ആവേശഭരിതരാക്കും. കഥ പോലെ രസിച്ച് ഏതു പ്രകൃതിസ്നേഹിയും വായിക്കും ആ പുസ്തകവും."
"അപ്പോൾ സയൻസ് പുസ്തകങ്ങൾ മാത്രം വായിച്ചാൽ പോര അല്ലെ മാസ്റ്റർ?"
"അതെ. പക്ഷേ, നമ്മുടെ ലൈബ്രറിയിൽ ചവറുകൾ ഒന്നും വാങ്ങി വയ്ക്കരുത്. ഡിറ്റക്ടീവു കഥയൊന്നും വേണ്ടേ വേണ്ട. നല്ല പുസ്തകങ്ങൾ തന്നെ മതി." മാസ്റ്റർ തുടർന്നു.
"എല്ലാ വിഷയങ്ങളിലും പുസ്തകങ്ങൾ ശേഖരിക്കേണ്ടേ മാസ്റ്റർ?" അപ്പുക്കുട്ടന് സംശയം.
"വേണം. നാട്ടിൽ നടന്ന് പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കൂ."
"ഇതൊക്കെ വയ്ക്കാൻ ബാലവേദിക്ക് അലമാരയില്ലല്ലോ"കൊച്ചുറാണി പ്രശ്നമുന്നയിച്ചു.
"തൽക്കാലം കൊച്ചുറാണിയുടെ വീടാണ് ലൈബ്രറി. അവിടെ പെട്ടിയിൽ സൂക്ഷിച്ചോളൂ. പുസ്തകത്തിന് നമ്പർ ഇടണം. ഒരു ബുക്കിൽ ലിസ്റ്റ് എഴുതി വയ്ക്കണം. പുസ്തകം വായിക്കാനെടുക്കുന്നയാളിന്റെ പേരും എടുത്ത പുസ്തകത്തിന്റെ പേരും തിയതിയും കുറിച്ചുവയ്ക്കാൻ മറ്റൊരു ബുക്കും വാങ്ങൂ." മാസ്റ്റർ നിർദ്ദേശിച്ചു.
"അതൊക്കെ എന്റെ അച്ഛനോട് സംഭാവന ചെയ്യാൻ പറയാം." കൊച്ചുറാണി ഒരു പ്ലാൻ പറഞ്ഞു.
"മാസികകൾ വേണ്ടേ മാസ്റ്റർ?" ദീപു ചോദിച്ചു.
"വേണം. യുറീക്ക, ശാസ്ത്രകേരളം തുടങ്ങിയ നല്ല മാസികകൾ ലൈബ്രറിയിൽ വരുത്തണം."
"നമുക്ക് ഇന്ന് വീടുകൾ കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ചാലോ?" കൊച്ചുറാണി പരിപാടിയിട്ടു.
"റെഡി നാളെ മുതൽ ഗൗരവമായ വായനയും തുടങ്ങണം. ട്ടോ" മാസ്റ്റർ ഓർമ്മിപ്പിച്ചു.