താൾ:Vayichalum vayichalum theeratha pusthakam.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
മാൻ-സിംഹക്കളി


"മാസ്റ്റർ ഇവിടെയടുത്തല്ലേ മാസ്റ്ററുടെ വീട്? നമുക്കവിടെ വരെ നടന്നാലോ?" കൊച്ചു മുഹമ്മദിന് ഒരു ആഗ്രഹം.

"എന്താ കൊച്ചുമുഹമ്മദിന് മാസ്റ്ററുടെ വീട്ടിൽ പോകാനിത്ര മോഹം?" ദീപു തിരക്കി.

"മാസ്റ്ററുടെ അമ്മൂമ്മയുടെ സംഭാരം കുടിച്ചാൽ എല്ലാ ക്ഷീണവും മാറും!" കൊച്ചുമുഹമ്മദ് കാര്യം പറഞ്ഞു.

"അതിന് വെയിലിന്റെ ചൂടു കൂടി വരുന്നതല്ലേയുള്ളൂ. അതിനുമുമ്പ് ദാഹമായോ?" മാസ്റ്റർ ചിരിച്ചു.

"അമ്മൂമ്മയുടെ സംഭാരത്തിന്റെ രുചിയോർത്തിട്ട്‌ വല്ലാത്ത ദാഹം!" അനു കളിയാക്കി.

"ശരി. എന്നാൽ നടന്നോളൂ" മാസ്റ്റർ സമ്മതിച്ചു.

"ഓ നടന്നു പോയാൽ ക്ഷീണിക്കും." അപ്പുക്കുട്ടൻ അഭിപ്രായപ്പെട്ടു.

"പിന്നെയെന്താ പല്ലക്കുകൊണ്ടുവരണോ? ലില്ലിക്കുട്ടി കളിയാക്കി.

"നമുക്കൊരു കളി കളിക്കാം. ഓടിപ്പോകേണ്ട കളിയാണ്. വീട്ടിലെത്തുമ്പോൾ കളി നിർത്താം." മാസ്റ്റർ ഒരു വഴി പറഞ്ഞു.

"അങ്ങനെ തന്നെ മാസ്റ്റർ എന്തു കളിയാ? ഓടിപ്പിടുത്തമാണോ മാസ്റ്റർ?"

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/46&oldid=172207" എന്ന താളിൽനിന്ന് ശേഖരിച്ചത്