താൾ:VairudhyatmakaBhowthikaVadam.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്



അനുഭവങ്ങളെ ഒരുമിച്ചു കാണലാണ്. തന്റെ സ്വന്തം അനുഭവങ്ങളെ മാത്രമല്ല, മറ്റുള്ളവരുടെ അനുഭവങ്ങളെയും. ഇങ്ങനെ ഒരുമിച്ചു നോക്കുമ്പോൾ അതിലെ ഏറ്റവും കാതലായ വശങ്ങളേ നാം കാണു. അങ്ങനെ കണ്ട് അവയെ കൂട്ടിയോജിപ്പിക്കുന്ന പണിക്ക് 'സിദ്ധാന്തവൽകരണം' എന്നു പറയും. ഈ സിദ്ധാന്തങ്ങൾ നമ്മുടെ പ്രവർത്തനങ്ങൾക് ആവശ്യമാണ്.

നമുക്ക് മഹത്തായ ഒരു പ്രവർത്തി ചെയ്തുതീർകേണ്ടതുണ്ട്. നമുക്കുമാത്രം ചെയ്തുതീർകാവുന്ന ഒരു പ്രവർത്തി. എന്താണത്? ചൂഷണത്തെ, മനുഷ്യൻ മനുഷ്യന്റെ മേൽ നടത്തുന്ന ചൂഷണത്തെ ഈ ലോകത്തിൽ നിന്ന് ഇല്ലാതാക്കുക, ചൂഷണരഹിതമായ ഒരു ലോകം കെട്ടിപ്പടുക്കുക. പ്രകൃതിയെ മനസിലാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും --ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും - മാനവരാശി ഇന്നേവരെ ആർജ്ജിച്ചിട്ടുള്ള ശേഷി ഉപയോഗിച്ച് ദാരിദ്രവും അജ്ഞതയും അനാരോഗ്യവും ഇല്ലാതാക്കുക, സഹകരണത്തിന്റേയും സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും സമൃദ്ധിയുടേയുമായ ഒരു പുതുലോകം കെട്ടിപ്പടുക്കുക, മനുഷ്യന്റെ കഴിവുകളെ പൂർണമായി വികസിപ്പിക്കുവാൻ സഹായിക്കുന്ന വിധത്തിൽ അജ്ഞാനത്തിന്റേതായ കെട്ടുപാടിൽ നിന്ന് അവനെ മോചിപ്പിക്കുക. ഇതിനൊക്കെ കഴിയുന്നതിനു മുൻപ് ഒരു അണുവായുധ യുദ്ധമുണ്ടായി ലോകമാകെ നശിക്കാതെ നോക്കുക-- ഇതാണ് നമ്മുടെ മുന്നിലുള്ള പ്രവൃത്തി.

അതിനിടക്ക് ഒരു കാര്യം. ഈ 'നാം', 'നാം', എന്നു പറയുന്നത് ആരാണ്? ഈ ലോകത്തുള്ള മനുഷ്യർ മുഴുവനുമാണോ? അതോ 'തെരഞ്ഞെടുക്കപ്പെട്ട' ഏതാനും അവതാര പുരുഷന്മാരോ? അതോ ഈ പുസ്തകത്തിലെ വായനക്കാരോ? അതു വ്യക്തമാക്കണം. 'തൊഴിലാളിവർഗ'ത്തെയാണിവിടെ നാം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ വായനക്കാർ മുഴുവൻ തൊഴിലാളികളായിരിക്കണമെന്നില്ല. തൊഴിലാളികൾ തന്നെ ഒരു വർഗമായി രൂപപ്പെട്ടിരിക്കണമെന്നില്ല. വർഗമാണെങ്കിൽ പോലും 'വർഗബോധം' ഉണർനിരിക്കണമെന്നില്ല. പക്ഷേ അപ്പോൾ ആരാണ് തൊഴിലാളി? എന്താണ് വർഗബോധം എന്നൊക്കെ മനസിലാക്കേണ്ടതുണ്ട്.


തൊഴിലാളി

'തൊഴിലാളി' എന്ന വാക്കുകൊണ്ട് നാം എന്താണ് അർഥമാക്കുന്നത്? മുതലാളി, ബൂർഷ്വാ മുതലായ വാക്കുകൾക് വിപരീതം എന്ന നിലക്കാണ് പലപ്പോഴും ഈ വാക്ക് ഉപയോഗിക്കപ്പെടുന്നത്. 'തൊഴിലെടുക്കുന്നവൻ തൊഴിലാളി' എന്നു പറയാമോ? എന്താണ് തൊഴിൽ? കവികൾ, സിനിമാനടന്മാർ, വീട്ടമ്മമാർ, ഡോക്ടർമാർ, മന്ത്രിമാർ, വക്കീലന്മാർ... ഇവരെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള തൊഴിലെടുക്കുന്നുണ്ട്. ഇവരെയെല്ലാം തൊഴിലാളി എന്ന വാക്കുകൊണ്ട് കുറിക്കാമോ? ഇന്ന് നാം ധാരാളമായി ഉപയോഗിക്കുന്ന 'തൊഴിലാളിവർഗം' എന്ന ഗ്രൂപ്പിൽ ഇവരെയെല്ലാം പെടുത്താമോ?

8
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/7&oldid=205338" എന്ന താളിൽനിന്ന് ശേഖരിച്ചത്