Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



കളെ വിപ്ലവ യാഥാർത്ഥ്യങ്ങളാക്കണമെങ്കിൽ വിപ്‌ളവപാർടികളുടെ ബോധപൂർവമായ പ്രവർതനം ആവശ്യമാണ്.

മനുഷ്യൻ കാടുകളിൽ വേട്ടയാടിയും ഹിംസ്രമൃഗങ്ങളിൽനിന്ന് ഓടി രക്ഷപെട്ടും, പ്രകൃതിശക്തികളെ നോക്കി സംഭീതനായും കഴിഞ്ഞിരുന്ന കാലം പണ്ടേ മറഞ്ഞുപോയി. ഇന്നവന് പ്രകൃതിനിയമങ്ങൾ അറിയാം. ആ നിയമങ്ങൾ അനുസരിച്ച് പ്രകൃതിയെ ഒരു പരിധിവരെ തന്റെ വരുതിക്ക് നിർതാൻ അറിയാം. പല പല രോഗങ്ങളും നിയന്ത്രിച്ചു കഴിഞ്ഞിരിക്കുന്നു. ശരാശരി ആയുസ് ഗണ്യമായി വർധിച്ചിരിക്കുന്നു. ചന്ദ്രനിലും മറ്റുഗോളങ്ങളിലും അവൻ എത്തിയിരിക്കുന്നു. കഠിനമായ ശാരീരികാധ്വാനങ്ങളിൽ നിന്ന് സ്വതന്ത്രനാകാൻ അവന് കഴിയും. യന്ത്രങ്ങളുണ്ട്. ദിവസേന മൂന്നോ നാലോ മണിക്കൂർ കൊണ്ട് ജീവിതത്തിനാവശ്യമായ എല്ലാം ഉണ്ടാക്കാൻ കഴിയും. പുതിയ ഒരു വിതാനത്തിലേക്ക് ഉയരാൻ അനുകൂലമായ എല്ലാ സാഹചര്യങ്ങളുമുണ്ട്. മനുഷ്യന് അതിമാനുഷനായി, വിശ്വമാനവനായി വളരാനുള്ള സാധ്യതകൾ ഇന്ന് തെളിഞ്ഞുകാണാം. അതേസമയം, ഈ ഭൂമുഖത്തുള്ള സകലജീവജാലങ്ങളെയും നശിപ്പിക്കാൻ പര്യാപ്തമായ ഒരു ആഗോള അണ്വായുധയുദ്ധത്തിനുള്ള സാധ്യതയും ഉണ്ട്. ഇതിൽ ഏത് സാധ്യതയാണ് വികസിക്കുക, സാക്ഷാത്കരിക്കപ്പെടുക എന്നത് മനുഷ്യരുടെ ബോധപൂർവ്വമുള്ള പ്രവർതനങ്ങളെ ആശ്രയിച്ചിരിക്കുന്നു.

'സാധ്യത'യെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റൊരുതരത്തിലുള്ള സാധ്യത-അസാധ്യം അല്ല എന്നതിൽ നിന്ന് ഉദ്ഭവിക്കുന്ന സാധ്യത-കൂടി കണക്കിൽ എടുക്കേണ്ടതുണ്ട്. സൂര്യനുചുറ്റും സഞ്ചരിക്കുന്ന ഗ്രഹങ്ങൾ തമ്മിൽ, ഗാലക്സിയിലെ നക്ഷത്രങ്ങൾ തമ്മിൽ, ഗാലക്സികൾ തമ്മിൽ തമ്മിൽ ഒക്കെ കൂട്ടിമുട്ടാനുള്ള സാധ്യതയില്ലേ എന്ന് ചോദിച്ചാൽ തീരെ ഇല്ല എന്ന് പറകവയ്യ. സംഭവ്യത വളരെ വളരെ കുറവാണെന്നുമാത്രം. ഇതൊരു സൈദ്ധാന്തിക സാധ്യത മാത്രമാണ്. സംഭവ്യതയുടെ ശീലിൽ പറയുകയാണെങ്കിൽ അവശ്യകതയും യാദൃച്ഛികതയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായിമാറുന്നു. സംഭവ്യത ഏതാണ്ട് ഒന്നിനോടടുക്കുമ്പോൾ നാമതിനെ ആവശ്യകത എന്നു വിളിക്കുന്നു; നന്നേ കുറയുമ്പോൾ പൂജ്യത്തോടടുക്കുമ്പോൾ അപ്പോഴും അത് ആവശ്യകത തന്നെയാണ്. നിഷേധരൂപത്തിലുള്ള ആവശ്യകത. ഉദാഹരണത്തിന്, മുതലാളിത്തം സ്വയമേവ അതിന്റെ അർഥമില്ലായ്മ മനസിലാക്കി സോഷ്യലിസമായി രൂപാന്തരപ്പെടാനുള്ള സാധ്യത, സംഭവ്യത - ഇത് ഏതാണ്ട് പൂജ്യമാണ്. ഇതിൽ നിന്ന് ഉദ്ഭവിക്കുന്ന ആവശ്യകത എന്താണ്? മുതലാളിത്തത്തെ ബലപ്രയോഗത്തിലൂടെ തന്നെ ഉൻമുലനം ചെയ്യേണ്ടിവരുമെന്നത്. സംഭവ്യത ഏതാണ്ട് 50 ശതമാനം എന്ന് വരുമ്പോൾ അത് യാദൃച്ഛികതയായി മാറുന്നു. അവശ്യകത, യാദൃച്ഛികത എന്നീ സംവർഗങ്ങളും സാധ്യത, യാഥാർഥ്യം എന്നീ സംവർഗങ്ങളും സ്വാഭാവികമായും കാരണം, കാര്യം എന്നീ സംവർഗങ്ങളും ഒക്കെ തമ്മിൽ തമ്മിൽ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് മേൽ കൊടുത്ത ചർച്ചകളിൽ നിന്ന് വ്യക്തമാകുന്നതാണ്.

82
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/81&oldid=172126" എന്ന താളിൽനിന്ന് ശേഖരിച്ചത്