Jump to content

താൾ:Vayichalum vayichalum theeratha pusthakam.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"ഉണ്ടയിട്ടു കളിയാണോ മാസ്റ്റർ?"

"തോക്കിൽ കേറി വെടിവയ്ക്കാതെ. മാൻ-സിംഹക്കളിയാണിത്."

"അതെന്തു കളി?"

"പറയാം. കാട്ടിൽ നടക്കുന്ന ഒരു നാടകം ആണ് നമ്മളിവിടെ അഭിനയിക്കുന്നത്. കാട്ടിൽ മാനുകൾ ഉണ്ട് എന്നു കരുതുക. സിംഹങ്ങളും. അപ്പോൾ എന്തുണ്ടാകും?"

"ഓ അത് ഞങ്ങൾ ചിത്രകഥ വായിച്ചു പഠിച്ചിട്ടുണ്ട്."

"എന്താ ചിത്രകഥകളിൽ പറയുന്നത്?"

"സിംഹം എപ്പോഴും മാനിനെ പിടിക്കാൻ ഇട്ടോടിക്കും. ബുദ്ധിയുള്ള മാൻ സിംഹത്തെ കിണറ്റിൽ ചാടിക്കും. ബുദ്ധിയില്ലാത്ത മാനുകളെ മുഴുവൻ സിംഹം ഒറ്റ ദിവസം കൊണ്ട് ശാപ്പിടും." എല്ലാ ചിത്രകഥകളും വായിക്കുന്ന മീന പറഞ്ഞു.

"ഓ, അപ്പോൾ സിംഹം അതിക്രൂരൻ; മാനുകൾ വെറും സാധുക്കളും?"

"അതെ."

"ഈ ആശയങ്ങളെല്ലാം വിഡ്ഢിത്തങ്ങളാണ് മീനേ. സിംഹങ്ങൾ കഥയിലെപ്പോലെ ക്രൂരന്മാരല്ല. അവ എപ്പോഴും മാനുകളെ ഓടിച്ചിട്ട്‌ കൊന്നുതിന്ന് രസിക്കുന്നുമില്ല."

"ഓ അതൊന്നും പറഞ്ഞാൽ ഞങ്ങൾ സമ്മതിക്കുകയില്ല." അനു എതിർത്തു.

"ശരിയാ. സിംഹം മഹാതെമ്മാടി. എന്തിനെ കണ്ടാലും ഉടൻ കൊല്ലും." കൊച്ചുമുഹമ്മദും കൂടെ പറഞ്ഞു. ലില്ലിക്കുട്ടിയും കൊച്ചുറാണിയും രാജുവും രജിയും എല്ലാം ഒത്തുപറഞ്ഞു. "ശരിയാ ശരിയാ."

"ഹൊ ഈ കുട്ടികളിൽ എന്തെല്ലാം തെറ്റിദ്ധാരണകളാണ് കോമിക് പുസ്തകങ്ങൾ ഉണ്ടാക്കിവച്ചിരിക്കുന്നത്!" മാസ്റ്റർ അതും പറഞ്ഞ് തലയിൽ കൈവച്ചു.

"എന്നാൽ മാസ്റ്റർ തന്നെ ശരി പറയ്‌." കൊച്ചുമുഹമ്മദ്‌ നിർദ്ദേശിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/47&oldid=172208" എന്ന താളിൽനിന്ന് ശേഖരിച്ചത്