഹം പുറകെ ഓടും. ആരോഗ്യമുള്ള മാനുകൾ എല്ലാം ഓടി രക്ഷപ്പെടും. കൂട്ടത്തിലെ മോശക്കാരൻ പുറകിലാകും. ആരോഗ്യമില്ലാത്തവനോ ചട്ടനോ മുടന്തനോ ഒക്കെ. അവയിലൊരുത്തനെ സിംഹം പിടിച്ചു കടിച്ചുകൊല്ലും. അതിന്റെ കുറെഭാഗം സിംഹകുടുംബം തിന്നും. മിച്ചം വരുന്നത് അടുത്ത് ഒളിച്ചുനിൽക്കുന്ന കുറുക്കനും കഴുകനും കഴുതപ്പുലിയും മറ്റും തിന്നും. അങ്ങനെ പ്രകൃതിയിലെ പലതരം ജന്തുക്കൾ പല ഭാഗങ്ങൾ തിന്നുന്നതുമൂലം മാൻ വീണുകിടന്ന സ്ഥലം പോലും വൃത്തിയായി കിടക്കും. അതാണ് പ്രകൃതിയുടെ വിദ്യ. വിശപ്പുമാറിയതുകൊണ്ട് സിംഹം വേറെ മാനിനെ പിടിക്കുകയുമില്ല."

"ഓ, അപ്പോൾ മാനുകൾക്ക് പേടി കൂടാതെ കഴിയുകയും ചെയ്യാം അല്ലേ?"

സൂസിക്കുട്ടി ചോദിച്ചു.

"അതെ. വെറുതെ സൂക്ഷിച്ചുവയ്ക്കാനും വിൽക്കാനും ലാഭമുണ്ടാക്കാനും ഒരു കാട്ടുമൃഗവും ഒന്നിനെയും കൊല്ലുകയില്ല. നായാട്ടുകാരെപ്പോലെ രസത്തിനു കൊല്ലാനുമവ തയ്യാറാവുകയില്ല."

"കാട്ടിൽ മാനും സിംഹവും മാത്രമല്ല മറ്റൊട്ടേറെ മൃഗങ്ങളും സസ്യങ്ങളുമുണ്ട്. ചിലവ മറ്റു ചിലവയ്ക്ക് ഭക്ഷണമാണ്. അവ മറ്റു ചിലവയ്ക്കും.

"ഓ ഇതാണപ്പോൾ പ്രകൃതി നിയമം, അല്ലേ?"

"അതെ. ഇതു കാണിക്കുന്ന ഒരു കളി കളിക്കാം. ദാ നിങ്ങളെല്ലാം മാനുകൾ. കുനിഞ്ഞ് പുല്ലു തിന്ന് റോഡേ നടന്നോളൂ. കൊച്ചുമുഹമ്മദാണ് സിംഹം. ദാ അവിടെ ആ വളവിൽ പോയി കിടന്നോളൂ. ഇവർ അടുത്തുകൂടി പുല്ലുതിന്ന് നടന്നുപോകുമ്പോൾ അനങ്ങരുത്. കുറച്ചകലെ എത്തുമ്പോൾ ഒന്നലറി പുറകെ ചെല്ലണം. എല്ലാവരും പേടിച്ചോടണം. കൊച്ചുമുഹമ്മദ് പുറകെ ഓടും.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/49&oldid=172210" എന്ന താളിൽനിന്ന് ശേഖരിച്ചത്