താൾ:VairudhyatmakaBhowthikaVadam.djvu/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



നായി. ചരക്കിനോ അത് വാങ്ങിയ ആൾക്കോ പിന്നെ എന്ത് സംഭവിക്കുന്നു എന്നത് അയാൾക്ക്‌ പ്രശ്നമല്ല. തന്റെ പ്രവർത്തനത്തിന്റെ ഫലമായി ചുറ്റുമുള്ള പ്രകൃതിക്ക് എന്ത് സംഭവിക്കുന്നു എന്നതും അയാൾക്ക്‌ പ്രശ്നമല്ല. ക്യൂബയിലെ സ്പാനിഷ് തോട്ടമുടമകൾ കാപ്പിതോട്ടങ്ങൾക്ക് വളം കിട്ടാനായി മുകളിൽ മലഞ്ചെരുവുകളിലുമുള്ള കാട് ചുട്ടുകരിച്ചു. കുറെക്കാലം നല്ല വിളവുകിട്ടി. അതിനിടയിൽ കനത്ത മഴ കാരണം മലഞ്ചെരുവിലെ മണ്ണെല്ലാം ഒലിച്ചുപോയി മൊട്ടപ്പാറമാത്രം ബാക്കിയായി. പക്ഷേ അത് അവർക്കൊരു പ്രശ്നമല്ല....!

ഇക്കോളജി എന്ന ശാസ്ത്രശാഖയുടെ സ്ഥാപകൻ എന്ന് എംഗൽസിനെ എന്തുകൊണ്ട് വിശേഷിപ്പിച്ചുകൂട? എംഗൽസ് ഇതെഴുതിയിട്ട് ഏതാണ്ട് ഏഴു പതിറ്റാണ്ടുകൾ വേണ്ടി വന്നു മുതലാളിത്ത ലോകത്തിന് ഇക്കാര്യത്തിലുള്ള അപകടം മനസ്സിലാക്കാൻ......

     


വൈരുദ്ധ്യാത്മകതയെക്കുറിച്ചുള്ള കുറെക്കൂടി വിപുലമായ ഒരു അപഗ്രഥനത്തിന്റെ കുറിപ്പുകളും പുസ്തകത്തിൽ കാണുന്നുണ്ട്. 'അളവ്-ഗുണം എന്ന സംവർഗത്തിന് (കാറ്റഗറിക്ക്) പുറമേ മറ്റൊട്ടേറെ സംവർഗങ്ങളെക്കൂടി അതിൽ പരിശോധിക്കുന്നുണ്ട്. ഇവയിൽ പലതും നമുക്ക് സാധാരണ വ്യവഹാരഭാഷയിൽ പരിചയമുള്ളവയാണ് - സത്തയും പ്രതിഭാസവും, ഭാഗവും പൂർണ്ണവും, അമൂർതവും സമൂർതവും, കാര്യവും കാരണവും യാദൃശ്ചികതയും അനിവാര്യതയും, ധനവും ഋണവും, ഉത്തരവും ദക്ഷിണവും,വ്യക്തിയും സമൂഹവും, ലളിതവും സങ്കീർണ്ണവും, സാമാന്യവും വിശേഷവും....ഇങ്ങനെ പോകുന്നു അവ. ഈ ജോടികളിൽ ഒന്നിനും തന്നെ അതിലെ ഒരു അംഗത്തിനു മാത്രമായി നിലനിൽപില്ല

'പൂർണ്ണ'ത്തിന്റെ അല്ലാതെ 'ഭാഗ'മില്ല പൂർണ്ണം ഭാഗമല്ല താനും.

ഒരു കാരണം മറ്റൊന്നിന്റെ കാര്യമായിരിക്കും. സങ്കീർണ്ണമായി താരതമ്യപ്പെടുത്തുമ്പോഴല്ലാതെ ലളിതത്തിന് അർഥമില്ല. അങ്ങനെ പോകുന്നു എംഗൽസിന്റെ അപഗ്രഥനം.

(സമാഹൃതകൃതികൾ,പേജ് 38)


ലെനിൻ ഈ വൈരുദ്ധ്യാത്മകതയെ കാണുന്നതെങ്ങനെ എന്നു നോക്കാം.


വൈരുധ്യാത്മകതയെക്കുറിച്ച് -ലെനിൻ

പൂർണത്തെ വിഘടിച്ച് അതിലെ വിരുദ്ധ വശങ്ങളെ വേർതിരിച്ചറിയുക എന്നതാണ് ഡയലക്ടിസിന്റെ മുഖ്യമായ ഒരു ഘടകം. ഇത് ശരിയാണോ എന്ന് ശാസ്ത്രത്തിന്റെ ചരിത്രം പരിശോധിച്ച് ഉറപ്പുവരുത്തണം. 'വിപരീതങ്ങളുടെ ഐക്യ'ത്തെ പലപ്പോഴും കുറെ ഉദാഹരണങ്ങളുടെ ആകത്തുകയായി മാത്രം കാണാനുള്ള ഒരു പ്രവണതയുണ്ട്; അറിയൽ പ്രക്രിയയുടെ നിയമമായി അതിനെ കാണുന്നില്ല. വസ്തുനിഷ്ഠ പ്രപ-
90
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/89&oldid=172134" എന്ന താളിൽനിന്ന് ശേഖരിച്ചത്